സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ (1847-1912)

പരിശുദ്ധ ഇസ്ലാം മതത്തെ താറടിച്ച് കാണിക്കുന്ന പ്രചണ്ഡമായ പ്രചാരവേലകളില്‍ വ്യാപൃതരായ ക്രിസ്ത്യന്‍ മിഷ്യനറി പ്രവര്‍ത്തകരെ എതിര്‍ക്കാന്‍വേണ്ടി ഗവണ്‍മെന്റ് ഉദ്യോഗം വലിച്ചെറിഞ്ഞ് സേവനരംഗത്തിറങ്ങിവന്ന മഹാനായിരുന്നു സയ്യിദ് സനാ ഉല്ല മക്തി തങ്ങള്‍. പല ക്രിസ്ത്യന്‍ നേതാക്കളുമായും വാദപ്രതിവാദം നടത്തി അവരെയെല്ലാം മുട്ടുകുത്തിച്ച മഹാനായിരുന്നു അദ്ദേഹം. ഈ വിഭാഗത്തെ എതിര്‍ക്കാന്‍ വേണ്ടി കച്ചകെട്ടിയിറങ്ങിയതിന്റെ അദ്ദേഹം അനുഭവിക്കേണ്ടിവന്ന യാതനകളും കഷ്ടപ്പാടുകളും അവര്‍ണനീയങ്ങളായിരുന്നു.

ക്രിസ്ത്യന്‍ മിഷനറിമാരെ എതിര്‍ത്തുകൊണ്ടിരുന്ന അതേയവസരത്തില്‍തന്നെ മഹാനായ മക്തി തങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ കടന്നുകൂടിയ അനാചാരങ്ങളെയും എതിര്‍ത്തുപോന്നു. മുഹര്‍റാഘോഷം, ചന്ദനക്കുടം ആദിയായ നേര്‍ച്ചകളെയും മരിച്ചുപോയ പുണ്യാത്മാക്കളുടെ പൊരുത്തത്തിനും പ്രീതിക്കുമായി ആട്, കോഴി മുതലായവയെ നേര്‍ച്ചയാക്കുന്നതിനെയും റാത്തീബ്, മൌലീദ് മുതലായവയെയും അദ്ദേഹം കാര്യകാരണസഹിതം എതിര്‍ത്തുകൊണ്ടിരുന്നു.

ശൈഖന്‍മാരെക്കൊണ്ടും തങ്ങന്മാരെക്കൊണ്ടും ജീവിക്കുന്ന അന്നത്തെ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ ഒറ്റകയ്യായി തങ്ങളവര്‍കള്‍ക്കെതിരില്‍ ശബ്ദമുയര്‍ത്താനും പാമരജനങ്ങളെ ഇളക്കിവിടാനും തുടങ്ങി, മാത്രമല്ല, കാശു തന്നാലും അദ്ദേഹത്തിന് ഹോട്ടലുകളില്‍നിന്ന് ചോറുകൊടുക്കരുതെന്ന് ഫത്കളിറക്കി. തങ്ങളവര്‍കള്‍ തന്നെ സ്വാനുഭവം വിവരിക്കുന്നത് കാണുക.

“തിരുവനന്തപുരത്തുള്ള ശത്രു ജനം കൂടിയാലോചിച്ച് ഭയങ്കരമായ ക്രിമിനല്‍ ചാര്‍ജുകള്‍ നിര്‍മ്മിച്ച് അകപ്പെടുത്തിയതില്‍ ഇടവലം കാണാതെ വ്യാകുലചിത്തനായി പരിഭ്രമിച്ചു. മുസ്ലിംകള്‍ അടുത്തുവരാതെയും അടുപ്പിക്കാതെയും ഒഴിഞ്ഞുമറിഞ്ഞതിനാല്‍ പട്ടന്മാരുടെ ഭക്ഷണശാലകളില്‍ ഉണ്ടാകുന്ന ചോറും ചാറും വാങ്ങി ആത്മാവിനെ രക്ഷിച്ച്’’(മക്തി തങ്ങളുടെ സമ്പൂര്‍ണ്ണ കൃത്രികള്‍ പേജ് 1034,1035)

“കണ്ണൂര്‍ കന്റോണ്‍മെന്റില്‍നിന്നുണ്ടായ പ്രസംഗമധ്യേ കല്ലെറിഞ്ഞും വടികൊണ്ടടിച്ചും ഉപദ്രവിച്ച് സമാധാന ലംഘനമുണ്ടായി പ്രസംഗം വിരോധിപ്പിക്കണമെന്നുണ്ടായിരുന്ന മനോരാജ്യം സാധിക്കാതിരിക്കുന്നതിലുണ്ടായ ഒത്താശകളും ഹിന്ദുജനങ്ങളളില്‍നിന്നുതന്നെ. കആകഉ).

