ശൈഖുല്‍ ഇസ്ലാം ഇബ്നുതെയ്മിയ (റ)

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സധൈര്യം പോരാടിയ യുഗപ്രഭാവനായ ഒരു പരിഷ്കര്‍ത്താവായിരുന്നു പണ്ഡിതവരേണ്യനായിരുന്ന ഇബ്നുതെയ്മിയ (റ). സിറിയയിലെ ഹര്‍റാനില്‍ ഹിജ്റ 661 റബീഉല്‍ അവ്വല്‍ 10 ന് അദ്ദേഹം ജനിച്ചു. സമകാലിക മുസ്ലിംലോകം മദ്ഹബുക ളുടെയും ത്വരീക്വത്തുകളുടെയും സൂഫീ സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുകയും കക്ഷി പിരിഞ്ഞ് ഭിന്നിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും മാര്‍ഗം മുസ്ലിം ലോകത്തിന് അപരിചിതമായിരുന്നു. തജ്ജന്യമായ ആചാരാനുഷ്ഠാനങ്ങളാല്‍ ഇസ്ലാമിന്റെ യഥാര്‍ഥരൂപം വിവര്‍ണമായിരുന്നു.
നിലവിലുള്ള അനാചാരങ്ങള്‍ക്കെതിരെ ശൈഖുല്‍ ഇ സ്ലാം സധൈര്യം പോരാടി. സ്വേച്ഛാധിപതികളായ ഭരണാധികാരികളെയും അസത്യത്തില്‍ മൂടുറച്ച പുരോഹിതവര്‍ഗത്തെയും അദ്ദേഹം തെല്ലും വകവെച്ചില്ല. സത്യം തുറന്നുപറയുന്നതില്‍ ഒരാളുടെ ആക്ഷേപവും അദ്ദേഹം ഗൌനിച്ചില്ല. വാളിനുമുമ്പില്‍ പോലും ആ സത്യവാഹകന്‍ ചൂളിയില്ല. അത് നിമി ത്തം വര്‍ഷങ്ങളോളം കാരാഗൃഹത്തില്‍ അദ്ദേഹത്തിന് കഴിയേണ്ടിവന്നു.
അദ്ദേഹത്തിന്റെ പിതാവ് ശിഹാബുദ്ദീന്‍ പണ്ഡിതനും മുഫ്തിയുമായിരുന്നു. ശൈശവത്തില്‍ തന്നെ തന്റെ പിതാവിനോടൊപ്പം ദമസ്കസിലേക്ക് പലായനം ചെയ്തു. ഇരുപതാമ ത്തെ വയസ്സില്‍ ദമസ്കസിലെ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായി ജോലിചെയ്തു. കുറഞ്ഞകാലംകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രശസ്തി രാജ്യമാകെ വ്യാപിച്ചു. അദ്ദേഹത്തിന്റ പ്രഭാഷണങ്ങളും ക്ളാസുകളും കേള്‍ക്കാന്‍ ധാരാളം ജനങ്ങള്‍ വന്നുകൂടുമായിരുന്നു.
ഈജിപ്തിലെ ഭരണാധികാരി സുല്‍ത്താന്‍ അന്നാസിറിന്റെ ക്ഷണപ്രകാരം അദ്ദേഹം ഈജിപ്തില്‍ താമസമാക്കി. അനാചാരങ്ങളും അന്ധവിശ്വാസവും നിറഞ്ഞതായിരുന്നു അന്ന് അവിടത്തെ സാമൂഹ്യാന്തരീക്ഷം. വ്യാജശൈഖുമാരുടെയും സിദ്ധന്മാരുടെയും വിളയാട്ടമായിരുന്നു അവിടെ. അദ്ദേഹം അവര്‍ക്കെതിരില്‍ പടപൊരുതി. പുരോഹിതവര്‍ഗം ശൈഖുല്‍ ഇസ്ലാമിനെതിരെ രംഗത്തിറങ്ങി. പല സംവാദങ്ങളും നടന്നു. തെളിവുകളുടെ അഭാവത്താല്‍ പരാജിതരായ പുരോഹിതര്‍ പൊതുജനങ്ങളെ അദ്ദേഹത്തിന്നെതിരില്‍ ഇളക്കിവിടാന്‍ ഒരുമ്പെട്ടു. ഇത്തരക്കാരുടെ ഗൂഢാലോചന നിമിത്തം അദ്ദേഹത്തിന് ഈജിപ്തിലും സിറിയയിലും ജയിലില്‍ കഴിയേണ്ടിവന്നു.
