ജാമിഅ നദ് വിയ്യ എടവണ്ണ


സംഭ്രമിപ്പിക്കുന്ന വൈകൃത വിശ്വാസങ്ങള്‍ കൊണ്ട്‌ കേരളത്തെ കോമാളികളാക്കി പുരോഹിത വൃന്ദം അടക്കിവാണിരുന്ന കാലം. എങ്ങും അന്ധകാരത്തിന്റെ അഗ്നി നാളങ്ങള്‍, അജ്ഞതയുടെ വിളപ്പു നിലങ്ങള്‍, ആത്മീയതയുടെ ആട്ട കേന്ദ്രങ്ങള്‍, വിജയത്തിനായി കേഴുന്ന നശ്വര സൃഷ്‌ടികളെ ആത്മീയതയുടെ ആഴിയിലേക്ക്‌ മസ്‌തിഷ്‌ക്ക പ്രക്ഷാളനം നടത്തി വലിച്ചിഴച്ചപ്പോള്‍…ശവകുടീരങ്ങളുടെ സവിധത്തിലേക്ക്‌ പഞ്ച പുഛമടക്കാന്‍ പറഞ്ഞയച്ചപ്പോള്‍…. കാലത്തിന്റെ കോലം കരിപുരണ്ട ഈ കാലത്ത്‌ ചിന്താ വിസ്‌തൃതിയില്‍ വഴിവിളക്കിന്റെ വെട്ടമുള്ള ഒരുപറ്റം പണ്ഡിതന്മാര്‍ ചിന്തിച്ചു. നിര്‍വിഗ്നമായി വളരുന്ന വൈകൃത വിശ്വാസങ്ങളെ തുടച്ചു നീക്കാന്‍.. `അതെ…’ ആത്യന്തികമായ ഭാവി ജീവിതം ഭാസുരമാക്കാന്‍ ഒരു ബൃഹത്‌ സ്ഥാപനം ആവശ്യമാണെന്ന്‌. ഉദ്‌ഗ്രഥനത്തിന്റെ വീഥിയിലെ കെടാവിളക്കായ ജാമിഅ: നദ്‌വിയ്യ: അങ്ങനെ 1964 ആഗസ്റ്റ്‌ 24 തിങ്കളിന്റെ തങ്കശോഭയോടെ പിറവിയെടുക്കുകയായ്‌… കാലത്തിന്റെ കറുത്ത കരങ്ങള്‍ കൊടുങ്കാറ്റായി ക്ഷോഭിച്ചപ്പോഴും ഉലയാതെ, തളരാതെ ജാമിഅ: അതിന്റെ ഉദ്‌ഥാന പാതയിലൂടെ മുമ്പോട്ട്‌ ഗമിച്ചു. ഇന്ന്‌ ദക്ഷിണേന്ത്യയിലെ നിത്യഹരിത മതഭൗതിക കലാലയമായി ജ്വലിച്ചു നില്‍ക്കുന്നു.
18 സ്ഥാപനങ്ങളിലായി 3000-ത്തോളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിച്ചു വരുന്നു. ഇവരില്‍ 900-ത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്നവരാണ്‌. മതപഠന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷണവും താമസവും ജാമിഅഃ സൗജന്യമായി നല്‍കിപ്പോരുന്നു. വിവിധ സ്ഥാപനങ്ങളിലായി 200-ഓളം അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ സേവനമനുഷ്‌ഠിച്ചു വരുന്നു. സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന കോഴ്‌സുകളിലെ ജീവനക്കാരുടെ ശമ്പളവും ഭക്ഷണവും അടക്കം ജാമിഅഃക്കുള്ള ഇപ്പോഴത്തെ ചിലവ്‌ പ്രതിമാസം 13 ലക്ഷം രൂപയിലധികമാണ്‌.
