അന്ത്യനാള്‍

അന്ത്യനാളിലും നാം വിശ്വസിക്കേണ്ടതാണ്. നാളുകളുടെ അവസാ നമായ അന്ന് മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനുവേണ്ടി അല്ലാഹു അവരെ പുനരുത്ഥാനത്തിനു വിധേയമാക്കുമെന്നും വിചാരണക്ക് ശേഷം ശാശ്വത സൌഖ്യസമ്പൂര്‍ണ ഗേഹമായ സ്വര്‍ഗത്തിലോ അതല്ലെങ്കില്‍ നിത്യദുരിതപൂര്‍ണമായ നരകത്തിലോ അവര്‍ അവശേഷിക്കുമെന്നും നാം വിശ്വസിക്കുന്നു.
മനുഷ്യരുടെ പുനരുത്ഥാനത്തിലും നാം വിശ്വസിക്കുന്നു. ഇസ്റാഫീല്‍ എന്ന മലക്ക് രണ്ടാമത് കാഹളത്തില്‍ ഊതുന്നതോടുകൂടിയാണ് ഉയിര്‍ത്തെഴുന്നേല്‍പ് ആരംഭിക്കുന്നത്.

“കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് (കാഹളത്തില്‍) മറ്റൊരിക്കല്‍കൂടി ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു” (സുമര്‍: 68).
അപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ഖബറുകളില്‍നിന്ന് എഴുന്നേറ്റ് നഗ്നരും ചേലാകര്‍മം ചെയ്യപ്പെടാത്തവരും നഗ്നപാദരുമായി തങ്ങളുടെ രക്ഷിതാവിങ്കലേക്ക് നീങ്ങുന്നതുമായിരിക്കും.

“ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെതന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ഏറ്റ ഒരു ബാധ്യതയത്രെ അത്. നാം അത് നടപ്പിലാക്കുകതന്നെ ചെയ്യും” (അമ്പിയാഅ്: 104).
മനുഷ്യരുടെ കര്‍മരേഖകള്‍ വലതുകയ്യിലോ അല്ലെങ്കില്‍ തന്റെ മുതുകിന്റെ പിന്നിലൂടെ ഇടതുകയ്യിലോ ആയി അന്ന് നല്‍കപ്പെ ടുമെന്നും നാം വിശ്വസിക്കുന്നു.

“എന്നാല്‍ ഏതൊരുവന് തന്റെ രേഖ വലതുകയ്യില്‍ നല്‍കപ്പെട്ടുവോ അവന്‍ ലഘുവായ വിചാരണക്ക് (മാത്രം) വിധേയനാകുന്നതാണ്. അവന്‍ തന്റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനാ യിക്കൊണ്ട് തിരിച്ചുപോകുന്നതുമായിരിക്കും. എന്നാല്‍ ഏതൊരുവന് തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ നല്‍കപ്പെട്ടുവോ അവന്‍, നാശമേ എന്ന് നിലവിളിക്കുകയും ആളിക്കത്തുന്ന നരകാഗ്നിയില്‍ കിടന്ന് എരിയുകയും ചെയ്യും” (ഇന്‍ശിഖാഖ്: 7-12).

“ഓരോ മനുഷ്യനും അവന്റെ ശകുനം അവന്റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഒരു ഗ്രന്ഥം നാം അവനുവേണ്ടി പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും. നീ നിന്റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സംബന്ധിച്ച് കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി (എന്ന് അവനോട് പറയപ്പെടും)” (ഇസ്റാഅ്: 13-14).
അന്ന്- അന്ത്യനാളില്‍ ഒരാളും അനീതി ചെയ്യപ്പെടാതിരിക്കാന്‍ കൃത്യമായ തുലാസുകള്‍ തന്നെ സ്ഥാപിക്കപ്പെടുമെന്നും നാം വിശ്വ സിക്കുന്നു.