ദമസ്കസില്‍ ഭരണം നടത്തിയിരുന്ന താര്‍ത്താര്‍ ചക്രവര്‍ത്തി ഖാസാന്‍ മഹ്മൂദിന്റെ കീഴില്‍ ജനങ്ങള്‍ പീഢിപ്പിക്കപ്പെടുകയും അക്രമത്തിന് വിധേയരാവുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ പ്രതിനിധികളായി ഒരു നിവേദകസംഘം സുല്‍ത്താന്റെ സന്നിധിയിലേക്ക് പോവുകയുണ്ടായി. പ്രസ്തു സംഘത്തിലെ പ്രമുഖ അംഗമായിരുന്നു ശൈഖുല്‍ ഇസ്ലാം. ഏകാധിപതിയായ സുല്‍ത്താന്റെ മുമ്പില്‍ പറയാനുള്ളത് നിസ്സങ്കോചം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ധൈര്യത്തെക്കുറിച്ച് കൂട്ടുകാരുടെ പ്രസ്താവനകള്‍ ചരിത്രഗ്രന്ഥങ്ങളില്‍ നിസ്തുലമായി ഇന്നും കാണാവുന്നതാണ്.
സുല്‍ത്താന്‍ നിവേദകസംഘത്തിനു നല്‍കിയ വിരുന്നില്‍ നിന്ന് ശൈഖുല്‍ ഇസ്ലാം ഒഴിഞ്ഞുനിന്നു. അദ്ദേഹം സുല്‍ത്താനോടിങ്ങനെ പറഞ്ഞു: അന്യരില്‍ നിന്ന് അപഹരിച്ച ആടുകളുടെ മാംസവും, ജനങ്ങളുടെ മരം മുറിച്ചുണ്ടാക്കിയ വിറകുമായിരിക്കുമിതിന് ഉപയോഗിച്ചിരിക്കുന്നത്. പിന്നെയെങ്ങനെ ഞാനിത് ഭക്ഷിക്കും?
ശൈഖിന്റെ കഴുത്ത് ഉടലില്‍നിന്ന് വേര്‍പെടുന്ന സമയം ഭീതിയോടെ കാത്തിരിക്കുകയായിരുന്നു കൂട്ടുകാര്‍. ദൈവഹിതം അതായിരുന്നില്ലെന്ന് മാത്രം. ചക്രവര്‍ത്തി ശൈഖിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു.
ശൈഖ് ഇങ്ങനെ പ്രാര്‍ഥിച്ചു: അല്ലാഹുവേ നിന്റെ അടിമയായ ഇദ്ദേഹം പ്രയത്നിക്കുന്നത് നിന്റെ ദീനിന്റെ ഉന്നമനത്തിനും തൌഹീദിന്റെ വളര്‍ച്ചക്കുമാണെങ്കില്‍ നീ ഇദ്ദേഹത്തിന് വിജയം നല്‍കേണമേ. നേരെ മറിച്ച് സ്വന്തം പ്രശസ്തിക്കും നേട്ടങ്ങള്‍ക്കും വേണ്ടിയാണെങ്കില്‍ നീ ഇദ്ദേഹത്തെ പരാജയപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യേണമേ. രാജാവ് ശൈ ഖുല്‍ ഇസ്ലാമിന്റെ പ്രാര്‍ഥനക്ക് ആമീന്‍ പറയുന്നുണ്ടായിരുന്നു.
തനിക്കെതിരെ ഏഷണിയും പരദൂഷണവും നടത്തി തന്നെ ജയിലിലടപ്പിച്ച യാഥാസ്ഥിക പണ്ഡിതന്മാരടക്കമുള്ള തന്റെ ശത്രുക്കളോടുപോലും സ്നേഹമസൃണമായിട്ടായിരുന്നു അദ്ദേഹം പെരുമാറിയത്. എതിരാളികളെ ശിക്ഷിക്കാനും ജയിലിലടക്കാനുമുള്ള അവസരം തനിക്ക് ലഭിച്ചപ്പോള്‍പോലും അതൊഴിവാക്കുകയാണ് അദ്ദേഹം ചെയ്തത്.
ദമസ്കസിലെ കോട്ടയില്‍ തടവില്‍ കഴിയുന്നതിനിടയില്‍ ഹിജ്റ 728ല്‍ ദുല്‍ഖഅ്ദഃ മാസം 22ന് അദ്ദേഹം നിര്യാതനായി. മയ്യിത്ത് നമസ്കാരത്തില്‍ നാടുമുഴുവന്‍ പങ്കെടുത്തു.
നല്ല പ്രസംഗകനും ഗ്രന്ഥകാരനുമായിരുന്നു അദ്ദേഹം. ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെത് ഇന്നും പ്രചാരത്തിലുണ്ട്. അദ്ദേഹത്തിന്റെ ഫത്വാ സമാഹാരം 35 വാല്യങ്ങളിലാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.