ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷികം

1923ല്‍ എറിയാട് വെച്ചുതന്നെ ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം വക്കം അബ്ദുല്‍ഖാദിര്‍ മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വക്കം മൌലവി മുമ്പുതന്നെ ‘വഹാബി’ എന്ന് മുദ്രകുത്തപ്പെട്ടയാളായിരുന്നു. ഇതുകണ്ട് യാഥാസ്ഥിതിക വര്‍ഗ്ഗം ക്ഷോഭിച്ചിളകി.ഐക്യസംഘം ഒരു സാമുദായി സംഘടനയല്ലെന്നും ഗവണ്‍മെന്റിനെതിരില്‍ ഗൂഢാലോചന നടത്തിക്കൊണ്ടരിക്കുന്ന സംഘമാണെന്നും രഹസ്യമായി ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നുംമറ്റും ആരോപിച്ചുകൊണ്ടുള്ള വാറോലകള്‍ ഗവണ്‍മെന്റിലേക്ക് തുരതുരെ പോയ്ക്കെണ്ടിരുന്നു. പക്ഷേ, ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ വാറോലകള്‍ക്ക് കഴിഞ്ഞില്ല.

വിരോധികള്‍ ഒരു പൊടിക്കൈക്കൂടി പ്രയോഗിച്ചുനോക്കി. ഏനുക്കുട്ടി മുസ്ലിയാര്‍ എന്ന ഒരു പ്രസിദ്ധവാഗ്മിയെ വരുത്തി ഐക്യസംഘം വകയായുള്ള പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തെ കാണിച്ചു. തദ്വിഷയകവുമായി അദ്ദേഹം ഐക്യസംഘത്തിന്റെ ആസൂത്രകനും മാര്‍ഗദര്‍ശിയുമായിരുന്ന കെ.എം.മൌലവിയുമായി ചര്‍ച്ച നടത്തി. അനന്തരം, സംഘത്തിന്റെ ഒരു പൊതുയോഗം വി ളിക്കണമെന്നും, തന്റെ തീരുമാനം അതില്‍ പ്രഖ്യാപിക്കാമെന്നും ഏനുക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. എല്ലാവരും സമ്മതിച്ചതിനെ തുടര്‍ന്ന് പൊതുയോഗം വിളിച്ചു. അധ്യക്ഷന്‍ ഏനുക്കുട്ടി മുസ്ലിയാര്‍തന്നെയായിരുന്നു. അദ്ദേഹം തന്റെ പ്രാരംഭ പ്രസംഗത്തില്‍ ഏതാണ്ട് ഇങ്ങനെ പറഞ്ഞു: “കേരള മുസ്ലിംകളുടെ ഇന്നത്തെ ശോച്യാവസ്ഥ കാണുമ്പോള്‍ ഇമ്മാതിരി ഒരു സംഘടന അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു”. ഇത് കേട്ടപ്പോള്‍ ഐക്യസംഘം വിരോധികള്‍ക്ക് കലകയറി. “ഏനുക്കുട്ടി മുസ്ലിയാല്‍ മുമ്പേ പിഴച്ച ആളാണെന്ന്” പറഞ്ഞുകൊണ്ട് അവര്‍ പിരിഞ്ഞുപോവുകയാണുണ്ടായത്.