ഐക്യസംഘം ആറാം വാര്‍ഷികം

ഐക്യസംഘത്തിന്റെ 6-ാം വാര്‍ഷികം 28ല്‍ തിരൂരില്‍വെച്ച് ചേരാനാണ് തീരുമാനിച്ചത്. അതിനുള്ള പ്രവര്‍ത്തനം കാലേക്കൂട്ടി ആരംഭിക്കുകയും ചെയ്തു. അധ്യക്ഷസ്ഥാനത്തേക്ക് ക്ഷണിച്ചത് മദിരാശിയിലെ ഡോക്ടര്‍ അബ്ദുല്‍ ഹഖിനെയായിരുന്നു. കയനിക്കരക്കാരുടെ അങ്ങാടിയിലുള്ള ഒരു പീടികമുകളില്‍ സ്വാഗതസംഘം ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

ആദ്യം അലട്ടൊന്നുമുണ്ടായില്ലെങ്കിലും സമ്മേളനം അടുത്തതോടെ പൊന്നാനിയില്‍നിന്നും മറ്റും എതിര്‍ പ്രചാരക്കാര്‍ വന്ന് പ്രവര്‍ത്തിച്ചുതുടങ്ങി. കൊടുങ്ങല്ലൂരില്‍നിന്ന് ചില കുസൃതികള്‍ വന്ന് ഐക്യസംഘത്തിനെതിരായി കവല പ്രസംഗങ്ങള്‍ നടത്തുകപോലുമുണ്ടായി. ഇവരുടെ സംഘടിത പ്രവര്‍ത്തനം സമ്മേളന ഭാരവാഹികളെ കുറച്ചൊന്നുമല്ല ശല്യപ്പെടുത്തിയത്. പുറത്തിറങ്ങി സ്വൈരമായി സഞ്ചരിക്കാര്‍ അവര്‍ക്ക് വയ്യാതായി. എവിടെനിന്നല്ലാതെ കല്ലുകള്‍ അവരുടെ തലയിലും മറ്റും വീണുതുടങ്ങി. പോലീസില്‍ ആവലാതിപ്പെട്ടുനോക്കി. യാതൊരു ഫലവുമുണ്ടായില്ല. അവിടെയുള്ള പണക്കാരെയും പ്രമാണിമാരെയുമെല്ലാം ശത്രുക്കള്‍ സ്വാധീനിച്ചുകളഞ്ഞിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം ആവശ്യത്തിന്, എത്ര ചാര്‍ജ് കൊടുത്താലും ഒരു ടാക്സി കാര്‍പോലും സമ്മേളന ഭാരവാഹികള്‍ക്ക് കിട്ടാതായി.

സമ്മേളനത്തിന്റെ തലേദിവസം മദിരാശിയില്‍നിന്ന് അധ്യക്ഷന്‍ വന്നിറങ്ങി. അദ്ദേഹത്തെ ടി.ബിയിലെത്തിക്കാന്‍, സമ്മേളന ഭാരവാഹികള്‍ക്ക് ഒറ്റവാഹനവും കിട്ടിയില്ല. അവര്‍ സ്റേഷനില്‍ പോയി സ്ഥിതിഗതികളും നിസ്സഹായാവസ്ഥയും അധ്യക്ഷനെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു:

“ആവട്ടെ: നല്ല കാര്യത്തിനിങ്ങിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും. അതില്‍ നിരാശപ്പെടാന്‍ പാടില്ല. നമുക്ക് നടക്കാം”. കാല്‍നടയായി അധ്യക്ഷനും അദ്ദേഹത്തെ സ്വീകരിക്കാന്‍ പോയ പ്രവര്‍ത്തകരും ടി.ബിയിലെത്തി.

രാത്രിവണ്ടിക്ക് മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയും സീതിസാഹീബും വരുന്നുണ്ടെന്ന വിവരമറിഞ്ഞ് സമ്മേളന ഭാരവാഹികള്‍ സ്റേഷനിലേക്ക് കുതിച്ചു. കോഴിക്കോട്ടേക്കുള്ള രണ്ട് ടിക്കറ്റുമെടുത്ത് പ്ളാറ്റ്ഫോമില്‍ വണ്ടിവരുന്നത് കാത്തുനിന്നു. വണ്ടിവന്നു. ഇരുവരെയും കാണേണ്ട താമസം! ഭാരവാഹികള്‍ അവരെ വിവരങ്ങളെല്ലാം ധരിപ്പരിച്ചു. കൈവശമുണ്ടായിരുന്ന രണ്ട് ടിക്കറ്റ് അവരുടെ പക്കല്‍ കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിരുവരും നേരെ കോഴിക്കോട്ടുപോയി സൂപ്രണ്ടിനെ കണ്ട് കാര്യം ധരിപ്പിച്ച് വേണ്ട പരിഹാരമുണ്ടാക്കണം!”

