മൌദൂദിസം മതത്തിനെതിര്; രാഷ്ട്രത്തിനെതിര്

ലോകത്ത് രണ്ടാമത്തെ ഏറ്റവും വലിയ മുസ്ലിം ജനക്കൂട്ടം താമസിക്കുന്നത് ഇന്ത്യയിലാണ്. സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുകയും സ്വയം തെറ്റായ വഴിയിലൂടെ നീങ്ങുകയും ചെയ്യുന്നു. മുസ്ലിംകള്‍ ഇന്ത്യാരാജ്യത്തെ നിര്‍ണായകസ്വാധീനമായി മാറിയതിനു പിന്നില്‍ ചില ചരിത്രപശ്ചാത്തലങ്ങളുണ്ട്. എ.ഡി. 711ല്‍ ഇന്ത്യയിലെത്തിയ മുഹമ്മദുബിനുല്‍ഖാസിം എന്ന മുസ്ലിം സൈനികന്‍ ഉത്തരേന്ത്യയില്‍ പടയോട്ടം നടത്തിയതായും ഇസ്ലാം പ്രചരിപ്പിച്ചതായും മതേതര ചരിത്രങ്ങളില്‍ തന്നെ നമുക്കു കാണാം. സിന്ധ്പ്രവിശ്യകള്‍ അദ്ദേഹത്തിന്റെ കീഴില്‍ വരികയുണ്ടായി. 1175ല്‍ മുഹമ്മദ് ഗോറിയുടെ ആക്രമണം തെക്കു ഭാഗത്തുകൂടി മുസ്ലിം ഭരണം എത്താന്‍ കാരണമായി. അദ്ദേഹമാണ് ഡല്‍ഹിയിലെ ഭരണാധികാരിയായിരുന്ന പൃഥ്വിരാജ് ചൌഹാനെ കീഴ്പെടുത്തിയത്.
1526ല്‍ മുഗള്‍ രാജാക്കള്‍ ഇന്ത്യന്‍ ഭരണം ഏറ്റെടുത്തു. 1757വരെ മുസ്ലിംകള്‍ ഭരണം നടത്തി. ഇന്ത്യയുടെ വിശാലമായ ഭൂപ്രദേശങ്ങളില്‍ നാട്ടുരാജാക്കന്മാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന ഭരണം ഏകീകരിച്ചത് മുസ്ലിംകളായിരുന്നു. പിന്നീട് മുസ്ലിംകളുടെ കൈയില്‍ നിന്ന് സാമ്രാജ്യത്വവാദികളായ ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തി. 1857ല്‍ നടന്ന ഒന്നാം സ്വാതന്ത്യ്രസമരത്തോടെയാണ് മുസ്ലിംകളുടെ അധികാരം പറ്റെ നഷ്ടപ്പെട്ടത്. രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷുഭരണത്തില്‍ ശിഥിലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും സന്ദര്‍ഭമായി. എങ്കിലും ഇന്ത്യന്‍ ജനതയില്‍നിന്ന് അവര്‍ വൈകാതെ ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നതിലാണ് ഈ നേരം അവര്‍ ശ്രദ്ധയൂന്നിയത്.
ഈ സന്ദര്‍ഭത്തില്‍ സ്വാമി ശ്രദ്ധാനന്ദ് മുഹമ്മദ് നബി(സ)യെ അങ്ങേയറ്റം നിന്ദിച്ചുകൊണ്ട് ‘രംഗീലാ റസൂല്‍’ എന്നൊരു ക്ഷുദ്രകൃതി ഉര്‍ദു ഭാഷയില്‍ രചിക്കുകയുണ്ടായി. അവിവേകികളായ ചില മുസ്ലിംകള്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു. തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളെച്ചൊല്ലി ഇസ്ലാമിനേയും ഇസ്ലാമിലെ ജിഹാദിനേയും പ്രതിചേര്‍ത്തുകൊണ്ട് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ബുദ്ധിജീവികള്‍ പോലും സംസാരിച്ചു. ഡല്‍ഹി ജുമാമസ്ജിദില്‍ ഒരു ജുമുഅക്കുശേഷം സംസാരിച്ച മൌലാനാ മുഹമ്മദലി ജൌഹര്‍ ഇതിന്ന് മറുപടിനല്‍കാന്‍ ആര്‍ക്ക് കഴിയും എന്ന് പരിതപിച്ചു. ഇതു കേള്‍ക്കാനിടവന്ന ചെറുപ്പക്കാരനായ മൌദൂദിയില്‍ ഇസ്ലാമിലെ ജിഹാദിനെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം ജനിപ്പിച്ചു.
ജമാഅത്ത് കേവലം ഒരു രാഷ്ട്രീയപ്പാര്‍ട്ടി
1930കളില്‍ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് ഇങ്ങനെ വ്യാപകമായ ചര്‍ച്ചകള്‍ നടന്നു. ബ്രിട്ടീഷുകാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ലെന്ന് ബോധ്യംവന്ന സമയമായിരുന്നു അത്. മുസ്ലിംകളുടെ കൈയില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചെടുത്തതെന്നതിനാല്‍ അടുത്ത ഭരണം മുസ്ലിംകള്‍ക്ക് തന്നെയായാരിക്കണമെന്നായിരുന്നു മൌദൂദിയുടെ അഭിപ്രായം. പക്ഷേ, മുസ്ലിംകള്‍ ആധിപത്യം കൈയാളാന്‍ മാത്രം ശക്തരായിരുന്നില്ല. ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുമില്ല. അവരില്‍ ഒരു നവജാഗരണം നടത്താന്‍ വേണ്ടി മൌദൂദി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. പക്ഷേ, ജനങ്ങളില്‍ വേണ്ടത്ര സ്വീകരണം നേടിയില്ല. ഈ രാഷ്ട്രീയ ചിന്തയില്‍നിന്നാണ് ജമാഅത്തെ ഇസ്ലാമി രൂപംകൊള്ളുന്നത്. ജമാഅത്തെ ഇസ്ലാമി രൂപീകരിക്കാന്‍വേണ്ടി സ്വീകരിച്ച അടിസ്ഥാനപരമായ ആശയങ്ങള്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ സ്വീകരിച്ചതല്ല എന്നര്‍ഥം. 30കളില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് രൂപം കൊണ്ടതാണ് 1941ലെ ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണമെന്ന് അവരുടെ ബുദ്ധിജീവിയായ നജാത്തുല്ലാ സിദ്ധീഖി ‘ജമാഅത്തെ ഇസ്ലാമി മതേതരഭാരതത്തില്‍’ എന്ന തന്റെ ലഘുകൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചകനു ശേഷം വിവിധകാലഘട്ടങ്ങളില്‍ ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിരവധി പരിഷ്കര്‍ത്താക്കള്‍ കടന്നുവന്നിട്ടുണ്ട്. എന്നാല്‍ സയ്യിദ് മൌദൂദിയോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ ഇത്തരത്തിലൊരു പരിഷ്കരണസംരംഭമല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയട്ടുണ്ട്. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം പ്രസ്താവിക്കുന്നതു കാണുക: ‘ഞാനൊരു പരിഷ്കരണവാദിയല്ല. മിനുക്കുപണികൊണ്ട് മതിയാക്കാനാഗ്രഹിക്കുന്നുമില്ല. പ്രത്യത പുനര്‍നിര്‍മാണവാദിയത്രെ” (തര്‍ജുമാനുല്‍ ഖുര്‍ആന്‍). തന്റെ ലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടി അദ്ദേഹം ആദ്യമായി ചെയ്തത് പ്രവാചകന്മാരുടെ പ്രബോധനചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുകയാണ്. ഒരു പ്രവാചകന്റെ മാത്രമല്ല, മുഴുവന്‍ പ്രവാചകന്മാരുടെയും പ്രബോധനലക്ഷ്യം തന്നെ ഇപ്രകാരം അദ്ദേഹം തിരുത്തിയവതരിപ്പിച്ചു. അദ്ദേഹം എഴുതുന്നു:
‘ലോകത്തു വന്ന മുഴുവന്‍ പ്രവാചകരുടെയും പ്രബോധനത്തിന്റെ പരമമായ ലക്ഷ്യം ദൈവികഭരണം സ്ഥാപിക്കുക എന്നതായിരുന്നു. ദൈവത്തിന്റെ അരികെനിന്ന് അവര്‍ കൊണ്ടുവന്ന ജീവിതവ്യവസ്ഥ നടപ്പിലാക്കുക എന്നതുമാണ്. അതുകൊണ്ടു തന്നെ ലോകചരിത്രത്തില്‍ കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരും രാഷ്ട്രീയവിപ്ളവം നയിക്കുവാനാണ് പരിശ്രമിച്ചത്. ചിലരുടെ പരിശ്രമങ്ങള്‍ മണ്ണു പാകപ്പെടുത്തുന്നതിലേക്കു മാത്രമേ എത്തിയതുള്ളൂ, ഇബ്റാഹിം(അ)നെപ്പോലെ. മറ്റു ചിലര്‍ക്ക് രാഷ്ട്രീയ വിപ്ളവം തുടങ്ങാന്‍ സാധിക്കുക തന്നെ ചെയ്തു. പക്ഷേ, അവര്‍ക്കൊരു ഇസ്ലാമികഭരണം സ്ഥാപിക്കാന്‍ സാധിച്ചില്ല. അതിനു മുമ്പുതന്നെ അവരുടെ ദൌത്യം അവസാനിച്ചു പോയി, ഈസാ(അ)നെപ്പോലെ. എന്നാല്‍ മൂസാ(അ), യൂസുഫ്(അ), മുഹമ്മദ്(സ) തുടങ്ങിയ ചിലര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തന്നെ സാധിച്ചു”.
