ഇമാം മാലിക് (റ) (ഹിജ്റ 93-179)

അബൂഅബ്ദില്ലാ മാലിക്ബ്നു അനസ് എന്നാണ് മുഴുവന്‍പേര്‍. മദീനയില്‍ ജനിച്ചു. മരിച്ചതും അവിടത്തന്നെ. ഇമാമുല്‍ മദീന എന്നും ഇമാം മാലിക് അറിയപ്പെടുന്നു. ഇമാം മുഹമ്മദ്ബ്നു അബ്ദുല്ലയുടെ നേതൃത്വത്തില്‍ നടന്ന ശിഈ കലാപത്തോടെയാണ് ഇമാം മാലിക് ശ്രദ്ധേയനാകുന്നത്. മുഹമ്മദിനെയും ഇബ്രാഹീമിനെയും പിടിച്ചുകൊണ്ടുവരാന്‍ ഖലീഫ മന്‍സൂര്‍ ഇമാം മാലികിന് കല്‍പ്പനയയച്ചു. ഇവരുടെ പിതാവ് അബ്ദുല്ലയെ നേരത്തെത്തന്നെ ഖലീഫയുടെ ആള്‍ക്കാര്‍ പിടികൂടിയിട്ടുണ്ടായിരുന്നു. നീതീകരണമില്ല എന്ന് തനിക്ക് തോന്നിയ ഖലീഫയുടെ ഈ കല്‍പന ഇമാം മാലിക് സ്വീകരിച്ചില്ല. മാത്രമല്ല ഹി 145ല്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മദീനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മദീന അദ്ദേഹത്തിന്റെ കീഴിലായി. തുടര്‍ന്ന് ഖലീഫ മന്‍സൂറിന് നല്‍കിയ ബൈഅത്തില്‍ നിന്ന് ഇമാം മാലിക് അടക്കം നഗരത്തിലെ ഭൂരിഭാഗം പേരും ഒഴിഞ്ഞു. വിപ്ളവം ഒടുവില്‍ പരാജയപ്പെട്ടു. ഇമാം മാലിക് മദീനയില്‍ തടവിലായി. അദ്ദേഹം കഠിനമായി മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായി. 85-ാം വയസ്സില്‍ തടവില്‍ കിടന്ന് തന്നെ അദ്ദേഹം മരിച്ചു.
ആദ്യത്തെ ഹദീസ് സമാഹാരമായ ‘മുവത്ത്വ’ ആണ് അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം. കൂടാതെ ‘അര്‍റദ്ദു അലല്‍ക്വദരിയ്യ’ ‘അര്‍റിസാലതുഈലര്‍റശീദദ്, അല്‍മുദവ്വനതുല്‍കുബ്റാ’ എന്നീ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.