I. Faculty of Sharee�a
അറിവിന്റെ വികസിക്കുന്ന ചക്രവാളത്തില്‍ ആധുനിക നാഗരിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന സങ്കീര്‍ണ്ണതകളെയും, എതിരാളികളുയര്‍ത്തുന്ന നൂതന വെല്ലുവിളികളെയും ഫലപ്രദമായി നേരിടാന്‍ പ്രബോധകരെ സജ്ജമാക്കുക എന്നതാണ്‌ ജാമിഅഃയുടെ ദൗത്യം. അതിനനുസൃതമായി ശരീഅത്ത്‌ കോളേജിലെ കോഴ്‌സുകളും പാഠ്യപദ്ധതികളും പഠന കാലാവധികളും താഴെ പറയുംവിധം ക്രമീകരിച്ചിരിക്കുന്നു.
a. Certificate in Modern Arabic Language (CIMAL)
ഭാഷാപഠനത്തിന്‌ ഊന്നല്‍ നല്‍കുന്ന ഈ കോഴ്‌സില്‍ ഇസ്‌ലാമിക്‌ വിഷയങ്ങള്‍ക്ക്‌ പുറമെ അറബിക്‌, ഇംഗ്ലീഷ്‌, ഉറുദു ഭാഷകള്‍ അനായാസമായി സംസാരിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക പരിശീലനം നല്‍കുന്നു. ഒരു വര്‍ഷമാണ്‌ പഠനകാലം. എസ്‌.എസ്‌.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക്‌ പ്രവേശനം നല്‍കുന്നു.
b. Pre – Fazeela
ജാമിഅഃയുടെ CIMAL കോഴ്‌സ്‌ പാസ്സാകുകയോ തത്തുല്യ യോഗ്യത നേടുകയോ ചെയ്‌തിട്ടുള്ളവര്‍ക്ക്‌ പ്രവേശനം നല്‍കുന്ന ഈ കോഴ്‌സിന്റെ പഠനകാലം 2 വര്‍ഷമാണ്‌.
c. B.A – Fazeela
പ്രീ ഫസീല പാസ്സാകുകയോ തത്തുല്യ യോഗ്യത നേടുകയോ ചെയ്‌തിട്ടുള്ളവര്‍ക്ക്‌ പ്രവേശനം നല്‍കുന്ന ഈ കോഴ്‌സിന്റെ പഠനകാലം 3 വര്‍ഷമാണ്‌.
അറബി സാഹിത്യത്തിലും ഇസ്‌ലാമിക വിഷയങ്ങളിലും ഇംഗ്ലീഷ്‌, ഉറുദു ഭാഷകളിലും പാണ്ഡിത്യം സിദ്ധിക്കാന്‍ പര്യാപ്‌തമായ പാഠ്യപദ്ധതികളാണ്‌ ഈ കോഴ്‌സിന്റെ സവിശേഷത.
d. B.A-Afzal-ul-Ulama
കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ അഫ്‌സലുല്‍ ഉലമ രണ്ടു വര്‍ഷ പ്രിലിമിനറി കോഴ്‌സും (Afzal-ul-Ulama) ത്രിവല്‍സര ഡിഗ്രി കോഴ്‌സും നടത്തുന്നു.

e. Post Graduate Course
ജാമിഅഃയില്‍ നിന്ന്‌ BA ഫസീലയോ തത്തുല്യ യോഗ്യതയോ നേടുന്നവര്‍ക്ക്‌ ജാമിഅഃയില്‍ PG കോഴ്‌സുകള്‍ നടന്നുവരുന്നു.