മൌദൂദിയുടെ ഈ വീക്ഷണം അറബ് ലോകത്തെ ചിലരെ സ്വാധീനിക്കുകയുണ്ടായി. ഭരണം ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്ന് അബ്ദുല്‍ഖാദിര്‍ ഔദ തന്റെ ‘മതം ദുര്‍ബലഹസ്തങ്ങളില്‍’ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തന്റെ വീക്ഷണം സ്ഥാപിക്കാന്‍ വേണ്ടി സയ്യിദ് മൌദൂദി ഇസ്ലാമിലെ അതിപ്രധാനമായ വിഷയങ്ങളില്‍ വരെ കൈയേറ്റം നടത്തി. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ തുടങ്ങിയ ഇസ്ലാമിന്റെ നിര്‍ണായകമായ സാങ്കേതികശബ്ദങ്ങളെക്കുറിച്ച് മുസ്ലിംലോകം മുഴുവന്‍ ഇരുട്ടിലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇസ്ലാമിന് അന്യമായ വ്യാഖ്യാനങ്ങള്‍ തന്റെ പുത്തന്‍വാദം സ്ഥാപിക്കുന്നതിനായി അദ്ദേഹം വച്ചുകെട്ടുകയും ചെയ്തു. സ്വഹാബാക്കളുടെ കാലശേഷം അവയുടെ ശരിയായ അര്‍ഥം ചുരുങ്ങിച്ചുരുങ്ങിപ്പോയെന്ന് അദ്ദേഹം വാദിച്ചു. പതിമൂന്നു നൂറ്റാണ്ടുകാലം അത് മുസ്ലിം പണ്ഡിതന്മാരില്‍ പോലും അന്യമായിക്കിടക്കുകയായിരുന്നുവത്രെ! ‘എന്റെ സമുദായം ഒന്നടങ്കം വഴികേടില്‍ ഒരുമിക്കുകയില്ല’ എന്നും ഒരു ന്യൂനപക്ഷമെങ്കിലും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുമെന്നും തന്റെ സമുദായത്തിന്റെ പ്രത്യേകതയായി മുഹമ്മദ്നബി(സ)യില്‍ നിന്ന് വ്യക്തമായ അസംഖ്യം ഹദീഥുകള്‍ക്കെതിരായിരുന്നു മൌദൂദിയുടെ ഈ വീക്ഷണം. ഈ വാദമുന്നയിക്കുന്നതു വരെ ഇന്ത്യയിലെ തലയെടുപ്പുള്ള പല പണ്ഡിതരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അവരെല്ലാം രാജിവച്ചു. മന്‍ദൂര്‍ നുഅ്മാനി, അബുല്‍ഹസന്‍ അലിഹസന്‍ നദ്വി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയവര്‍ പ്രധാനികളാണ്. പലരും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് മറുപടി എഴുതുകയും ചെയ്തു.
ജമാഅത്തിന്റെ ദുര്‍ഗതി ചരിത്രത്തില്‍ തുല്യതയില്ലാത്തത്
‘മൌലാനാ മൌദൂദി കേ സാഥ്’ എന്ന പുസ്തകത്തില്‍ മന്‍ദൂര്‍ നുഅ്മാനി എഴുതി: ‘മൌദൂദി സാഹിബ് വഴി തെറ്റുന്നതായി കുറച്ചു കാലം മുതലേ ഞങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. ഭരണം നേടലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം’.
ആ പുസ്തകത്തിന്റെ അവതാരികയില്‍ ജമാഅത്ത് സഹയാത്രികനായിരുന്ന അബുല്‍ഹസന്‍ അലി നദ്വി എഴുതി:
‘സംഘടനകളില്‍ ജനങ്ങള്‍ ചേരുന്നതും അതില്‍നിന്ന് പിരിഞ്ഞു പോകുന്നതും നമുക്ക് അറിയാവുന്നതും അനുഭവമുള്ളതുമാണ്. പിരിഞ്ഞുപോയവര്‍ ചിലപ്പോള്‍ സംഘടനയുടെ എതിരാളികളായി മാറാനും സാധ്യതയുണ്ട്. എന്നാല്‍ സ്ഥാപകാംഗങ്ങളുടെ, വിശിഷ്യാ ക്വുര്‍ആനിലും സുന്നത്തിലും അഗാധപാണ്ഡിത്യമുള്ളവരുടെ തുടര്‍ച്ചയായ വന്‍തോതിലുള്ള ഒഴിഞ്ഞു പോക്കിന് സാക്ഷിയായ ജമാഅത്തെ ഇസ്ലാമിക്കു വന്ന ദുര്‍ഗതിക്ക് സംഘടനകളുടെ ചരിത്രത്തില്‍ ഉദാഹരണം കണ്ടെത്താന്‍ പ്രയാസമാണ്. ഒരു ഉദാഹരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വരാം’.
