ഒരു പരാമര്‍ശവും കുറെ ഒച്ചപ്പാടുകളും

ഇതിനിടക്ക് സംഘം ഒരടികൂടി മുമ്പോട്ടുവെച്ച് ‘മുസ്ലിം ഐക്യസംഘം’ എന്ന പേരില്‍ ഒരു മാസിക തുടങ്ങി. ഒരിക്കല്‍ ആ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇ.കെ.മൌലവി സാഹിബിന്റെ ഒരു ലേഖനത്തില്‍’ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ പറഞ്ഞതുപോലെ’ എന്ന് എഴുതിയിരുന്നു. ഇതുകണ്ട ചില ഖുറാഫി പണ്ഡിതന്‍മാര്‍ ഒരു പ്രക്ഷോഭംതന്നെ സൃഷ്ടിച്ചുവിട്ടു. “കണ്ടില്ലേ ഈ ലേഖനം? ഇബ്നുതൈമിയ്യാ ശൈഖുല്‍ ഇസ്ലാമാണ്പോല്‍! അയാള്‍ വഴിതെറ്റിയവനും വഴി തെറ്റിക്കുന്നവനുമാണെന്നല്ലേ ഇബ്നുഹജര്‍ ഫത്താവയില്‍ പറഞ്ഞിട്ടുള്ളത്?” എന്നൊക്കെ പറഞ്ഞു. ‘ഫത്താവ’ വായിച്ചുകേള്‍പിച്ചും ഐക്യസംഘത്തിന്റെ അനുഭാവികളായിരുന്ന ചില ആളുകളെ അവര്‍ ഇളക്കിവിടാന്‍ ശ്രമിച്ചു. ഇബനുഹജറിന്റെ ഫത്താവക്ക് ഖുര്‍ആനിന്റെറ സ്ഥാനമാണ് അന്ന് ജനങ്ങള്‍ കല്‍പിച്ചിരുന്നത്. ഒടുവില്‍ ഒരു യോഗം വിളിക്കാനും, അതില്‍ ലേഖനകര്‍ത്താവായ ഇ.കെ.മൌലവിയെ ക്ഷണിക്കാനും, അയാളോട് വിശദീകരണം ആവശ്യപ്പെടാനും തീരുമാനിക്കപ്പെട്ടു. യോഗത്തില്‍ ലേഖകന്‍ ആദ്യംതന്നെ ഇബ്നുഹജറിന്റെ ഫത്ത്വയുടെ അവസാനഭാഗം ഉദ്ധരിച്ചു. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു: “ഇബ്നു തൈമിയ്യായുടെ പേരിലുള്ള ആരോപണങ്ങളൊന്നും അദ്ദേഹിത്തിന്റെ കൃതികളില്‍ കാണുകയില്ലെന്നാണ് ചിലര്‍ പറയുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണുകയില്ലെന്നാണ് ചിലര്‍ പറയുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ കൃതികളൊന്നും കണ്ടിട്ടില്ല. അങ്ങനെയാണെങ്കില്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കട്ടെ”.

ഇത് വായിച്ചുകഴിഞ്ഞതിനുശേഷം ഇ.കെ.മൌലവി സദസ്യരോടായി ഇങ്ങനെ പറഞ്ഞു: “വെറും കേട്ടുകേള്‍വിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇബ്നുഹജറിന്റെ ഫത്ത്വാ എന്ന് മനസ്സിലായില്ലോ. അങ്ങനെയാണെങ്കില്‍ പൊറുത്തുകൊടുക്കേണ്ടത് ഇബ്നു തൈമിയ്യക്കല്ല ഇബനു ഹജറിനാണ്”.

അനന്തരം, സുസമ്മതരായ പല പണ്ഡിതന്മാരും രചിച്ച ഒട്ടേറെ ഗ്രന്ഥങ്ങളില്‍ ഇബ്നു തൈമിയ്യയെ പറ്റി ‘ശൈഖുല്‍ ഇസ്ലാം’ എന്ന് പ്രയോഗിച്ചത് അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. ഇതോടെ ആ ബഹളം കെട്ടടങ്ങി.