ഭീകരതക്കെതിരെ കെ.എന്‍.എം സംസ്ഥാന കാമ്പയിന്‍ ആഗസ്റ്റ്‌ 15 ന്‌ തുടങ്ങും

കോഴിക്കോട്‌ : വര്‍ദ്ധിച്ചുവരുന്ന അസഹിഷ്‌ണുതക്കെതിരെ ബോധവല്‍ക്കരിക്കാനും തീവ്രവാദ- ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബഹുജന ബോധവല്‍ക്കരിക്കുന്നതിനുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍,എം) സംസ്ഥാന വ്യാപകമായി കാമ്പയിന്‍ സംഘടിപ്പിക്കുവാന്‍ കോഴിക്കോട്ടു ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. ആഗസ്റ്റ്‌ 15 മുതല്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന കാമ്പയിനോടനുബന്ധിച്ച്‌ പ്രധാന നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സെമിനാറുകള്‍ നടത്തും. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും അപകടാവസ്ഥ യുവസമൂഹത്തെ ബോധവല്‍ക്കരിക്കുവാന്‍ പ്രത്യേക കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. യുവഘടകമായ ഐ.എസ്‌. എമ്മിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ്‌ വെച്ച്‌ ആഗസ്റ്റ്‌ 20,21 ന്‌ കേരള ഇസ്‌ലാമിക സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്‌. തെരെഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ കെ.എന്‍.എം മണ്ഡലം സമ്മേളനങ്ങള്‍ നടക്കും. യഥാര്‍ത്ഥ ഇസ്‌ലാംമത വിശ്വാസിക്ക്‌ തീവ്രവാദിയോ, ഭികരവാദിയോ ആകാനാകില്ലെന്ന ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ ശാഖാതലങ്ങളില്‍ പ്രചരിപ്പിക്കും. പ്രഭാഷകര്‍ക്കായി പ്രത്യേക ശില്‍പശാല സംഘടിപ്പിക്കും ആലപ്പുഴയില്‍വെച്ച്‌ ക്വുര്‍ആന്‍ പഠിതാക്കളുടെ സംസ്ഥാന സംഗമം നടക്കും വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്‌.എമ്മിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സമ്മിറ്റ്‌ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ വനിതാവിഭാഗമായ എം.ജി.എം സംഘടിപ്പിക്കും
കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട്‌ ടി.പി അബ്‌ദുല്ലക്കോയ മദനി അദ്ധ്യക്ഷനായിരുന്നു. കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ട്രഷറര്‍ നൂര്‍ മുഹമ്മദ്‌ നൂരിഷാ, കെ.എന്‍.എം സംസ്ഥാന സെക്രട്ടറിമാരായ എം. അബ്‌ദുറഹ്‌മാന്‍ സലഫി, പാലത്ത്‌ അബ്‌ദുറഹ്‌മാന്‍ മദനി, എം.ടി അബ്‌ദുസ്സമദ്‌ സുല്ലമി , ഡോ. സുല്‍ഫീക്കര്‍ അലി, നാസിര്‍ സുല്ലമി പ്രസംഗിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ പി.കെ അബ്‌ദുല്ലഹാജി, എന്‍. കുഞ്ഞിപ്പ മാസ്റ്റര്‍, ടി.എച്ച്‌ നസീര്‍ (കോട്ടയം ), ഒ. അഹ്‌മദ്‌ കുട്ടി എന്ന നാണി ഹാജി, ടി. മൂസ നദ്‌വി, പി. അബ്‌ദുറസ്സാഖ്‌ മാസ്റ്റര്‍, കെ.എം മുഹമ്മദ്‌ അലി, എന്‍.കെ സിദ്ധീഖ്‌ അന്‍സാരി, ഇ.കെ.എം പന്നൂര്‍, എന്‍,.വി ഹാഷിം ഹാജി, ഇ.കെ ഇബ്‌റാഹീം കുട്ടി മൗലവി, സി.കെ ഉമ്മര്‍, ഇസ്‌ഹാഖലി കല്ലിക്കണ്ടി, വളപ്പില്‍ അബ്‌ദുസ്സലാം, ഹാരിസ്‌ ചേരൂര്‍, നവാസ്‌ റഷാദി കൊല്ലം ചര്‍ച്ചയില്‍ പങ്കെടുത്തു.