സ്വാതന്ത്യ്രസമരത്തിനെതിര്
യഥാര്‍ഥത്തില്‍ ഇബാദത്ത് എന്ന പദത്തെ ചുറ്റിപ്പറ്റി ചില അര്‍ഥപ്രശ്നങ്ങളില്‍ മാത്രമാണ് മറ്റു മുസ്ലിംകളില്‍ നിന്ന് തങ്ങളുടെ വ്യത്യാസമെന്ന് വരുത്താന്‍ വ്യാപകമായി അവര്‍ ശ്രമിക്കാറുണ്ട്. അതു ശരിയല്ല. മറിച്ച് ഇന്ത്യാരാജ്യവുമായി ഒരു നിലക്കും മുസ്ലിംകള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് മൌദൂദി കണ്ടെത്തിയത്. അവര്‍ സ്വാതന്ത്യ്ര സമരത്തില്‍ നിന്നു വിട്ടുനിന്നു. മൌദൂദിയും കുറച്ചാളുകളും വിട്ടുനിന്നതു കൊണ്ട് കാര്യമായി പ്രതികരണമുണ്ടായില്ല എന്നതു ശരി തന്നെ. എന്തിന്റെ പേരിലാണ് വിട്ടുനിന്നത് എന്നതാണ് പ്രശ്നം. സ്വാതന്ത്യ്രത്തിനു ശേഷം ഇസ്ലാമികഭരണം നടത്താന്‍ അവസരമുണ്ടാവില്ലെങ്കില്‍ അത്തരം സ്വാതന്ത്യ്രസമരത്തിന് ആയിരംവട്ടം ശാപം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുവേണ്ടിയുള്ള ചെറിയൊരു ശ്രമം പോലും ഹറാമാണെന്ന് അദ്ദേഹം വിധിച്ചു. ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍ ഭരണാധികാരിയായാല്‍ ‘ലാത്ത പോയി മനാത്ത വന്നു’ എന്ന വ്യത്യാസമേയുള്ളൂ എന്നും രണ്ടും ശിര്‍ക്കും കുഫ്റുമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മൌദൂദി എഴുതി:
‘സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിന്നു സ്വാതന്ത്യ്രം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ് പേ.97,98)
‘ഇംഗ്ളീഷുകാരനായ അമുസ്ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്യ്രസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതു പോലെ, മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം നടക്കുമ്പോള്‍ അതു മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്ലിമിന്ന് ഹറാമാണ്’. (തഹ്രീകേ ആസാദി ഔര്‍ മുസല്‍മാന്‍, പേ.81)
‘പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെക്കുറിച്ച് ഞാനെന്തു പറയാനാണ്?’ എന്നാണ് മൌദൂദി ചോദിച്ചത്. (ഖുത്തുബാത്ത് പേ.140)
സ്വാതന്ത്യ്രാനന്തരം അദ്ദേഹം പാക്കിസ്താനിലേക്ക് കൂടുമാറിയപ്പോള്‍ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് അത്യാപത്കരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യയും പാക്കിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ പാക്കിസ്താനെ അപകപ്പെടുത്തുന്ന യാതൊന്നും ചെയ്തു കൂടെന്നാണ് അദ്ദേഹം ജസ്റിസ് മുനീര്‍ കമ്മീഷന് മുമ്പാകെ പറയുകയുണ്ടായത്. ഇന്ന് ജമാഅത്തുകാര്‍ മാതൃരാജ്യ സ്നേഹം പറയുന്നത് കാപട്യമല്ലാതെ മറ്റൊന്നുമല്ല.
ആരാധനകള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം നല്‍കുന്നു
ഇസ്ലാമിക ഭരണമില്ലാത്തിടത്ത് ഒരാള്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു. ഇതിനു വേണ്ടി അദ്ദേഹം ഇസ്ലാമിലെ ഇബാദത്തുകളെ ദുര്‍വ്യാഖ്യാനിച്ചു. നമസ്കാരം സൈനികപരിശീലനവും പാര്‍ട്ടിയോഗവും ആരാധനകള്‍ ഭരണപരിശീലനവും തഖ്വ ദേശസ്നേഹവും മിഅ്റാജ് ഭരണത്തിനുള്ള മാനിഫെസ്റോ വാങ്ങാനുള്ള യാത്രയുമാണ് മൌദൂദിക്ക്. എല്ലാറ്റിനും രാഷ്ട്രീയ വ്യാഖ്യാനം. മൌദൂദി നിരീക്ഷിക്കുന്നതു കാണുക:
‘നമസ്കാരം,നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയതില്‍ ഇതേ ഒരുക്കങ്ങളും പരിശീലനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ ഭരണകൂടങ്ങളെല്ലാം തങ്ങളുടെ പട്ടാളം, പോലീസ്, സിവില്‍ സര്‍വീസ് മുതലായ വകുപ്പുകളിലേക്ക് തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് ആദ്യമായി ഒരു തരം പരിശീലനം നല്‍കുകയും അനന്തരം അവരെ അതാത് ജോലികളില്‍ നിയമിക്കുകയും ചെയ്യുന്നുഃ പോലെ ഇസ്ലാമും അതിലെ നാനാവിധ ഉദ്ദേശ്യങ്ങളില്‍ നിയമിക്കാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് പ്രഥമമായി ഒരു പ്രത്യേകവിധം പരിശീലനം നല്‍കുകയും പിന്നീട് അവരെക്കൊണ്ട് സമരത്തിനും അല്ലാഹുവിന്റെ ആധിപത്യത്തിനുമുള്ള സേവനം ചെയ്യിക്കാനുദ്ദേശിക്കുകയാണ് ചെയ്യുന്നത്’ (മൌദൂദി, ഖുത്തുബാത്ത് പേ.388)
‘സഹോദരങ്ങളേ, നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ കര്‍മങ്ങളുടെ ഉദ്ദേശ്യം ഇപ്പോള്‍ നല്ല പോലെ ഗ്രഹിച്ചു കഴിഞ്ഞിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ആരാധനാ കര്‍മങ്ങളെല്ലാം വെറും ചില പൂജകള്‍ മാത്രമാണെന്നാണ് നിങ്ങള്‍ ഇതുവരെ വിചാരിച്ചു പോന്നിട്ടുള്ളത്. അതോ നിരവധി കാലമായി ഇതേ തെറ്റിദ്ധാരണയിലാണ് നിങ്ങള്‍ പെട്ടു കിടന്നിരുന്നത്. എത്രയും മഹത്തരവും ത്യാഗസമ്പൂര്‍ണ്ണവുമായ ഒരു സേവനത്തിനുള്ള പരിശീലനമാണീ കര്‍മങ്ങളെന്ന പരമാര്‍ത്ഥം നിങ്ങളെ ഇതേവരെ ആരും പഠിപ്പിച്ചിട്ടില്ല.’ (ഖുത്തബാത്ത് പേ.393)
നോക്കൂ, എത്ര ധിക്കാരപരമായ പരാമര്‍ശങ്ങളാണിത്. നൂറ്റാണ്ടുകളായി പടുക്കളായ പണ്ഡിതര്‍ പോലും നമസ്കാരത്തിന്റെ ലക്ഷ്യം അറിയുമായിരുന്നില്ലെന്ന്! മൌദൂദിക്ക് മുമ്പ് നമസ്കാരത്തെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിഞ്ഞവരായി ആരും ഉണ്ടായിരുന്നില്ലെന്ന്! അറബിഭാഷയില്‍ മൌലികമായി ഒരു കൃതി പോയിട്ട് ലഘുലേഖ പോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, അറബിയില്‍ ഒരു ലഘുപ്രഭാഷണം നടത്താന്‍ പോലും അറിഞ്ഞു കൂടാതിരുന്ന, അറിയപ്പെട്ട ഏതെങ്കിലുമൊരു പണ്ഡിതനില്‍ നിന്ന് ദീനിന്റെ അടിസ്ഥാനങ്ങള്‍ പഠിക്കാനവസരം കിട്ടിയില്ലാത്ത മൌദൂദി തന്നെ ഇതു സ്വയം കണ്ടെത്തിയെന്ന്!
