അല്ലാഹു

അല്ലാഹു

അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യനാളിലും നന്മ-തിന്മകളുടെ വിധിയിലുമുള്ള വിശ്വാസമാ(ഈമാന്‍)കുന്നു നമ്മുടെ വിശ്വാസങ്ങളുടെ അടിത്തറ.

അല്ലാഹുവിലുള്ള വിശ്വാസം

അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ നാം വിശ്വസിക്കുന്നു.
അതായത് അല്ലാഹുവാണ് നമ്മുടെ രക്ഷകന്‍ (റബ്ബ്), അവനാണ് എല്ലാം നിയന്ത്രിക്കുന്നവന്‍, എല്ലാറ്റിന്റെയും സ്രഷ്ടാവും ഉടമസ്ഥനും അവനാകുന്നു എന്ന വിശ്വാസം.
അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലും നാം വിശ്വസിക്കുന്നു.
അതായത,് അല്ലാഹുവാണ് നമ്മുടെ എല്ലാ ആരാധനകള്‍ക്കും അര്‍ഹന്‍ (യഥാര്‍ഥ ആരാധ്യന്‍), അവനല്ലാത്ത മറ്റാര്‍ക്കെല്ലാം ആരാധനയര്‍പ്പിക്കപ്പെടുന്നുണ്ടോ അവയെല്ലാം വ്യാജങ്ങളാകുന്നു എന്ന് വിശ്വസിക്കുക.
അല്ലാഹുവിന്റെ ‘അസ്മാഅ് – സ്വിഫാത്തുകളിലും’ നാം വിശ്വസിക്കുന്നു. അതായത്, അല്ലാഹുവിന് ഉല്‍കൃഷ്ടങ്ങളായ നാമങ്ങളും (അസ്മാഅ്) സമ്പൂര്‍ണവും ഉന്നതങ്ങളുമായ വിശേഷണങ്ങളും (സ്വിഫാത്) ഉണ്ടെന്ന് വിശ്വസിക്കുക.
അല്ലാഹുവിന്റെ എകത്വ(വഹ്ദാനിയ്യഃ)ത്തിലും നാം വിശ്വസി ക്കുന്നു. അതായത്, മേല്‍പറയപ്പെട്ട കാര്യങ്ങളില്‍ അഥവാ രക്ഷാകര്‍തൃത്വത്തിലും ആരാധ്യതയിലും നാമ-വിശേഷണങ്ങളിലും അവന്‍ ഏകനും അദ്വിതീയനും പങ്കുകാരില്ലാത്ത അതുല്യനുമാണെന്ന് വിശ്വസിക്കുക.
അല്ലാഹു പറയുന്നു:
“ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെ യും രക്ഷിതാവത്രെ അവന്‍. അതിനാല്‍ താങ്കള്‍ അവനെ ആരാധി ക്കുകയും അവനുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന് പേരൊത്ത ആരെയെങ്കിലും നിങ്ങള്‍ക്ക് അറിയുമോ” (മര്‍യം: 65).*
അല്ലാഹുവിനെക്കുറിച്ച് നാം താഴെ പറയുംവിധമെല്ലാം വിശ്വസിക്കുന്നു:

“അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ്. മയക്കമോ ഉറ ക്കമോ അവനെ ബാധിക്കുകയില്ല, അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താന്‍ ആരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍നിന്ന് അവന്‍ ഇഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു; അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമാകുന്നു” (ബഖറ: 255).

“താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാ ണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാണ് അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാണ്. അവനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്ത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍! സ്രഷ്ടാവും നിര്‍മാതാ വും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്, ആകാശങ്ങളിലും ഭൂമിയിലു മുള്ളവ അവന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും” (ഹശ്ര്‍: 22, 23, 24).
ആകാശഭൂമികളുടെ ആധിപത്യം അവനാണെന്നും നാം വിശ്വസിക്കണം.

“അല്ലാഹുവിനാകുന്നു ആകാശഭൂമികളുടെ ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു.അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയം ഇടകലര്‍ത്തിക്കൊടുക്കുന്നു; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുക യും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു” (ശൂറ: 49,50).

“…..അവനുതുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” (ശൂറ: 11,12).

“അവന്റെ പക്കലാകുന്നു അദൃശ്യത്തിന്റെ താക്കോലുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവന്‍ അറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലെ ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ (ഉണ്ടാവില്ല)” (അന്‍ആം: 59).

“തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ്, അവന്‍ മഴവര്‍ഷിപ്പിക്കുന്നു. ഗര്‍ഭാശയങ്ങളിലു ള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവ ര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല, താന്‍ ഏത് നാട്ടില്‍വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ലുഖ്മാന്‍: 34).
അല്ലാഹു അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന കാര്യം അവനുദ്ദേശിക്കുന്നവിധം സംസാരിക്കുന്നവനാണ് എന്നും നാം വിശ്വസിക്കുന്നു.

“മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു” (നിസാഅ്:164).

“നമ്മുടെ നിശ്ചിതസമയത്ത് മൂസാ വരികയും അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍………” (അഅ്റാഫ്: 143).

“പര്‍വതത്തിന്റെ വലതുഭാഗത്തുനിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു” (മറ്യം: 52).

“സമുദ്രജലം എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ എഴുതാനുള്ള മഷിയായിരുന്നുവെങ്കില്‍ എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്ന് പോവുകതന്നെ ചെയ്യു മായിരുന്നു” (കഹ്ഫ്: 109).

“ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രജലം മഷിയാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല; തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (ലുഖ്മാന്‍: 27).
തീര്‍ച്ചയായും അല്ലാഹുവിന്റെ വചനങ്ങള്‍ വാര്‍ത്തകളില്‍ സത്യസമ്പൂര്‍ണവും വിധികളില്‍ നീതിനിറഞ്ഞതും സംസാരത്തില്‍ ഉത്തമവുമായതാണ്.

“നിന്റെ രക്ഷിതാവിന്റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണമായിരിക്കുന്നു” (അന്‍ആം: 115).

“അല്ലാഹുവിനെക്കാള്‍ സത്യസന്ധമായി വിവരം നല്‍കുന്നവനായി ആരുണ്ട്?” (നിസാഅ:് 87).
തീര്‍ച്ചയായും ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാം(സംസാരം) ആണെന്നും സത്യസന്ധമായി അവന്‍ സംസാരിക്കുകയും അത് ജിബ്രീലി(ൌ)ന് ഇട്ടുകൊടുക്കുകയും ജിബ്രീല്‍(ൌ) അതുമായി പ്രവാചക(ല)ഹൃദയത്തിലേക്ക് ഇറങ്ങുകയും ചെയ്തതാണ് എന്നും നാം വിശ്വസിക്കുന്നു.

“പറയുക നിന്റെ രക്ഷിതാവില്‍നിന്നുള്ള സത്യവുമായി പരിശുദ്ധാത്മാവ് നിന്റെ രക്ഷിതാവില്‍നിന്ന് അത് ഇറക്കിയിരിക്കുന്നു” (നഹ്ല്‍: 102).

“തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്രീല്‍) നിന്റെ ഹൃദയത്തില്‍ അതുമായി ഇറങ്ങിയിരിക്കുന്നു. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ അത്. വ്യക്തമായ അറബിഭാഷയിലാണ് (അത് അവതരിപ്പിച്ചത്)” (ശുഅറാഅ്: 192-194).
അല്ലാഹു തന്റെ അസ്തിത്വത്താലും വിശേഷണങ്ങളാലും തന്റെ സൃഷ്ടികള്‍ക്ക് ഉപരിയായവനാകുന്നു എന്നും നാം വിശ്വസിക്കുന്നു.

“അവന്‍ ഉന്നതനും മഹാനുമത്രെ” (ബഖറ: 255).

“അവന്‍ തന്റെ അടിമകളുടെമേല്‍ പരമാധികാരമുള്ളവനാണ്. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമാണ്” (അന്‍ആം: 18).

“തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളെയും ഭൂമിയെയും ആറ് ദിവസങ്ങളിലായി സൃഷ്ടിക്കുകയും പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു” (യൂനുസ്: 3).
അല്ലാഹുവിന്റെ സിംഹാസനാരോഹണമെന്നത് അവന്റെ മഹത്ത്വത്തിനും ആദരവിനും അനുയോജ്യമാംവിധം പ്രത്യേക രൂപത്തില്‍ അവന്റെ ദാത്തോ(സത്ത)ടുകൂടി തന്റെ സിംഹാസനത്തിനുമീതെയാവല്‍ തന്നെയാണ്. എന്നാല്‍ അതിന്റെ രൂപമെന്താണെന്ന് അവന് മാത്രമേ അറിയൂ എന്നും നാം വിശ്വസിക്കുന്നു.
അല്ലാഹു സിംഹാസനത്തിലായിരിക്കെത്തന്നെ തന്റെ സൃഷ്ടികളോടൊപ്പം സൃഷ്ടികളുടെ സ്ഥിതിഗതികള്‍ അറിയുന്നു. അവരുടെ വാക്കുകള്‍ കേള്‍ക്കുന്നു. പ്രവൃത്തികള്‍ കാണുന്നു. അവരുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. ആവശ്യക്കാരന് നല്‍കുന്നു. വൈകല്യങ്ങള്‍ ബാധിച്ചവന്റെ വൈകല്യങ്ങള്‍ പരിഹരിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അധികാരം നല്‍കുന്നു. അവനുദ്ദേശിക്കുന്നവരില്‍നിന്ന് അധികാരം നീക്കിക്കളയുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ പ്രതാപവാന്‍മാരാക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ നികൃഷ്ടരാക്കുന്നു. അവന്റെ കൈകളിലാണ് എല്ലാ നന്മയും.അവന്‍ എല്ലാറ്റിനും ശക്തനുമാകുന്നു.
ഇവയിലെല്ലാം അവന്‍ തന്റെ സൃഷ്ടികളോടൊപ്പം യഥാര്‍ഥമായി ഉള്ളതോടൊപ്പംതന്നെ അവര്‍ക്ക് മുകളില്‍ അവന്‍ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ഠനുമാണ് എന്നതും യാഥാര്‍ഥ്യമാണ്. ഇതെല്ലാം നാം വിശ്വസിക്കേണ്ടതാണ്. അല്ലാഹു പറയുന്നു:

“അവനെപ്പോലെ ഒന്നുംതന്നെയില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു” (ശൂറ: 11).
എന്നാല്‍ ജഹ്മികളിലെ അവതാരവാദികളും മറ്റും പറയുന്നപോലെ ‘അവന്‍ സൃഷ്ടികളോടൊപ്പം ഭൂമിയില്‍തന്നെയാണ്; അവന്‍ എല്ലായിടത്തുമുണ്ട്’ എന്ന് പറഞ്ഞുകൂടാത്തതാണ്. അപ്രകാരം പറയുന്നവര്‍ നിഷേധികളും പിഴച്ചവരുമാകുന്നു. കാരണം അത് അല്ലാഹുവിന്റെ പരിപൂര്‍ണതയ്ക്ക് ഭംഗംവരുത്തുന്ന വിശേഷണങ്ങളില്‍പെട്ടതാണ്.
എന്നാല്‍ അല്ലാഹുവിനെക്കുറിച്ച് നബി(ല) അറിയിച്ചുതന്ന കാര്യങ്ങള്‍ അറിയിച്ചപ്രകാരം നാം വിശ്വസിക്കണം. നബി(ല) പറയുന്നു:
“നമ്മുടെ രക്ഷിതാവ് എല്ലാ രാത്രികളിലും രാത്രിയുടെ മൂന്നിലൊരുഭാഗം ബാക്കിനില്‍ക്കെ ഒന്നാം ആകാശത്തിലേക്ക് ഇറങ്ങിവരികയും ഇപ്രകാരം പറയുകയും ചെയ്യും: ആര് എന്നോട് പ്രാര്‍ഥിക്കുന്നുവോ അവന് ഞാന്‍ ഉത്തരം നല്‍കാം. ആര് എന്നോട് ചോദിക്കുന്നുവോ അവന് ഞാന്‍ നല്‍കും. ആര് എന്നോട് പാപമോചനം തേടുന്നുവോ അവന് ഞാന്‍ പൊറുത്ത് കൊടുക്കും”.
അന്ത്യദിനത്തില്‍ അടിമകള്‍ക്കിടയില്‍ തീര്‍പു കല്പിക്കാന്‍ അവന്‍ വരികതന്നെ ചെയ്യും എന്നും നാം വിശ്വസിക്കണം.

“അല്ലാ, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും നിന്റെ രക്ഷിതാവും അണിയണിയായി മലക്കുകളും വരികയും അന്ന് നരകം കൊണ്ടുവരപ്പെടുകയും ചെയ്താല്‍; അന്ന് മനുഷ്യന് ഓര്‍മവരുന്നതാണ്, എവിടെനിന്നാണ് അന്ന് അവന് ഓര്‍മ വരുന്നത്”’ (ഫജ്ര്‍: 21-23).
അതുപോലെത്തന്നെ, തീരുമാനിക്കുന്നതെല്ലാം നടപ്പിലാക്കാന്‍ അവന്‍ കഴിവുള്ളവനാകുന്നു എന്നും നാം വിശ്വസിക്കണം.