“അപ്പോള്‍ ആര്‍ ഒരണുത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരണുത്തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും” (സല്‍സല: 7,8).

“അപ്പോള്‍ ആരുടെ (സല്‍കര്‍മങ്ങളുടെ) തൂക്കങ്ങള്‍ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍. ആരുടെ (സല്‍കര്‍മങ്ങളു ടെ) തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവര്‍. അവര്‍ നരകത്തില്‍ നിത്യവാസികള്‍ ആയിരിക്കും. നരകാഗ്നി അവരുടെ മുഖങ്ങളെ കരിച്ചുകളയും. അവരതില്‍ പല്ലിളിച്ചവരുമായിരിക്കും” (മുഅ്മിനുന്‍ 102-104).

“വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് (പത്തിരട്ടി) ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമെ അവന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരനീതിയും കാണിക്കപ്പെടുകയില്ല” (അന്‍ആം: 160).
നബി(ല)ക്ക് മാത്രമായി നല്‍കപ്പെട്ടിട്ടുള്ള മഹത്തായ ശഫാഅത്തില്‍ (ശുപാര്‍ശ) നാം വിശ്വസിക്കുന്നു. അന്ന് നബി(ല) അല്ലാഹുവിന്റെ അനുമതിപ്രകാരം അവന്റെ അടുക്കല്‍ ശുപാര്‍ശ നടത്തുന്നതാണ്. അല്ലാഹുവിന്റെ അടിമകള്‍ തങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള ദുരിതത്തിലും പ്രയാസങ്ങളിലുമായി (മഹ്ശറയില്‍) കഴിഞ്ഞുകൂടുമ്പോള്‍ അവര്‍ തങ്ങളെ ഒന്ന് വിചാരണക്ക് എടുക്കുന്നതിനുവേണ്ടി ആദം, നൂഹ്, ഇബ്റാഹീം, മൂസ, ഈസ (ൌ) എന്നീ പ്രവാചകന്മാരെ സമീപിച്ച് നോക്കുകയും ഫലമില്ലാതെ അവസാനം നബി(ല)യുടെ അടുത്തെത്തുകയും അങ്ങനെ നബി (ല) അല്ലാഹുവിനോട് ശുപാര്‍ശ നടത്തുന്നതുമാണ്. ഇതിനാണ് ‘ശഫാഅത്തുല്‍ ഉള്മാ’ (മഹത്തായ ശുപാര്‍ശ) എന്ന് പറയുന്നത്.
അപ്രകാരം, നരകത്തില്‍ പ്രവേശിക്കാനിടയായ വിശ്വാസികളെ (ശിക്ഷയുടെ കാലംകഴിഞ്ഞാല്‍) നരകത്തില്‍നിന്നും രക്ഷപ്പെടുത്തുന്നതിന് അല്ലാഹുവിന്റെ അനുമതിപ്രകാരം നബി(ല)യും മറ്റു നബി മാരും വിശ്വാസികളും മലക്കുകളും ശുപാര്‍ശ ചെയ്യുന്നതാണ് എന്നും നാം വിശ്വസിക്കുന്നു.
കൂടാതെ അല്ലാഹുവിന്റെ മഹത്തായ ഔദാര്യവും കാരുണ്യവും മുഖേന വിശ്വാസികളില്‍നിന്നും നരകത്തില്‍ കടക്കാനിടയായവരെ ശുപാര്‍ശ കൂടാതെയും അല്ലാഹു രക്ഷപ്പെടുത്തുന്നതാണ്.