ശിയാആശയങ്ങള്‍ക്കനുകൂലമായി അദ്ദേഹം മുന്നോട്ടു വെക്കുന്ന ഇത്തരം ആശയങ്ങളെല്ലാം വിശുദ്ധ ഖുര്‍ആനിനു വിരുദ്ധമായതു മാത്രമാണ്. ഭൂമിയില്‍ ആധിപത്യം കിട്ടിയാല്‍ ആരാധനകള്‍ കൃത്യമായി നിര്‍വഹിക്കുന്നവരാണ് മുസ്ലിംകള്‍ എന്നതാണ് ഖുര്‍ആനിക വീക്ഷണം. അല്ലാതെ ആരാധനകള്‍ ഭരണത്തിനുള്ള ഉപാധികളാണ് എന്നതല്ല.
‘ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരം വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍. കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു’ (വിശുദ്ധ ക്വുര്‍ആന്‍ 22:41)
പണ്ഡിതലോകത്ത് ഇസ്ലാമിന്റെ വിശ്വാസകാര്യങ്ങള്‍ തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ മുസ്ലിംലോകത്തിന്റെ ആദിമധ്യാന്തകാലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തൌഹീദിനെക്കുറിച്ച വിശദമായ അപഗ്രഥനങ്ങള്‍ നടന്നിട്ടുണ്ട്. തൌഹീദിനെ ഉലൂഹിയത്ത്, റുബൂബിയത്ത് എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. മൌദൂദിക്കു മുമ്പ് ആരെങ്കിലും തൌഹീദിന്റെ വിഭജനത്തില്‍ ഹാകിമിയ്യത്ത് ഉള്‍പ്പെടുത്തിയിട്ടല്ല. ഈ കാര്യം ജമാഅത്ത് അമീറായിരുന്ന കെ.സി.അബ്ദുല്ല മൌലവി തന്റെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇത് പുതിയ ആശയമാണങ്കിലും ഖുര്‍ആനിലും ഹദീസിലും തെളിവുണ്ടെന്നാണ് കെ.സി. സ്ഥാപിക്കാന്‍ ശ്രമിച്ചത്. പക്ഷേ, ഇതിനു പ്രമാണങ്ങളില്‍ യാതൊരു അംഗീകാരവുമില്ല, കേട്ടറിവു പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യയില്‍ ഇസ്ലാം ജലരേഖയോ?
മൌദൂദി ജനാധിപത്യ മതേതര വിരുദ്ധനായിരുന്നു. മാത്രമല്ല, ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ ശിര്‍ക്ക് അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ പോയിന്റുമില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. എങ്കില്‍ ഇന്ത്യരാജ്യത്തെ മുസ്ലിംകളുടെ ഇസ്ലാമിനെക്കുറിച്ച്, ചുരുങ്ങിയത് തങ്ങളുടെ ഇസ്ലാമിനെക്കുറിച്ചെങ്കിലും മൌദൂദിസ്റ്റുകള്‍ക്ക് എന്താണു പറയാനുള്ളത്? അത് വെറും ജലരേഖയാണോ? മൌദൂദി എഴുതുകയും ജമാഅത്തുകാര്‍ ഈ വിഷയകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്തെന്ന് കാണുക:
‘ചുരുക്കത്തില്‍ താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പരവിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടില്‍ ഏതെങ്കിലുമൊന്നിനോടു മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ’. (പ്രബോധനം പു.5, ലക്കം5, 1952)
‘മുസല്‍മാന്‍മാരെ സംബന്ധിച്ചേടത്തോളം, ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിന്നും ഈമാനിന്നും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ക്വുര്‍ആനിനെ പുറകോട്ടു വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോടു ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാിന്റെ പേരില്‍ മുസ്ലിംകളെന്നു നിങ്ങള്‍ സ്വയംഅവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ വിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരമാണ്. അതിന്റെ മൌലികതത്വങ്ങളും ഇതിന്റെ മൌലികതത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും’. (മൌദൂദി, ജമാഅത്തെ ഇസ്ാലമിയുടെ സന്ദേശം പേ.32)
അതാണ് ജമാഅത്തെ ഇസ്ലാമിയുടെ എന്നത്തെയും വാദം. അവര്‍ എഴുതുന്നു:
‘പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ’ (ശിര്‍ക്ക് അഥവാ ബഹുദൈവത്വം).
ഇസ്ലാമികമല്ലാത്ത ഏതു ഭരണകൂടത്തിനു കീഴില്‍ ജീവിക്കുന്നവനും മുശ്രിക്കു തന്നെ എന്ന ഈ വാദം ജമാഅത്തുകാരന്റെ ഒരു പഴയകാലവാദം മാത്രമല്ല, 1988ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ‘ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും’എന്ന പുസ്തകത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്ത് കേരള അസി.അമീര്‍) എഴുതുന്നു:
‘ആധുനിക ലോകത്ത് തൌഹീദിനെതിരെ ഉയര്‍ന്നുവന്ന അതിശക്തമായ വെല്ലുവിളികളിലൊന്നാണ് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ നിമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സിദ്ധാന്തം. ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ അടിസ്ഥാനവും അതു തന്നെ. ജനാധിപത്യം തൌഹീദിനെതിരെ ഉയര്‍ന്നു വന്ന ശിര്‍ക്കാണെന്നും ആ ശിര്‍ക്കന്‍ വ്യവസ്ഥയില്‍ അധിഷ്ഠിധമാണ് ഇന്ത്യന്‍ ഭരണകൂടമെന്നും വ്യക്തമാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഈ കാലത്ത് ഉയര്‍ന്നു വന്ന ഏറ്റവും വലിയ ശിര്‍ക്ക് ജനാധിപത്യമാണത്രെ’.
ഈജിപ്തിന്റെ ആധിപത്യം മുഴുവന്‍ എനിക്കാണെന്ന് വാദിച്ച ഫിര്‍ഔന്റെ പ്രജയും ഭാര്യയുമായി ജീവിച്ച ആസിയാ ബീവിയെ സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ പ്രഖ്യാപിക്കുമ്പോള്‍ അത്തരമൊരു ജീവിതം നയിക്കുന്നത് ശിര്‍ക്കും കുഫ്റുമാണെന്ന് വാദിച്ച് മൌദൂദി ഖുര്‍ആനിന് എതിരാവുന്നു. യൂസുഫ് (അ) അമുസ്ലിം രാജാവിന്റെ കീഴില്‍ ജീവിക്കുക മാത്രമല്ല, തന്റെ ആദര്‍ശത്തിന് കോട്ടം പറ്റാതെ തന്നെ മന്ത്രിസ്ഥാനംചോദിച്ചു വാങ്ങിയ ചരിത്രവും വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. ക്രിസ്ത്യാനിയായ നജ്ജാശിയുടെ കീഴില്‍ അച്ചടക്കം പുലര്‍ത്തി അബ്സീനിയയില്‍ കഴിച്ചു കൂട്ടിയ സ്വഹാബത്തിന്റെ മാതൃകയും മൌദൂദിക്കും മൌദൂദിസ്റ്റുകള്‍ക്കും അന്യമാണ്.
