ഇസ്ലാഹീ പ്രവര്‍ത്തനം സംഘടിത തലത്തിലേക്ക്

ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനത്തിന്റെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് “കേരള മുസ്ലിം ഐക്യ സംഘം”. വ്യക്തികളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ഇസ്ലാഹീ പ്രവര്‍ത്തനം ഇതിന്റെ ആവിര്‍ഭാവത്തോടെയാണ് സംഘടനാരൂപം പ്രാപിച്ചത്. 1922 മുതല്‍ 1934വരെയുള്ള ഒരു വ്യാഴവട്ടക്കാലം അമ് സമുദായേല്‍കര്‍ഷകത്തിനുവേണ്ടി തളരാതെയും പതറാതെയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. യഥാസ്ഥിതികത്വത്തിന്റെ കരിമ്പടം പുതച്ച് ഗാഢനിദ്രയില്‍ ആണ്ടുകഴിഞ്ഞിരുന്നവരെ അത് തട്ടിയുണര്‍ത്തി. കര്‍മ്മോല്‍സുകരാക്കി. ഐക്യസംഘം മുഴക്കിയ സുമോഹന സന്ദേശങ്ങളുടെ അലയൊലികള്‍ ഇന്നും കേരളത്തിലുടനീളം മാറ്റൊലികെള്ളുകയാണ്.

കേരളത്തില്‍ ഇസ്ലാം ആദ്യമായി ഉദയം ചെയ്തത് എവിടെയാണോ ആ മുസരിപട്ടണത്തില്‍-കൊടുങ്ങല്ലൂരില്‍-തന്നെയാണ് കേരള മുസ്ലിം ഐക്യസംഘവും പിറവിയെടുത്തത്.കൊടുങ്ങല്ലൂര്‍ താലൂക്കിലെ അഴീക്കോടും എറിയാടും മുസ്ലിം ഭൂരിപക്ഷ വില്ലേജുകളാണ്. ഇവിടങ്ങളില്‍ അധികപേരും പണക്കാരായിരുന്നു. അതോടൊപ്പംതന്നെ തികഞ്ഞ മതനിഷ്ഠയുള്ളവരുമായിരുന്നു അവര്‍. എങ്കിലും വഴക്കും വക്കാണവും അവരുടെ ഒരു ഇരുണ്ടവശമായിരുന്നു. ഇടക്കിടെ അന്തചിദ്രതകളുണ്ടാവും. കുറെക്കാലം പിണങ്ങിനില്‍ക്കും. പിന്നെ ഇണങ്ങും. ഇത് അവര്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്നു. എന്നാല്‍ 1921ലെ മലബാര്‍ കലാപം കൊടുങ്ങല്ലൂര്‍ മുസ്ലിംകളെ ചിന്താധീനരാക്കി. അടങ്ങിക്കിടന്നിരുന്ന അവിടുത്തെ കക്ഷിവഴക്ക് ഫണമുഴര്‍ത്തിയ കാലമായിരുന്നു അത്. അതുകൊണ്ട് പലരുടെയും മനംനൊന്തു. വഴക്കുകള്‍ക്ക് അറുതി വരുത്തുന്നതിനെകുറിച്ചുള്ള ചിന്തയായി. സാമൂഹ്യ പുരോഗതിക്കും സ്വൈര്യ ജീവിതത്തിനും അത് അനിവാര്യമാണെന്ന് പരക്കെ ബോധ്യംവന്നുതുടങ്ങി. അങ്ങനെയാണ് ഏതാനും സമുദായ സ്നേഹികള്‍ ഹമദാനീ ശൈഖിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ‘നിഷ്പക്ഷ സംഘം’ എന്ന പേരില്‍ ഒരു പ്രസ്ഥാനം ആരംഭിച്ചത്. അന്ന് ആ കമ്മിറ്റിയില്‍ പതിനൊന്നു പേരാണുണ്ടായിരുന്നത്. നാട്ടില്‍ നമാടുന്ന കക്ഷിവഴക്കുകള്‍ പറഞ്ഞവസാനിപ്പിക്കുക, കഴിയുന്നത്ര മെമ്പര്‍മാരെ ചേര്‍ത്ത് അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയായിരുന്നു ഉദ്ദേശ്യം. ഏതാനും ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴേക്കും അംഗസംഖ്യ ഗണ്യമായി വര്‍ദ്ധിച്ചു. അതോടെ അയല്‍ദേശങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിച്ചു. അവിടങ്ങളിലെ വഴക്കുകളിലും നിഷ്പക്ഷ സംഘക്കാര്‍ ഇടപെട്ട് ഐക്യം സ്ഥാപിച്ചുതുടങ്ങി. അത്തരം പ്രദേശങ്ങളില്‍ സംഘത്തിന്റെ ശാഖകളും രൂപീകൃതമായി.

