മുഹമ്മദ്‌ നബി (സ) വിമര്‍ശനങ്ങള്‍

സ്വാര്‍ഥത

താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്തിട്ട് ലഭിക്കുന്ന ഭൌതിക നേട്ടങ്ങളായിക്കൂടെ ഖുര്‍ആനിന്റെ രചനക്കു പിന്നില്‍ മുഹമ്മദി (സ്വ)ന്റെ ലക്ഷ്യം?

അനാഥനായി വളര്‍ന്ന മുഹമ്മദ്(സ്വ) ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. എന്നാല്‍, തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ കച്ചവടക്കാരി ഖദീജ(റ)യെ വിവാഹം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജ(റ)യുടെ ഭര്‍ത്താവായിരുന്ന അദ്ദേഹം സാമ്പത്തിക ക്ളേശങ്ങള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്. ഖദീജയുമായുള്ള മുഹമ്മദി(സ്വ)ന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് 15 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. പതിനഞ്ച് വര്‍ഷം സാമ്പത്തികക്ളേശം കൂടാതെ ജീവിച്ചതിനുശേഷമാണ് താന്‍ പ്രവാചകനാണെന്നും ഖുര്‍ആന്‍ ദൈവവചനമാണെന്നുമുള്ള അവകാശവാദങ്ങളുമായി മുഹമ്മദ്(സ്വ) രംഗപ്രവേശം ചെയ്യുന്നതെന്നര്‍ഥം. ഖുര്‍ആന്‍ ദൈവികമാണെന്ന് വാദിക്കുക വഴി ഭൌതികലാഭമാണ് അദ്ദേഹം ഇച്ഛിച്ചതെങ്കില്‍ ഈ വാദം ഉന്നയിച്ചതിനുശേഷം അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരിക്കണമല്ലോ. എന്നാല്‍, എന്തായിരുന്നു സ്ഥിതി?
പ്രവാചകപത്നി ആഇശ(റ) പറയുന്നു: “ഞങ്ങളുടെ വീട്ടില്‍ ഒന്നും പാചകം ചെയ്യാനില്ലാത്തതിനാല്‍ അടുപ്പു പുകയാതെ ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞുപോകാറുണ്ടായിരുന്നു. ഈത്തപ്പഴവും വെള്ളവുമായിരുന്നു ഞങ്ങളുടെ ഉപജീവനം. ചിലപ്പോള്‍ മദീനത്തുകാര്‍ കൊണ്ടുവന്ന ആട്ടിന്‍പാലും ഈത്തപ്പഴത്തോടു കൂടെയുണ്ടാവും”. (ബുഖാരി, മുസ്ലിം)
ആഇശ(റ) ഒരാളോട് പഴയകാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. മദീനയിലേക്കുള്ള പലായനത്തിനുശേഷം പ്രവാചകനും കുടുംബവും സഹിച്ച പ്രയാസങ്ങളാണ് പ്രതിപാദ്യം. ഒരു രാത്രി തപ്പിത്തടഞ്ഞുകൊണ്ട് വീട്ടുജോലികള്‍ ചെയ്തകാര്യം അവര്‍ പറഞ്ഞു. അയാള്‍ ചോദിച്ചു: “വിളക്കില്ലായിരുന്നുവോ? അവര്‍ പ്രതിവചിച്ചു: “വിളക്കു കത്തിക്കാനുള്ള എണ്ണ ഞങ്ങളുടെ പക്കലുണ്ടായിരുന്നുവെങ്കില്‍ വിശപ്പ് മാറ്റാന്‍ അത് കുടിക്കുമാ യിരുന്നു; കത്തിക്കുന്നതിനു പകരം”. (അഹ്മദ്, ത്വബ്റാനി)
ഇത് പ്രവാചകന്റെ ആദ്യകാലത്തെ മാത്രം അവസ്ഥയല്ല. മുഹമ്മദ്(സ്വ) ശക്തമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ അവസ്ഥ ഇതില്‍നിന്ന് ഒട്ടും മെച്ചമായിരുന്നില്ല. ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധിപന്റെ അന്തപുരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന ഉമര്‍(റ)തന്നെ പറയട്ടെ:
“പ്രവാചകന്റെ മുറിയില്‍ ഊറക്കിട്ട മൂന്ന് തോല്‍കഷ്ണങ്ങളും ഒരു മൂലയില്‍ അല്‍പം ബാര്‍ലിയുമല്ലാതെ മറ്റൊന്നുംതന്നെ ഞാന്‍ കണ്ടില്ല. ഞാന്‍ കരഞ്ഞുപോയി. പ്രവാചകന്‍ ചോദിച്ചു: ‘എന്തിനാണ് താങ്കള്‍ കരയുന്നത്?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ! ഞാനെങ്ങനെ കരയാതിരിക്കും? താങ്കളുടെ ശരീരത്തില്‍ ഈത്തപ്പനയോലകളുടെ പാട് ഞാന്‍ കാണുന്നു. ഈ മുറിയില്‍ എന്തെല്ലാമുണ്ടെന്നും ഞാനറിയുന്നു. അല്ലാഹുവിന്റെ ദൂതരേ! സമൃദ്ധമായ വിഭവങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും. അവിശ്വാസികളും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരുമായ പേര്‍ഷ്യക്കാരുടെയും റോമാക്കാരുടെയും രാജാക്കന്മാര്‍-സീസറും കൈസറുമെല്ലാം-അരുവികള്‍ ഒഴുകുന്ന തോട്ടങ്ങളില്‍ വസിക്കുമ്പോള്‍ അല്ലാഹുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്‍ ജീവിക്കുന്നത് ദാരുണമായ പട്ടിണിയില്‍!’ എന്റെ ഈ സംസാരം കേട്ടപ്പോള്‍ തലയിണയില്‍ വിശ്രമിക്കുകയായിരുന്ന പ്രവാചകന്‍ എഴുന്നേറ്റിരുന്നു. എന്നിട്ടു പറഞ്ഞു: ‘ഉമര്‍! താങ്കള്‍ ഈ വിഷയത്തില്‍ ഇനിയും സംശയാലുവാണോ? ഭൌതിക ജീവിതത്തിലെ സുഖസൌകര്യങ്ങളേക്കാള്‍ നല്ലത് മരണാനന്തര ജീവിതത്തിലെ സുഖസൌകര്യങ്ങളാണ്. അവിശ്വാസികള്‍ അവരുടെ നന്മയുടെ വിഹിതം ഈ ജീവിതത്തില്‍ ആസ്വദിക്കുന്നു. നമ്മുടേതാകട്ടെ, മരണാനന്തര ജീവിതത്തിലേക്കുവേണ്ടി ബാക്കിവെച്ചിരിക്കുകയാണ്’. ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു: ‘ദൈവദൂതരെ! എനിക്കുവേണ്ടി മാപ്പിനപേക്ഷിച്ചാലും. എനിക്കു തെറ്റിപ്പോയി”.
ഖുര്‍ആന്‍ ഭൌതിക ലാഭങ്ങള്‍ക്കുവേണ്ടി പടച്ചുണ്ടാക്കിയ മുഹമ്മദി(സ്വ) ന്റെ കൃതിയാണെന്ന വാദമാണിവിടെ തകരുന്നത്. ആകെ സ്വത്തായി ബാക്കിയുണ്ടായിരുന്ന ഏഴു ദീനാര്‍ മരണത്തിനുമുമ്പ് ദാനം ചെയ്യുകയും യഹൂദന് തന്റെ പടച്ചട്ട പണയം വെച്ചുകൊണ്ട് മരണപ്പെടുകയും ചെയ്ത മനുഷ്യന്‍ ധനമോഹിയായിരുന്നുവെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഖുര്‍ആനിന്റെ രചനക്കുപിന്നില്‍ ധനമോഹമായിരുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ദി ന്യു കാത്തോലിക് എന്‍സൈക്ളോപീഡിയ പോലും സമ്മതിച്ചിട്ടുണ്ട്. “മുഹമ്മദി(സ്വ)ന്റെ മതവിപ്ളവത്തിനു പിന്നില്‍ ധനമോഹമായിരുന്നുവെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമാ യി അറിയപ്പെടുന്ന വസ്തുതകള്‍ ഈ ധാരണക്കെതിരാണ്” (ഠവല ചലം ഇമവീേഹശര ഋിര്യരഹീുലറശമ ഢീഹ കത, ജമഴല 1001).