പരലോകത്ത് നബി(ല)ക്ക് നല്‍കപ്പെട്ടിട്ടുള്ള ‘ഹൌളുല്‍കൌഥര്‍’ ഉണ്ട് എന്ന കാര്യത്തിലും നാം വിശ്വസിച്ചേ മതിയാകൂ. അതിലെ പാനീയം പാലിനെക്കാള്‍ വെളുത്തതും തേനിനെക്കാള്‍ മധുരമേറിയതും കസ്തൂരിയെക്കാള്‍ സുഗന്ധമേറിയതുമാകുന്നു. അതിന്റെ നീളവും വീതിയും ഓരോ മാസത്തെ വഴിദൂരമുള്ളതാണ്. അതില്‍നിന്ന് കുടിക്കാനുള്ള പാനപാത്രങ്ങള്‍ എണ്ണത്തിലും മേന്‍മയിലും ആകാശത്തിലെ നക്ഷത്രങ്ങള്‍ക്ക് തുല്യമാണ്. വിശ്വാസികള്‍ അതില്‍നിന്നും കുടിക്കാന്‍ വരുന്നതാണ്. അതില്‍നിന്ന് ഒരിക്കല്‍ കുടിച്ചാല്‍ പിന്നീട് ഒരിക്കലും അവര്‍ക്ക് ദാഹിക്കുകയില്ല.
പരലോകത്ത് നരകത്തിന് മുകളില്‍ തീര്‍ക്കപ്പെട്ട ഒരു സ്വിറാത്ത് (പാലം) ഉണ്ടായിരിക്കുമെന്നും നാം വിശ്വസിക്കേണ്ടതാണ്. ജനങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ തോതനുസരിച്ചായിരിക്കും അതിലൂടെ കടന്നുപോവുക. അതിലൂടെ ആദ്യം കടക്കുന്നവര്‍ മിന്നല്‍വേഗത്തിലും പിന്നീട് കാറ്റ് വേഗത്തിലും പിന്നെ പറവകളുടെ സഞ്ചാരവേഗതയിലും തുടര്‍ന്ന് നടന്നുമായിരിക്കും ആളുകള്‍ കടന്ന് പോവുക. അന്നേരം നബി(ല) അതിന്നടുത്തായി നിന്നുകൊണ്ട് യാറബ്ബിസല്ലിം സല്ലിം “നാഥാ രക്ഷപ്പെടുത്തണേ, രക്ഷപ്പെടുത്തണേ” എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. പിന്നീട് ചില ആളുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായി മുന്നോട്ട് പോകാന്‍ കഴിയാതെ പ്രയാസപ്പെടുകയും ചിലര്‍ നിരങ്ങിക്കൊണ്ട് അവിടെ എത്തിപ്പെടുകയും ചെയ്യും. സ്വിറാത്തിന് ഇരുഭാഗത്തും കടന്നുപോകുന്നവരെ പിടിച്ചുവലിക്കാന്‍ കല്‍പന ലഭിച്ചിട്ടുള്ള പ്രത്യേകം കൊളുത്തുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കും. പിടിക്കാന്‍ കല്‍പിക്കപ്പെട്ടവരെയെല്ലാം ആ കൊളുത്തുകള്‍ പിടികൂടുന്നതാണ്. അതിന്റെ പിടുത്തത്തില്‍നിന്നും രക്ഷപ്പെട്ടവര്‍ വിജയിക്കുകയും അല്ലാത്തവര്‍ നരകത്തില്‍ വീഴുന്നതു മാണ്.
പരലോകത്തെ സംബന്ധിച്ചും അന്നത്തെ ഭീകരതകളെ സംബന്ധിച്ചും ഖുര്‍ആനും സുന്നത്തും അറിയിച്ചുതന്ന എല്ലാ കാര്യങ്ങളിലും നാം വിശ്വസിച്ചിരിക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹു നമ്മെ അന്നത്തെ പ്രയാസങ്ങളില്‍നിന്നെല്ലാം കാത്തുരക്ഷിക്കുമാറാകട്ടെ (ആമീന്‍).
മുഹമ്മദ് നബി(ല)ക്ക് മാത്രമായി അനുവദിക്കപ്പെട്ടതും സ്വര്‍ഗാവകാശികളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതിനുള്ളതുമായ ശുപാര്‍ശയും അന്ന് നടക്കുന്നതാണ്.