f. ജാമിഅഃ സെന്റര്‍ ലൈബ്രറി

ജാമിഅയില്‍ ബൃഹത്തായൊരു ലൈബ്രറി പ്രവര്‍ത്തിക്കുന്നു. അറബി, ഉറുദു, ഇംഗ്ലീഷ്‌, മലയാളം ഭാഷകളിലായി 20,000-ത്തോളം ഗ്രന്ഥങ്ങളുണ്ടതില്‍. അമൂല്യങ്ങളായ ഇസ്‌ലാമിക്‌ റഫറന്‍സ്‌ ഗ്രന്ഥങ്ങളും ലോക പ്രശസ്‌ത മതവിജ്ഞാന കോശങ്ങളും അതിലുണ്ട്‌. പുറമെ നിന്നുള്ളവര്‍ക്ക്‌ ലൈബ്രറി ഉപയോഗിക്കുവാന്‍ എല്ലാ സൗകര്യങ്ങളും നല്‍കാന്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക ലൈബ്രറിയായി അതിനെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌ സ്ഥാപന മേധാവികള്‍.
g. ലാംഗ്വേജ്‌ ലാബ്‌
ഭാഷയുടെ സരസവും ലളിതവും മനോഹരവും ശാസ്‌ത്രീയവുമായ പഠനത്തിന്‌ ലോകത്തിലെ മികച്ച യൂണിവേഴ്‌സിറ്റികളും കലാലയങ്ങളും ഉപയോഗിക്കുന്ന അത്യാധുനിക സാമഗ്രികളുപയോഗപ്പെടുത്തിയുള്ള പഠന സംവിധാനമാണിത്‌.
h. അറബ്‌ സാറ്റ്‌
അമ്പതോളം അന്യഭാഷാ ചാനലുകള്‍ കാണാവുന്ന സംവിധാനമാണിത്‌. അറബി ഭാഷ യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്ന്‌ കേള്‍ക്കാനും തന്‍മൂലം ഉച്ചാരണം, പദസമ്പത്ത്‌, പുതിയ പ്രയോഗങ്ങള്‍, ശൈലികള്‍ എന്നിവ സ്വായത്തമാക്കാനും മികച്ച ട്രാന്‍സ്‌ലേറ്റര്‍മാരുടെ പ്രോഗ്രാമുകള്‍ നിരന്തരം ശ്രദ്ധിക്കാനും അത്‌ മുഖേന അന്തര്‍ദേശീയ അവബോധം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താനും ഇത്‌ ഉപകരിക്കുന്നു.
i. അസ്വലാഹ്‌ അറബിക്‌ മാഗസിന്‍
ജാമിഅഃയുടെ വിജ്ഞാന താഴ്‌വരയില്‍ നിന്നും പുറത്തിറങ്ങുന്ന അസ്വലാഹ്‌ അറബിക്‌ മാസിക കേരള മുസ്‌ലിംകളെയും അറബ്‌ നാടുകളെയും ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണിത്‌. അറബി ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്ന വിജ്ഞാന ദാഹികള്‍ക്കിതൊരു മുതല്‍കൂട്ടാകുമെന്നതിന്‌ സംശയമില്ല. ഇതിന്റെ പ്രഥമ ലക്കം ജാമിഅഃ യുടെ 40-ാം വാര്‍ഷിക സമ്മേളനത്തില്‍ കുവൈത്തിലെ അല്‍ഫുര്‍ഖാന്‍ മാഗസിന്‍ എഡിറ്റര്‍ ഡോ: ബസ്സാം അല്‍ ശത്വി പ്രകാശനം ചെയ്‌തു. ഇതുപോലെയുള്ള ഒരു സമ്പൂര്‍ണ്ണ അറബി മാസികയുടെ പ്രസിദ്ധീകരണം കേരളക്കരയിലെ പ്രഥമ സംരംഭമാണെന്നുള്ളത്‌ ശ്രദ്ധേയമാണ്‌.
j. മദീന യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം
ഈ സ്ഥാപനം പ്രതീക്ഷക്കൊത്ത്‌ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്‌ സഊദി അറേബ്യയിലെ പ്രസിദ്ധമായ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി (മദീന) ജാമിഅഃക്ക്‌ നല്‍കിയ അംഗീകാരം. ജാമിഅഃയിലെ ഫദീല കോഴ്‌സ്‌ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക്‌ മദീന യൂണിവേഴ്‌സിറ്റിയില്‍ അഡ്‌മിഷന്‍ നല്‍കി വരുന്നു. ഫദീല ബിരുദധാരികളില്‍ ചിലര്‍ ഇപ്പോള്‍ മദീന യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുവരുന്നു.