അധികാരമോഹം

അധികാരമായിരുന്നു മുഹമ്മദ്(സ്വ) ലക്ഷ്യമാക്കിയിരുന്നതെന്ന് കരുതുന്നതിലെന്താണ് തെറ്റ്?

അധികാരമോഹമെന്നാല്‍ എന്താണ്? രാജ്യത്തിന്റെ അധികാരം കൈ ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂന്ന് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാല്‍, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാര്‍ഗമായി രുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ അധികാരമോഹിയെന്നു വിളിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?
അധികാരത്തിന്റെ പേരില്‍ ജനങ്ങളാല്‍ ആദരിക്കപ്പെടുകയും അവരില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് അധികാരം മോഹിക്കുക. പ്രവാചക(സ്വ)നാവട്ടെ ജനങ്ങളെ സേവിച്ച് ജനങ്ങളോടൊപ്പം ജീവിച്ചയാളായിരുന്നു. തന്നെ ബഹുമാനിച്ചുകൊണ്ട് ആളുകള്‍ എഴുന്നേറ്റു നില്‍ക്കുന്നതുപോലും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.
അദ്ദേഹം ഉപദേശിച്ചു: “ക്രിസ്ത്യാനികള്‍ മര്‍യമിന്റെ പുത്രനായ യേശുവിനെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്” (ബുഖാരി, മുസ്ലിം). ഇതെല്ലാംതന്നെ മുഹമ്മദ് (സ്വ) ഒരു അധികാര മോഹിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.
മാത്രവുമല്ല, തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാ ണെങ്കില്‍, മക്കയിലെ പ്രയാസപൂര്‍ണമായ ആദ്യനാളുകളില്‍തന്നെ അധികാരം നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സമൂഹത്തിലെ നേതാക്കന്മാരെല്ലാംകൂടി ഒരു ദിവസം മുഹമ്മദി(സ്വ)ന്റെ അടുത്തുചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ആവത് ശ്രമിച്ചു നോക്കി. പക്ഷെ, നിരാശ മാത്രമായിരുന്നു ഫലം.
മക്കയിലെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആദ്യനാളുകളിലായിരുന്നു ഈ സംഭവം. ഖുര്‍ആന്‍ രചിച്ചുകൊണ്ട് താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്ത് അധികാരം കൈക്കലാക്കുകയായിരുന്നു പ്രവാചക(സ്വ)ന്റെ ലക്ഷ്യമെങ്കില്‍ പ്രയാസങ്ങള്‍ ഏറെയൊന്നും സഹിക്കാതെ അധികാരം തന്റെ കാല്‍ക്കീഴില്‍ വന്ന സമയത്ത് അദ്ദേഹം അത് സ്വീകരിക്കുവാന്‍ വൈമനസ്യം കാണിച്ചതെന്തിനാണ്? മുഹമ്മദ്(സ്വ) അധികാരം കാംക്ഷിച്ചിരുന്നില്ലെന്ന് ഇതില്‍നിന്ന് സുതരാം വ്യക്തമാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിനു പിന്നില്‍ അധികാരമോഹമായിരുന്നില്ലെന്ന് സാരം.

അറബ്‌ ദേശീയത

അസംഘടിതരായിരുന്ന അറബികളെ സംഘടിപ്പിക്കുകയും ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ്(സ്വ) നിര്‍മിച്ചെടുത്ത ഗ്രന്ഥമാണ് ഖുര്‍ആനെന്ന് കരുതിക്കൂടെ?

അറബികളെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയു മായിരുന്നു ഖുര്‍ആനിന്റെ പിന്നിലുള്ള ലക്ഷ്യമെങ്കില്‍ അതിലെ പ്രതിപാദന ങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാവുമായിരുന്നു. എന്നാല്‍, ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ച ഒരാള്‍ക്ക് അതില്‍ അറബി ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു വിഷയമായി വരുന്നേയില്ലെന്ന വസ്തുത വ്യക്തമാവുന്നതാണ്. അറബികളുടെ നവോത്ഥാനമായിരുന്നു ഖുര്‍ആന്‍ രചനക്കുപിന്നിലുള്ള ഉദ്ദേശ്യമെന്ന വാദം താഴെ പറയുന്ന വസ്തുതകള്‍ക്കുമുന്നില്‍ അടിസ്ഥാന രഹിതമായിത്തീരുന്നു.

ഒന്ന്: അറബികളുടെ നവോത്ഥാനത്തെയോ ഐക്യത്തെയോ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലുള്ള ഒരു വചനംപോലും ഖുര്‍ആനിലില്ല.

