ശൈഖ് മുഹമ്മദുബ്നു അബ്ദില്‍ വഹ്ഹാബ്(റ)

ഹിജ്റ 1115ല്‍ മുഹമ്മദ്ബ്നു അബ്ദില്‍ വഹ്ഹാബ് സുഊദി അറേബ്യയിലെ റിയാദിനു സമീപമുള്ള ഉയയ്നയില്‍ ജനിച്ചു. ഒരു പണ്ഡിത കുടുംബത്തിലാണദ്ദേഹം ജനിച്ചത്. പിതാവ് ഉയയ്നയിലെ ക്വാദിയുമായിരുന്നു.
അറേബ്യയില്‍ അന്ധവിശ്വാസവും അനാചാരവും കട്ടികൂടിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ബഹുദൈവ വിശ്വാസവും ആരാധനയും ബിദ്അത്തുകളും അവിടെ നിര്‍ബാധം നടമാടിയിരുന്നു. രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമൂഹ്യ അധഃപതനവും നിലനിന്നിരുന്നു.
മുഹമ്മദ്ബ്നു അബ്ദില്‍ വഹ്ഹാബ് ചെറുപ്പത്തില്‍ തന്നെ ബുദ്ധിമാനും പഠനോല്‍സുകനുമായിരുന്നു. തഫ്സീര്‍, ഹദീഥ്, വിശ്വാസകാര്യങ്ങള്‍ എന്നിവയില്‍ അദ്ദേഹം പ്രാവീ ണ്യം നേടി. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ക്വബ്റാരാധനയും ഇസ്തിഗാഥയും അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശനത്തിന് ശരവ്യമായി. ക്വുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് വളരെ കണിശതയുണ്ടായിരുന്നു.
ആഗ്രഹസഫലീകരണത്തിനും, സന്താനലബ്ധിക്കും, ദാമ്പത്യവിജയത്തിനും ചില മരങ്ങളെയും ജാറങ്ങളെയും സമീപിക്കുക എന്നത് അക്കാലത്ത് സര്‍വസാധാരണമായിരുന്നു. തൌഹീദിന് നിരക്കാത്ത അത്തരം ആചാരാനുഷ്ഠാനങ്ങളെ എതിര്‍ക്കുകയും അത്തരം മരങ്ങളും ജാറങ്ങളും നശിപ്പിക്കുന്നതിന് അദ്ദേഹം നേതൃത്വം കൊടുക്കുകയും ചെയ്തു.
ബസ്വറയില്‍ പഠിക്കുന്ന കാലത്ത് അവിടത്തെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തതുനിമിത്തം ജനങ്ങള്‍ അദ്ദേഹത്തെ പീഡിപ്പിച്ചു. നട്ടുച്ച സമയത്ത് പുറത്തിറക്കിവിട്ടു. നാടുകടത്തി. കനല്‍കത്തുന്ന മരുഭൂമിയില്‍ ഏകാകിയായി നടന്നുപോകുന്നതിനിടയില്‍ വിശപ്പും ദാഹവും സഹിക്കവയ്യാതെ അദ്ദേഹം ബോധം കെട്ടുവീണു. ഒരു അപരിചിതന്‍ വഴിയില്‍ വീണുകിടക്കുന്ന ശൈഖിനെ കണ്ടു. ഭക്ഷണവും വെള്ളവും നല്‍കി ജീവന്‍ രക്ഷിച്ചു.
പിന്നീട് ഉയയ്നയിലെത്തി തൌഹീദ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ജനങ്ങള്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ചില വൃക്ഷങ്ങള്‍ അദ്ദേഹം വെട്ടിമുറിച്ചു നശിപ്പിച്ചു. ഖലീഫ ഉമര്‍ (റ)വിന്റെ ജ്യേഷ്ഠ സഹോദരനായിരുന്ന സൈദുബ്നുല്‍ ഖത്താബിന്റെ ക്വബ്റിന്മേല്‍ പില്ക്കാലത്ത് അന്ധവിശ്വാസികള്‍ കെട്ടി ഉയര്‍ത്തിയ ജാറം അദ്ദേഹം പൊളിച്ചുനീക്കി.
അതുവരെ തന്നെ സഹായിച്ചുപോന്ന ഉയയ്നയിലെ അമീര്‍ ഉഥ്മാനുബ്നുഹമദ് പൊതുജനങ്ങളുടെയും തന്റെ മേല്‍കോയ്മയുടെയും എതിര്‍പ്പ് ഭയന്ന് ശൈഖിനോട് നാടുവിട്ടുപോകാന്‍ കല്പിച്ചു.
ശൈഖ് ഹിജ്റ 1160ല്‍ ദര്‍ഇയയിലെത്തി. മുഹമ്മദ്ബ്നു സുഊദ് ആയിരുന്നു അവിടത്തെ അമീര്‍. അദ്ദേഹത്തിന് ശൈഖിനോട് ആദരവും ബഹുമാനവും തോന്നി. ശൈഖിന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പിന്തുണയും സഹായവും നല്കി.
അനന്തരം ദര്‍ഇയ സലഫീ പണ്ഡിതരുടെയും മറ്റു സന്ദര്‍ശകരുടെയും കേന്ദ്രമായി മാറി. ഇബ്നുസുഊദിന്റെ ശക്തി വര്‍ധിക്കുകയും നജ്ദിന്റെ ആധിപത്യം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. അമീറിനോടൊപ്പം പല യുദ്ധങ്ങളിലും ശൈഖ് പങ്കെടുത്തിരുന്നു.
മുഹമ്മദ്ബ്നു അബദില്‍ വഹ്ഹാബ് ഒരു വലിയ നവോത്ഥാനത്തിന് തിരികൊളുത്തുകയും അത് പ്രോജ്വലമാകുകയും ചെയ്തു. അന്ധവിശ്വാസങ്ങളുടെയും മാമൂലുകളുടെയും കടുത്ത കൂരിരുട്ടില്‍ തപ്പിത്തടഞ്ഞിരുന്ന മുസ്ലിം ലോകം പ്ര സ്തുത പ്രഭാകിരണങ്ങളാല്‍ പ്രശോഭിതമായി. നൂറ്റാണ്ടുകള്‍ക്ക് ശേഷവും അത് പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.
ഹിജ്റ 1206(ക്രിസ്താബ്ദം 1797)ല്‍ ശൈഖ് നിര്യാതനായി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഗ്രന്ഥകാരന്‍ കൂടിയായിരുന്നു അദ്ദേഹം. കിതാബുത്തൌഹീദും, കശ്ഫുശ്ശുബുഹാത്ത് എന്നിവ അവയില്‍ പ്രസിദ്ധങ്ങളത്രെ.