വിധിയിലുള്ള വിശ്വാസം

വിധിയില്‍ അഥവാ അവയിലെ നന്മയും തിന്മയും അല്ലാഹുവിന്റെ തീരുമാനമാണെന്ന് നാം വിശ്വസിക്കുന്നു. അവയെ അല്ലാ ഹു, പ്രാപിഞ്ചിക കാര്യങ്ങള്‍ക്ക് തന്റെ മുന്‍കൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തിലും തന്റെ യുക്തിയുടെ താല്‍പര്യത്തിനുസൃതമായും നിശ്ചയിച്ചിട്ടുള്ളതാകുന്നു.
ഖദ്റിലുള്ള വിശ്വാസത്തിന്ന് പ്രധാനമായും താഴെ പറയുന്ന നാല് ഘട്ടങ്ങളുണ്ട്.
ഒന്ന്: അറിവ്. അല്ലാഹു എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മമായി അറിയുന്നവനാണെന്നും കഴിഞ്ഞുപോയതും സംഭവിച്ചുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്നും അവയെങ്ങനെയാണെന്നും ആദ്യമില്ലാത്തതും അന്ത്യമില്ലാത്തതുമായ തന്റെ അറിവ് മുഖേന അവനറിയുന്നുണ്ട് എന്ന് നാം വിശ്വസിക്കണം. അവന് അജ്ഞതക്ക് ശേഷം പുതുതായി ജ്ഞാനമോ അറിവിനെ തുടര്‍ന്ന് മറവിയോ ഉണ്ടാവുകയില്ല.
രണ്ട്: രേഖപ്പെടുത്തല്‍. അന്ത്യദിനംവരെ സംഭവിക്കുന്ന എല്ലാകാര്യങ്ങളും അല്ലാഹു തന്റെ ലൌഹുല്‍മഹ്ഫൂളില്‍ (സുരക്ഷിത ഫലകത്തില്‍) മുന്‍കൂട്ടിത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നാം വിശ്വസിക്കേണ്ടതാണ്.

“ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ?. തീര്‍ച്ചയായും അതെല്ലാം ഒരു രേഖയിലു ണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളകാര്യമത്രെ” (ഹജ്ജ്: 70).
മൂന്ന്: തീരുമാനം. തീര്‍ച്ചയായും ആകാശ- ഭൂമികളിലുള്ളവയെല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ച് മാത്രമാണ് നടക്കുന്നത്. അവന്റെ ഉദ്ദേശ്യത്തിനനുസരിച്ചല്ലാതെ ഒന്നും സംഭവിക്കുകയില്ല. അവനുദ്ദേശിക്കുന്നത് ഉണ്ടാകുന്നു. അവന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍ ഉണ്ടാവുകയുമില്ല.
നാല്: സൃഷ്ടിപ്പ്. അല്ലാഹുവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ് എന്നതും നമ്മുടെ വിശ്വാസമാണ്.

“അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെമേലും കൈകാര്യകര്‍ത്താവുമാണ്. ആകാശ ഭൂമികളുടെ താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു” (സുമര്‍: 62, 63).
ഖദ്റിന്റെ – വിധിയുടെ – മേല്‍പറയപ്പെട്ട നാലു ഘട്ടങ്ങളും അല്ലാഹുവില്‍നിന്നുണ്ടാകുന്ന എല്ലാ കാര്യങ്ങളെയും സൃഷ്ടികളില്‍നിന്നുണ്ടാകുന്ന എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടാകുന്നു. അപ്രകാരം അടിമകളില്‍ നിന്നുണ്ടാകുന്ന എല്ലാ വാക്കുകളും പ്രവര്‍ത്തനങ്ങളും അവര്‍ നിരാകരിക്കുന്ന കാര്യങ്ങളും അല്ലാഹുവിന്റെ അറിവിലും അവന്റെ പക്കലുള്ള രേഖയിലും ഉള്‍പെട്ടതാകുന്നു. അതെല്ലാം അവന്റെ ഉദ്ദേശ്യമനുസരിച്ചുള്ളതും അവന്‍ സൃഷ്ടിച്ചതും തന്നെയാണ്.

“അതായത് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്കുവേണ്ടി, ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല” (തക്വീര്‍: 28).

“അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ പോരടിക്കുമായിരുന്നില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു” (ബഖറ: 253).

“അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക” (അന്‍ആം: 137).

