ദൈവികഗ്രന്ഥങ്ങള്‍

അല്ലാഹു ജനങ്ങളെ സംസ്കരിക്കുന്നതിനും അവര്‍ക്ക് തത്ത്വജ്ഞാനം പഠിപ്പിക്കുന്നതിനുംവേണ്ടി ലോകര്‍ക്ക് ന്യായവും സല്‍കര്‍മകാരികള്‍ക്ക് സന്മാര്‍ഗപാതയുമായിക്കൊണ്ട് തന്റെ ദൂതന്മാരിലൂടെ ഗ്രന്ഥങ്ങള്‍ ഇറക്കിയിട്ടുണ്ട് എന്ന് നാം വിശ്വസിക്കണം.
എല്ലാ റസൂലുമാര്‍ക്കും ഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നതാണ് നമ്മുടെ വിശ്വാസം. ഖുര്‍ആനില്‍നിന്ന് മനസ്സിലാകുന്നത് അപ്രകാരമാണ്.

“തീര്‍ച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദിവ്യദൃഷ്ടാന്തങ്ങളുമായി അയക്കുകയുണ്ടായി, ജനങ്ങള്‍ നീതിപൂര്‍വം നിലനില്‍ക്കുന്നതിനുവേണ്ടി നാം അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കിക്കൊടുക്കുകയുണ്ടായി” (ഹദീദ:് 25).
മേല്‍പറയപ്പെട്ട ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ടവ താഴെ പറയുന്നവയാണ്.
1) തൌറാത്ത്: ഇസ്റാഈല്‍ സമൂഹത്തിലേക്ക് ഇറക്കപ്പെട്ട, ഏറ്റവും മഹത്തായ ഗ്രന്ഥമത്രെ അത്. മൂസാനബി(ൌ)യിലൂടെയാണ് അത് അവതരിക്കപ്പെട്ടത്.

“തീര്‍ച്ചയായും ‘തൌറാത്ത്’ അവതരിപ്പിച്ചത് നാംതന്നെയാണ്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്പെട്ട പ്രവാചകന്മാര്‍ യഹൂദന്മാര്‍ക്ക് അതനുസരിച്ച് വിധിച്ചുപോന്നു. പുണ്യവാന്മാരും മതപണ്ഡിതന്മാരും (അപ്രകാരം വിധി കല്‍പിച്ചിരുന്നു). കാരണം, അല്ലാഹുവിന്റെ ഗ്രന്ഥസംരക്ഷണം അവര്‍ക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്നു. അതിന്നവര്‍ സാക്ഷികളുമായിരുന്നു” (മാഇദ: 44).
2) ഇഞ്ചീല്‍: ഈസാനബി(ൌ)യിലൂടെ അല്ലാഹു നല്‍കിയ ഗ്രന്ഥമത്രെ അത്. തൌറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടും അതിന്റെ പൂര്‍ത്തീകരണമായിക്കൊണ്ടുമായിരുന്നു അതിന്റെ അവതരണം.

“സന്മാര്‍ഗവും സത്യപ്രകാശവും അടങ്ങിയതായ ഇഞ്ചീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്റെ മുമ്പിലുള്ള തൌറാത്തിനെ ശരി വെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സദുപദേശവുമത്രെ അത്” (മാഇദ: 46).
3) സബൂര്‍: ദാവൂദ്നബി(ൌ)ക്ക് അല്ലാഹു നല്‍കിയ ഗ്രന്ഥമായിരുന്നു സബൂര്‍.
4) ഏടുകള്‍: മൂസാനബി(ൌ)ക്കും ഇബ്റാഹീം(ൌ)ക്കും ഏടുകള്‍ നല്‍കപ്പെട്ടതായും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.
5) ഖുര്‍ആന്‍: അന്ത്യപ്രവാചകനായ മുഹമ്മദ്നബി(ല)യിലൂടെ മുഴുവന്‍ ജനങ്ങള്‍ക്കുമായി അവതരിപ്പിക്കപ്പെട്ടതത്രെ വിശുദ്ധ ഖുര്‍ആന്‍.