ഇന്ത്യാരാജ്യത്ത് മതന്യൂനപക്ഷമായ മുസ്ലിംകള്‍ സ്വീകരിക്കേണ്ട നിലപാട് ജനാധിപത്യത്തെ വേണ്ടെന്നു വെക്കുകയും ഹൈന്ദവ ഭരണത്തിന് സൌകര്യം ചെയ്തു കൊടുക്കുകയും ചെയ്യണമെന്നത്രെ മൌദൂദി വ്യക്തമാക്കുന്നത്. 1951ല്‍ പോലും റാംപൂരിലെ പ്രസംഗത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അന്നത്തെ അമീര്‍ അബുല്ലൈസ് ഇതേ കാര്യം വ്യക്തമാക്കി. വാജ്പേയ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആദ്യമായി അനുമോദന സന്ദേശമയച്ചത് പാക്കിസ്താനിലെ ജമാഅത്ത് അമീറായിരുന്നുവെന്നത് യാദൃച്ഛികമായിരിക്കില്ലെന്നു കരുതാം. ഇന്ത്യരാജ്യത്ത് ജനസംഘത്തെയും ബി.ജെ.പിയെയും മാലയിട്ടു സ്വീകരിച്ചത് ജമാഅത്തെ ഇസ്ലാമിക്കാര്‍ തന്നെ ആയിരുന്നുവല്ലോ. മൌദൂദി സാഹിബ് ന്യൂനപക്ഷങ്ങളോട് ചെയ്തത് കടുത്ത വഞ്ചനയായിരുന്നു.
വട്ടപ്പൂജ്യത്തിന്റെ മൂല്യോമീറ്റര്‍
ഇങ്ങനെ 1977വരെ ജമാഅത്തെ ഇസ്ലാമി ഈ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ സംവിധാനങ്ങളോടും എതിര്‍ നിലപാട് കാണിക്കുകയാണുണ്ടായത്. അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടപ്പോഴാണ് അവര്‍ വോട്ടിംഗ് എന്ന ശിര്‍ക്ക് അണികള്‍ക്ക് ഹലാലായി പ്രഖ്യാപിച്ചത്. പിന്നീടത് വാജിബായും വിധിക്കുകയുണ്ടായി. ഇന്ദിരാഗാന്ധി തോറ്റ് മൊറാര്‍ജി ജയിച്ചപ്പോള്‍ ‘സത്യം പുലര്‍ന്നു. അസത്യം തകര്‍ന്നു’ എന്ന അര്‍ഥംവരുന്ന ഖുര്‍ആന്‍ ആയത്ത് മുദ്രാവാക്യമാക്കി അവര്‍! 1989ല്‍ ജമാഅത്തിന്റെ പോഷകസംഘടനകള്‍ എഴുതിവച്ചു: ‘ഈ രാഷ്ട്രീയക്കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്’. പക്ഷേ, അതേ വര്‍ഷം തന്നെയാണ് മൂല്യം നോക്കി വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്ത് അതേ കുളിമുറിയില്‍ അവരും നഗ്നരായി പ്രവേശിക്കുന്ന തമാശയുമുണ്ടായത്. അനിസ്ലാമിക സിദ്ധാന്തങ്ങള്‍ക്ക് വോട്ടു ചെയ്യുന്നത് ഹറാമായി വിധിച്ചവര്‍ തന്നെ അതിനെ പാവനകര്‍മമായും അമാനത്തായും പ്രഖ്യാപിച്ചു. ജമാഅത്ത് അമരക്കാരനായിരുന്ന കെ.സി. തന്നെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന തന്റെ പുസ്തകത്തില്‍ ഏറ്റവും വലിയ ത്വാഗൂത്തായി വ്യക്തമാക്കിയ കമ്യൂണിസ്റു പാര്‍ട്ടിക്കു പോലും അവര്‍ മൂല്യം കണ്ടു. എന്തൊരു വൈരുധ്യം! അവര്‍ മറുപടി പറഞ്ഞത് തകരുന്ന കമ്യൂണിസമല്ല വളരുന്ന ഫാസിസമാണ് പ്രശ്നം എന്നായിരുന്നു. എന്നാല്‍ അതേ സമയം തന്നെ ഫാസിസത്തിന്റെ അപ്പോസ്തലനായ അദ്വാനിക്ക് അനുകൂലമായ നിലപാട് അവര്‍ ഡല്‍ഹിയില്‍ സ്വീകരിച്ചു. എതിര്‍ സ്ഥാനാര്‍ഥി മതേതരനായ രാജേഷ്ഖന്നയായിരുന്നു. രാജേഷ് ഖന്ന സിനിമാക്കാരനായതുകൊണ്ടാണത്രെ വോട്ടു നല്‍കാതിരുന്നത്! എന്നാല്‍ ജമാഅത്തിന്റെ ആലയില്‍ വളര്‍ന്നുവന്ന സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുവായൂരില്‍ മൂല്യംകണ്ടത് ഒരു സിനിമാക്കാരനായിരുന്നു താനും!
മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് മൂല്യബോധമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു. മൌലാനാ അബുല്‍ കലാം ആസാദിനെപ്പോലെയുള്ള മുസ്ലിം നേതാക്കളും നെഹ്റുവിനെപ്പോലെയുള്ള അമുസ്ലിം നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ച കാലം. അന്ന് ജമാഅത്തെ ഇസ്ലാമി നല്ല ആളുകളെ നോക്കി വോട്ടു നല്‍കാന്‍ കൂട്ടാക്കിയില്ല. അന്നവര്‍ പ്രബോധനത്തില്‍ എഴുതി:
‘പ്രത്യക്ഷത്തില്‍ ചില വ്യക്തികളാണെങ്കിലും യഥാര്‍ഥത്തില്‍ ചില പ്രസ്ഥാനങ്ങളും സിദ്ധാന്തങ്ങളുമാണ് ഇന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അതിനാല്‍ ആ വ്യക്തികള്‍ക്ക് വോട്ടു കൊടുക്കുക എന്നു പറഞ്ഞാല്‍ അതിന്നര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമികസിദ്ധാങ്ങള്‍ക്ക് ബൈഅത്ത് നല്‍കുകയാണെന്നും അതിനാല്‍ ഒരു യഥാര്‍ഥ മുസല്‍മാന് അത് സാധ്യമല്ലെന്നും ഈ പംക്തികളില്‍ വ്യക്തമാക്കിയിട്ടുണ്ട്’.
രാജീവ് ഗാന്ധി കൊണ്ടുവന്ന കൂറുമാറ്റ നിരോധനബില്‍ പാര്‍ലമെന്റില്‍ പാസ്സായതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു പ്രവണത വന്നു. വ്യക്തികളല്ല, പാര്‍ട്ടിയാണ് പ്രധാനം. പാര്‍ട്ടിയുടെ തീരുമാനം മറികടക്കാന്‍ വ്യക്തികള്‍ക്ക് കാര്യമായ സ്വാധീനമില്ല. കോടതി പിരിഞ്ഞപ്പോഴാണ് ജമാഅത്തിന് ബോധോദയമായത്. എന്നിട്ടോ എല്ലാ പാര്‍ട്ടിക്കും വോട്ടു കൊടുത്തു. അവര്‍ തന്നെ ഒരിക്കലെഴുതി: ‘മൂന്നു വലതു പക്ഷക്കാരും മൂന്ന് ഇടതുപക്ഷക്കാരും ഞങ്ങളുടെ വോട്ടു കൊണ്ടാണ് ജയിച്ചത്’. ഫലമോ? വട്ടപ്പൂജ്യം.
