മലക്കുകള്‍

മലക്കുകളെ സംബന്ധിച്ച് നമ്മുടെ (അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ) വിശ്വാസം ഇനി പറയുംപ്രകാരമാണ്.

“ആദരണീയരായ ദാസന്മാരാകുന്നു (അവര്‍), അവര്‍ അവനെ (അല്ലാഹുവിനെ) മറികടന്ന് സംസാരിക്കുകയില്ല, അവന്റെ കല്‍പനയനുസരിച്ചുമാത്രം അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു” (അമ്പിയാഅ:് 26,27).
അല്ലാഹുവാണ് അവരെ സൃഷ്ടിച്ചത്. അതിനാല്‍ അവര്‍ അവന്ന് ആരാധനകള്‍ അര്‍പിക്കുകയും അവനെ അനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു.

“(അവര്‍) അവനെ ആരാധിക്കുന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവര്‍ക്ക് ക്ഷീണം തോന്നുകയുമില്ല. അവര്‍ രാവും പകലും (അല്ലാഹുവിന്റെ പരിശുദ്ധിയെ) പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവര്‍ തളരുകയില്ല” (അമ്പിയാഅ:് 19,20).
അല്ലാഹു അവരെ, നമ്മില്‍നിന്നും മറച്ചിരിക്കുകയാണ്. അതിനാല്‍ നാമവരെ കാണുന്നില്ല. ചിലപ്പോള്‍ തന്റെ അടിമകളില്‍ ചിലര്‍ക്ക് അവന്‍ അവരെ വെളിപ്പെടുത്തിയേക്കും. നബി(ല), ജിബ്രീലി(ൌ)നെ തന്റെ യഥാര്‍ഥരൂപത്തില്‍ അറുനൂറ് ചിറകുകളോടുകൂടി ചക്രവാളം നിറഞ്ഞുനിന്ന വിധത്തില്‍ കാണുകയുണ്ടായിട്ടുണ്ട്. മറ്യംബീവിക്ക് മുന്നില്‍ ജിബ്രീല്‍(ൌ) തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും പരസ്പരം സംസാരിക്കുകയും ചെയ്തത് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്രകാരം നബി(ല) സ്വഹാബികളോടൊത്ത് ഇരിക്കുന്ന സമയത്ത് അവര്‍ക്കൊന്നും പരിചയമില്ലാത്ത ഒരു മനുഷ്യരൂപത്തില്‍ യാത്രയുടെ അടയാളങ്ങളൊന്നും കൂടാതെ നല്ല വെളുത്ത വസ്ത്രം ധരിച്ച, കറുത്ത മുടിയോടുകൂടിയ നിലയില്‍ ജിബ്രീല്‍(ൌ) പ്രത്യക്ഷപ്പെടുകയും നബിയുടെ കാല്‍ മുട്ടുകളോട് തന്റെ മുട്ടകാല്‍ ചേര്‍ത്തുവെച്ച് തന്റെ രണ്ടു കൈപ്പത്തികളും റസൂലിന്റെ ഇരു തുടകളിലും വെച്ചുകൊണ്ട് ഇരുന്ന് നബിയോട് സംസാരിക്കുകയും നബി അദ്ദേഹത്തോടും സംസാരിക്കുകയുണ്ടായിട്ടുണ്ട്. അനന്തരം നബി(ല) സ്വഹാബികളോടായി പറഞ്ഞു; “അത് ജിബ്രീല്‍(ൌ) ആയിരുന്നു” എന്ന്.
മലക്കുകള്‍ക്ക് പ്രത്യേകം ചുമതലകള്‍ ഏല്‍പിക്കപ്പെട്ടിട്ടുണ്ട് എന്നു നാം വിശ്വസിക്കുന്നു.
അവരില്‍ ജിബ്രീല്‍ എന്ന മലക്ക് അല്ലാഹുവില്‍നിന്നുള്ള സന്ദേശങ്ങള്‍ അവനുദ്ദേശിക്കുന്ന തന്റെ പ്രവാചകന്മാര്‍ക്ക് എത്തിച്ചുകൊടുക്കാനും മീക്കാഈല്‍ മഴ, സസ്യങ്ങള്‍ എന്നിവയ്ക്കും; ഇസ്റാഫീല്‍ ലോകാവസാനത്തിനും ഉയിര്‍ത്തെഴുന്നേല്‍പിനുള്ള കാഹളമൂതാനും ഏല്‍പിക്കപ്പെട്ടവരാണ്. കൂടാതെ മരണസമയം ആത്മാക്കളെ ഏറ്റെടുക്കാന്‍ മലക്കുല്‍മൌത്തും പര്‍വതകാര്യങ്ങള്‍ ഏല്‍പിക്കപ്പെട്ടവരും നരകത്തെ കാക്കാനുള്ള മാലികും ഉള്‍പ്പെടുന്നു. ഗര്‍ഭസ്ഥ ശിശുക്കളുടെ കാര്യങ്ങള്‍ ഏല്‍പിക്കപ്പെട്ടവരും മനുഷ്യരെ നിരീക്ഷിക്കാന്‍ ഏല്‍പിക്കപ്പെട്ടവരുമായ മലക്കുകള്‍ വേറെയുമുണ്ട്. മനുഷ്യരുടെ പ്രവൃത്തികള്‍ രേഖപ്പെടുത്താന്‍ എല്ലാ ഓരോരുത്തരോടുമൊപ്പം ഈരണ്ട് മലക്കുകള്‍ വേറെയുമുണ്ട്.

“വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നുകൊണ്ട് ഏറ്റെടുക്കുന്ന രണ്ടുപേര്‍ ഏറ്റെടുക്കുന്ന സന്ദര്‍ഭം: അവര്‍ ഏതൊരു വാക്കുച്ചരിക്കുമ്പോഴും അവന്റെയടുത്ത് തയാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാകാതിരിക്കുകയില്ല” (ഖാഫ:് 17,18).
മറ്റു ചില മലക്കുകളെ മരിച്ച വ്യക്തിയെ ഖബറില്‍വെച്ച് ചോദ്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു. തന്റെ രക്ഷിതാവ്, മതം, പ്രവാചകന്‍ എന്നീ കാര്യങ്ങളെ സംബന്ധിച്ച് അവര്‍ ചോദ്യം ചെയ്യുന്നതാണ്.

“ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തുന്നതാണ്.അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നതാണ്” (ഇബ്റാഹീം: 27).
സ്വര്‍ഗാവകാശികളുടെ കാര്യങ്ങള്‍ ഏല്‍പിക്കപ്പെട്ടവരും മലക്കുകളുടെ കൂട്ടത്തിലുണ്ട്.

“മലക്കുകള്‍ എല്ലാ വാതിലുകളിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: ‘നിങ്ങള്‍ ക്ഷമകൈക്കൊണ്ട കാരണത്താല്‍ നിങ്ങള്‍ക്ക് സമാധാനം’. അപ്പോള്‍ അന്തിമഗൃഹം എത്രനല്ലത്” (റഅ്ദ്: 23,24).
നബി(ല) പറഞ്ഞു: “ആകാശലോകത്തുള്ള ‘ബൈത്തുല്‍ മഅ്മൂറില്‍’ എല്ലാ ദിവസവും എഴുപതിനായിരം മലക്കുകള്‍ പ്രവേശിക്കുന്നു”. ചില റിപ്പോര്‍ട്ടുകളില്‍ നമസ്കരിക്കുന്നു എന്നാണുള്ളത്. പിന്നീട് അവസാനംവരെ അതിലേക്ക് മടങ്ങിവരുന്നതല്ല. (അപ്പോള്‍ മലക്കുകളുടെ എണ്ണം എത്രയായിരിക്കും!).