“(അല്ലാഹു) താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്” (ബുറൂജ:് 16).
എന്നാല്‍ അവന്റെ തീരുമാനങ്ങള്‍ രണ്ടുവിധമാണ്.
ഒന്ന്: കൌനിയ്യത്ത് (പ്രാപഞ്ചികം). അത് മുഖേന അവന്റെ തീരുമാനങ്ങള്‍ സംഭവിക്കുമെങ്കിലും അത് അവന് ഇഷ്ടപ്പെട്ടത് ആയിക്കൊള്ളണമെന്നില്ല. ‘മശീഅത്ത്’ എന്നു പറയുന്നതും ഇതു തന്നെയാണ്.
അല്ലാഹു പറഞ്ഞതുപോലെ:

“അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ പോരടിക്കുമായിരുന്നില്ല, പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു” (അല്‍ബഖറ: 253). സൂറ. ഹൂദ് 34ല്‍ പറഞ്ഞതും ഇതുപോലെത്തന്നെയാണ്:

“അല്ലാഹു നിങ്ങളെ വഴിതെറ്റിച്ച് വിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവനാണ് നിങ്ങളുടെ രക്ഷിതാവ്”.
രണ്ട്: ശറഇയ്യത്ത് (നിയമപരം). അത് മുഖേന അവന്റെ തീരുമാനം സംഭവിക്കല്‍ അനിവാര്യമായിത്തീരുന്നില്ല. എന്നാല്‍ ആ തീരുമാനം അവന് ഇഷടപ്പെട്ടരൂപത്തിലല്ലാതെ ഉണ്ടാകുന്നില്ല.

“അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു” (നിസാഅ:് 27).
എന്നാല്‍ അല്ലാഹുവിന്റെ തീരുമാനങ്ങള്‍ നിയമപരമായാലും പ്രാപഞ്ചികമായാലും അത് അവന്റെ യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഉണ്ടാകുന്നത്.
അപ്പോള്‍ അവന്‍ തന്റെ പ്രാപഞ്ചികമായ ഇറാദത്ത് അനുസരിച്ച് തന്നെ ആരാധിക്കണമെന്ന് വിധിക്കുന്നതും നിയമപരമായി തന്റെ സൃഷ്ടികള്‍ തന്നെ ആരാധിക്കണമെന്ന് വിധിക്കുന്നതും തന്റെ യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്; ആ യുക്തിയെപ്പറ്റി മനസ്സിലാക്കാന്‍ ചിലപ്പോള്‍ നമുക്ക് കഴിഞ്ഞെന്നുവരാം. അല്ലെങ്കില്‍ നമ്മുടെ ബുദ്ധിയുടെ കഴിവുകള്‍ അതിനെ ഗ്രഹിക്കുന്നതിന് അപര്യാപ്തമായതായേക്കാം.

“അല്ലാഹു വിധികര്‍ത്താക്കളില്‍വെച്ച് ഏറ്റവും വലിയ വിധികര്‍ത്താവ് അല്ലയോ?” (തീന്‍: 8).

“ദുഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുള്ളത്” (മാഇദ: 50).

അല്ലാഹുവിന്റെ സ്നേഹം

അല്ലാഹുവിന്റെ സ്നേഹം (മഹബ്ബത്ത്) സംബന്ധിച്ച് നമ്മുടെ വിശ്വാസമിതാണ്. അല്ലാഹു തന്റെ ദാസന്മാരെ സ്നേഹിക്കുന്നു. അവര്‍ അവനെയും സ്നേഹിക്കുന്നു.

“(നബിയേ), പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക . എന്നാല്‍ അല്ലാഹു നിങ്ങ ളെയും സ്നേഹിക്കും” (ആംലു ഇംറാന്‍: 31).

“…..അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു വിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്” (മാഇദ: 54).

“അല്ലാഹു ക്ഷമാശീലരെ ഇഷ്ടപ്പെടുന്നു” (ആലുഇംറാന്‍: 146).

“നിങ്ങള്‍ നീതിപാലിക്കുക തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഹുജ്റാത്ത:് 9).

“നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു നന്മ പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകതന്നെ ചെയ്യും” (അല്‍ബഖറ :195).

അല്ലാഹുവിന്റെ തൃപ്തിയും വെറുപ്പും

അല്ലാഹു അവന്‍ നിയമമാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങളെയും വാക്കുകളെയും തൃപ്തിപ്പെടുകയും അവന്‍ വിരോധിച്ച കാര്യങ്ങളെ വെറുക്കുകയും ചെയ്യുന്നുവെന്ന് നാം വിശ്വസിക്കേണ്ടതാണ്.

“നിങ്ങള്‍ നന്ദികേട് കാണിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍നിന്ന് മുക്തനാകുന്നു. തന്റെ ദാസന്മാര്‍ നന്ദികേട് കാണിക്കുന്നത് അവന്‍ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദി കാണിക്കുന്നപക്ഷം നിങ്ങളോട് അവന്‍ അത് മുഖേന സംതൃപ്തനുമായിരിക്കും” (സുമര്‍: 7).