തീവ്രവാദത്തിന്റെ ഉസ്താദ്
ഇസ്ലാം എന്നാല്‍ സമാധാനം, സമര്‍പ്പണം എന്നൊക്കെയാണ് വിവക്ഷ. എന്നാല്‍ മൌദൂദിയുടെ വീക്ഷണത്തില്‍ ഇസ്ലാം എന്നാല്‍ സമാധാനമല്ല, തീവ്രവാദമാണെന്നു കാണാം. നിലവിലുള്ള ഭരണമേതായാലും അതിനെ തച്ചു തകര്‍ത്ത് തല്‍സ്ഥാനത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനുള്ള രാഷ്ട്രാന്തരീയ വിപ്ളവ സംഘടനയാണ് മുസ്ലിം എന്നത്രെ അദ്ദേഹം വിലയിരുത്തിയത്. പള്ളികളില്‍ മുഴങ്ങുന്ന ബാങ്കൊലിയുടെ അര്‍ഥം അറിയുമായിരുന്നെങ്കില്‍ അമുസ്ലിംകള്‍ മുസ്ലിംകളോട് പോരാടാന്‍ വരുമെന്ന് അദ്ദേഹമെഴുതി. കാരണം ബാങ്കിന്റെ വിവക്ഷ അമുസ്ലിംകള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തണമെന്നാണത്രെ.
‘…..മനഃപൂര്‍വമാണ് അതു (ബാങ്ക്) പ്രഖ്യാപിക്കുന്നതെങ്കില്‍ ഈ ദുഷിച്ച ലോകം ഒരിക്കലും ഈ ശബ്ദത്തെ സമാധാനത്തോടെ ശ്രവിക്കുകയില്ല. നിങ്ങള്‍ അങ്ങോട്ടു ശണ്ഠക്കു പോവുന്നില്ലെങ്കിലും ലോകം സ്വയം തന്നെ നിങ്ങളോടു ശണ്ഠക്കു വരുന്നതായിരിക്കും. ഈ ശബ്ദം ഉയര്‍ത്തുന്നതോടെ ലോകം നിങ്ങളുടെ ശത്രുവായി പരിണമിച്ചതായും നിങ്ങളുടെ ചുറ്റുപാടും സര്‍പ്പങ്ങളും തേളുകളും നിറഞ്ഞതായും നിങ്ങള്‍ക്കനുഭവപ്പെടുന്നതായിരിക്കും’ (പേ.11,12; സിയാസീ കശ്മകശ് 3/175,176, പ്രബോധനം 1959, ഫെബ്രുവരി 1). കാരണം ആരുടേയും നിയമം തനിക്കു നിയമമല്ല എന്നാണത്രെ ബാങ്കു വിളിക്കുന്നവന്റെ പ്രഖ്യാപനം!
ഇന്തോനേഷ്യ മുതല്‍ അള്‍ജീരിയ വരെ മുസ്ലിം ലോകത്ത് ഉയര്‍ന്നു വന്ന മുഴുവന്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും ഊര്‍ജം നല്‍കിയത് മൌദൂദിയുടെ ഹാകിമിയ്യത്തുല്ലാ സിദ്ധാന്തമാണെന്ന് ഫഹ്മീ ഹുവൈദിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ് (അല്‍ഖുര്‍ആനു വസ്സ്വുല്‍ത്വാന്‍). മൌദൂദിയുടെ വാദങ്ങള്‍ തിരുത്താതെ ഇന്നും ന്യായീകരിക്കുക തന്നെയാണെങ്കില്‍ അപകടമാണ്.
ജമാഅത്ത് 50ാം വാര്‍ഷികത്തിന്റെ പ്രബോധനം സ്പെഷല്‍ പതിപ്പില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ അവര്‍ അഭിമാന പൂര്‍വം അവതരിപ്പിക്കുന്ന ചില സവിശേഷതകള്‍ കാണുക:
‘താഴ്വരയില്‍ തീവ്രവാദം ശക്തിപ്പെട്ടതിനു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്സ് എന്ന സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്’.
‘വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന തഹ്രീകെ ഹുര്‍റിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വാതന്ത്യ്ര പ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്കു രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാന്‍ അബ്ദുല്‍ക്വയ്യൂമാണ് മുന്നണിയുടെ അധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അശ്റഫ് സഹ്റായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപംനല്‍കിയ മുത്തഹിദ് ജിഹാദ് കൌണ്‍സിലിന്റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളാണ്’ (പേ.145).
കാഫിറാക്കല്‍ പ്രസ്ഥാനം
അദ്ദേഹം ചെയ്ത മറ്റൊരു കാര്യം തങ്ങളടക്കം മുസ്ലിം സമുദായമൊന്നടങ്കം കാഫിറാണെന്ന് വാദിക്കുകയാണ്. ഇസ്ലാമിക ഭരണകൂടം നിലനില്‍ക്കാത്തിടത്ത് ജീവിക്കുന്ന മുസ്ലിംകളെല്ലാം കാഫിറാണെന്ന് അദ്ദേഹം വിധിച്ചു. ഡോ. മുഹമ്മദ് അമ്മാറ എഴുതി:
‘ഇന്നത്തെ മുസ്ലിംകളുടേയും സമൂഹത്തിന്റേയും അവസ്ഥ ജാഹിലിയ്യ: എന്നു വിശേഷിപ്പിച്ചതു കൊണ്ടും എല്ലാവരും കുഫ്റില്‍ പതിച്ചു എന്ന് വിധി പ്രസ്താവിച്ചതു കൊണ്ടും പൂര്‍വികചിന്തകരില്‍ നിന്നും ഗവേഷകരില്‍ നിന്നും പരിഷ്കര്‍ത്താക്കളില്‍ നിന്നും ഇസ്ലാമികലോകത്തെ പടുക്കളായ പണ്ഡിതരില്‍ നിന്നും മൌദൂദി ഒറ്റപ്പെട്ടിരിക്കുന്നു’ (അബുല്‍ അഅ്ലാ മൌദൂദി വ സ്വഹ്വത്തുല്‍ ഇസ്ലാമിയ്യ).
തങ്ങളടക്കം കാഫിറാണെന്ന് സമ്മതിച്ച വേറൊരു കൂട്ടര്‍ ലോകത്തുണ്ടാവില്ല. അബൂജഹ്ലടക്കമുള്ള മക്കാമുശ്രിക്കുകള്‍ പോലും തങ്ങള്‍ ശിര്‍ക്ക് ചെയ്യുന്നുവെന്ന് അംകീകരിച്ചിട്ടില്ല. ‘അല്ലാഹു സത്യം! ഞങ്ങള്‍ മുശ്രിക്കുകളായിരുന്നില്ല’ എന്നാണ് കള്ളം പറയാന്‍ സാധിക്കാത്ത നാളില്‍, മഹ്ശറില്‍ വച്ച് അവര്‍ പറയുകയെന്ന് പരിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശിര്‍ക്കു ചെയ്യുകയാണെന്ന പതിത്വത്തോടുകൂടി നിര്‍ബന്ധ സാഹചര്യമെന്ന് വിധിച്ച് ശിര്‍ക്ക് ചെയ്യാന്‍ ഇക്കൂട്ടര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് നബി(സ)യുടെ സദസ്സില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. എന്നാല്‍ മുസ്ലിമായതിനു ശേഷവും മോഷണത്തിനും വ്യഭിചാരത്തിനും ശിക്ഷിക്കപ്പെട്ടവര്‍ ആ സദസ്സിലുണ്ടായിരുന്നില്ലേ? ജമാഅത്തുകാരന്റെ സവിശേഷത തന്നെ മറിച്ചുള്ളൊരു സ്വഭാവമാണെന്നാണ് അവര്‍ പറയുന്നത്. ശിര്‍ക്കു ചെയ്യുന്നവര്‍ക്കവിടെ സ്ഥാനമുണ്ട്. ‘ഞങ്ങളില്‍ ബറേല്‍വികളും ദയൂബന്തികളും സലഫികളുമുണ്ട്….’എന്ന് അഭിമാനപൂര്‍വമാണ് അവരെഴുതുന്നത്. മുഖവും രണ്ടും കൈപത്തികളും കാല്‍മുട്ടുകളും നിലത്തു പതിച്ച് ദര്‍ഗകള്‍ക്കു മുന്നില്‍ സുജൂദ് ചെയ്യുന്നവരാണ് ബറേല്‍വികളെന്നത് മറക്കാതിരിക്കുക.

