പത്തു പതിനൊന്നു വാര്‍ഷികങ്ങള്‍

ഐക്യസംഘം പത്താം വാര്‍ഷികം

സംഘത്തിന്റെ പത്താം വാര്‍ഷിക സമ്മേളനം കാസര്‍കൊട്ടുവെച്ചാണ് നടന്നത്. അധ്യക്ഷന്‍ മദ്രാസുകാരനായ സയ്യിദ് അബ്ദുല്‍ വഹാബ് ബുഖാരി സാഹിബായിരുന്നു.

“ഇവിടെവെച്ച് ഐക്യസംഘത്തിന്റെ വാര്‍ഷികയോഗം നടക്കാന്‍ പോകുന്നുണ്ടെന്ന് കേട്ടു. ആ യോഗത്തില്‍ ആരും പങ്കെടുക്കരുത്,” എന്ന് അന്നത്തെ കാസര്‍കോട്ടെ ഖാസിയും മുദരിസുമായ തറക്കണ്ടി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ജനങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അറബി ഷംനാട് അദ്ദേഹത്തെ കണ്ട് സംസാരിച്ചപ്പോള്‍ ‘ഐക്യസംഘക്കാരില്‍ തെറ്റുണ്ടെന്ന നിലക്കല്ല ഞാന്‍ അങ്ങനെ പറഞ്ഞത്. മറിച്ച് അവരുടെ ഭാഷ ഈ നാട്ടുകാര്‍ക്ക് മനസ്സിലാകാത്തതുകൊണ്ട് തെറ്റിദ്ധരിക്കപ്പെടാന്‍ ഇടവന്നേക്കുമെന്ന് കരുതി മാത്രമാണ്’ എന്ന് പറഞ്ഞ് മുസ്ലിയാര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സമ്മേളനം കഴിഞ്ഞ് രണ്ടാഴചക്കകം മുസ്ലിയാര്‍ കാസര്‍കോട് വിടുകയും ചെയ്തു.

ഐക്യസംഘം പതിനൊന്നാം വാര്‍ഷികം

ഐക്യസംഘത്തിന്റെ പതിനൊന്നാം വാര്‍ഷികം അതിന്റെ ജന്മദേശമായ എറിയാട്ടുവെച്ച് തന്നെയാണ് ആഘോഷിക്കപ്പെട്ടത്. അധ്യക്ഷന്‍ അഡ്വ.ബി.പോക്കര്‍ സാഹീബുമായിരുന്നു. രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു സമ്മേളനം നടന്നത്. രണ്ടാംദിവസത്തെ യോഗം അവസാനിക്കുന്നതിന്റെ അല്‍പം മുമ്പായി സെന്റ് ജോര്‍ജ് ഗസ്റുമായി ഒരാള്‍ ആഹ്ളാദത്തോടെ അവിടെവന്ന് ഇങ്ങനെ പറഞ്ഞു:- മലബാര്‍ ലഹളയുടെ പേരില്‍ പിടികിട്ടുവാനുള്ളവരുടെ പേരിലുണ്ടായിരുന്ന ചാര്‍ജ്ജുകള്‍ ഗവണ്‍മെന്റ് പിന്‍വലിച്ചിരിക്കുന്നു. അക്കൂട്ടത്തില്‍ കെ.എം.മൌലവിയുടെ പേരുമുണ്ട്. (1921ലെ മലബാര്‍ കലാപത്തിന്റെ പേരില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് രാജ്യദോഹ കുറ്റം ചുമത്തിയ ക്രിമിനല്‍ പുള്ളികളില്‍ ഒരാളായിരുന്നു കെ.എം.മൌലവി സാഹിബ്. പക്ഷേ, ദൈവാനുഗ്രഹത്താല്‍ പിടികൊടുക്കാതെ ബ്രിട്ടീഷ് ഭരണപ്രദേശമല്ലാത്ത കൊടുങ്ങല്ലൂരില്‍ എങ്ങനയോ അദ്ദേഹം എത്തിപ്പെട്ടു. അങ്ങനെ ഏകദേശം ഒരു വ്യാഴവട്ടക്കാലം അദ്ദേഹം അവിടെ കഴിച്ചുകൂട്ടി). മേല്‍പറഞ്ഞ സദസ്സിലുണ്ടായിരുന്ന ആഹ്ളാദത്തിന് കയ്യും കണക്കുമില്ല. ഇതിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന യോഗാധ്യക്ഷന്റെ സന്തോഷം സീമാതീതവുമായിരുന്നു.

ഉടനെ എം.സി.സി.—അബ്ദുറഹമാന്‍ മൌലവി ഒരു അപേക്ഷയുമായി മുമ്പോട്ട് വന്നു. കെ.എം.മൌലവി സാഹിബിനെ മലബാറിലേക്ക് വിട്ടുതരമെന്നായിരുന്നു ആ അപേക്ഷ. അതിനെ പലരും എതിര്‍ത്തിരുന്നുവെങ്കിലും സംഘത്തിന്റെ ഉദ്ദേശങ്ങളും ആദര്‍ശങ്ങളും മലബാറിലും കൂടി വ്യാപിപ്പിക്കുന്നതിന് അത് നന്നായിരിക്കുമെന്ന നിലക്ക് ഒടുവില്‍ ആ അപേക്ഷ സ്വീകരിക്കപ്പെടുകയാണുണ്ടായത്.

ഐക്യസംഘത്തിന്റെ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ വാര്‍ഷിക സമ്മേളനം കണ്ണൂര്‍ അറക്കല്‍ കെട്ടിനകത്തുവെച്ച് അബ്ദുല്‍ ഹമീദ് ഖാന്റെ (മദിരാശി) അധ്യക്ഷതയില്‍ ഭംഗിയായി കൊണ്ടാണപ്പെട്ടു.