നിഷ്പക്ഷ സംഘം അടിക്കടി പുരോഗമിച്ചുകൊണ്ടിരുന്നു. അഅയിടക്കാണ് അതിന്റെ ഒരു പൊതുയോഗം 1922ല്‍ എറിയാട് മൈതാനത്ത് വിളിച്ചുകൂട്ടിയത്. ഇത് ഒരു താല്‍ക്കാലികസംഘം മാത്രമായാല്‍പോരെന്നും, കേരളാടിസ്ഥാനത്തില്‍ ഫ്രവര്‍ത്തിക്കുന്ന ഒരു ശക്തമായ പ്രസ്ഥാനമായിരിക്കണമെന്നും പ്രവര്‍ത്തകന്മാര്‍ അഭിപ്രായപ്പെട്ടു. അങ്ങനെയാണ് ആ യോഗത്തില്‍വെച്ച് നിഷ്പക്ഷ സംഘം ‘കേരള മുസ്ലിം ഐക്യസംഘ’മെന്ന പുതിയ നാമത്തില്‍ കേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മഹത്തായ പ്രസ്ഥാനമായി മാറിയത്.

അധികകാലം കഴിഞ്ഞില്ല, ഐക്യ സംഘത്തിന് കൊടുങ്ങല്ലൂരിന്റെ അയല്‍പ്രദേശങ്ങളിലെല്ലാം ശാഖകളുണ്ടായി. സുശക്തമായ ഒരു വളണ്ടിയര്‍ വിഭാഗവും സംഘടിപ്പിക്കപ്പെട്ടു.

ഏത് നല്ല പ്രവൃത്തിക്കും വിരോധികളുണ്ടാവുക സാധാരണമാണല്ലോ. കക്ഷി വഴക്കുകളില്‍നിന്നും മുതലെടുത്ത് ജീവിക്കുന്ന ഒരു വലിയ വിഭാഗം ആ പ്രദേശളിലുണ്ടായിരുന്നു. അവര്‍ ഐക്യസംഘത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുതുടങ്ങി. പക്ഷെ, ഐക്യസംഘം പ്രവര്‍ത്തകരെ ഇത് കൂടുതല്‍ കര്‍മ്മനിരതരാക്കിയതേയുള്ളൂ. ഐക്യത്തിനുവേണ്ടി ശ്രമിച്ചാല്‍ മാത്രം പോരാ, ജീവിതം നന്നാക്കി തീര്‍ക്കുക കൂടി വേണം എന്നുള്ള വിചാരം പ്രവര്‍ത്തകന്‍മാരില്‍ അങ്കുരിച്ചുതുടങ്ങി. തല്‍ഫലമായി ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിതം നയിക്കുകയും മറ്റുള്ളവരെ അതിന് ആഹ്വാനം ചെയ്യുകയും വേണമെന്ന് സംഘം തീരുമാനമെടുത്തു. പ്രവര്‍ത്തകന്‍മാര്‍ ഇവിടെയും നിന്നില്ല. സമുദായത്തില്‍ കടന്നു കൂടിയ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അകറ്റുകയെന്ന ലക്ഷ്യവുംകൂടി അവര്‍ അംഗീകരിച്ചു. അതനുസരിച്ച് മൌലൂദ്, റാത്തീബ്, മാലപ്പാട്ട്, കൊടികുത്ത് നേര്‍ച്ച മുതലായ അനാചാരങ്ങളെ വിരോധിച്ചുതുടങ്ങി. ഇതോടെ ശഥ്രുക്കളുടെ എതിര്‍പ്പിന് രൂക്ഷതകൂടി. പക്ഷേ, പ്രവര്‍ത്തകന്മാര്‍ അതൊന്നും ശ്രദ്ധിച്ചഥേയില്ല; ദൃഢനിശ്ചയത്തോടെ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടേയിരുന്നു.