ശിയാബാന്ധവം
ജമാഅത്തെ ഇസ്ലാമിക്ക് ശിയാക്കളുമായുള്ള ആത്മബന്ധത്തിനു കൂടുതല്‍ തെളിവുകള്‍ വേണ്ട. ശിയാക്കളുടെ അടിസ്ഥാനവിശ്വാസപ്രമാണമാണ് ഇമാമത്ത്. അതായത് അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കു ശേഷം അലി(റ) മുതല്‍ പന്ത്രണ്ടു ഇമാമുകള്‍ക്കു മാത്രമേ ലോകം ഭരിക്കാന്‍ അവകാശമുള്ളൂവെന്ന വിശ്വാസം. ഇമാമിനു വേണ്ടി ഭരണം നടത്തേണ്ടത് ആത്മീയനേതാക്കളായ പണ്ഡിതരാണ് എന്ന ‘വിലായത്തെ ഫക്വീഹ്’ വാദം. അതു തന്നെയാണ് മൌദൂദിയുടെ ഹാകിമിയ്യത്തുല്ലാഹ് സിദ്ധാന്തത്തിന്റേയും ആധാരം.
ശിയാക്കളുടെ ഇഥ്നാ അശരി വിശ്വാസത്തെ തങ്ങളുടെ ഔദ്യോഗികമതമായി പ്രഖ്യാപിച്ച ഇറാനിലെ 1979ലെ ഖുമൈനിയന്‍ ശീഈ വിപ്ളവത്തെ പ്രശംസിച്ചു കൊണ്ട് മൌദൂദി എഴുതി:
‘ഖുമൈനിയുടെ വിപ്ളവം തികച്ചും ഇസ്ലാമിക വിപ്ളവമാണ്. വിപ്ളവത്തിനു നേതൃത്വം നല്‍കുന്നത് ഇസ്ലാമിക(?)സംഘടനയും അവരില്‍ നിന്നു പരിശീലനം നേടിയ യുവാക്കളുമാണ്. അതുകൊണ്ട് മുസ്ലിംകള്‍ പൊതുവിലും സംഘടനകള്‍ പ്രത്യേകിച്ചും ഈ വിപ്ളവത്തെ പിന്തുണക്കുകയും എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് ഈ വിപ്ളവത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്’ (മജല്ലത്തുദ്ദഅ്വ, 1979 ആഗസ്ത്, കൈറോ).
സ്വഹാബികള്‍ കാഫിറാണെന്നു പ്രചരിപ്പിച്ച, യഥാര്‍ത്ഥ ക്വുര്‍ആനില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഖുമൈനിയുടെ വിയോഗം തീരാ നഷ്ടമാണെന്നാണ് ജമാഅത്ത് അഖിലേന്ത്യാ അമീര്‍ വിലയിരുത്തിയത്! അഗാധദു:ഖം രേഖപ്പെടുത്താനും അയാളുടെ പരലോകശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും മറന്നതുമില്ല. (പ്രബോധനം 1989 ജൂണ്‍ 24). മൌദൂദിയുടെ മരണത്തില്‍ ശിയാക്കളും അങ്ങേയറ്റത്തെ ദു:ഖം പ്രകടിപ്പിക്കുകയുണ്ടായി.
‘ഉസ്താദ് മൌദൂദി മരണപ്പെട്ടപ്പോള്‍ ലോകമുസ്ലിം പണ്ഡിതരെല്ലാം അസാധാരണമായ ദു:ഖം രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ പ്രശംസിക്കുകയും ചെയ്തു. പരേതന്‍ മുസ്ലിംകളുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും സത്യം തുറന്നു പറയാന്‍ ധൈര്യം കാണിക്കുകയും ചെയ്തു. തന്റെ പ്രസിദ്ധമായ അല്‍ഖിലാഫത്തു വല്‍ മുല്‍ക്ക് എന്ന കൃതി കാലമെത്ര കഴിഞ്ഞാലും അദ്ദേഹത്തെക്കുറിച്ച് നല്ല ഓര്‍മ്മ നിലനിറുത്തും. മൂന്നു ഖലീഫമാരേയും അദ്ദേഹം ആ ഗ്രന്ഥത്തില്‍ നിശിതമായി നിരൂപണം നടത്തിയിട്ടുണ്ട്’ (മജല്ലത്തുശീഅ: 1979 ഒക്ടോബര്‍).
ആദ്യത്തെ മൂന്നു ഖലീഫമാരും ഖിലാഫത്ത് അലി(റ)വില്‍ നിന്ന് അന്യായമായി തട്ടിപ്പറിച്ചെടുത്തതാണെന്നു വിശ്വസിക്കുന്ന ശിയാക്കള്‍ക്ക് മൌദൂദിയുടെ സ്വഹാബീ നിരൂപണങ്ങളും വിമര്‍ശനങ്ങളും സ്വീകാര്യമാവുന്നത് സ്വാഭാവികം മാത്രമാണ്. ശിയാക്കള്‍ സ്വഹാബികളെക്കുറിച്ച് ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ പോലും മൌദൂദിസ്റ്റുകള്‍ യാതൊരു മന:പ്രയാസവുമില്ലാതെ പ്രചരിപ്പിക്കുന്നുമുണ്ട്. ഉഥ്മാന്‍(റ)വിനെക്കുറിച്ച് ജാഹിലിയ്യത്തും കുഫ്റും ആരോപിക്കുന്ന ഗ്രന്ഥങ്ങള്‍ വരെ അവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇറാനില്‍ നിന്ന് ഇമാമത്തു വാദം മാത്രമല്ല, സിനിമയും മ്യൂസിക്കും തീവ്രവാദവും സമാസമം ഇറക്കുമതി ചെയ്ത് നാവികനില്ലാത്ത കപ്പലില്‍ യാത്ര ചെയ്യുന്നു ജമാഅത്തെ ഇസ്ലാമി. ജമാഅത്ത് കുട്ടികള്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ നടത്തലും ഫിലിം സ്റ്റാറുകള്‍ക്ക് ഇഫ്ത്വാര്‍ വിരുന്നൊരുക്കലും അമീറുമാരെക്കൊണ്ട് സിനിമാക്കാര്‍ക്ക് അവാര്‍ഡ് നല്‍കിക്കലുമൊക്കെയാണ് ഇപ്പോള്‍ പ്രബോധനം! അതേ സമയം മൌദൂദിയന്‍ വാദങ്ങളുടെ ചൂടേറ്റു വളരാന്‍ ശ്രമിക്കുന്ന തീവ്രവാദചലനങ്ങളുടെ സംഘങ്ങളെക്കണ്ട് പകച്ചു നില്‍ക്കുകയും ചെയ്യുന്നു ഇക്കൂട്ടര്‍.