k. അലിഗര്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം
ജാമിഅഃ നദ്‌വിയ്യയുടെ ഫസീല ബിരുദം അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ഹോണേഴ്‌സ്‌ ഡിഗ്രിക്ക്‌ തുല്യമായി അംഗീകാരം ലഭിച്ചിട്ടുണ്ട്‌. ഫസീല ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ നേടുന്ന കുട്ടികള്‍ക്ക്‌ അലിഗര്‍ അറബിക്‌ എം.എ. കോഴ്‌സിന്‌ ചേര്‍ന്ന്‌ പഠിക്കാവുന്നതാണ്‌.
l. ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം
ജാമിഅ നദ്‌വിയ്യയുടെ ഫസീല ബിരുദം ന്യൂഡല്‍ഹി ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റിയുടെ എം.എ. ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ (പി.ജി) കോഴ്‌സില്‍ ചേര്‍ന്ന്‌ പഠിക്കാനുള്ള അടിസ്ഥാന യോഗ്യതയായി അംഗീകരിച്ചിരിക്കുന്നു.
2. IHS
+2 പരീക്ഷയോടൊപ്പം ഇസ്‌ലാമിക വിഷയങ്ങളിലും അറബി, ഉര്‍ദു, ഇംഗ്ലീഷ്‌ ഭാഷകളിലും പരിശീലനം നല്‍കി വരുന്നു.
3. കമ്പ്യൂട്ടര്‍ സെന്റര്‍

ആധുനിക ശാസ്‌ത്ര സാങ്കേതിക പുരോഗതികള്‍ ഉള്‍കൊണ്ട വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുവാന്‍ വേണ്ടി ജാമിഅ നദ്‌വിയ്യ കുവൈത്തിലെ ബൈത്തു സക്കാത്തിന്റെ സഹായത്തോടെ 2005-ല്‍ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ സ്ഥാപിച്ചു. 25-ല്‍പരം കമ്പ്യൂട്ടറുകള്‍ ഉള്‍കൊള്ളുന്ന ഈ സ്ഥാപനം ജാമിഅയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തി വരുന്നു.
4. തഹ്‌ഫീളുല്‍ ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌
വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന സമ്പ്രദായം മുസ്‌ലിംകളില്‍ മുമ്പും ഇന്നും ധാരാളമുണ്ട്‌. അതിനുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ വിരളമാണ്‌. 1995-ല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനം ഇസ്‌ലാഹി മേഖലയില്‍ രണ്ടാമത്തെ സ്ഥാപനമാണ്‌. 50-ല്‍പരം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഖുര്‍ആന്‍ മനഃപാഠമാക്കികൊണ്ടിരിക്കുന്നു.
5. ട്രെയിനിംഗ്‌ കോളേജ്‌

1995-96 ല്‍ ആരംഭിച്ച ബി.എഡ്‌ കോളേജ്‌ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സ്‌തുത്യര്‍ഹമാം വിധം നടന്നുവരുന്നു. കേരളാ നദ്‌വത്തുല്‍ മുജാഹിദീന്റെ വിശിഷ്യാ ജാമിഅയുടെ പാരമ്പര്യത്തിനനുസൃതമായി വിദ്യാര്‍ത്ഥികളില്‍ നിന്നോ, രക്ഷിതാക്കളില്‍ നിന്നോ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനു പുറമെ യാതൊരു സംഖ്യയും അഡ്‌മിഷനോടനുബന്ധിച്ച്‌ വാങ്ങാന്‍ പാടില്ലെന്ന്‌ ട്രസ്‌റ്റ്‌ ബോര്‍ഡ്‌ മുന്‍കൂട്ടി തന്നെ നിശ്ചയിച്ച്‌ പരസ്യം ചെയ്യുകയുണ്ടായി. അത്‌ അക്ഷരംപ്രതി പാലിച്ചുപോരുന്നു.
6. ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജ്‌
കേരള ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ ആരംഭിച്ച കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ്‌ ചെയ്‌ത ജാമിഅ നദ്‌വിയ്യ ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജ്‌ 2003-04 വര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബി.എസ്‌.സി. ഫിസിക്‌സ്‌, ബികോം, എം.എ. അറബിക്‌ എന്നീ കോഴ്‌സുകളാണ്‌ നിലവിലുള്ളത്‌. 203 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം അധ്യയനം നടത്തുന്നു.
7. ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌
2004-2005 സ്വാശ്രയ മേഖലയില്‍ ലഭിച്ച മറ്റൊരു സ്ഥാപനമാണ്‌ ടീച്ചേഴ്‌സ്‌ ട്രൈയിനിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (TTI). പ്രസ്‌തുത സ്ഥാപനത്തിന്‌ ഗവണ്‍മെന്റിന്റെയും NCTEയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്‌. പ്രതിവര്‍ഷം 50 സീറ്റിലേക്കാണ്‌ അഡ്‌മിഷന്‍. ട്രെയിനിംഗ്‌ കോളേജുപോലെ ജാമിഅയുടെ തത്ത്വം പൂര്‍ണ്ണമായും പാലിച്ചുവരുന്നു.
8. റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഫോര്‍ ഗേള്‍സ്‌

ഏരിയാ ഇന്റന്‍സീവ്‌ പ്രോഗ്രാമിന്റെ കീഴില്‍ 1995 മുതല്‍ ജാമിഅ:യില്‍ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി നടത്തുന്ന സ്ഥാപനമാണ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍. വിദഗ്‌ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ സ്‌തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
9. റസിഡന്‍ഷ്യനല്‍ ഹൈസ്‌കൂള്‍
1986-ല്‍ ജാമിഅ: ആരംഭിച്ച മറ്റൊരു സ്ഥാപനമാണിത്‌. എന്നാല്‍ 1995-ലാണ്‌ സര്‍ക്കാര്‍ യു.പി., ഹൈസ്‌കൂള്‍ സെക്ഷനുകള്‍ക്ക്‌ അംഗീകാരം നല്‍കിയത്‌. വിദഗ്‌ധരായ അധ്യാപകരുടെ സ്‌തുത്യര്‍ഹമായ സേവനവും കൂട്ടായ്‌മയും കാരണം കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും തുടര്‍ച്ചയായി എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം കൈവരിച്ചിട്ടുണ്ട്‌ എന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.
