ശൈഖ് ഹമദാനി തങ്ങള്‍

സയ്യിദ് ഥനാഉല്ലാ മക്തി തങ്ങളെപോലെ ഹമദാനി തങ്ങളും കേരളത്തിലെ മുസ്ലിം നവോത്ഥാനമേഖലയില്‍ പ്രസിദ്ധനായ ഒരു മഹല്‍ വ്യക്തിയായിരുന്നു. ഇദ്ദേഹം സയ്യിദ് വംശജനല്ല. തമിഴ്നാട്ടിലെ ഹമദാനി തങ്ങള്‍ എന്ന ഒരു ശൈഖിന്റെ ത്വരീക്വത്തില്‍ അംഗമായത് നിമിത്തമാണത്രെ പ്രസ്തുത പേര് ലഭിച്ചത്.
കേരളത്തിലെ പ്രസിദ്ധമായ പള്ളിദര്‍സുകളില്‍ പഠിച്ചശേഷം അദ്ദേഹം വെല്ലൂര്‍ ലത്വീഫിയാ കോളേജില്‍ ചേര്‍ന്ന് ബിരുദം നേടി. ത്വരീക്വത് ഒഴിവാക്കി മതാധ്യാപനത്തില്‍ വ്യാപൃതനായി.
സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി, സര്‍ സയ്യിദ് അഹ്മദ് ഖാന്‍ എന്നിവരുടെ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഉള്‍ക്കൊള്ളുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. മുസ്ലിം ഐക്യം (ഇല്‍ഫത്തുല്‍ ഇസ്ലാം) എന്ന പേരില്‍ അദ്ദേഹം ഒരു സംഘടന രൂപീകരിച്ചിരുന്നു.
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, ഇ.മൊയ്തുമൌലവി, കെ.എം.സീതി സാഹിബ് എന്നീ മുസ്ലിം നവോത്ഥാനരാഷ്ട്രീയ നേതാക്കള്‍ ഹമദാനി തങ്ങളുടെ ശിഷ്യഗണങ്ങളില്‍ ചിലരത്രെ.
1922ല്‍ അദ്ദേഹം നിര്യാതനായി.