മുജാഹിദ് സ്റ്റുഡന്റസ് മൂവ്മെന്റ്

കേരള മുസ്‌ലിം നവോദ്ധാന സംരംഭങ്ങള്‍ക്ക് നേത്രത്വം നല്‍കിയ സനാഉല്ല മക്തി തങ്ങള്‍ ,വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയവരുടെ പാത പിന്തുടര്‍ന്ന് ഇ. മൊയ്തു മൗലവി, മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബ്‌,കെ.എം. മൗലവി തുടങ്ങിയവര്‍ രൂപീകരിച്ച കേരള മുസ്‌ലിം ഐക്യ സംഘത്തിന്‍റെ തുടര്‍ച്ചയായ ‘കേരള നദ്‌വതുല്‍ മുജാഹിദീന്‍ (കെ.എന്‍.എം)’ 1970ല്‍ രൂപം കൊടുത്ത വിദ്യാര്‍തഥി വിഭാഗമാണ്‌ മുജാഹിദ്‌ സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ്.(എം.എസ്.എം)

അറിയാനും മനസ്സിലാക്കാനും താല്പര്യമുള്ള പ്രായത്തില്‍ നില്‍ക്കുന്ന വിദ്യാര്‍തഥി സമൂഹത്തില്‍ ഇസ്‌ലാമിനെ യഥാര്‍ത്ഥ രൂപത്തില്‍ പ്രതിനിധീകരിക്കുക,അമുസ്‌ലിം വിദ്യാര്‍തഥികള്‍ക്കിടയില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുക,അധര്‍മവും സാമൂഹിക കുറ്റകൃത്യങ്ങളും വ്യാപകമാവുന്ന കലാലയങ്ങളില്‍ ധാര്‍മികജീവിതത്തിന്‍റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുക,വിദ്യാര്‍തഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ് സ്ഥാപിത ലക്‌ഷ്യം.

‘പഠനം, ചിന്ത, സമര്‍പ്പണം ‘ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച്‌ കഴിഞ്ഞ നാല്‍പതു സംവത്സരങ്ങളായി കേരളത്തിലെ കാമ്പസുകളിലും പ്രാദേശിക തലങ്ങളിലും വിദ്യാര്‍തഥി സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ട് വൈവിധ്യപൂര്‍ണവും ഗുണപ്രദവുമായ നിരവധി സംരംഭങ്ങള്‍ക്ക്‌ നേത്രത്വം നല്‍കാന്‍ എം.എസ്.എമ്മിന് കഴിഞ്ഞിട്ടുണ്ട്.

ഇന്ന് പ്രാദേശിക തലത്തില്‍ ആയിരം ശാഖാ കമ്മിറ്റികളും, മെഡിക്കല്‍, എഞ്ചിനീയറിംഗ്, പാരാമെഡിക്കല്‍ , ആര്‍ട്സ് & സയന്‍സ് അറബിക് കോളേജുകളില്‍ അടക്കം 350 ക്യാമ്പസ്‌ യൂണിറ്റുകളും എം.എസ്.എമ്മിനുണ്ട്.
അറിവിന്‍റെയും പ്രായത്തിന്‍റെയും വിദ്യാഭ്യാസ പരിസ്ഥിധിയുടെയും അടിസ്ഥാനത്തില്‍ വിദ്യാര്‍തഥി സമൂഹത്തെ വിവിധ ഘടകങ്ങളാക്കി തിരിച്ചാണ് എം.എസ്.എം പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം കാണുന്നത്.