സ്വര്‍ഗവും നരകവും

സ്വര്‍ഗത്തിലും നരകത്തിലും നാം വിശ്വസിക്കേണ്ടതാണ്.
സ്വര്‍ഗം മുത്തഖീങ്ങളായ വിശ്വാസികള്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ളതും സൌഖ്യസമ്പൂര്‍ണമായതുമാകുന്നു. അതിലെ അനുഗ്ര ഹങ്ങള്‍ ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്ത തും ഒരാളുടെ ഹൃദയത്തിലും വിഭാവന ചെയ്യാന്‍ കഴിയാത്തതുമാകുന്നു.

“എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമായി കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവതല്ല” (സജദ: 17).
നരകം അക്രമികളായ അവിശ്വാസികള്‍ക്ക് വേണ്ടി ഒരുക്കപ്പെട്ട ശിക്ഷയുടെ സങ്കേതമാകുന്നു. മനുഷ്യബുദ്ധിക്ക് വിഭാവന ചെയ്യാന്‍ കഴിയാത്ത വിധമുള്ള ശിക്ഷയും ഗുണപാഠവുമത്രെ അതിലുള്ളത്.

“തീര്‍ച്ചയായും അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്. അതിന്റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിന് അപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലെയുള്ള ഒരു വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുക. അത് മുഖങ്ങളെ കരിച്ചുകളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് വളരെ ചീത്ത വിശ്രമസ്ഥലംതന്നെ” (കഹ്ഫ്: 29).
സ്വര്‍ഗവും നരകവും ഇപ്പോള്‍തന്നെ നിലവിലുള്ളതും ഒരിക്കലും നശിക്കാത്തതുമാകുന്നു.

“വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴു കിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. അവര്‍ അതില്‍ നിത്യവാസികള്‍ ആയിരിക്കും. അങ്ങനെയുള്ളവന് അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു” (ത്വലാഖ്: 11).

“തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. അവര്‍ അതില്‍ എന്നെന്നും ശാശ്വതരായിരിക്കും.യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല. അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ” (അഹ്സാബ്: 64-66).
ഖുര്‍ആനും ഹദീസും പേരെടുത്ത് പറഞ്ഞും വിശേഷണത്തിലൂടെ അറിയിച്ചും തന്ന എല്ലാവര്‍ക്കും സ്വര്‍ഗം ലഭിക്കുകതന്നെ ചെയ്യും. പേരെടുത്ത് പറഞ്ഞവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വര്‍ഗാവകാശികളാണ് എന്ന് നബി(ല) നിര്‍ണയിച്ചുപറഞ്ഞ അബൂബക്കര്‍(), ഉമര്‍(), ഉസ്മാന്‍(), അലി () എന്നിവരും അവരെപ്പോലെ പേരുപറയപ്പെട്ട മറ്റു സ്വഹാബികളുമാകുന്നു. വിശേഷണത്തിലൂടെ അറിയിച്ചവര്‍ എന്നാല്‍ എല്ലാ മുത്തഖികളും മുഅ്മിനുകളുമായ ആളുകളുമാകുന്നു. അപ്രകാരം ഖുര്‍ആനും ഹദീസും നരകാവകാശി എന്ന് പേര് പറഞ്ഞതും വിശേഷണങ്ങളിലൂടെ അറിയിച്ചുതന്നതുമായ എല്ലാവര്‍ക്കും നരകവും ലഭിക്കുകതന്നെ ചെയ്യുന്നതാണ്. പേര് പറഞ്ഞവരില്‍ അബൂലഹബ്, അംറുബ്നുലുഹയ്യുല്‍ഖുസാഈ പോലുള്ളവരും വിശേഷിപ്പിക്കപ്പെട്ടവര്‍ എന്നാല്‍ എല്ലാ ബഹുദൈവ വിശ്വാസികളും കപടവിശ്വാസികളും ദൈവനിഷേധികളുമാകുന്നു.