രണ്ട്: ദേശീയമായ അതിര്‍വരമ്പുകളില്ലാത്ത ആദര്‍ശസമൂഹമെന്ന സങ്ക ല്‍പമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. ‘ഉമ്മത്ത്’ എന്ന സാങ്കേതിക സംജ്ഞയാല്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ആദര്‍ശസമൂഹത്തില്‍ സത്യ വിശ്വാസം സ്വീകരിച്ച ഏവരും ദേശീയതയുടെയോ പ്രാദേശികത്വത്തിന്റെ യോ വര്‍ഗത്തിന്റെയോ ജാതീയതയുടെയോ അതിര്‍വരമ്പുകളില്ലാതെ അംഗങ്ങളാണ്. അറബിദേശീയതയെന്ന സങ്കല്‍പംതന്നെ ഖുര്‍ആനിന് അന്യമാണ്.

മൂന്ന്: അറബികളുടെ നവോത്ഥാനമായിരുന്നു മുഹമ്മദി(സ്വ)ന്റെ ല ക്ഷ്യമെങ്കില്‍ അധികാരം വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ അത് സ്വീകരിക്കുക യും ശക്തിയും പാടവവുമുപയോഗിച്ച് അവരെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. അധികാരം സ്വീകരിച്ചുകൊണ്ട് നവോത്ഥാനത്തിന് ശ്രമിക്കുന്നതിന് പകരം അത് നിരസിക്കുകയാണ് അദ്ദേഹം ചെയ്തത്.

നാല്: അധികാരം ലഭിച്ചതിനുശേഷവും അദ്ദേഹം അറബികളുടെ ഏതെ ങ്കിലും തരത്തിലുള്ള ഔന്നത്യത്തിനുവേണ്ടി വാദിച്ചിട്ടില്ല. തന്റെ അന്തിമ പ്രസംഗത്തില്‍ അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാത്ത വണ്ണം പ്രഖ്യാപിച്ചു: “അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ധര്‍മനിഷ്ഠയുടെ പേരിലല്ലാതെ”.(അഹ്മദ്) ഇത് അറ ബ് ദേശീയതയുടെ നവോത്ഥാനത്തിനുവേണ്ടി ശ്രമിച്ച ഒരു വ്യക്തിയുടെ വാക്കുകളാകുമോ?

അഞ്ച്: സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആനില്‍ പരാമര്‍ശിക്ക പ്പെട്ടിട്ടുള്ളത് രണ്ടു വനിതകളാണ്. ഒന്ന്, ഫറോവയുടെ പത്നി. രണ്ട്, യേശുവിന്റെ മാതാവ് (66:11,12). രണ്ടു പേരും അറബികളല്ല. അറബ് ദേശീയതക്കുവേണ്ടി ഗ്രന്ഥമെഴുതിയ വ്യക്തി ലോകത്തിന് മാതൃകയായി എടുത്തുകാണിക്കുന്നത് അറബികളുടെ എതിരാളികളെയാകുമോ? മര്‍യമിനെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: “മലക്കുകള്‍ ഇപ്രകാരം പറ ഞ്ഞ സന്ദര്‍ഭം: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെര ഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു”(3:42). ബൈബിളിലൊരിടത്തും ഇത്ര ബഹുമാനത്തോടുകൂടി മര്‍യമിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നുകൂടി ഓര്‍ക്കുക. ലോക വനിത കളില്‍ ഉല്‍കൃഷ്ടയായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് മുഹമ്മദി(സ്വ)ന്റെ മാതാവിനെയോ ഭാര്യയെയോ മറ്റേതെങ്കിലും അറബ് സ്ത്രീയെയോ അല്ല; ഇസ്രായേല്‍ വനിതയായ മര്‍യമിനെയാണ്. അറബ് ദേശീയതയുടെ വക്താവില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിക്കുവാന്‍ പറ്റുമോ?

ആറ്: അറബ് ദേശീയതയുടെ നവോത്ഥാനത്തിനുവേണ്ടി പണിയെടുക്കുന്ന ഒരു വ്യക്തി അറബികളുടെ അഹംബോധത്തെ ഉദ്ദീപിക്കുവാനായിരിക്കും തന്റെ രചനയില്‍ ശ്രമിക്കുക. അറബികളുടെ ശ്രേഷ്ഠതയെക്കുറിച്ചുമാത്രമായിരിക്കും അയാള്‍ സംസാരിക്കുക. എന്നാല്‍ ഖുര്‍ആന്‍ ഇസ്രായേല്യര്‍ക്ക് നല്‍കിയ ശ്രേഷ്ഠതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. “ഇസ്രായേല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ ചെയ്തുതന്നിട്ടുള്ള അനുഗ്രഹവും മറ്റു ജനവിഭാഗങ്ങളേക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങളോര്‍ക്കുക”(2:47).

കേവല നവോത്ഥാനം

അധാര്‍മികതയില്‍ മുങ്ങിക്കുളിച്ചിരുന്ന സമൂഹത്തെ ധാര്‍മികതയിലേക്ക് നയിക്കുവാന്‍ വേണ്ടി മുഹമ്മദ്(സ്വ) രചിച്ച കൃതിയാണ് ഖുര്‍ആന്‍ എന്നു പറഞ്ഞാല്‍ അതു നിഷേധിക്കുവാന്‍ കഴിയുമോ?

ജനങ്ങളെ ധാര്‍മികതയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മദ്യ ത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരു സമൂഹ ത്തെ കേവലം 23 വര്‍ഷക്കാലം കൊണ്ട് ധാര്‍മികതയുടെ പ്രയോക്താക്കളും പ്രചാരകരുമാക്കിയ ഗ്രന്ഥമെന്ന ഖ്യാതി ഖുര്‍ആനിനു മാത്രം അവകാശപ്പെ ട്ടതാണ്. എന്നാല്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി മുഹമ്മദ്(സ്വ) രചി ച്ചുകൊണ്ട് ദൈവത്തില്‍ ആരോപിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന വാദ ഗതി അടിസ്ഥാന രഹിതമാണെന്ന് അത് ഒരാവര്‍ത്തി വായിക്കുന്ന ഏവര്‍ക്കും ബോധ്യമാവും. താഴെപ്പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക.