സലഫീ ആദര്‍ശത്തിനെതിര്
പൂര്‍വികരായ സലഫുകളുടെ മാര്‍ഗത്തില്‍ കലര്‍പ്പില്ലാത്ത ഇസ്ലാമിനെ സുതാര്യമായി ദഅ്വത്ത് ചെയ്ത് യഥാര്‍ഥധര്‍മം നിര്‍വഹിക്കാന്‍ എന്നാണവര്‍ക്ക് രംഗത്തു വരാന്‍ കഴിയുക? ഭൌതിമായ നിസ്സാര അജണ്ടകള്‍ പ്രസ്ഥാനത്തിന്റെ മുഖ്യഅജണ്ടയായി കാണുന്ന ഗതികേടില്‍ നിന്ന് പുറത്തുവന്ന് ഇസ്ലാം മുഖ്യ അജണ്ടയായി നിശ്ചയിച്ച പരലോക മോക്ഷത്തിന്റെ അജണ്ടകളെ പ്രാധാന്യ പൂര്‍വം പരിഗണിക്കാനും ഇറാനിന്റെയും ശീഇസത്തിന്റെയും അടിമവൃത്തിയില്‍ നിന്ന് കരകയറാനും ഇവര്‍ക്കെന്നാണ് കഴിയുക? ആഗോള സലഫീ പണ്ഡിതന്മാരെക്കുറിച്ച് ഇവര്‍ക്കുള്ള മതിപ്പു നോക്കൂ:
‘മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനിസ്കര്‍ട്ടും ഒരു കാലത്തും ബാര്‍ബറുടെ കരങ്ങള്‍ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും ദന്തങ്ങളില്‍ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും ഇവരെ വേര്‍തിരിച്ചു നിറുത്തുന്നു. സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും ശത്രുക്കളായ ഈ സലഫി മുതശദ്ദിദുകള്‍ ഏറ്റവുമൊടുവില്‍ ഏര്‍പ്പെട്ടിരിക്കുന്നത് നമസ്കാരത്തിന്റെ തശഹ്ഹുദില്‍ ചൂണ്ടുവിരല്‍ ഇളക്കിക്കൊണ്ടിരിക്കണമോ വെറുതെ നിറുത്തിയാല്‍ മതിയോ എന്ന വിവാദത്തിലാണ്. നമസ്കാരത്തില്‍ കൈ നെഞ്ചിനുമീതെ തന്നെ വേണമെന്നതും അലംഘനീയമാണ്'(പ്രബോധനം, 92 ജൂണ്‍ 27).
യഥാര്‍ത്ഥത്തില്‍ പ്രവാചകനേയും സ്വഹാബത്തിനേയുമാണ് ഇവര്‍ പരിഹസിക്കുന്നതെന്ന് സലഫീ വിരോധത്തിന്റെ അന്ധതയില്‍ ഇവര്‍ തിരിച്ചറിയുന്നില്ലെന്നു മാത്രം.
സ്വഹാബികള്‍ ദീനാറുവാങ്ങി വ്യാജഹദീഥുണ്ടാക്കുന്നവരാണെന്നും ഉഥ്മാന്‍(റ) അഴിമതിക്കാരനും ഇസ്ലാമിനും ജാഹിലിയ്യത്തിനും ഇടയിലെ ഇടക്കണ്ണിയായിരുന്നെന്നും പറയാനും എഴുതി വിതരണം ചെയ്യാനും മടയില്ലാത്ത മൌദൂദിസ്റ്റുകള്‍ എന്നിട്ടും പറയുന്നു, ഞങ്ങളും ആഗോള സലഫികളും ഒന്നു തന്നെയെന്ന്! അതേസമയം ശൈഖ് ഇബ്നുബാസ് അടക്കമുള്ള പ്രമുഖ സലഫീ പണ്ഡിതര്‍ മൌൌദൂദിയുടെ ഇബാദത്ത് വീക്ഷണം തെറ്റാണെന്നും ഇഖ്വാനിസവും മൌദൂദിസവും പിഴച്ച മാര്‍ഗത്തിലാണെന്നും സലഫീ മാര്‍ഗത്തിലേക്ക് അവര്‍ മടങ്ങേണ്ടതുണ്ടെന്നും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. മൌദൂദി പ്രണേതാക്കള്‍ ആ നിരീക്ഷണങ്ങളൊന്ന് ഹൃദയം തുറന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍!
കാലവും സന്ദര്‍ഭവും അനുസരിച്ച് സ്വന്തം ആശയങ്ങള്‍ സൂക്ഷിച്ചും ശ്രദ്ധിച്ചും മാത്രം വെളിപ്പെടുത്തുകയും വേണ്ടിവന്നാല്‍ അവ്യക്തസുന്ദരമായി സംസാരിക്കുകയും ചെയ്യുന്ന ശിയാക്കളുടെ നയമാണ് തക്വിയ്യത്ത്. അത് ദീനിന്റെ അടിസ്ഥാനമാണെന്നും അവര്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രചനകളും ആധുനിക കുമ്പസാരങ്ങളും തങ്ങള്‍ ശിര്‍ക്കും കുഫ്റും താഗൂത്തുമെന്നെല്ലാം പരിചയപ്പെടുത്തിയ കാര്യങ്ങളോട് ഇപ്പോള്‍ അറപ്പില്ലാതെ ഇടപെടുന്നതും തക്വിയ്യയുടെ ഭാഗമാണെന്നു ഗ്രഹിക്കാന്‍ അതിബുദ്ധി വേണ്ട. ജമാഅത്തെ ഇസ്ലാമിയുടേയും ജമാഅത്തിന്റെ പോറ്റുപുത്രനായ സിമിയുടെ വകഭേദങ്ങളായ മൌദൂദിയന്‍ തീവ്രവാദി ഗ്രൂപ്പുകളുടേയും ഹിഡന്‍ അജണ്ടയെ സംബന്ധിച്ച് രാഷ്ട്രം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.
പൊതുപ്രവര്‍ത്തനത്തിന്റേയും സാമൂഹ്യ അജണ്ടകളുടേയും മുഖംമൂടിയണിഞ്ഞുള്ള ഇസ്ലാം നാട്യം തനിച്ച കാപട്യം മാത്രമാണ്. രാഷ്ട്രീയ ദുര്‍മോഹങ്ങളുടെ പേരില്‍ മതത്തെ ദുരുപയോഗപ്പെടുത്തിയ ശിയാക്കളും ഖവാരിജുകളും ക്വര്‍മത്തികളുമുള്‍പ്പെടെയുള്ള ഇസ്ലാമിക ചരിത്രത്തില്‍ കടന്നുപോയ മതരാഷ്ട്രസംഘങ്ങളുടെ ദുര്‍ഗതി തന്നെയാണ് ജമാഅത്തെ ഇസ്ലാമിയേയും മറ്റ് ഇഖ്വാനീ പ്രസ്ഥാനങ്ങളേയും കാത്തിരിക്കുന്നതെന്നു തിരിച്ചറിഞ്ഞ്, സമാധാനമാര്‍ഗത്തിലൂടെ പ്രവാചകന്‍(സ)യും സംഘവും നിര്‍വഹിച്ച ഇസ്ലാമിക പ്രബോധനം എന്ന മഹത്തായ ദൌത്യത്തിലേക്ക് തിരിച്ചു വന്നാല്‍ അവര്‍ക്കു നന്ന്. പ്രമാണത്തിന്റെ പിന്‍ബലത്തില്‍ സമാധാനത്തിന്റെ ആദര്‍ശമായ ഇസ്ലാമിനെ സുതാര്യമായി പരിചയപ്പെടുത്തുക എന്ന സലഫികള്‍ ലോകത്തുടനീളം പിന്തുടര്‍ന്നു പോരുന്ന മാതൃകാ പ്രവര്‍ത്തനമാണത്.