ആദ്യകാല ഇസ്ലാഹീ പ്രവര്‍ത്തകരോടുള്ള സമീപനം

ഇസ്ലാഹീ പ്രവര്‍ത്തകരെ കണ്ടാല്‍ സലാം ചെയ്യുക, അവര്‍ സലാം ചൊല്ലിയാല്‍ മടക്കുക, അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുക, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, അവരെ കല്ല്യാണത്തിന് ക്ഷണിക്കുക, മുസ്ലിംകളുടെ ഖബര്‍സ്ഥാനില്‍ അവരുടെ മയ്യിത്ത് മറവ് ചെയ്യുക, ഇതൊന്നും പാടില്ലാത്തതാണെന്നും ഈ പണ്ഡിതന്‍മാര്‍ വിധികര്‍പിച്ചിരുന്നു. യാഥാസ്ഥിതിക വിഭാഗത്തില്‍പെട്ട ഏതെങ്കിലും ഒരു പെണ്ണിനെ വിവാഹം ചെയ്തത് ഒരു മുജാഹിദ-#ാണെങ്കില്‍ ആ വിവാഹം അസാധുവാണെന്നും അവരില്‍നിന്നുണ്ടാകുന്ന കുട്ടികള്‍ ജാരസന്താനങ്ങളാണെന്നും ഇക്കൂട്ടര്‍ പ്രസംഗിച്ചുനടന്നിരുന്നു. പക്ഷെ, പേരിന്നൊരു വിവാഹമോചനം നടത്തിയെന്ന കാട്ടിക്കൂട്ടല്‍ മാത്രം കോടതി നിയമം പിടികൂടുന്ന അവസരത്തില്‍ തടിതപ്പാന്‍വേണ്ടി ചെയ്തേക്കണമെന്നും അവര്‍ ഉപദേശിക്കാറുണ്ടായിരുന്നു. മേല്‍പറഞ്ഞ രൂപത്തിലുള്ള വിവാഹം എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ തടിയന്തിരമായും ആ ബന്ധം വേര്‍പ്പെടുത്തുവാന്‍വേണ്ടി ജനങ്ങളെ ഇളക്കിവിടുകയും ഹരം പിടിപ്പിക്കുകയും ചെയ്യുന്ന തത്തിലുള്ള ഉഗ്രന്‍ പ്രസംഗങ്ങള്‍ ചെയ്യുക അവരുടെ പതിവായിരുന്നു.

ഇതിനെല്ലാം പുറമെ ‘വഹാബി’കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കുകയോ, അവരുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുകയോ ചെയ്യുന്നത് അപകടകരമാണ്. ‘വഹാബി’കളുടെ സദസ്സ് കൊഴുപ്പിക്കല്‍ ഇസ്ലാമിനെ പൊളിക്കാന്‍ സഹായിക്കലാണ്’’ എന്നൊക്കെ പറഞ്ഞു. മുജാഹിദാദര്‍ശം കേള്‍ക്കുകയോ വായിക്കുകയോ ചെയ്തുപോകാതിരിക്കത്തക്കവണ്ണം അനുയായികളെ വേലികെട്ടി നിര്‍ത്തുന്ന കോര്യത്തിലും അവര്‍ സത്വരശ്രദ്ധ പതിപ്പിച്ചിരുന്നു. യാഥാസ്ഥിതികരായ പണ്ഡിത-പുരോഹിത വര്‍ഗ്ഗം പറയുന്നതെന്തും അക്കാലത്തെ മുസ്ലിം ബഹുജനങ്ങള്‍ക്ക് ‘ദേവവാക്യ’മായിരുന്നുവെന്ന കാര്യവും കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്.

ആദ്യകാല മുജാഹിദുകള്‍ക്ക് മല്ലിടേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങളുടെ ഒരു ഏകദേശ ചിത്രമാണിത്. തങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്ന എല്ലാ വിഷമങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ടും, മുഴുവന്‍ പരീക്ഷണങ്ങളെയും അതിജീവിച്ചുകൊണ്ടും ആ മുജാഹിദുകള്‍ പാദം പതറാതെ, ചിത്തം ചിതറാതെ നടത്തിക്കൊണ്ടിരുന്ന ഇസ്ലാഹീ പ്രവര്‍ത്തന പരമ്പരകളുടെ സല്‍ഫലങ്ങളാണ് ഇന്ന് കേരള ജനത ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. സലഫീ മാതൃകയില്‍ അവര്‍ വെട്ടിത്തെളിയിച്ച പന്ഥാവിലൂടെ മുമ്പോട്ട് പോകുകയാണ് മനുഷ്യരെ സമഗ്രമായി സംസ്കരിക്കുന്നതിനുള്ള മാര്‍ഗ്ഗം.