ഒന്ന്: സത്യസന്ധനായിരുന്നു മുഹമ്മദ്(സ്വ) എന്ന കാര്യത്തില്‍ പക്ഷാ ന്തരമില്ല. അത്തരമൊരാള്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി ദൈവത്തിന്റെ പേരില്‍ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നു കരുതുന്നത് യുക്തി സഹമ ല്ല. ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ഒരു വ്യക്തി അക്കാര്യത്തിനുവേണ്ടി സ്വന്തമായി ഒരു വലിയ അധര്‍മം ചെയ്യുകയെന്നത് അവിശ്വസനീയമാണ്. ദൈവത്തിന്റെ പേരില്‍ കളവ് പറയുന്നതിനേക്കാള്‍ വലിയ പാപമെന്താണ്?

രണ്ട്: പടച്ചതമ്പുരാന്റെ പേരില്‍ കളവു പറയുകയും സ്വയം കൃതരചന കള്‍ ദൈവത്തിന്റേതാണെന്ന് വാദിക്കുകയും ചെയ്യുന്നവനാണ് ഏറ്റവും വലിയ അക്രമിയെന്നാണ് ഖുര്‍ആന്‍ പറയുന്നത്. “അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ ‘എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു’ എന്ന് പറയുകയോ ചെയ്തവനേ ക്കാളും അല്ലാഹു അവതരിപ്പിച്ചതുപോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനേക്കാളും വലിയ അക്രമി ആരുണ്ട്?”(6:93). ഖുര്‍ആന്‍ മുഹമ്മദി(സ്വ)ന്റെ രചനയാണെങ്കില്‍ ഈ സൂക്തത്തില്‍ പറഞ്ഞ ‘ഏറ്റവും വലിയ അക്രമി’ അദ്ദേഹം തന്നെയായിരിക്കുമല്ലോ. തന്നെത്തന്നെ ‘ഏറ്റവും വലിയ അക്രമി’യെന്ന് വിളിക്കുവാനും അതു രേഖപ്പെടുത്തുവാനും അദ്ദേ ഹം തയാറാകുമായിരുന്നുവോ?

മൂന്ന്: സ്വയംകൃത രചനകള്‍ നടത്തി അത് ദൈവത്തില്‍ ആരോപിക്കു ന്നവരെ ഖുര്‍ആന്‍ ശപിക്കുന്നുണ്ട്. “എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവില്‍നിന്ന് ലഭിച്ച താണെന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് നാശം!”(2:79) ഖുര്‍ആന്‍ മുഹ മ്മദി(സ്വ)ന്റെ സൃഷ്ടിയാണെങ്കില്‍ ഈ ശാപം അദ്ദേഹത്തിനുകൂടി ബാധക മാണല്ലോ. സ്വന്തമായി ഒരു രചന നിര്‍വഹിക്കുക. ആ രചനയില്‍ സ്വന്ത ത്തെത്തന്നെ ശപിക്കുക. ഇത് വിശ്വസനീയമാണോ?

നാല്: ഖുര്‍ആന്‍ ഒന്നിച്ച് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. നീണ്ട ഇരുപ ത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഖുര്‍ആ ന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഓരോ വിഷയങ്ങളിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ചില സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഖുര്‍ആനില്‍ പതിനഞ്ചോളം സ്ഥ ലങ്ങളില്‍ ‘അവര്‍ നിന്നോട്…നെക്കുറിച്ചു ചോദിക്കുന്നു. പറയുക: …’ എന്ന ശൈലിയിലുള്ള സൂക്തങ്ങളുണ്ട്. ഓരോ വിഷയങ്ങളിലും പ്രവാചകനോട് അവര്‍ ചോദിച്ച സമയത്ത് അദ്ദേഹത്തിന് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെ ന്നും പിന്നീട് ഖുര്‍ആന്‍ വാക്യം അവതരിപ്പിച്ചതിനുശേഷം മാത്രമാണ് അത് സാധിച്ചതെന്നുമാണല്ലോ ഇതില്‍നിന്ന് മനസ്സിലാവുന്നത്. ധാര്‍മിക നവോത്ഥാനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവാചക(സ്വ)ന്റെ രചനയായിരുന്നു ഖുര്‍ആനെങ്കില്‍ ജനം ചോദിച്ചപ്പോള്‍ ഉടന്‍തന്നെ അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുമായിരുന്നു.

ഉദാഹരണത്തിന്, മദ്യത്തില്‍നിന്നും ചൂതാട്ടത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കണമെന്നായിരുന്നു പ്രവാചകന്റെ ഉദ്ദശ്യമെങ്കില്‍ അവയെക്കുറിച്ച് ചോദിച്ച ഉടന്‍തന്നെ അവ പാപമാണ് എന്ന് അ ദ്ദേഹം മറുപടി പറയുമായിരുന്നു. എന്നാല്‍, അദ്ദേഹം ചെയ്തത് അതല്ല; സ്വയം മറുപടി പറയാതെ ദൈവിക വെളിപാട് പ്രതീക്ഷിക്കുകയായിരുന്നു. ദൈവവചനങ്ങള്‍ വെളിപ്പെട്ടതിനുശേഷമാണ് ഈ തിന്മകള്‍ക്കെതിരെയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചത്.

അഞ്ച്: മുഹമ്മദ് നബി(സ്വ)യെ തിരുത്തുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ഖുറൈശി പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കടന്നുവന്ന അന്ധനായ അബ്ദുല്ലാഹിബ്നുഉമ്മിമക്തൂമിനെ പ്രസന്നതയോടെ സ്വീകരിക്കാതിരുന്ന പ്രവാചക(സ്വ)ന്റെ നടപടിയെ തിരുത്തിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ (80:1-10) സുവിദിതമാണ്. മറ്റൊരു സംഭവം: മുസ്ലിംകള്‍ക്ക് ഏറെ നാശനഷ്ടങ്ങള്‍ വിതച്ച ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ ശരീരത്തിലും ഒരുപാട് മുറിവുകള്‍ ഉണ്ടായി. യുദ്ധശേഷം അദ്ദേഹം അവിശ്വാസികളി ല്‍ ചിലരെ ശപിക്കുകയും ‘അവരുടെ പ്രവാചകനെ മുറിപ്പെടുത്തിയ സമൂഹ മെങ്ങനെയാണ് നന്നാവുക?’ എന്ന് ആത്മഗതം നടത്തുകയും ചെയ്തു. ഉടന്‍ ഖുര്‍ആന്‍ സൂക്തമവതരിച്ചു; പ്രവാചക(സ്വ)നെ തിരുത്തിക്കൊണ്ട്. “(നബിയേ), കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേ ക്കാം. അല്ലെങ്കില്‍ അവരെ അവന്‍ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു”(3:128)(തിര്‍മിദി,ഇബ്നുമാജ). ഇതൊന്നും പ്രവാചകനി ല്‍ ബോധപൂര്‍വ്വം വന്ന തെറ്റുകളല്ല. താന്‍ സ്വീകരിച്ച നിലപാടുകളിലുണ്ടാ യ അബദ്ധം മാത്രം. എന്നിട്ടും അവ തിരുത്തുന്ന വചനങ്ങള്‍ ഖുര്‍ആനി ലുണ്ടായി. ജനങ്ങളെ ധര്‍മനിഷ്ഠരാക്കുവാന്‍ വേണ്ടി പ്രവാചകന്‍(സ്വ) പടച്ച ഗ്രന്ഥമായിരുന്നു ഖുര്‍ആനെങ്കില്‍ അദ്ദേഹത്തിന്റെ നടപടികളെ വിമര്‍ശിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടാവുമായിരുന്നുവോ?