“അല്ലാഹുവാണ് നിങ്ങളെയും നിങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്നവയെയും സൃഷ്ടിച്ചത്” (സ്വാഫ്ഫാത്ത്: 96).
എന്നാല്‍ മേല്‍പറയപ്പെട്ടതോടൊപ്പം തന്നെ അടിമകള്‍ക്ക് (മനുഷ്യന്) സ്വാഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ തെരഞ്ഞെടുക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള കഴിവും സ്വാതന്ത്യ്രവും അല്ലാഹു നല്‍കിയിട്ടുണ്ട് എന്നും നാം വിശ്വസിക്കുന്നു. മനുഷ്യന് അവനിച്ഛിക്കുന്നത് തെരഞ്ഞെടുക്കാനും പ്രവര്‍ത്തിക്കാനും കഴിവും സ്വാതന്ത്യ്രവും നല്‍കപ്പെട്ടിട്ടുണ്ടെന്ന കാര്യം താഴെ പറയുന്ന തെളിവുകളില്‍നിന്നും നമുക്ക് കണ്ടെത്താവുന്നതാണ്.
ഒന്ന്: അല്ലാഹു പറയുന്നു:

“അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്” (ബഖറ: 223).

“അവര്‍ പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനുവേണ്ടി ഒരുക്കേണ്ടതെല്ലാം അവര്‍ ഒരുക്കുമായിരുന്നു” (തൌബ: 46).
മേല്‍പറയപ്പെട്ട ആയത്തുകളിലൂടെ അടിമകള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നവിധം ചെയ്യാനും അവരുടെ ഉദ്ദേശ്യമനുസരിച്ച് കാര്യങ്ങള്‍ ഒരുക്കാനും കഴിവുണ്ട് എന്ന കാര്യം അല്ലാഹു സ്ഥിരപ്പെടുത്തിയിരിക്കയാണ്്.
രണ്ട്: അല്ലാഹു മനുഷ്യന് കല്‍പനകളും വിരോധങ്ങളും ചുമത്തിയിരിക്കുന്നു. മനുഷ്യന് സ്വഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനള്ള സ്വാതന്ത്യ്രവും കഴിവും ഇല്ലായിരുന്നുവെങ്കില്‍ ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം മനുഷ്യനോട് അനുശാസിക്കുന്നത് അല്ലാഹുവിന്റെ യുക്തിക്കും കാരുണ്യത്തിനും താഴെ വരുന്ന അവന്റെ സത്യവചനത്തിനും എതിരാകുന്നതാണ്.

“അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍പെട്ടതല്ലാതെ നിര്‍ബന്ധിക്കുകയില്ല” (ബഖറ: 286).
മൂന്ന്: നന്മ ചെയ്യുന്നവരെ അവര്‍ ചെയ്ത നന്മകളുടെ പേരില്‍ പ്രശംസിക്കാമെന്നതും തിന്മ ചെയ്തവരെ അവരുടെ തിന്മ കാരണം ആക്ഷേപിക്കാമെന്നതും ഈ രണ്ടു കൂട്ടര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കപ്പെടാമെന്നതും സ്ഥിരപ്പെട്ട കാര്യമാണ്. എന്നാല്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ഉദ്ദേശ്യത്തിനും കഴിവിനും അനുസരിച്ചല്ല സംഭവിക്കുന്നതെങ്കില്‍ നന്മ ചെയ്യുന്നവരെ പ്രശംസിക്കല്‍, കേവലം ഒരു പാഴ്വേലയും തിന്മ ചെയ്തവരെ ശിക്ഷിക്കല്‍ അക്രമവുമായിരിക്കും. അത് രണ്ടില്‍നിന്നും അല്ലാഹു പരിശുദ്ധനാണ്താനും.
നാല്: അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്.

“സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്മാരായിരുന്നു അവര്‍. ആ ദൂതന്മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്” (നിസാഅ്: 165).
മനുഷ്യന് അവന്റെ ഇഷ്ടവും സ്വാതന്ത്രൃവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യ്രം ഇല്ലായിരുന്നുവെങ്കില്‍ പ്രവാചകന്മാരെ അയച്ചതുകൊണ്ട് മനുഷ്യന് അല്ലാഹുവിനെതിരില്‍ ന്യായം ഇല്ലാതാകുമായിരുന്നില്ല.*
അഞ്ച്: എല്ലാ ഓരോ വ്യക്തിക്കും താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കാനും ഉപേക്ഷിക്കാനും യാതൊരു നര്‍ബന്ധം ചെലുത്തലുമില്ലാതെ തന്നെ സാധിക്കുന്നുണ്ട്. ഒരാള്‍ എഴുന്നേല്‍ക്കുന്നു, ഇരിക്കു, പ്രവേശിക്കുന്നു, പുറത്ത് പോകുന്നു, യാത്ര ചെയ്യുന്നു, നാട്ടില്‍ താമസിക്കുന്നു ഇതെല്ലാം തന്റെ ഉദ്ദേശ്യങ്ങള്‍ അനുസരിച്ച് മാത്രമാണ്. ഇതിലൊന്നുംതന്നെ ഒരാളുടെയും സമ്മര്‍ദമോ നിര്‍ബന്ധമോ അയാള്‍ക്കനുഭവപ്പെടുന്നില്ല. എന്നു മാത്രമല്ല; താന്‍ സ്വാഭിപ്രായവും സ്വാതന്ത്യ്രവും അനുസരിച്ച് ചെയ്യുന്ന കാര്യങ്ങളും മറ്റൊരാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യുന്ന കാര്യങ്ങളും തമ്മിലുള്ള സ്വാഭാവിക വ്യത്യാസം അയാള്‍ക്ക് വിവേചിച്ച് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഇസ്ലാമിക ശരീഅത്തിലും ഈ വൃത്യാസം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറ്റൊരാളുടെ നിര്‍ബന്ധത്തിന് വഴങ്ങി നിവൃത്തിയില്ലാതെ ചെയ്യുന്ന തെറ്റുകള്‍ക്ക് ശിക്ഷ ലഭിക്കുകയില്ല എന്നതാണ് നിയമം.
എന്നാല്‍ ഒരു ധിക്കാരിക്ക് ഒരിക്കലുംതന്നെ തന്റെ ധിക്കാരത്തിന് അല്ലാഹുവിന്റെ വിധിയാണ് എന്നുപറഞ്ഞ് ന്യായീകരണം കണ്ടെത്താന്‍ പാടില്ലായെന്നതാണ് നമ്മുടെ വീക്ഷണം. കാരണം താന്‍ പ്രവര്‍ത്തിക്കുന്ന തെറ്റുകള്‍ തന്നിഷ്ടപ്രകാരം മാത്രമാണ് അവന്‍ ചെയ്തുകൂട്ടുന്നത്. മാത്രമല്ല, അല്ലാഹു അവന് നിശ്ചയിച്ചിട്ടുള്ള വിധി (ഖദ്ര്‍) അതാണെന്ന് അവന്‍ ഒരിക്കലും മുന്‍കൂട്ടി അറിയുന്നുമില്ല. കാരണം അല്ലാഹുവിന്റെ വിധി എന്താണെന്ന് അത് സംഭവിച്ച ശേഷമല്ലാതെ ഒരാള്‍ക്കും അറിയാന്‍ കഴിയുകയില്ല.

“നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുന്നില്ല” (ലുഖ്മാന്‍: 34).
അല്ലാഹുവിന്റെ വിധിയാണെന്ന് പറഞ്ഞ് ഇപ്പോള്‍ താന്‍ ഒഴികഴിവ് കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ തെറ്റിന് താന്‍ മുതിരുന്ന സന്ദര്‍ ഭത്തില്‍ ഇപ്പറയുന്ന ന്യായീകരണം – വിധിയാണെന്ന ന്യായീക രണം – അയാള്‍ക്കറിയുമായിരുന്നില്ല എന്നതാണ് സത്യം! അപ്പോള്‍, ഈ ന്യായവാദം എങ്ങനെ സാധുവാകും?
ഇത്തരം ന്യായവാദങ്ങളെ മുന്‍കൂട്ടിതത്തന്നെ അല്ലാഹു പൊളിച്ചുകളയുന്നത് കാണുക:

“ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും; അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നില്ല എന്ന്. അതുപോലെ അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ച് കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ അതൊന്ന് ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരൂ . ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്” (അന്‍ആം: 148).
എന്നാല്‍ വിധിയാണെന്നു പറഞ്ഞ് തെറ്റ് പ്രവര്‍ത്തിക്കുന്ന ഒരാ ളോട് നമുക്ക് ഇപ്രകാരം ചോദിക്കാം: എന്തുകൊണ്ടാണ് അല്ലാഹുവിന്റെ വിധിയാണെന്നു പറഞ്ഞ് പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ മുന്നോട്ട് വരാത്തത്? അനുസരണവും ധിക്കാരവും രണ്ടും സംഭവിച്ചശേഷമല്ലാതെ, അതാണവന് കണക്കാക്കി രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് അവന്‍ അറിയാത്ത സ്ഥിതിക്ക്, എങ്ങനെയാണ് ധിക്കാരത്തിന് മാത്രം അവന്‍ വിധിയില്‍ ന്യായീകരണം കണ്ടെത്തുക?
ഈ വിഷയത്തില്‍ നബി(ല) തന്റെ അനുചരന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: എല്ലാ ഓരോരുത്തരുടെയും ഇരിപ്പിടം സ്വര്‍ഗത്തിലാണോ നരകത്തിലാണോ എന്നത് അല്ലാഹു രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുകയാണ്. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: എങ്കില്‍ ഞങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് അതിനെ (വിധിയെ) അവലംബിച്ചുകൂടേ? നബി(ല) പറഞ്ഞു: “പാടില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുക. എല്ലാവരും താന്‍ ഏതൊന്നിനു വേണ്ടി സൃഷ്ടിക്കപ്പെട്ടുവോ അതിലേക്ക് എളുപ്പമാക്കപ്പെടുന്നവരാണ്”.
അപ്രകാരം തന്നെ അല്ലാഹു വിധിച്ച വിധിയാണ് എന്നുപറഞ്ഞ് തെറ്റ് പ്രവര്‍ത്തിക്കുന്നവരോട് നമുക്ക് ചില ചോദ്യങ്ങള്‍ ചോദിക്കാം: നീ മക്കയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നു. നിനക്ക് അതിന് രണ്ട് വഴികളുണ്ട്. ഒന്ന് സുരക്ഷിതമായ വഴിയും മറ്റൊന്ന് അപകടങ്ങള്‍ നിറഞ്ഞ വഴിയും. തീര്‍ച്ചയായും നീ ആദ്യംപറഞ്ഞ സുരക്ഷിതമായ വഴിയായിരിക്കും തെരഞ്ഞെടുക്കുക. ഒരിക്കലും അല്ലാഹു എനിക്ക് കണക്കാക്കിയത് ഇതായിരിക്കും എന്നുപറഞ്ഞ് അപകടം നിറഞ്ഞ വഴി നീ തെരഞ്ഞെടുക്കുകയില്ല. നീയെങ്ങാനും അങ്ങനെ തെരഞ്ഞെടുത്താല്‍ നിന്നെ ആളുകള്‍ എണ്ണുക ഭ്രാന്തന്മാരുടെ കൂട്ടത്തിലായിരിക്കും.
