കേരള മുസ്ലിം ഐക്യ സംഘം

കേരളത്തില്‍ ഇസ്ലാം ആദ്യമായി ഉദയം ചെയ്തത് എവിടെയാണോ ആ മുസരിപട്ടണത്തില്‍-കൊടുങ്ങല്ലൂരില്‍-തന്നെയാണ് കേരള മുസ്ലിം ഐക്യസംഘവും പിറവിയെടുത്തത്.
ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനത്തിന്റെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് “കേരള മുസ്ലിം ഐക്യ സംഘം”. വ്യക്തികളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ഇസ്ലാഹീ പ്രവര്‍ത്തനം ഇതിന്റെ ആവിര്‍ഭാവത്തോടെയാണ് സംഘടനാരൂപം പ്രാപിച്ചത്. 1922 മുതല്‍ 1934വരെയുള്ള ഒരു വ്യാഴവട്ടക്കാലം അത് സമുദായേല്‍കര്‍ഷകത്തിനുവേണ്ടി തളരാതെയും പതറാതെയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. യഥാസ്ഥിതികത്വത്തിന്റെ കരിമ്പടം പുതച്ച് ഗാഢനിദ്രയില്‍ ആണ്ടുകഴിഞ്ഞിരുന്നവരെ അത് തട്ടിയുണര്‍ത്തി. കര്‍മ്മോല്‍സുകരാക്കി. ഐക്യസംഘം മുഴക്കിയ സുമോഹന സന്ദേശങ്ങളുടെ അലയൊലികള്‍ ഇന്നും കേരളത്തിലുടനീളം മാറ്റൊലികെള്ളുകയാണ്.

1922ല്‍ എറിയാട് മൈതാനത്ത് വിളിച്ചുകൂട്ടിയ പൊതുയോഗത്തിലാണ് നിഷ്പക്ഷ സംഘം ഒരു താല്‍ക്കാലികസംഘം മാത്രമായാല്‍പോരെന്നും, കേരളാടിസ്ഥാനത്തില്‍ ഫ്രവര്‍ത്തിക്കുന്ന ഒരു ശക്തമായ പ്രസ്ഥാനമായിരിക്കണമെന്നും പ്രവര്‍ത്തകന്മാര്‍ അഭിപ്രായപ്പെട്ടു. അങ്ങനെയാണ് ആ യോഗത്തില്‍വെച്ച് നിഷ്പക്ഷ സംഘം ‘കേരള മുസ്ലിം ഐക്യസംഘ’മെന്ന പുതിയ നാമത്തില്‍ കേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മഹത്തായ പ്രസ്ഥാനമായി മാറിയത്.
അധികകാലം കഴിഞ്ഞില്ല, ഐക്യ സംഘത്തിന് കൊടുങ്ങല്ലൂരിന്റെ അയല്‍പ്രദേശങ്ങളിലെല്ലാം ശാഖകളുണ്ടായി. സുശക്തമായ ഒരു വളണ്ടിയര്‍ വിഭാഗവും സംഘടിപ്പിക്കപ്പെട്ടു.

ഏത് നല്ല പ്രവൃത്തിക്കും വിരോധികളുണ്ടാവുക സാധാരണമാണല്ലോ. കക്ഷി വഴക്കുകളില്‍നിന്നും മുതലെടുത്ത് ജീവിക്കുന്ന ഒരു വലിയ വിഭാഗം ആ പ്രദേശളിലുണ്ടായിരുന്നു. അവര്‍ ഐക്യസംഘത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുതുടങ്ങി. പക്ഷെ, ഐക്യസംഘം പ്രവര്‍ത്തകരെ ഇത് കൂടുതല്‍ കര്‍മ്മനിരതരാക്കിയതേയുള്ളൂ. ഐക്യത്തിനുവേണ്ടി ശ്രമിച്ചാല്‍ മാത്രം പോരാ, ജീവിതം നന്നാക്കി തീര്‍ക്കുക കൂടി വേണം എന്നുള്ള വിചാരം പ്രവര്‍ത്തകന്‍മാരില്‍ അങ്കുരിച്ചുതുടങ്ങി. തല്‍ഫലമായി ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിതം നയിക്കുകയും മറ്റുള്ളവരെ അതിന് ആഹ്വാനം ചെയ്യുകയും വേണമെന്ന് സംഘം തീരുമാനമെടുത്തു. പ്രവര്‍ത്തകന്‍മാര്‍ ഇവിടെയും നിന്നില്ല. സമുദായത്തില്‍ കടന്നു കൂടിയ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അകറ്റുകയെന്ന ലക്ഷ്യവുംകൂടി അവര്‍ അംഗീകരിച്ചു. അതനുസരിച്ച് മൌലൂദ്, റാത്തീബ്, മാലപ്പാട്ട്, കൊടികുത്ത് നേര്‍ച്ച മുതലായ അനാചാരങ്ങളെ വിരോധിച്ചുതുടങ്ങി. ഇതോടെ ശഥ്രുക്കളുടെ എതിര്‍പ്പിന് രൂക്ഷതകൂടി. പക്ഷേ, പ്രവര്‍ത്തകന്മാര്‍ അതൊന്നും ശ്രദ്ധിച്ചഥേയില്ല; ദൃഢനിശ്ചയത്തോടെ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടേയിരുന്നു.