ഉന്‍മാദരോഗം

മുഹമ്മദി(സ്വ)ന് ഉന്മാദരോഗമായിരുന്നുവെന്നും വെളിപാടുകള്‍ വരുന്നതുപോലെയുള്ള തോന്നല്‍ പ്രസ്തുത രോഗത്തിന്റെ ലക്ഷണമാണെന്നും വന്നു കൂടെ? സമകാലികരാല്‍ അദ്ദേഹം ഭ്രാന്തനെന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ?

യുക്തിവാദികളായ വിമര്‍ശകന്മാര്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോ പണമാണ് മുഹമ്മദ്(സ്വ) നബിക്ക് ഉന്മാദരോഗ (ടരവശ്വീുവൃലിശമ) മായിരുന്നുവെന്നത്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വെളിപാടുകളുടെ സത്യതയെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നിരീശ്വരവാദികളോടുള്ള ചര്‍ച്ച തുടങ്ങേണ്ടത് ദൈവാസ്തിത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്്. പടച്ചതമ്പുരാന്റെ അസ്തിത്വംതന്നെ അംഗീകരിക്കാത്തവരെ അവനില്‍നിന്നുള്ള വെളിപാടുകള്‍ സത്യസന്ധമാണെന്ന് സമ്മതിപ്പിക്കുന്ന തെങ്ങനെ?
ചോദ്യത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സമകാലികരാല്‍ മുഹമ്മദ്(സ്വ) ഭ്രാന്തനെന്നു വിളിക്കപ്പെട്ടിരുന്നുവോ? ഉണ്ടെ ങ്കില്‍ ഭ്രാന്തിന്റെ എന്തെല്ലാം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചത്?

നാല്‍പതു വയസ്സുവരെ സത്യസന്ധനും സര്‍വരാലും അംഗീകരിക്ക പ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു മുഹമ്മദ്. സുദീര്‍ഘമായ ഈ കാലഘട്ടത്തിനിടയ്ക്ക് ആരെങ്കിലും അദ്ദേഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തി ആരോപിച്ചിട്ടില്ല. പ്രവാചകത്വത്തിനുശേഷം അദ്ദേഹം ഭ്രാന്തനെന്ന് ആരോപിക്കപ്പെട്ടിരുന്നുവെന്നത് ശരിയാണ്. ഭ്രാന്ത നെന്ന് മാത്രമല്ല മുഹമ്മദ്(സ്വ) അധിക്ഷേപിക്കപ്പെട്ടത്; ജ്യോല്‍സ്യന്‍, മാരണ ക്കാരന്‍, മാരണം ബാധിച്ചവന്‍, കവി എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളെ ല്ലാം അദ്ദേഹത്തിനുനേരെ ഉന്നയിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ മാനസിക സംതുലനത്തിലോ വല്ല വ്യത്യാസവും പ്രകടമായതുകൊണ്ടാണോ അവര്‍ അങ്ങനെ അധിക്ഷേപിച്ചത്? ആണെന്ന് അവരാരുംതന്നെ വാദിച്ചിട്ടില്ല. അവരുടെ പ്രശ്നം ഖുര്‍ആനും അതുള്‍ക്കൊള്ളുന്ന ആശയങ്ങളുമായിരുന്നു. തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങള്‍ക്കെതിരെയാണ് മുഹമ്മദ്(സ്വ) സംസാരിക്കുന്നത്. അദ്ദേഹം ദൈവികമാണെന്ന് പറഞ്ഞുകൊണ്ട് ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആനിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാവുക യും ചെയ്യുന്നു. മുഹമ്മദി(സ്വ)നെ സ്വഭാവഹത്യ നടത്താതെ ജനങ്ങളെ അദ്ദേഹത്തില്‍നിന്ന് അകറ്റാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് കണ്ട പാരമ്പ ര്യമതത്തിന്റെ കാവല്‍ക്കാര്‍ ബോധപൂര്‍വം കെട്ടിച്ചമച്ച സ്വഭാവഹത്യയായിരുന്നു ഇവയെല്ലാം.