10. IGNO യൂണിവേഴ്‌സിറ്റി റഗുലര്‍ സ്റ്റഡി സെന്റര്‍ (14122)
2009-ല്‍ ജാമിഅ: നദ്‌വിയ്യ:യില്‍ ഇഗ്‌നോ റഗുലര്‍ സ്റ്റഡി സെന്റര്‍ ആരംഭിച്ചു. ഇംഗ്ലീഷ്‌, ചരിത്രം, സാമ്പത്തിക ശാസ്‌ത്രം, രാഷ്‌ട്രതന്ത്രം, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളില്‍ ബി.എ. ഡിഗ്രിയും കൂടാതെ, ബികോം ഡിഗ്രിയും വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്നു. കൂടാതെ ഡിഗ്രിക്ക്‌ ചേരാനാവശ്യമായ ബി.പി.പി. കോഴ്‌സും ആരംഭിച്ചിട്ടുണ്ട്‌. സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ടീച്ചിംഗ്‌ ഇംഗ്ലീഷ്‌, സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ഗൈഡന്‍സ്‌, ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്‌ഹുഡ്‌ കെയര്‍ ആന്റ്‌ എഡ്യുക്കേഷണല്‍ എന്നീ കോഴ്‌സുള്‍ക്കും ജൂലൈ, ജനുവരി എന്നിങ്ങനെ കൊല്ലത്തില്‍ രണ്ടുപ്രാവശ്യം പ്രവേശനം നല്‍കപ്പെടുന്നു. പാര്‍ലമെന്റ്‌ നിയമം മൂലം ആരംഭിച്ച ഇഗ്നോയുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കെല്ലാം തൊഴില്‍ ലഭിക്കാനും തുടര്‍പഠനത്തിനും അംഗീകാരമുണ്ട്‌. കുറഞ്ഞ ഫീസില്‍ മേന്മയേറിയ പഠന നോട്ടുകള്‍ ഈ സ്റ്റഡി സെന്റര്‍ വഴി ഇഗ്‌നോ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭ്യമാക്കുന്നു. കൂടാതെ, കൗണ്‍സലിംഗ്‌ ക്ലാസ്സുകളും നടത്തപ്പെടുന്നു.
11. IGNO കമ്മ്യൂണിറ്റി കോളേജ്‌
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNO)യില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ജാമിഅ: നദ്‌വിയ്യ: 2010 മുതല്‍ നടത്തുന്ന ഒരു പുതിയ സ്ഥാപനാണ്‌ ജാമിഅ: നദ്‌വിയ്യ: കമ്മ്യൂണിറ്റി കോളേജ്‌.
ആലംബഹീനരും അശരണരുമായവരുടെ ശാക്തീകരണം ലക്ഷ്യം വെച്ച്‌ ആരംഭിച്ചിട്ടുള്ള ഒരു ബദല്‍ വിദ്യാഭ്യാസ പദ്ധതിയാണ്‌ കമ്മ്യൂണിറ്റി കോളേജ്‌. അതുവഴി തൊഴില്‍രംഗത്തെ വിവിധ മേഖലകളില്‍ ആവശ്യമുണ്ടായിരിക്കേണ്ട നൈപുണികള്‍ ആര്‍ജിച്ച്‌ പുതിയ തൊഴില്‍ സമ്പാദിക്കുന്നതിന്‌ സാധിക്കുന്നതാണ്‌. ജനങ്ങളുടെ ആവശ്യം അന്വേഷിച്ച്‌ ജനങ്ങള്‍ തന്നെ അവര്‍ക്ക്‌ വേണ്ട പാഠ്യപദ്ധതികളും കോഴ്‌സുകളും കണ്ടെത്തി ഇഗ്‌നോ സര്‍വ്വകലാശാലയുടെ അനുമതിയോടെ നടത്തിവരുന്ന ഒരു പുതിയ വിദ്യാഭ്യാസ സമ്പ്രദായമാണ്‌ കമ്മ്യൂണിറ്റി കോളേജ്‌. സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ട്‌ സര്‍വ്വര്‍ക്കും തൊഴില്‍ ഉറപ്പ്‌ നല്‍കുന്നതും തൊഴിലില്ലായ്‌മ എന്ന പ്രശ്‌നം പരിഹരിക്കാനുമുള്ള ഒരു നൂതന പദ്ധതിയാണിത്‌. ഒരു സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടും അതാത്‌ പ്രദേശത്തിന്റെ സാഹചര്യത്തില്‍ സ്വീകാര്യമായ തൊഴിലുകള്‍ നേടാനായി പ്രത്യേകം തയ്യാറാക്കിയതുമായ കോഴ്‌സുകളാണ്‌ കമ്മ്യൂണിറ്റി കോളേജുകളില്‍ ഉണ്ടായിരിക്കുക. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള അസോസിയേറ്റ്‌ ഡിഗ്രി പാസാകുന്നവര്‍ക്ക്‌ വേണമെങ്കില്‍ ഡിഗ്രി കോഴ്‌സിന്റെ മൂന്നാംവര്‍ഷത്തില്‍ ചേര്‍ന്ന്‌ ഇഗ്‌നോയുടെ ഡിഗ്രി കരസ്ഥമാക്കാന്‍ കഴിയത്തക്ക രീതിയിലാണ്‌ കോഴ്‌സുകള്‍ തയ്യാറാക്കിയിട്ടുള്ളത്‌. പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കും അധഃസഥിതര്‍ക്കും പഠിക്കാന്‍ അവസരമൊരുക്കുന്നു കമ്മ്യൂണിറ്റി കോളേജുകള്‍. ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ 8-ാംതരവും അതിനുമുകളിലും വിദ്യാഭ്യാസം കിട്ടിയവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിനും 10, +2 പാസ്സായവര്‍ക്ക്‌ അസോസിയേറ്റ്‌ ഡിഗ്രിക്കും പഠിക്കാനഹര്‍തയുണ്ട്‌. 6 മാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ (16 ക്രഡിറ്റ്‌) ഒരു കൊല്ലം കാലാവധിയുള്ള ഡിപ്ലോമ കോഴ്‌സുകളും (32 ക്രഡിറ്റ്‌) ഇവിടെയുണ്ടായിരിക്കും. 6 മാസത്തില്‍ കുറഞ്ഞ കാലാവധിയുള്ളതാണ്‌ ചില സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌.
12. NCPUL സ്റ്റഡി സെന്റര്‍
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള NCPULന്റെ സ്റ്റഡി സെന്റര്‍ 2010-ലാണ്‌ ജാമിഅഃയില്‍ ആരംഭിച്ചത്‌. Certificate in functional Arbaic (ഒരു വര്‍ഷം) Diploma in Functional Arabic (രണ്ടു വര്‍ഷം) എന്നീ രണ്ടു കോഴ്‌സുകളാണ്‌ ഈ സെന്ററില്‍ ആരംഭിച്ചിട്ടുള്ളത്‌.
13. JNHSS (Un Aided)
ഹ്യുമാനിറ്റീസ്‌, സയന്‍സ്‌ ബാച്ചുകള്‍ ഇപ്പോള്‍ നിലവിലുണ്ട്‌.
14. JN (ECS) Public School
സി.ബി.എസ്‌.സി. കോഴ്‌സിലെ വിഷയങ്ങളോടൊപ്പം പ്രാഥമിക ഇസ്‌ലാമിക വിഷയങ്ങളും സമന്വയിപ്പിച്ച്‌ പഠിപ്പിക്കാന്‍ വേണ്ടി 2004-ല്‍ ആരംഭിച്ചതും 2010-ല്‍ ജാമിഅഃ നദ്‌വിയ്യ ഏറ്റെടുത്ത്‌ നടത്തികൊണ്ടിരിക്കുന്നതുമായ സ്ഥാപനം. LKG മുതല്‍ VII-ാം ക്ലാസ്സ്‌ വരെ ഇപ്പോള്‍ നടന്നു വരുന്നു.
15. വെക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌
ജാമിഅഃ നദ്‌വിയ്യയില്‍ നിന്ന്‌ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ സ്വയംതൊഴില്‍ കൈവശപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചതാണ്‌ പെണ്‍കുട്ടികള്‍ക്കായുള്ള ടൈലറിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌.
16. JN സയന്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌
ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ വ്യതിചലിക്കാതെ, മുസ്‌ലിം ആചാര നിഷ്‌ഠകള്‍ കണിശമായി പാലിച്ചു കൊണ്ട്‌ മെഡിക്കല്‍ എഞ്ചിനീയറിംഗ്‌, നിയമം മുതലായ പോസിറ്റീവ്‌ ശാസ്‌ത്ര കോഴ്‌സുകളില്‍ ചേര്‍ന്ന്‌ പഠിക്കാന്‍ പ്രാപ്‌തരാകും വിധം വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ്‌ നികത്താന്‍ വേണ്ടി 2010ല്‍ തുടങ്ങിയ സ്ഥാപനമാണ്‌ ജാമിഅഃ നദ്‌വിയ്യ സയന്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌.