ഒരിക്കല്‍ ക്രിസ്ത്യന്‍ മിഷ്യനറിമാര്‍ ഇസ്ലാമിനെ ആക്ഷേപിക്കാന്‍ വേണ്ടി കണ്ണൂരില്‍ ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടുകയും അതില്‍ ഖണ്ഡന പ്രസംഗം നടത്താന്‍ വേണ്ടി മുസ്ലിംകളെ വെല്ലുവിളിക്കുകയും ചെയ്തു. മക്തി തങ്ങളല്ലാതെ ഈ വെല്ലുവിളി സ്വീകരിക്കുകയില്ലെന്ന് നേരത്തെത്തന്നെ മനസ്സിലാക്കിയ ക്രിസ്തീയ നേതാക്കള്‍ “മക്തി തങ്ങള്‍ മുസ്ലിമല്ല” എന്ന് കേരളത്തിലെ പേരെടുത്ത അനേകം യാഥാസ്ഥിതിക പണ്ഡിതന്‍മാരില്‍നിന്ന് ഫത്വകള്‍ വാങ്ങിവെച്ചിരുന്നു. അങ്ങനെ മക്തി തങ്ങള്‍ ഖണ്ഡന പ്രസംഗത്തിന് തയ്യാറായപ്പോള്‍ സമ്മേളന ഭാരവാഹികള്‍ ഇങ്ങനെ പറഞ്ഞു: “ ഞങ്ങള്‍ മുസ്ലികളെയാണ് വെല്ലുവിളിച്ചത്. താങ്കള്‍ മുസ്ലിമല്ലെന്ന് കേരളത്തിലെ പേരെടുത്ത അനേകം മുസ്ലിം പണ്ഡിതന്‍മാര്‍ നല്‍കിയ ഫത്വകള്‍ ഇതാ ഞങ്ങളുടെ കയ്യില്‍. വേണമെങ്കില്‍ ഇതൊന്ന് വായിച്ച് നോക്കൂ!” ഇതുകേട്ട മക്തി തങ്ങള്‍ നടുങ്ങിയില്ല. ഉടനെ അദ്ദേഹം ക്രിസ്ത്യന്‍ നേതാക്കളുകള്‍ ചൊല്ലി. “ഇപ്പോള്‍ ഞാന്‍ മുസ്ലിമായിരിക്കുന്നു” എന്നുപറഞ്ഞ അദ്ദേഹം ക്രിസ്ത്യന്‍ നേതാക്കളുടെ വാദങ്ങള്‍ക്ക് വായടപ്പന്‍ മറുപടി നല്‍കിക്കൊണ്ട് ഖണ്ഡന പ്രസംഗം നടത്തി. കേരളത്തിലെ അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ക്ക ഇസ്ളാഹി പ്രവര്‍ത്തകനായ മക്തി തങ്ങളോടുണ്ടായിരുന്ന വെറുപ്പിന്റെ ആഴം ഈ സംഭവത്തില്‍നിന്ന് വ്യക്തമാണല്ലോ.

ജനങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രമാതീതമായി വ്യാപിക്കുന്നതിന്റെ മൂലകാരണം അവരുടെ അജ്ഞതയാണെന്ന് മനസ്സിലാക്കിയ മക്തി തങ്ങള്‍ വിജ്ഞാന പ്രചരണത്തിനായി നാനോന്മുഖമായ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. വിലപ്പെട്ട അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് തങ്ങള്‍. മതവിദ്യാഭ്യാസ രീതി പരിഷ്കരിക്കുന്നതിന് ചില പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍വരുത്തുവാന്‍ അദ്ദേഹം തുടങ്ങി. അക്കാലത്ത് അതിന്റെ ഫലം വേണ്ടത്ര കണ്ടുതുടങ്ങിയില്ലെങ്കിലും പില്‍ക്കാലത്ത് അത് പരിപൂര്‍ണ്ണ വിജയമായി കലാശിച്ചിട്ടുണ്ട്.

കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റെ അറ്റംവരെ സഞ്ചരിച്ച് പ്രസംഗങ്ങളും സാഹിത്യ വിതരണവും നടത്തിക്കൊണ്ട് ഇസ്ലാഹീ പ്രസ്ഥാനത്തിന് തങ്ങളവര്‍കള്‍ ചെയ്തുകൊണ്ടിരുന്ന മഹത്തായ സേവനങ്ങള്‍ തങ്കലിപികളാല്‍ എഴുതിവെക്കേണ്ടവയാണ്.

മര്‍ഹൂം ഇ.കെ.മൌലവി ഉദ്ധരിച്ച ഒരു സംഭവുംകൂടി ഇവിടെ വിവരിക്കട്ടെ. അദ്ദേഹം എഴുതി: ക്ഷ “1919ലാണ് ഞാന്‍ കൊടുങ്ങല്ലൂരില്‍ താമസമാക്കിയത്. ഇവിടെയും അയല്‍പ്രദേശങ്ങളിലും ചില വഹാബികളുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും അപരിചിതനായ എന്നെ ചില സുഹൃത്തുക്കള്‍ ഉപദേശിക്കുകയുണ്ടായി. അവര്‍ ആരാണെന്നറിയാന്‍ കൌതുകം ജനിക്കല്‍ സ്വാഭാവികമാണല്ലോ. പരിചയപ്പെടുക മാത്രമല്ല, അവരുടെ വാദഗതികള്‍ ഞാന്‍ വിശദമായി മനസ്സിലാക്കുകപോലും ചെയ്തു… ഞാന്‍ അവരോട് ഇങ്ങനെ ചോദിച്ചു: “നിങ്ങളുടെ നാട്ടിലെ ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനെതിരായ ഈ ആശയം നിങ്ങളെ പിടികൂടിയതെങ്ങനെ?” ഇതിന് കൂട്ടത്തിലൊരാള്‍ നല്‍കിയ മറുപടി ഇതായിരുന്നു: “സനാഉല്ലാ മക്തി തങ്ങളാണ് ഞങ്ങളില്‍ ഈ ആശയം പ്രചരിപ്പിച്ചത്” (അല്‍ മുര്‍ശിദ് മലയാള മാസിക- 1996 ആഗസ്റ് ലക്കം).