മുഹമ്മദ്(സ്വ) പ്രവാചകത്വം പരസ്യമായി പ്രഖ്യാപിച്ചകാലം. ഹജ്ജ് മാസം ആസന്നമായി. അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഹജ്ജിനു വരുന്നവരോട് മുഹമ്മദ്(സ്വ) മതപ്രബോധനം നടത്തുമെന്നും ഖുര്‍ആനിന്റെ വശ്യതയില്‍ അവര്‍ ആകൃഷ്ടരാവുമെന്നും മക്കയിലെ പ്രമാണിമാര്‍ ഭയന്നു. അവര്‍ യോഗം ചേര്‍ന്നു. ഹജ്ജിന് എത്തിച്ചേരുന്നവരോട് ആദ്യമേതന്നെ മുഹമ്മദി(സ്വ)നെതിരെ പ്രചാരവേലകള്‍ നടത്താന്‍ തീരുമാനിച്ചു. മുഹമ്മദി(സ്വ)നെ എങ്ങനെ വിശേഷിപ്പിക്കണം, എന്നതായി പിന്നീടുള്ള ചര്‍ച്ച. പലരും പല രൂപത്തില്‍ പറയുന്നത് തങ്ങളുടെ വിശ്വാസ്യത തകര്‍ക്കും. എല്ലാവര്‍ക്കും ഒരേ രൂപത്തില്‍ പറയാന്‍ പറ്റുന്ന ആരോപണമെന്ത്? ചിലര്‍ പറഞ്ഞു: “നമുക്ക് മുഹമ്മദ് ഒരു ജ്യോല്‍സ്യനാണെന്ന് പറയാം”. പൌരപ്രമുഖനായ വലീദുബ്നുമുഗീറ പറഞ്ഞു:
“പറ്റില്ല, അല്ലാഹുവാണ് സത്യം അവ ന്‍ ജ്യോല്‍സ്യനല്ല. ജ്യോല്‍സ്യന്മാരെ നാം കണ്ടിട്ടുണ്ട്. മുഹമ്മദിന്റെ വാക്കുകള്‍ ജ്യോല്‍സ്യന്മാരുടെ പ്രവചനങ്ങളല്ല”. മറ്റു ചിലര്‍ പറഞ്ഞു: “നമുക്ക് അവന്‍ ഭ്രാന്തനാണെന്ന് പറയാം”. വലീദ് പറഞ്ഞു: “അവന്‍ ഭ്രാന്ത നല്ല. ഭ്രാന്തന്മാരെ നാം കണ്ടിട്ടുണ്ട്. അവരുടെ ഭ്രാന്തമായ സംസാരങ്ങളോ ഗോഷ്ഠികളോ പിശാചുബാധയോ ഒന്നും അവനില്ല”. അവര്‍ പറഞ്ഞു: “എങ്കില്‍ അവന്‍ കവിയാണെന്ന് പറയാം”. വലീദ് പ്രതിവചിച്ചു: “അവന്‍ കവിയല്ല. കവിതയുടെ എല്ലാ ഇനങ്ങളും നമുക്കറിയാം. അവന്‍ പറയുന്ന ത് കവിതയല്ല”. ജനം പറഞ്ഞു: “എങ്കില്‍ അവന്‍ മാരണക്കാരനാണെന്ന് പറയാം’ വലീദ് പ്രതികരിച്ചു: “അവന്‍ മാരണക്കാരനുമല്ല. മാരണക്കാരെ നമുക്കറിയാം. അവരുടെ കെട്ടുകളോ, ഊത്തുകളോ ഒന്നും അവന്‍ പ്രയോഗിക്കുന്നില്ല”.

അവര്‍ ചോദിച്ചു: “പിന്നെ എന്താണ് നിങ്ങളുടെ നിര്‍ദേശം?” അദ്ദേഹം പറഞ്ഞു: “തീര്‍ച്ചയായും അവന്റെ വചനങ്ങളില്‍ മാധുര്യമുണ്ട്. അതിന്റെ മൂലം വിസ്തൃതവും ശാഖകള്‍ ഫലസമൃദ്ധവുമാണ്. നിങ്ങള്‍ അവനെപ്പറ്റി എന്തു പറഞ്ഞാലും അതു നിരര്‍ഥകമാണെന്നു തെളിയും. പിതാവിനും മക്കള്‍ക്കുമിടയിലും ഭാര്യക്കും ഭര്‍ത്താവിനുമിടയിലും ജ്യേഷ്ഠനും അനുജനുമിടയിലും പിളര്‍പ്പുണ്ടാക്കുവാന്‍ വേണ്ടി വന്ന ജാലവിദ്യക്കാരനാണ് അവനെന്ന് പറയുന്നതാണ് നല്ലത്!” ജനം ഇതംഗീകരിച്ചു. അവര്‍ പ്രചാര ണം തുടങ്ങി.

ഈ സംഭവം മനസ്സിലാക്കിത്തരുന്ന വസ്തുതയെന്താണ്? പ്രവാചകപ്ര ബോധനങ്ങളില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുവാന്‍ വേണ്ടി ശത്രുക്കള്‍ മെനഞ്ഞെടുത്ത പലതരം ദുഷ്പ്രചാരണങ്ങളിലൊന്നു മാത്രമാണ് അദ്ദേ ഹം ഭ്രാന്തനാണെന്ന ആരോപണം. ഈ പ്രചാരണം നടത്തിയിരുന്നവര്‍ക്കു തന്നെ അതില്‍ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അവരുടെ പ്രചാരണത്തെ ഒരു തെളിവായി സ്വീകരിക്കുന്നത് അബദ്ധമാണ്.
പ്രവാചകന്‍ ജീവിച്ചത് പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പാണ്. അദ്ദേഹ ത്തിന് ഉന്മാദരോഗമുണ്ടായിരുന്നുവോയെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുവാന്‍ ഇപ്പോള്‍ അദ്ദേഹം നമ്മുടെ മുന്നില്‍ ജീവിച്ചിരിക്കാത്തതിനാല്‍ ഇന്ന് നമുക്ക് കഴിയില്ല. അദ്ദേഹത്തിനുണ്ടായ വെളിപാടുകളും സ്വപ്നദര്‍ശ നങ്ങളുമാണ് മുഹമ്മദ്(സ്വ) ഉന്മാദരോഗിയായിരുന്നുവെന്ന് വാദിക്കുന്നവര്‍ക്കുള്ള തെളിവ്. വെളിപാടുകള്‍ സ്വീകരിക്കുമ്പോള്‍ പ്രവാചകനില്‍ കാണ പ്പെട്ട ഭാവവ്യത്യാസങ്ങളെയും വഹ്യ് എങ്ങനെയാണെന്നുള്ള പ്രവാചക ന്റെ വിവരങ്ങളെയും വിശദീകരിക്കുന്ന ഹദീഥുകളുടെ വെളിച്ചത്തിലാണ് വിമര്‍ശകന്മാര്‍ ഈ വാദമുന്നയിക്കുന്നത്. ഉന്മാദരോഗത്തിന്റെ ലക്ഷണ ങ്ങള്‍ പ്രവാചകനില്‍ കാണപ്പെട്ടിരുന്നുവോയെന്ന് വസ്തുനിഷ്ഠമായി പരി ശോധിച്ചാല്‍ ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് സുതരാം വ്യക് തമാവും.