“….മനുഷ്യര്‍ക്ക് സന്മാര്‍ഗവും സത്യാസത്യവിവേചകവും സന്മാര്‍ഗത്തിന്റെ സുവ്യക്ത തെളിവുകളുമായിക്കൊണ്ട്….” (ബഖറ: 185).

“അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവ യെ കാത്തുരക്ഷിക്കുന്നതുമത്രെ അത്” (മാഇദ: 48).
അതിനുമുമ്പുള്ള എല്ലാ ഗ്രന്ഥങ്ങളെയും അത് മുഖേന അല്ലാഹു ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. വക്രബുദ്ധിയുള്ളവരുടെ കൈകടത്തലുകളില്‍നിന്നും മാറ്റത്തിരുത്തലുകളില്‍നിന്നും അല്ലാ ഹു അതിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

“തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. നാം അതിനെ കാത്ത് സൂക്ഷിക്കുന്നതുമാണ്” (ഹിജ്ര്‍: 9).
അതിനാല്‍, മുഴുവന്‍ സൃഷ്ടികള്‍ക്കുമെതിരിലുള്ള ന്യായമായി അത് (ഖുര്‍ആന്‍) ലോകാന്ത്യംവരെ നിലനില്‍ക്കുക തന്നെ ചെയ്യും. എന്നാല്‍ മുമ്പ് കഴിഞ്ഞുപോയ ഗ്രന്ഥങ്ങളാകട്ടെ അവയില്‍ ഓരോ ന്നും, അതിനെ ദുര്‍ബലപ്പെടുത്തുകയും അതിലെ മാറ്റത്തിരുത്തലുകളെയും കൈകടത്തലുകളെയും തുറന്നുകാട്ടുകയും ചെയ്യുന്ന മറ്റൊരു ഗ്രന്ഥം അവതരിക്കുന്നതോടെ കാലാവധി കഴിഞ്ഞ് ദുര്‍ബലപ്പെടുന്നവിധം നിശ്ചിത കാലത്തേക്കുള്ളവയായിരുന്നു. അതി നാല്‍ തന്നെ, ആ ഗ്രന്ഥങ്ങളൊന്നും അല്ലാഹുവിനാല്‍ സംരക്ഷിക്കപ്പെട്ടവയായില്ല. അവയില്‍ കൂട്ടലുകളും കുറക്കലുകളും മാറ്റത്തിരുത്തലുകളും സംഭവിച്ചിട്ടുണ്ട്, തീര്‍ച്ച.

“യഹൂദരില്‍പെട്ടവര്‍ വാക്കുകളെ സ്ഥാനംതെറ്റിച്ച് പ്രയോഗിക്കുന്നു” (നിസാഅ്: 46).

“എന്നാല്‍ സ്വന്തംകൈകൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍നിന്ന് ലഭിച്ചതാണ് എന്ന് പറയുകയും ചെയ്തവര്‍ക്കാകുന്നു നാശം. അത് മുഖേന വിലകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയത്രെ അത്. അവരുടെ കൈകള്‍ എഴുതി യവകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശംതന്നെ” (ബഖറ: 79).

“പറയുക, എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടുവന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത്; നിങ്ങള്‍ അതിനെ കടലാസ് തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും (മറ്റു) പലതും മറച്ചുവെക്കുകയും ചെയ്തിട്ടുണ്ടല്ലോ” (അന്‍ആം: 91).

“വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാനാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാണ് എന്ന്. എന്നാല്‍ അത് അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്. അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്മാരായിരിക്കുവീന്‍ എന്ന് പറയുകയും ചെയ്യുക എന്ന ത് ഉണ്ടാകാവുന്നതല്ല” (ആലുഇംറാന്‍: 78,79).

“വേദക്കാരേ വേദഗ്രന്ഥത്തില്‍നിന്നും നിങ്ങള്‍ മറച്ചുവെച്ചുകൊ ണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തി തന്നുകൊണ്ട് നമ്മുടെ ദൂതന്‍ ഇതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു” (മാഇദ: 15).

“മറ്യമിന്റെ മകന്‍ മസീഹുതന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ അവിശ്വസിച്ചിരിക്കുന്നു” (മാഇദ: 17).