ഒന്നാം വാര്‍ഷികം

1923ല്‍ എറിയാട് വെച്ചുതന്നെ ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം വക്കം അബ്ദുല്‍ഖാദിര്‍ മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വക്കം മൌലവി മുമ്പുതന്നെ ‘വഹാബി’ എന്ന്
മുദ്രകുത്തപ്പെട്ടയാളായിരുന്നു. ഇതുകണ്ട് യാഥാസ്ഥിതിക വര്‍ഗ്ഗം ക്ഷോഭിച്ചിളകി.ഐക്യസംഘം ഒരു സാമുദായി സംഘടനയല്ലെന്നും ഗവണ്‍മെന്റിനെതിരില്‍ ഗൂഢാലോചന നടത്തിക്കൊണ്ടരിക്കുന്ന സംഘമാണെന്നും രഹസ്യമായി ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നുംമറ്റും ആരോപിച്ചുകൊണ്ടുള്ള വാറോലകള്‍ ഗവണ്‍മെന്റിലേക്ക് തുരതുരെ പോയ്ക്കെണ്ടിരുന്നു. പക്ഷേ, ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ വാറോലകള്‍ക്ക് കഴിഞ്ഞില്ല.

വിരോധികള്‍ ഒരു പൊടിക്കൈക്കൂടി പ്രയോഗിച്ചുനോക്കി. ഏനുക്കുട്ടി മുസ്ലിയാര്‍ എന്ന ഒരു പ്രസിദ്ധവാഗ്മിയെ വരുത്തി ഐക്യസംഘം വകയായുള്ള പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തെ കാണിച്ചു. തദ്വിഷയകവുമായി അദ്ദേഹം ഐക്യസംഘത്തിന്റെ ആസൂത്രകനും മാര്‍ഗദര്‍ശിയുമായിരുന്ന കെ.എം.മൌലവിയുമായി ചര്‍ച്ച നടത്തി. അനന്തരം, സംഘത്തിന്റെ ഒരു പൊതുയോഗം വിളിക്കണമെന്നും, തന്റെ തീരുമാനം അതില്‍ പ്രഖ്യാപിക്കാമെന്നും ഏനുക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. എല്ലാവരും സമ്മതിച്ചതിനെ തുടര്‍ന്ന് പൊതുയോഗം വിളിച്ചു. അധ്യക്ഷന്‍ ഏനുക്കുട്ടി മുസ്ലിയാര്‍തന്നെയായിരുന്നു. അദ്ദേഹം തന്റെ പ്രാരംഭ പ്രസംഗത്തില്‍ ഏതാണ്ട് ഇങ്ങനെ പറഞ്ഞു: “കേരള മുസ്ലിംകളുടെ ഇന്നത്തെ ശോച്യാവസ്ഥ കാണുമ്പോള്‍ ഇമ്മാതിരി ഒരു സംഘടന അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു”. ഇത് കേട്ടപ്പോള്‍ ഐക്യസംഘം വിരോധികള്‍ക്ക് കലികയറി. “ഏനുക്കുട്ടി മുസ്ലിയാല്‍ മുമ്പേ പിഴച്ച ആളാണെന്ന്” പറഞ്ഞുകൊണ്ട് അവര്‍ പിരിഞ്ഞുപോവുകയാണുണ്ടായത്.

