ഇമാം അബൂഹനീഫ (റ) (ഹി: 80-150)

നുഅ്മാനുബ്നുഥാബിത് എന്നാണ് യഥാര്‍ത്ഥ നാമം. കൂഫയില്‍ ജനിച്ചു. ദീര്‍ഘായുസ്സുകളായ ചില സ്വഹാബിമാരെ കണ്ടിട്ടുണ്ട്. താബിഉകളില്‍ നിന്നും ജഅ്ഫറുസ്സ്വാധിക്വില്‍ നിന്നും വിദ്യ അഭ്യസിച്ചു. സമ്പന്നനായ ഒരു കച്ചവടക്കാരനായിരുന്ന അബൂഹനീഫ ഉദാത്തസ്വഭാവത്തിന്നുടമയായിരുന്നു. തന്റെ സമ്പത്ത് വിജ്ഞാനതല്‍പരരായ തന്റെ ശിഷ്യന്മാര്‍ക്ക് വേണ്ടി അദ്ദേഹം ചിലവഴിച്ചിരുന്നു. കച്ചവടത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന സത്യസന്ധത പ്രസിദ്ധമാണ്.
അബൂഹനീഫയുടെ ശിഷ്യന്മാരില്‍ പരമദരിദ്രനായ മുഹമ്മദ് എന്ന ഒരാളുണ്ടായിരുന്നു. ഒരിക്കല്‍ പിതാവ് വന്ന് മുഹമ്മദിനെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം മകനോട് പറഞ്ഞു: “അബൂഹനീഫ പണക്കാരനാണ്. സമയം മുഴുവന്‍ പഠിച്ചുകൊണ്ടിരിക്കാന്‍ അദ്ദേഹത്തിന് പ്രയാസമില്ല. പക്ഷെ നീ പാവപ്പെട്ടവനാണ്. പഠിപ്പില്‍ മാത്രം കഴിഞ്ഞ് കൂടിയാല്‍ നിനക്ക് കഷ്ടപ്പെടേണ്ടിവരും.’ കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ക്ളാസില്‍ വന്ന മുഹമ്മദിനോട് ഇമാം വിവരങ്ങള്‍ തിരക്കി. കാര്യം മനസ്സിലാക്കിയ അദ്ദേഹം അവന് ഒരു പണക്കിഴി നല്‍കി. അത് തീര്‍ന്നാല്‍ വീണ്ടും വന്ന് വാങ്ങണമെന്നും പറഞ്ഞു. ഇദ്ദേഹമാണ് പിന്നീട് ഇമാം മുഹമ്മദ് എന്ന പേരില്‍ പ്രസിദ്ധനായത്.
കര്‍മ്മശാസ്ത്രത്തില്‍ അബൂഹനീഫ ക്രോഡീകരിച്ച ഒരു പ്രസിദ്ധ ഗ്രന്ഥമാണ്. ‘അല്‍ഫിക്വ്ഹുല്‍ അക്ബര്‍’. ‘മുസ്നദു അബീഹനീഫ’ യാണ് അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം. അദ്ദേഹം പറഞ്ഞുകൊടുത്ത ഈ ഹദീസ് സമാഹാരം ശിഷ്യന്‍മാരാണ് ഗ്രന്ഥരൂപത്തില്‍ ആക്കിയത്.
ഇമാമിന്റെ ശിഷ്യനായ മുഹമ്മദ്ബ്നുല്‍ഹസന്‍ അശ്ശൈബാനിയുടെ ‘അല്‍ജാമിഉല്‍കബീര്‍’, ‘അല്‍ജാമിഉസ്സ്വഗീര്‍’ എന്നിവയും മറ്റൊരു ശിഷ്യനായ അബൂയൂസുഫിന്റെ ‘കിതാബുല്‍ഖറാജ്’ ‘അര്‍റദ്ദു അലാ സിയരില്‍ ഔസാഈ’ ‘ഇഖ്തിലാഫു അബീഹനീഫ വബ്നി അബീലൈലാ, ‘അദബുല്‍ക്വാദീ’, ‘അര്‍റദ്ദു അലാ മാലിക്ബ്നി അനസ്’ എന്നിവ ഹനഫീ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളാണ്.
ഇറാഖാണ് ഹനഫീമദ്ഹബിന്റെ പ്രഭവ കേന്ദ്രം. അബ്ബാസിയാ കാലത്ത് ഔദ്യോഗിക മദ്ഹബ് ഇതായിരുന്നു. ഉഥ്മാനിയ സാമ്രാജ്യത്തിലെ ന്യായാധിപ സ്ഥാപനങ്ങളാല്‍ അലങ്കരിച്ചത് ഇസ്തംബൂളില്‍ (തുര്‍ക്കി) നിന്നുള്ള ഹനഫീ പണ്ഡിതന്മാരായിരുന്നു. ഉഥ്മാനിയാ ആധിപത്യം നിലനിന്നിരുന്ന രാജ്യങ്ങളില്‍ മിക്കതിലും ഇപ്പോഴും ഹനഫീ മദ്ഹബിന്നാണ് പ്രാധാന്യം. മദ്ധ്യേഷ്യയിലും, ഇന്ത്യയിലും, ഈജിപ്തിലും ഹനഫീ മദ്ഹബ് പ്രഭലമാണ്.
കൂഫയില്‍ കച്ചവടത്തിനും അധ്യാപനത്തിനും ഫത്വ നല്‍കുന്നതിനുമായി ഇമാം അബൂഹനീഫ കഴിച്ചുകൂട്ടി. ഖലീഫാ മന്‍സൂര്‍ അദ്ദേഹത്തെ ന്യായാധിപ സ്ഥാനത്തേക്ക് ക്ഷണിച്ചു. ആക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തെ മന്‍സൂര്‍ ജയിലിലടച്ചു. എല്ലാദിവസവും അദ്ദേഹത്തെ ചാട്ടവാര്‍ അടിക്ക് വിധേയനാക്കി. അങ്ങനെ ജയിലില്‍തന്നെ അദ്ദേഹം മരണമടഞ്ഞു. കര്‍മ്മശാസ്ത്രവിജ്ഞാന ശാഖയെ വിഭാഗങ്ങളായും അധ്യായങ്ങളായും തിരിച്ചത് അദ്ദേഹമായിരുന്നു.