ഒന്ന്: ഉന്മാദരോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഈ വൈരുധ്യം പ്രകടമായിരിക്കും.
മുഹമ്മദി(സ്വ)ന്റെ ജീവിതവും സംസാരങ്ങളും പരിശോധിക്കുക.
യാതൊരു രീതിയിലുള്ള സ്വഭാവ വൈരുദ്ധ്യങ്ങളും അദ്ദേഹത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. മാറിക്കൊണ്ടിരിക്കുന്ന പെരുമാറ്റ രീതികളുടെയും പൂര്‍വാപരബന്ധമില്ലാത്ത സംസാരത്തിന്റെയും ഉടമസ്ഥനായിരുന്നു മുഹമ്മദ് നബി(സ്വ)യെങ്കില്‍ അദ്ദേഹത്തിന് പരശ്ശതം അനുയായികളുണ്ടായതെങ്ങ നെ? സാധാരണയായി നാം മനസ്സിലാക്കുന്ന ‘ദിവ്യന്‍’മാരുടെ അനുയായികളെപ്പോലെയായിരുന്നില്ല മുഹമ്മദി(സ്വ)ന്റെ അനുചരന്മാര്‍. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി മല്‍സരിക്കുകയായിരുന്നു അവര്‍. ഒരു ഉന്മാദരോഗിയുടെ വാക്കുകള്‍ അനുസരിക്കുവാന്‍ വേണ്ടി ജനസഹസ്രങ്ങള്‍ മല്‍സരിച്ചുവെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാവുമോ?

രണ്ട്: ഉന്മാദരോഗികളുടെ പ്രതികരണങ്ങള്‍ വൈരുധ്യാത്മകമായിരിക്കും. സന്തോഷവേളയില്‍ പൊട്ടിക്കരയുകയും സന്താപവേളയില്‍ പൊട്ടിച്ചിരിക്കുകയും ചെയ്യും. വെറുതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്വഭാവവും കണ്ടുവരാറുണ്ട്.
മുഹമ്മദ്(സ്വ)യുടെ പ്രതികരണങ്ങള്‍ സമചിത്തതയോടുകൂടിയുള്ളതായിരുന്നു. ഒരു സംഭവം: പ്രവാചകന്‍(സ്വ) ഒരു മരത്തണലില്‍ വിശ്രമിക്കുകയാണ്. പെട്ടെന്ന് ഊരിപ്പിടിച്ച വാളുമായി മുന്നില്‍ ഒരു കാട്ടാളന്‍ പ്രത്യക്ഷപ്പെ ട്ടു. അയാള്‍ ചോദിച്ചു: “എന്നില്‍നിന്ന് നിന്നെ ഇപ്പോള്‍ ആര് രക്ഷിക്കും?” പ്രവാചകന്‍ അക്ഷോഭ്യനായി മറുപടി പറഞ്ഞു: ‘അല്ലാഹു’. ഈ മറുപടിയു ടെ ദൃഢത കേട്ട് കാട്ടാളന്റെ കൈയില്‍നിന്ന് വാള്‍ വീണുപോയി. (ബുഖാരി, മുസ്ലിം)

ഒരു ഉന്മാദരോഗിയില്‍നിന്ന് ദൃഢചിത്തതയോടുകൂടിയുള്ള ഇത്തരം പെരുമാറ്റങ്ങള്‍ പ്രതീക്ഷിക്കുവാന്‍ കഴിയുമോ?

മൂന്ന്: ഉന്മാദരോഗികള്‍ അന്തര്‍മുഖരായിരിക്കും. പുറമെയുള്ള ലോക ത്ത് നടക്കുന്ന സംഭവങ്ങളിലൊന്നും അവര്‍ക്ക് യാതൊരു താല്‍പര്യവും കാണുകയില്ല.
മുഹമ്മദ് നബി(സ്വ) അന്തര്‍മുഖനായിരുന്നില്ല. തന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍ അതീവ താല്‍പര്യത്തോടെ നിരീക്ഷിക്കുകയും തന്റെ പങ്ക് ആവശ്യമെങ്കില്‍ നിര്‍വഹിക്കുകയും ചെയ്തിരുന്ന വ്യക്തിയാണദ്ദേ ഹം. ജനങ്ങള്‍ക്ക് ധാര്‍മിക നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമല്ല, അവര്‍ക്ക് മാതൃകയായി ജീവിച്ച് കാണിച്ചുകൊടുക്കുകകൂടി ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
ലാമാര്‍ട്ടിന്‍ എഴുതി: ‘തത്ത്വജ്ഞാനി, പ്രസംഗകന്‍, ദൈവദൂതന്‍, നിയമ നിര്‍മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധ സങ്കല്‍പങ്ങളില്‍നിന്ന് മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിബന്ധുരമായ വിശ്വാസപ്രമാണങ്ങളുടെയും പുനഃസ്ഥാപകന്‍, ഇരുപത് ഭൌതിക സാമ്രാജ്യങ്ങളുടെ സ്ഥാപകന്‍ -അതായിരുന്നു മുഹമ്മദ്. മനുഷ്യത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വെച്ച് പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം. മുഹമ്മദിനേക്കാള്‍ മഹാനായ മറ്റു വല്ല മനുഷ്യനുമുണ്ടോ?”(ഒശീൃശല ഉല ഘമ ൌൃൂൌശല., ഢീഹ, 2 ജമഴല 277)
അന്തര്‍മുഖനായ ഒരു ഉന്മാദരോഗിയെക്കുറിച്ച വിലയിരുത്തലാണോ ഇത്?

നാല്: ഉന്മാദരോഗികള്‍ക്ക് നിര്‍ണിതമായ എന്തെങ്കിലും ലക്ഷ്യത്തിനുവേണ്ടി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കാര്യമായി യാതൊന്നും ചെയ്യാനാവാത്ത ഇവര്‍ ശാരീരികമായും മാനസികമായും തളര്‍ന്നവരായിരിക്കും.
മുഹമ്മദ് നബി(സ്വ) ജനങ്ങളെ സത്യമാര്‍ഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടി അയക്കപ്പെട്ട ദൈവദൂതന്മാരില്‍ അന്തിമനായിരുന്നു. തന്നിലേല്‍പിക്കപ്പെട്ട ഉത്തരവാദിത്തം രണ്ടു ദശാബ്ദത്തിലധികം ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചിട്ടയോടുകൂടിയുള്ള പ്രബോധന പ്രവര്‍ ത്തനങ്ങള്‍ വഴി ജനസഹസ്രങ്ങളെ ദൈവികമതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ മുഹമ്മദി(സ്വ)ന് സാധിച്ചു. സാംസ്കാരിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനവിഭാഗത്തെ ലോകത്തിന് മുഴുവന്‍ മാതൃകയാക്കി പരിവര്‍ത്തിപ്പിക്കുവാന്‍ വേണ്ടിവന്നത് കേവലം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ മാത്രം. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണ് മുഹമ്മദ്(സ്വ) എന്ന് ചരിത്രത്തെ നിഷ്പക്ഷമായി നോക്കിക്കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം ഒരു ഉന്മാദരോഗിക്ക് കഴിയുന്നതാണെന്ന് പ്രസ്തുത രോഗ ത്തെക്കുറിച്ച് അല്‍പമെങ്കിലും അറിയുന്നവരാരെങ്കിലും സമ്മതിക്കുമോ?