ഒരു പരാമര്‍ശവും കുറെ ഒച്ചപ്പാടുകളും

ഇതിനിടക്ക് സംഘം ഒരടികൂടി മുമ്പോട്ടുവെച്ച് ‘മുസ്ലിം ഐക്യസംഘം’ എന്ന പേരില്‍ ഒരു മാസിക തുടങ്ങി. ഒരിക്കല്‍ ആ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇ.കെ.മൌലവി സാഹിബിന്റെ ഒരു ലേഖനത്തില്‍’ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ പറഞ്ഞതുപോലെ’ എന്ന് എഴുതിയിരുന്നു. ഇതുകണ്ട ചില ഖുറാഫി പണ്ഡിതന്‍മാര്‍ ഒരു പ്രക്ഷോഭംതന്നെ സൃഷ്ടിച്ചുവിട്ടു. “കണ്ടില്ലേ ഈ ലേഖനം? ഇബ്നുതൈമിയ്യാ ശൈഖുല്‍ ഇസ്ലാമാണ്പോല്‍! അയാള്‍ വഴിതെറ്റിയവനും വഴി തെറ്റിക്കുന്നവനുമാണെന്നല്ലേ ഇബ്നുഹജര്‍ ഫത്താവയില്‍ പറഞ്ഞിട്ടുള്ളത്?” എന്നൊക്കെ പറഞ്ഞു. ‘ഫത്താവ’ വായിച്ചുകേള്‍പിച്ചും ഐക്യസംഘത്തിന്റെ അനുഭാവികളായിരുന്ന ചില ആളുകളെ അവര്‍ ഇളക്കിവിടാന്‍ ശ്രമിച്ചു. ഇബനുഹജറിന്റെ ഫത്താവക്ക് ഖുര്‍ആനിന്റെറ സ്ഥാനമാണ് അന്ന് ജനങ്ങള്‍ കല്‍പിച്ചിരുന്നത്. ഒടുവില്‍ ഒരു യോഗം വിളിക്കാനും, അതില്‍ ലേഖനകര്‍ത്താവായ ഇ.കെ.മൌലവിയെ ക്ഷണിക്കാനും, അയാളോട് വിശദീകരണം ആവശ്യപ്പെടാനും തീരുമാനിക്കപ്പെട്ടു. യോഗത്തില്‍ ലേഖകന്‍ ആദ്യംതന്നെ ഇബ്നുഹജറിന്റെ ഫത്ത്വയുടെ അവസാനഭാഗം ഉദ്ധരിച്ചു. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു: “ഇബ്നു തൈമിയ്യായുടെ പേരിലുള്ള ആരോപണങ്ങളൊന്നും അദ്ദേഹിത്തിന്റെ കൃതികളില്‍ കാണുകയില്ലെന്നാണ് ചിലര്‍ പറയുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ കൃതികളൊന്നും കണ്ടിട്ടില്ല. അങ്ങനെയാണെങ്കില്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കട്ടെ”.

ഇത് വായിച്ചുകഴിഞ്ഞതിനുശേഷം ഇ.കെ.മൌലവി സദസ്യരോടായി ഇങ്ങനെ പറഞ്ഞു: “വെറും കേട്ടുകേള്‍വിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇബ്നുഹജറിന്റെ ഫത്ത്വാ എന്ന് മനസ്സിലായില്ലോ. അങ്ങനെയാണെങ്കില്‍ പൊറുത്തുകൊടുക്കേണ്ടത് ഇബ്നു തൈമിയ്യക്കല്ല ഇബനു ഹജറിനാണ്”.

അനന്തരം, സുസമ്മതരായ പല പണ്ഡിതന്മാരും രചിച്ച ഒട്ടേറെ ഗ്രന്ഥങ്ങളില്‍ ഇബ്നു തൈമിയ്യയെ പറ്റി ‘ശൈഖുല്‍ ഇസ്ലാം’ എന്ന് പ്രയോഗിച്ചത് അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. ഇതോടെ ആ ബഹളം കെട്ടടങ്ങി.