സയ്യിദ് റശീദ് റിദാ

1865 ഒക്ടോബറില്‍ ലുബ്നാനിലെ ഖലമൂന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച റശീദ് രിദാ തന്റെ കാലത്ത് മുസ്ലിം ലോകംകണ്ട പരിഷ്കര്‍ത്താക്കളില്‍ മഹാനായിന്നു.
ഇസ്ലാമിന്റെ ബദ്ധവൈരികളായ ഓറിയന്റലിസ്റുകളുടെയും ക്രിസ്തീയ ജൂതലോബികളുടെയും വിമര്‍ശനങ്ങള്‍ ക്കും ആക്ഷേപങ്ങള്‍ക്കും ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ തികഞ്ഞ മറുപടി നല്‍കിയ അദ്ദേഹത്തിന്റെ തൂലിക കരുത്തുറ്റതായിരുന്നു. കൂടാതെ മുസ്ലിം സമുദായത്തെ ബാധിച്ച എല്ലാ ജീര്‍ണതകളെയും അദ്ദേഹം തുറന്നെതിര്‍ത്തു. സാമ്രാജ്യത്തത്തെയും ഏകാധിപത്യത്തെയും വിമര്‍ ശിച്ച അദ്ദേഹം തുര്‍ക്കി ഗവര്‍മെണ്ടിന്റെ കീഴില്‍ തനിക്കുണ്ടായിരുന്ന ഉദ്യോഗം രാജിവെച്ചു.
അക്കാലത്തെ മഹാപണ്ഡിതരും പരിഷ്കര്‍ത്താക്കളുമായിരുന്ന മുഹമ്മദ് അബ്ദുവിന്റെയും ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ഉര്‍വതുല്‍ വുഥ്ക്വാ’ എന്ന പ്രസിദ്ധീകരണം വായിക്കുകയും അവരുടെ അഭിപ്രായങ്ങളില്‍ ആകൃഷ്ടരാവുകയും ചെയ്തു. കയ്റോയില്‍ പോയി മുഹമ്മദ് അബ്ദുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് അദ്ദേഹം വിശ്വപ്രസിദ്ധമായിതീര്‍ന്ന ‘അല്‍മനാര്‍’ പത്രം ആരംഭിച്ചു.
മുസ്ലിംകളെ, വിശിഷ്യാ ഈജിപ്ഷ്യന്‍ മുസ്ലിംകളെ സമുദ്ധരിക്കുക, ശത്രുക്കള്‍ക്കെതിരെ പ്രതിരോധത്തിന് സുസജ്ജരാക്കുക എന്നിവയായിരുന്നു അതിന്റെ ലക്ഷ്യം. പ്രസ്തുത മാര്‍ഗത്തില്‍ ഒരുപാട് യാതനകളും ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. പ്രത്യേകിച്ച് തന്റെ ബഹുവന്ദ്യ ഗുരു മുഹമ്മദ് അബ്ദുവിന്റെ മരണശേഷം.
അല്‍ വഹ്യുല്‍ മുഹമ്മദി, അല്‍ ഇസ്ലാമുവഉസ്വൂലുത്തശ്രീഇല്‍ആം, അല്‍ഖിലാഫഃ, ഫത്വാസമാഹാരം എന്നിവ അദ്ദേഹത്തിന്റെ അനര്‍ഘ കൃതികളാണ്.
എക്കാലത്തും ഇസ്ലാമിന്റെ ശത്രുക്കളുടെ ജല്‍പനങ്ങള്‍ക്കെതിരെ മൂര്‍ച്ചയുള്ള ആയുധമായി നിലനില്‍ക്കുന്ന അല്‍വഹ്യുല്‍ മുഹമ്മദീ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ നിത്യസ്മരണയാകുന്നു.
1935ല്‍ അദ്ദേഹം നിര്യാതനായി.