ഖബറിലെ രക്ഷയും ശിക്ഷയും

ഖബ്റിലെ പരീക്ഷണത്തിലും നാം വിശ്വസിക്കണം. അഥവാ ഖബ്റില്‍വെച്ച് മയ്യിത്ത് തന്റെ രക്ഷിതാവ്, മതം, നബി എന്നീ കാര്യങ്ങളെക്കുറിച്ച് ചോദിക്കപ്പെടും. അന്നേരം;

“ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് അല്ലാഹു സത്യവിശ്വാസികളെ ഉറപ്പിച്ച് നിര്‍ത്തുന്നതാണ്” (ഇബ്റാഹീം: 27).
മേല്‍ചോദ്യങ്ങള്‍ക്ക് വിശ്വാസികള്‍ എന്റെ രക്ഷിതാവ് അല്ലാഹുവാണെന്നും, മതം ഇസ്ലാം ആണെന്നും നബി മുഹമ്മദ്നബിയാണെന്നും മറുപടി പറയുന്നതാണ്. എന്നാല്‍ കപടവിശ്വാസികളും സത്യനിഷേധികളും എനിക്കൊന്നും അറിഞ്ഞുകൂടാ, ജനങ്ങള്‍ ചിലതെല്ലാം പറഞ്ഞിരുന്നു, ഞാനത് ഏറ്റ് പറയുക മാത്രം ചെയ് തിരുന്നു എന്നായിരിക്കും മറുപടി പറയുക.
ഖബ്റില്‍ സത്യവിശ്വാസികള്‍ക്ക് സൌഖ്യപൂര്‍ണമായ ജീവിതമായിരിക്കും അനുഭവപ്പെടുക എന്ന് നാം വിശ്വസിക്കണം.

“നല്ലവരായനിലയില്‍ മലക്കുകള്‍ ആരെ മരിപ്പിക്കുന്നുവോ അവരോട് (മലക്കുകള്‍) പറയും; നിങ്ങള്‍ക്ക് സമാധാനം, നിങ്ങള്‍ പ്രവര്‍ ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക” (നഹ്ല്‍: 32).
അക്രമികളും കാഫിറുകളുമായ ആളുകള്‍, അവര്‍ ഖബ്റില്‍വെച്ച് ശിക്ഷിക്കപ്പെടുന്നതുമാണ് എന്നും നാം വിശ്വസിക്കേണ്ടതാണ്.

“ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തെടുക്കുവിന്‍ എന്ന് പറഞ്ഞുകൊണ്ട് മലക്കുകള്‍ അവരുടെനേരെ തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെയും അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞതിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ് (എന്ന് മലക്കുകള്‍ പറയുന്നതാണ്)” (അന്‍ആം: 93).
ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീഥുകള്‍ നിരവധിയാണ്. മനുഷ്യബുദ്ധിക്ക് തീര്‍ത്തും അദൃശ്യമായ ഇക്കാര്യത്തില്‍ ഖുര്‍ആനും ഹദീഥും പറഞ്ഞുതരുന്നത് അങ്ങനെത്തന്നെ വിശ്വസിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. അപ്രകാരം തന്നെ ഭൌതിക ലോകത്ത് കാണപ്പെടുന്ന കാര്യങ്ങള്‍കൊണ്ട് ഈ വക വിഷയങ്ങളെ നാം എതിര്‍ക്കാനും പാടില്ല. എന്തെന്നാല്‍ പാരത്രിക വിഷയങ്ങളെ ഒരു നിലക്കും ഐഹിക കാര്യങ്ങളോട് തുലനം ചെയ്തുകൂടാ. കാരണം ഐഹിക വിഷയങ്ങളും പാരത്രിക വിഷയങ്ങളും തമ്മില്‍ ഒരുനിലക്കും സാമ്യപ്പെടുത്താന്‍ പറ്റാത്തവിധം വലിയ അന്തരമുള്ളവയാണ്.