പദ്ധതികള്‍
ജാമിഅഃ നദ്‌വിയ്യയുടെ വളര്‍ച്ചക്ക്‌ ആനുപാധികമായി അതിന്റെ ആവശ്യങ്ങളും വര്‍ദ്ധിക്കുന്നുവെന്ന്‌ പ്രത്യേകം പറയേണ്ടതില്ല. അടുത്ത വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നതിന്‌ മുമ്പ്‌ താഴെ പറയുന്ന സൗകര്യരങ്ങള്‍ കൂടി ഏര്‍പ്പെടുത്തേണ്ടതുണ്ട്‌.
1. ലേഡീസ്‌ & ബോയ്‌സ്‌ ഹോസ്റ്റല്‍ നിര്‍മ്മാണം
2. ട്രെയിനിംഗ്‌ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയ ഹോസ്റ്റല്‍ കെട്ടിടം.
3. ഇ.സി.എസ്‌. പബ്ലിക്‌ സ്‌കൂളിനുള്ള കെട്ടിടം
4. സയന്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌
5. അധ്യാപകര്‍ക്ക്‌ കോര്‍ട്ടേഴ്‌സുകള്‍
എറണാകുളം വഖഫ്‌ പ്രൊജക്‌ട്‌
ജാമിഅഃയുടെ നടത്തിപ്പിന്‌ പ്രതിമാസം 13 ലക്ഷം രൂപയിലധികം ചിലവ്‌ വരും. പ്രസ്ഥാന ബന്ധുക്കളുടെയും ഉദാരമതികളുടെയും അകമഴിഞ്ഞ സഹായംകൊണ്ട്‌ മാത്രമാണ്‌ ജാമിഅഃ നിലനില്‍ക്കുന്നത്‌. സ്ഥിര വരുമാനം ലഭിക്കുന്ന ഒരു പ്രൊജക്‌ട്‌ സ്വന്തമാക്കുക എന്നത്‌ ജാമിഅയുടെ ചിരകാലാഭിലാഷമാണ്‌. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എറണാകുളം വൈറ്റില ബൈപ്പാസില്‍ 28 സെന്റ്‌ സ്ഥലം സ്വന്തമാക്കുകയും അതില്‍ ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുകയും ചെയ്‌തു. ഈ മഹത്തായ വഖഫ്‌ പ്രോജക്‌ട്‌ യാഥാര്‍ത്ഥ്യമാകുന്നതിന്‌ അകമഴിഞ്ഞ്‌ സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തുകയും അര്‍ഹമായ പ്രതിഫലം നല്‍കാന്‍ സര്‍വ്വ ശക്തനോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
സമാപനം
ഉള്ളറിഞ്ഞും ഉദാരമായും ഈ സ്ഥാപനത്തെ ഇന്നുവരെ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക്‌ ഇഹത്തിലും പരത്തിലും നന്മകള്‍ ചൊരിഞ്ഞ്‌ കൊടുക്കുവാന്‍ അകമഴിഞ്ഞ്‌ പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു അവര്‍ക്ക്‌ മഹത്തായ പ്രതിഫലം നല്‍കട്ടെ.. ആമീന്‍.
ജാമിഅയുടെ മുമ്പിലുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനും അതിന്റെ ദൈനംദിന നടത്തിപ്പിനുമായി കഴിഞ്ഞ കാലങ്ങളിലെപ്പോലെ ഉള്ളഴിഞ്ഞ്‌ സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുകയും അതിനായി അപേക്ഷിക്കുകയും ചെയ്യുന്നു. സര്‍വ്വ ശക്തന്‍ തുണക്കുമാറാകട്ടെ..