അതല്ലെങ്കില്‍ നിന്റെ മുന്നില്‍ രണ്ടുതരം ഉദ്യോഗം സമര്‍പിക്കുന്നു. അവയിലൊന്ന് ഉയര്‍ന്ന നിരക്കില്‍ ശമ്പളം ലഭിക്കുന്നതാണ്. അപ്പോള്‍ തീര്‍ച്ചയായും നീ അതുതന്നെയായിരിക്കും തെരഞ്ഞെടുക്കുക. എന്നാല്‍ പരലോകകാര്യത്തില്‍ മാത്രം നീ എങ്ങനെയാണ് തരം താഴ്ന്നത് തെരഞ്ഞെടുക്കുകയും എന്നിട്ട് വിധിയില്‍ ന്യായീകരണം കണ്ടെത്തുകയും ചെയ്യുക? മറ്റൊന്നുകൂടി ചോദിക്കട്ടെ: നിനക്ക് ശാരീരികമായ വല്ല രോഗവും പിടിപെട്ടാല്‍ നീ എല്ലാ ഡോക്ടര്‍മാരുടെ വാതിലിലും മുട്ടുകയും ചികിത്സ സ്വീകരിക്കുകയും അതിനിടയില്‍ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളും -മരുന്നിന്റെ കയ്പ്, ഓപ്പറേഷന്റെ വേദന എന്നിവ- നീ ക്ഷമിക്കുകതന്നെ ചെയ്യുന്നു. എന്നാല്‍ എന്തുകൊണ്ട് തെറ്റുകള്‍ കാരണമായി നിന്റെ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് നീ ഈ മാര്‍ഗം അവലംബിക്കുന്നില്ല?
അല്ലാഹു കാരുണ്യവാനും യുക്തിമാനുമായതുകൊണ്ട് തിന്മ ഒരിക്കലും അല്ലാഹുവിലേക്ക് ചേര്‍ത്ത് പറയപ്പെടാവതല്ല. നബി(ല) പ്രാര്‍ഥനയില്‍ ഇപ്രകാരം പറഞ്ഞു:
“(അല്ലാഹുവേ), തിന്മ ഒരിക്കലും നിന്നിലേക്ക് ചേര്‍ക്കപ്പെടുന്നില്ല” (മുസ്ലിം). അല്ലാഹുവിന്റെ തീരുമാനത്തില്‍ ഒരിക്കലും ആത്യന്തികമായി തിന്മ ഉണ്ടാവുകയില്ല. കാരണം അവ (തീരുമാനം) അല്ലാഹുവിന്റെ കാരുണ്യവും യുക്തിയുമനുസരിച്ച് മാത്രമെ ഉണ്ടാകൂ. എന്നാല്‍ ചിലപ്പോള്‍ അവന്റെ തീരുമാനങ്ങളില്‍ (വിധികളില്‍) തിന്മയും ഉണ്ടായിരിക്കും. അതാണ് നബി(ല) ഹസന്‍()ന് പഠിപ്പിച്ചുകൊടുത്ത വിത്റിലെ ഖുനൂത്തിന്റെ പ്രാര്‍ഥനയില്‍ ഉള്‍ക്കൊളളുന്നത്.
“നീ തീരുമാനിച്ചതിലുണ്ടായേക്കാവുന്ന നാശത്തില്‍നിന്നും നീ എന്നെ കാക്കേണമേ”.
ഇവിടെ തിന്മയെ അല്ലാഹുവിന്റെ വിധിയിലേക്ക് ചേര്‍ത്ത് പറ ഞ്ഞിരിക്കുകയാണ്. എങ്കിലും അവന്റെ വിധിയിലുള്ള തിന്മകള്‍ കേവല തിന്മയല്ല. ഒരു കാര്യം ഒരിടത്ത് തിന്മയായി തോന്നുന്നുവെങ്കിലും മറ്റൊരിടത്ത് നന്മയായി അനുഭവപ്പെട്ടേക്കാം. മറിച്ച്, അത് ഒരു നിലയ്ക്ക് തിന്മയാണെങ്കിലും മറ്റൊരു നിലയ്ക്ക് നന്മയുമായിരിക്കും. ഭൂമിയിലുണ്ടാകുന്ന വരള്‍ച്ച, രോഗം, ദാരിദ്യ്രം, ഭയം എന്നിവ മൂലമുണ്ടാകുന്ന കുഴപ്പങ്ങള്‍ തിന്മയായി അനുഭവപ്പെടുന്നുവെങ്കില്‍ അതുതന്നെ മറ്റൊരു നിലയ്ക്ക് നന്മയുമാകുന്നു.

“മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത.് അവര്‍ ഒരുവേള അതില്‍നിന്നും മടങ്ങിയേക്കും” (റൂം: 41).
കട്ടവന്റെ കൈമുറിക്കലും വ്യഭിചാരിയെ എറിഞ്ഞുകൊല്ലലും മോഷ്ടാവിനും വ്യഭിചാരിക്കും ഒരര്‍ഥത്തില്‍ തിന്മയാണെങ്കിലും മറ്റൊരര്‍ഥത്തില്‍ അത് അവര്‍ക്കുതന്നെ നന്മയായും ഭവിക്കുന്നു.കാരണം അത് അവര്‍ക്ക് തെറ്റിനുള്ള പ്രായച്ഛിത്തമായിത്തീരുന്നു. അപ്പോള്‍ ദുന്‍യാവിലെ ശിക്ഷയും പരലോക ശിക്ഷയും ഒരുമിച്ചു ണ്ടാവുകയില്ല. മാത്രമല്ല, ഈ ശിക്ഷ മൂലം മറ്റുള്ളവര്‍ക്ക് സമ്പത്തി നും കുടുംബത്തിനും അഭിമാനത്തിനും സംരക്ഷണം ലഭിക്കുകകൂടി ചെയ്യുന്നു.