ഇരുവരും കോഴിക്കോട്ട് പോയി. പക്ഷെ, സൂപ്രണ്ട് മഞ്ചേരിയിലായിരുന്നു. ഉടനെ ടാക്സിയുമെടുത്ത് മഞ്ചേരിയിലേക്ക് പോയി. നേരം വെളുക്കാന്‍ നേരത്ത് നാലുമണിക്കാണ് സൂപ്രണ്ടിനെ കാണാന്‍ കഴിഞ്ഞത്. അദ്ദേഹം മണപ്പാടന്റെ ഒരു സുഹൃത്തായിരുന്നു. തിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ സൂപ്രണ്ടിന്റെ മരുമകനായിരുന്നു. അപ്പോള്‍തന്നെ അദ്ദേഹം സബ് ഇന്‍സ്പെക്ടര്‍ക്ക് ചൂടുള്ള ഒരു കത്ത് കൊടുക്കുകയും സമ്മേളനത്തിന് വന്നുചേരാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. സീതിസാഹീബും മണപ്പാടനും കത്തുമായി കാറില്‍തന്നെ തിരൂരില്‍വന്നു. സ്വാഗതസംഘം ഭാരവാഹികളില്‍പെട്ട പി.എം.സിക്കന്തര്‍ സാഹിബ് ആ കത്ത് ഇന്‍സ്പെക്ടര്‍ക്ക് കൊണ്ടുപോയിക്കൊടുത്തു. അത് കണ്ടപ്പോള്‍ അയാള്‍ വിറച്ചു തുടങ്ങി. “എന്തിനാണ് നിങ്ങള്‍ അമ്മാവനെ സമീപിച്ചത്? ഞാന്‍ തന്നെ കാര്യങ്ങളെല്ലാം ശരിപ്പെടുത്തിത്തരുമായിരുന്നില്ലേ” എന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു. “നിങ്ങളുടെ ശരിപ്പെടുത്തലൊക്കെ ഞങ്ങള്‍ കണ്ട” എന്നുമാത്രം പറഞ്ഞുകൊണ്ട് സിക്കന്തര്‍സാഹിബ് തിരിച്ചുപോന്നു.

അധികം കഴിഞ്ഞില്ല പോലീസുകാര്‍ റോന്ത് ചുറ്റുന്നതും കവലകളിലെല്ലാം കാവല്‍ നില്‍ക്കുന്നതും കാണാറായി. അതുവരെ കേട്ടുകൊണ്ടിരുന്ന അപബ്ദങ്ങളൊക്കെ അതോടെ അടങ്ങി.

സമ്മേളനത്തിന് തെക്കുനിന്നും വടക്കുംനിന്നും ആയിരക്കണക്കിനാളുകള്‍ വന്നെത്തി. കൂട്ടത്തില്‍ വക്കം അബ്ദുള്‍ ഖാദിര്‍ മൌലവിയുമുണ്ടായിരുന്നു. സമ്മേളനത്തില്‍ സീതി സാഹിബിന്റെയും മണപ്പാടന്റെയും പ്രസംഗങ്ങള്‍ കേട്ടത് മതിയായില്ലെന്നായിരുന്നു സദസ്യരുടെ ആവലാതി.

സമ്മേളനാനന്തരം അധ്യക്ഷനെ ടി.ബിയില്‍ നിന്ന് റെയില്‍വേ സ്റേഷനിലേക്ക് കാറില്‍ കൊണ്ടുപോകാന്‍ നാട്ടുകാരും പോലീസുകാരും ഒരു തീവ്രശ്രമം തന്നെ നടത്തി നടത്തിനോക്കിയിരുന്നു. എന്നാല്‍ അദ്ദേഹം കൂട്ട.ക്കിയില്ല. “ഇങ്ങോട്ടുവന്നപോലെ തിരിച്ചുപോകാനും എനിക്കറിയാം” എന്ന് പറഞ്ഞുകൊണ്ട് കാല്‍നടയായിതന്നെ അദ്ദേഹം ടി.ബിയില്‍നിന്ന് സ്റേഷനിലേക്ക് പോയി.