ഇമാം ശാഫിഈ (റ) (ഹി: 150-204)

അബൂഅബ്ദില്ലാഹ് മുഹമ്മദ്ബ്നു ഇദ്രീസിശ്ശാഫിഈ എന്നാണ് മുഴുവന്‍പേര്‍. അഗാധപണ്ഡിതനും പ്രതിഭാശാലിയുമായിരുന്നു. ഗസ്സയില്‍ ജനിച്ചു. മക്കയില്‍ വളര്‍ന്നു. മദിനയില്‍ ഇമാം മാലികിന്റെ ശിഷ്യനായിരുന്നിട്ടുണ്ട്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിജ്ഞാനങ്ങളില്‍ അസാമാന്യ വ്യുല്‍പത്തി നേടിയിരുന്നു. ഖുര്‍ആന്‍, ഹദീസ്, സ്വഹാബത്തിന്റെ ഏകഖണ്ഡമായ തീരുമാനങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ അദ്ദേഹം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമായിരുന്നു. മൂന്നാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
വളര്‍ന്ന് വികസിക്കുകയും സങ്കീര്‍ണ്ണമായി തീരുകയും ചെയ്ത ഫിഖ്ഹ് ക്രോഡീകരിക്കുന്നതിലാണ് ഇമാം ശാഫിഈ (റ) തന്റെ അധികസമയവും വിനിയോഗിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ഈജിപ്തിലെ ഫുസ്ത്വാത്വ് എന്നിടത്തേക്ക് പോകുകയും അവിടെവെച്ച് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങള്‍ ‘കിതാബുല്‍ ഉമ്മ്’ ‘അര്‍റിസാലത്’ എന്നിവയാണ്.
ഹദീസ് പണ്ഡിതനായ നസാഈ, അല്‍അശ്അറി, അല്‍മാവര്‍ദീ, ശീറാസീ, ഇമാമുല്‍ഹറമയ്ന്‍, ഗസ്സാലി, റാഫീഈ, നവവീ, ഇമാം അഹ്മദ്ബ്നു ഹമ്പല്‍ എന്നീ പ്രമുഖര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പ്രധാനികളത്രെ.