“പക്ഷേ, അവരുടെ പുറപ്പാട് അല്ലാഹു വെറുത്തതുകൊണ്ട് അവരെ പിന്തിരിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. മുടങ്ങിയിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്തു” (തൌബ: 46).
വിശ്വസിക്കുകയും സുകൃതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വരെ അല്ലാഹു തൃപ്തിപ്പെടുന്നു എന്നും നാം വിശ്വസിക്കേണ്ടതാണ്.

“അല്ലാഹു അവരെപ്പറ്റിയും, അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്റെ രക്ഷിതാവിനെ ഭയപ്പെടുന്നുവോ അവനുള്ളതാകുന്നു അത്” (ബയ്യിന: 8).

അല്ലാഹുവിന്റെ കോപം

അല്ലാഹു അവിശ്വാസികളില്‍നിന്ന് കോപത്തിന് അര്‍ഹരാകുന്നവരോട് കോപിക്കുന്നവനാണ് എന്നു നാം വിശ്വസിക്കണം.

“അല്ലാഹുവിനെപപ്പറ്റി തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നവരുടെമേല്‍ തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരോട് കോപിക്കുകയും ചെയ്തിരിക്കുന്നു” (ഫത്ഹ:് 6).

“എന്നാല്‍ തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവര്‍ ആരോ അവരുടെമേല്‍ അല്ലാഹുവിങ്കല്‍നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും” (നഹ്ല്‍:106).

അല്ലാഹുവിന്റെ മുഖം

തീര്‍ച്ചയായും അല്ലാഹുവിന് മഹത്ത്വംകൊണ്ടും ഔദാര്യം കൊ ണ്ടും വിശേഷിപ്പിക്കപ്പെട്ട മുഖമുണ്ട് എന്നതാണ് നമ്മുടെ വിശ്വാസം.

“മഹത്ത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്” (റഹ്മാന്‍: 27).

അല്ലാഹുവിന്റെ കൈകള്‍

അല്ലാഹുവിന് ശക്തവും ഔദാര്യപൂര്‍ണവുമായ രണ്ട് കൈകള്‍ ഉണ്ട് എന്നത്രെ നമ്മുടെ വിശ്വാസം.

“എന്നാല്‍ അവന്റെ ഇരുകൈകളും നിവര്‍ത്തപ്പെട്ടവയാണ്. അവന്‍ ഉദ്ദേശിക്കുന്നവിധം അവന്‍ ചെലവഴിക്കുന്നു”(മാഇദ: :64).*

“അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയി ട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഭൂമി മുഴുവനും അവന്റെ ഒരുപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതുകയ്യില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനത്രെ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അവന്‍ ഉന്നതനായിരിക്കുന്നു” (സുമര്‍: 67).

അല്ലാഹുവിന്റെ കണ്ണുകള്‍

നിശ്ചയമായും അല്ലാഹുവിന് യഥാര്‍ഥത്തിലുള്ള രണ്ട് കണ്ണുകളും ഉണ്ട് എന്നാണ് നമ്മുടെ വിശ്വാസം.

“നമ്മുടെ നിര്‍ദേശത്തിലും കണ്‍മുന്നിലും നീ കപ്പല്‍ നിര്‍മിക്കുക” (ഹൂദ:് 37).
നബി(ല) പറഞ്ഞു: “അവന്റെ മൂടുപടം പ്രകാശമാണ്, അതെ ങ്ങാനും അവന്‍ വെളിവാക്കിയാല്‍ അവന്റെ മുഖപ്രകാശം അവ ന്റെ സൃഷ്ടികളില്‍നിന്നും അവന്റെ ദൃഷ്ടി എത്തുന്ന എല്ലാറ്റിനെയും കരിച്ചുകളയുകതന്നെ ചെയ്യും”
അല്ലാഹുവിന്ന് രണ്ട് കണ്ണുകളുണ്ടെന്ന അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ഏകോപിച്ച വിശ്വാസത്തെ നബി (ല)യുടെ, താഴെ പറയുന്ന ഹദീഥും ശക്തിപ്പെടുത്തുന്നുണ്ട്. നബി(ല) ദജ്ജാലിനെ സംബന്ധിച്ച് പറയുന്നു:
“അവന്‍ ഒറ്റക്കണ്ണനാണ്. എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് തീര്‍ച്ചയായും ഒറ്റക്കണ്ണുള്ളവനല്ല”.

“കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാണ്” (അന്‍ആം: 103).
അതുപോലെത്തന്നെ, വിശ്വാസികള്‍ക്ക് അന്ത്യനാളില്‍ അവരുടെ റബ്ബിനെ കാണാന്‍ കഴിയുക തന്നെ ചെയ്യും എന്നും നാം വിശ്വസി ക്കേണ്ടതാണ്.

“ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും അവരുടെ രക്ഷിതാവിന്റെ നേര്‍ക്ക് നോക്കികൊണ്ടിരിക്കുന്നവയുമായിരിക്കും” (ഖിയാമ: 22,23).
അപ്രകാരം തന്നെ അല്ലാഹുവിന് തുല്യമായി ഒന്നുമില്ല- ആരു മില്ല എന്നും നാം വിശ്വസിക്കുന്നു. കാരണം, അല്ലാഹുവിന്റെ വിശേഷണങ്ങള്‍ പരിപൂര്‍ണമാണ്.

“അവന് തുല്യമായി ഒന്നുംതന്നെയില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണ്” (ശൂറ: 11).
മാത്രമല്ല അവന്‍ പരിപൂര്‍ണമായ അര്‍ഥത്തില്‍ നിത്യജീവനുള്ളവനും സര്‍വനിയന്താവുമാകുന്നു. അതിനാല്‍

“മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല” (ബഖറ: 255) എന്നു നാം വിശ്വസിക്കണം.
അല്ലാഹു സമ്പൂര്‍ണമായി നീതിപാലിക്കുന്നവനാകുന്നു. അതുകൊണ്ടുതന്നെ അവന്‍ ഒരാളെയും ദ്രോഹിക്കുകയില്ല. തന്റെ അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ അവന്‍ കൃത്യമായി അറിയുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അവനൊട്ടും അശ്രദ്ധനല്ലതന്നെ. ആകാശങ്ങളിലും ഭൂമിയിലുമുള്ളവയൊന്നും അവനെ അശക്തമാക്കുന്നില്ല. കാരണം അവന്‍ അറിവിലും കഴിവിലും പരിപൂര്‍ണനാകുന്നു. (ഇതെല്ലാം അഹലുസ്സുന്നത്തിന്റെ വിശ്വാസകാര്യങ്ങളാണ്.)

“താന്‍ ഒരുകാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു” (യാസീന്‍: 82).
അവന്‍ അങ്ങേയറ്റം ശക്തിമാനാകുന്നു. അതുകൊണ്ടുതന്നെ യാതൊരു വിധത്തിലുള്ള ക്ഷീണമോ അശക്തതയോ അവനെ ബാധിക്കുകയില്ല.

“ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറ് ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു വിധത്തിലുള്ള ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല” (ഖാഫ:് 38). അതായത് യാതൊരുവിധ അപ്രാപ്തിയോ ക്ഷീണമോ അവനുണ്ടായിട്ടില്ലതന്നെ.
അല്ലാഹു അവന് സ്ഥിരപ്പെടുത്തി പറഞ്ഞുതന്നിട്ടുള്ളതും അല്ലെ ങ്കില്‍ പ്രവാചകന്‍ (ല) അല്ലാഹുവിനുള്ളതായി പറഞ്ഞുതന്നതുമായ എല്ലാ നാമങ്ങളിലും വിശേഷണങ്ങളിലും നാം വിശ്വസിക്കുന്നു. അതോടൊപ്പം അപകടകരങ്ങളായ രണ്ട് കാര്യങ്ങളില്‍നിന്നും നാം വിട്ടുനില്‍ക്കുകയും ചെയ്യുന്നു.
ഒന്ന്: ‘തംഥീല്‍’-അതായത,് തന്റെ നാവുകൊണ്ടോ മനസ്സു കൊണ്ടോ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ സൃഷ്ടികളുടേതുപോലെത്തന്നെയാണെന്ന് ഉപമിക്കല്‍.
മറ്റൊന്ന്: ‘തക്യീഫ്’-അതായത്, തന്റെ നാവുകൊണ്ടോ മനസ്സ് കൊണ്ടോ അല്ലാഹുവിന്റെ വിശേഷണങ്ങളുടെ അവസ്ഥ ഇന്നപ്രകാരമാണ് എന്ന് രൂപപ്പെടുത്തി പറയല്‍.
അല്ലാഹു തനിക്ക് ഉണ്ടായിക്കൂടാത്തതാണ് എന്ന് നിഷേധിച്ച് പറഞ്ഞതും, റസൂല്‍(ല) അല്ലാഹുവിന് ഒരിക്കലും ഉണ്ടാകാന്‍ പാടി ല്ലാത്തതാണ് എന്ന് പറഞ്ഞുതന്നതുമായ എല്ലാ വിഷയങ്ങളും അങ്ങനെത്തന്നെ വിശ്വസിക്കുകയും അതോടൊപ്പം ആ വിഷയങ്ങളുടെ നേരെ എതിരായ കാര്യങ്ങള്‍ പരിപൂര്‍ണതയോടുകൂടി അല്ലാഹുവിന് ഉണ്ടെന്ന് നാം ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. അല്ലാഹുവും റസൂലും മൌനം പാലിച്ച വിഷയങ്ങളില്‍ നാമും മൌനം പാലിക്കുന്നു.
ഇപ്പറഞ്ഞ മാര്‍ഗം അവലംബിച്ച് ജീവിക്കല്‍ എല്ലാ വിശ്വാസികള്‍ ക്കും അനിവാര്യമായ കാര്യമാണ്. കാരണം അല്ലാഹു തനിക്ക് സ്ഥിരപ്പെടുത്തിയും നിഷേധിച്ചും പറഞ്ഞുതന്നതായ കാര്യങ്ങള്‍ അല്ലാഹുവിന്റെ വൃത്താന്തങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടതാണ്. പരിശുദ്ധനാ യ അവന്‍ തന്നെയാണ് അവനെ സംബന്ധിച്ച് പറഞ്ഞുതരാന്‍ ഏറ്റ വും അറിയുന്നവന്‍. അവനാണ് ഏറ്റവും സത്യസന്ധമായും നല്ല നിലയിലും വര്‍ത്തമാനങ്ങള്‍ പറഞ്ഞ് തരുന്നവനും. സൃഷ്ടികളാകട്ടെ അവനെ സംബന്ധിച്ച് സൂക്ഷ്മമായ അറിവില്ലാത്തവരുമാകുന്നു.
അതുപോലെത്തന്നെ അല്ലാഹുവിന് ഉണ്ടെന്ന് സ്ഥിരപ്പെ ടുത്തിയും, ഇല്ലെന്ന് നിഷേധിച്ചും റസൂല്‍(ല) പറഞ്ഞുതന്ന കാര്യ ങ്ങളും റസൂലിലൂടെ ലഭിച്ച വ്യക്തമായ വൃത്താന്തം തന്നെയാണ്. കാരണം റസൂലാ(ല)ണ് തന്റെ രക്ഷിതാവിനെ സംബന്ധിച്ച് മനുഷ്യരില്‍ ഏറ്റവും അറിയുന്നവര്‍. സൃഷ്ടികളോട് ഏറ്റവും ഗുണകാംക്ഷയുള്ളവരും അവരില്‍ ഏറ്റവും സത്യസന്ധരും വാചാലതയുള്ളവരും റസൂല്‍(ല) തന്നെയാണ്.
അപ്പോള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളിലാണ് പൂര്‍ണമായ അറിവും സത്യസന്ധതയും വ്യക്തതയും ദര്‍ശിക്കാവുന്നത്. അതുകൊണ്ടുതന്നെ അവയെ നിരാകരിക്കാനോ അവയുടെ സ്വീകാര്യതയില്‍ സംശയിക്കാനോ യാതൊരുവിധ പഴുതും അവശേഷിക്കുന്നില്ലതന്നെ.
വിശദമായോ സംക്ഷിപ്തമായോ അല്ലാഹുവിനുണ്ടെന്ന് സ്ഥാപിച്ചുകൊണ്ടോ അവന്ന് ഇല്ലെന്ന് നിഷേധിച്ച്കെണ്ടോ ഇവിടെ നാം പ്രതിപാദിച്ചതായ ദൈവികവിശേഷണങ്ങളിലെല്ലാം തന്നെ നമ്മുടെ രക്ഷിതാവിന്റെ ഗ്രന്ഥവും (ഖുര്‍ആന്‍) നമ്മുടെ നബിയുടെ ചര്യകളും (സുന്നത്ത്) മാത്രമാണ് നാം അവലംബമാക്കിയിട്ടുള്ളത്; അപ്ര കാരം തന്നെ സച്ചരിതരായ മുന്‍ഗാമികളും സന്മാര്‍ഗനിഷ്ഠരായ ഇമാമുകളും സഞ്ചരിച്ച പാതയെ അവലംബിച്ചുകൊണ്ടുമാണ്.
ഈ വിഷയത്തില്‍ (ദൈവിക നാമ – വിശേഷണങ്ങളുടെ വിഷയത്തില്‍) വന്നിട്ടുള്ള ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഖണ്ഡിതമായ തെളിവുകളെ അവയുടെ ബാഹ്യമായ ആശയങ്ങളില്‍ തന്നെ മനസ്സിലാക്കുകയും അതേ സമയം അല്ലാഹുവിന്റെ മഹത്ത്വത്തിന് യോജിച്ച വിധത്തില്‍ അവയുടെ യാഥാര്‍ഥ്യം നാം ഉള്‍ക്കൊള്ളുകയും ചെയ്യല്‍ അനിവാര്യമാണ്.
മാത്രമല്ല, ഇത്തരം പ്രമാണങ്ങളില്‍ ഭേദഗതി (തഹ്രീഫ്) വരുത്തി അല്ലാഹുവിന്റെയും റസൂലിന്റെയും ഉദ്ദേശ്യങ്ങളില്‍നിന്ന് അവയെ തിരിച്ചുവിടുന്നവരുടെയും, അതുപോലെ ദൈവിക നാമ- വിശേഷണ ങ്ങളില്‍ നിഷേധം (തഅ്ത്വീല്‍) കാണിക്കുന്നവരുടെയും മാര്‍ഗത്തില്‍ നിന്നും നാം പാടെ അകന്നു നില്‍ക്കേണ്ടതാണ്. അപ്രകാരം തന്നെ ദൈവിക നാമ- വിശേഷണങ്ങളെ സൃഷ്ടികളോട് ഉപമിച്ച് പറയുകയോ സാദൃശ്യപ്പെടുത്തുകയോ (തംഥീല്‍) ചെയ്യുക; അല്ലെങ്കില്‍ അവ എങ്ങനെയാണെന്ന് രൂപം പറയുക (തക്യീഫ്) തുടങ്ങിയ അതിര്‍കവിഞ്ഞ വാദക്കാരുടെ മാര്‍ഗത്തെയും നാം ഉപേക്ഷിക്കേണ്ടതാണ്.
ഖുര്‍ആനും ഹദീഥും പറഞ്ഞു തരുന്ന കാര്യങ്ങള്‍ സത്യവും പരസ്പര വൈരുധ്യങ്ങളില്‍ നിന്ന് മുക്തവുമാണെന്ന് നാം ദൃഢമായി മനസ്സിലാക്കേണ്ടതാണ്. അല്ലാഹു പറയുന്നു:

“അവര്‍ ഈ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹുവല്ലാത്തവരുടെ പക്കല്‍നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു” (നിസാഅ്: 82).
എന്തെന്നാല്‍, പ്രമാണങ്ങളില്‍ പരസ്പര വൈരുധ്യമുണ്ടെന്നുവന്നാല്‍ അവയില്‍ ഒന്ന് മറ്റൊന്നിനെ കളവാക്കല്‍ അനിവാര്യമായിത്തീരും. അത്തരം വൈരുധ്യങ്ങള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളില്‍ ഉണ്ടാവുകയെന്നത് അസംഭവ്യമാണ്.
ആരെങ്കിലും ഖുര്‍ആനിലോ സുന്നത്തിലോ വൈരുധ്യമുണ്ടെന്നു വാദിച്ചാല്‍, അതല്ലെങ്കില്‍ ഖുര്‍ആനും സുന്നത്തും പരസ്പര വിരുദ്ധമാണെന്നു വാദിച്ചാല്‍ അതവന്റെ ദുഷിച്ച ചിന്തയും മനസ്സിന്റെ വക്രതയും മൂലമാണ്. അതിനാല്‍ അവന്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും തന്റെ വഴികേടില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യട്ടെ.
ഇനി വല്ലവനും ഖുര്‍ആനിലോ ഹദീസിലോ, അതല്ലെങ്കില്‍ അവ പരസ്പരമോ വൈരുധ്യമുണ്ടെന്ന് സംശയം പ്രകടിപ്പിച്ചാല്‍ അത് അവന്റെ അറിവിന്റെ അപര്യാപ്തതയോ അല്ലെങ്കില്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ സംഭവിച്ച പാളിച്ചയോ ചിന്തയുടെ തകരാറോ മൂലമായിരിക്കും. അവന്‍ കൂടുതല്‍ അറിവ് അന്വേഷിക്കുകയും സത്യം ബോധ്യമാകുംവിധം ചിന്തിക്കാന്‍ ഉത്സാഹിക്കുകയും ചെയ്യട്ടെ. എന്നിട്ടും കാര്യം ബോധ്യപ്പെട്ടില്ലെങ്കില്‍ അവന്‍ ഒരു പണ്ഡിതനെ സമീപിച്ച് തന്റെ സംശയങ്ങള്‍ ദൂരീകരിക്കുകയും അറിവില്‍ അടിയുറച്ച പണ്ഡിതന്മാര്‍ പറയുംപ്രകാരം; അതായത്

“ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു” (ആലുഇംറാന്‍: 7) എന്ന് പറയുകയും ചെയ്യട്ടെ.
ഖുര്‍ആനിലോ നബിചര്യയിലോ അവ പരസ്പരമോ യാതൊരു വൈരുധ്യമോ ഭിന്നതയോ ഇല്ലായെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്യട്ടെ.