അഞ്ച്: ഉന്മാദരോഗി അശരീരികള്‍ കേള്‍ക്കുകയും (അൌറശീൃ്യ ഒമഹഹൌരശിമശീിേ) മിഥ്യാഭ്രമത്തിലായിരിക്കുകയും (ഉലഹൌശീിെ) മായാദൃശ്യങ്ങള്‍ കാണുക യും (ഒമഹഹൌരശിമശീിേ) ചെയ്യും. ഈ അശരീരികളും മായാദൃശ്യങ്ങളും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമുള്ളതായിരിക്കില്ല.
മുഹമ്മദ് നബി(സ്വ)ക്കുണ്ടായ വെളിപാടുകളും ദര്‍ശനങ്ങളും ഈ ഗണത്തില്‍ പെടുത്തിക്കൊണ്ടാണ് വിമര്‍ശകര്‍ അദ്ദേഹത്തില്‍ ഉന്മാദരോഗം ആരോപിക്കുന്നത്. ഉന്മാദരോഗത്തിന്റെ മറ്റു ലക്ഷണങ്ങളൊന്നും നബി(സ്വ)യില്‍ ഉണ്ടായിരുന്നില്ലെന്ന് നാം മനസ്സിലാക്കി. അപ്പോള്‍ ഈ വെളിപാടുകളുടെ മാത്രം വെളിച്ചത്തില്‍ അദ്ദേഹം ഉന്മാദരോഗിയാണെന്ന് പറയുന്ന തെങ്ങനെ? ഉന്മാദരോഗിക്കുണ്ടാവുന്ന ‘വെളിപാടു’കള്‍ അയാളുടെ രോഗ ത്തിന്റെ ലക്ഷണമാണ്. ഈ വെളിപാടുകള്‍ അയാളുടെ വൈയക്തിക മേഖലകളുമായി മാത്രം ബന്ധപ്പെട്ടതായിരിക്കും. എന്നാല്‍, മുഹമ്മദി(സ്വ)നുണ്ടായ വെളിപാടുകളോ? ആ വെളിപാടുകള്‍ ഒരു ഉത്തമ സമൂഹത്തെ പടിപടിയായി വാര്‍ത്തെടുക്കുകയായിരുന്നു. ആദ്യം ദൈവബോധവും പര ലോകചിന്തയും ജനങ്ങളില്‍ വളര്‍ത്തി. ഘട്ടം ഘട്ടമായി സമൂഹത്തെ മുച്ചൂടും ബാധിച്ചിരുന്ന എല്ലാ തിന്മകളുടെയും അടിവേരറുത്തു. അങ്ങനെ ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്ക് നിമിത്തമാകുവാന്‍ മുഹമ്മദി(സ്വ)ന് ലഭിച്ച വെളിപാടുകള്‍ക്ക് കഴിഞ്ഞു. അത് സൃഷ്ടിച്ച വിപ്ളവം മഹത്തരമാണ്. ചരിത്രകാലത്ത് അതിനു തുല്യമായ മറ്റൊരു വിപ്ളവം നടന്നിട്ടില്ല.
ഉന്മാദരോഗി കേള്‍ക്കുന്ന അശരീരികള്‍ക്ക് ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്കോ നിസ്തുലമായ ഒരു വിപ്ളവത്തിനോ നിമിത്തമാകുവാന്‍ കഴിയുമോ?
മുഹമ്മദി(സ്വ)ന് ഉന്മാദരോഗമായിരുന്നുവെന്നും അദ്ദേഹം ശ്രവിച്ച അശ രീരികളാണ് ഖുര്‍ആനിലുള്ളതെന്നുമുള്ള വാദം പരിഗണനപോലും അര്‍ഹിക്കാത്ത ആരോപണം മാത്രമാണെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.

പൈശാചിക വെളിപാടുകള്‍

മുഹമ്മദി(സ്വ)ന് വെളിപാടുകള്‍ വന്നിരിക്കാം. എന്നാല്‍ അവ പൈശാചിക വെളിപാടുകള്‍ ആയിക്കൂടെ?

ക്രൈസ്തവ വിമര്‍ശകരാണ് മുഹമ്മദ് നബിക്ക് ലഭിച്ച വെളിപാടുകള്‍ പിശാചില്‍നിന്നാണെന്ന ആരോപണം ഉന്നയിക്കുന്നത്. മുഹമ്മദി(സ്വ)ന് ലഭിച്ച വെളിപാടുകള്‍ പിശാചുബാധയുടെ ഫലമായുണ്ടായതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സി.ഡി. ഫാണ്ടര്‍, ക്ളേയ്ര്‍ ടിസ്ഡാല്‍, ജോഷ്മാക്ഡവല്‍, ജോണ്‍ജില്‍ ക്രിസ്റ്റ്, ജി. നെഹ്ല്‍സ് തുടങ്ങിയ ക്രൈസ്തവ ഗ്രന്ഥകാരന്മാരെല്ലാം ശ്രമിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശീകര ണത്തെയും അതുമൂലമുള്ള പാപപരിഹാരത്തെയും നിഷേധിച്ചു കൊണ്ട് മനുഷ്യരാശിയെ പാപത്തിന്റെ ഗര്‍ത്തത്തില്‍തന്നെ തളച്ചിടുവാനുള്ള പി ശാചിന്റെ പരിശ്രമമാണ് ഖുര്‍ആനിന്റെ രചനക്കു പിന്നിലുള്ളതെന്ന് അവര്‍ വാദിക്കുന്നു. മനുഷ്യശരീരത്തില്‍ പിശാച് കയറിക്കൂടുമോ? പിശാചുബാധ കൊണ്ട് ഒരാള്‍ക്ക് രോഗങ്ങളുണ്ടാവുമോ? പിശാചുബാധിച്ച ഒരാള്‍ക്ക് വെളിപാടുണ്ടാവുമോ? തുടങ്ങിയ ചര്‍ച്ചകള്‍ ഇവിടെ അപ്രസക്തമാണ്. ബൈ ബിള്‍ പ്രകാരം പിശാചുബാധിച്ച ഒരാളില്‍ കാണപ്പെടുന്ന അസുഖങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കുക.

1. ബുദ്ധിഭ്രമത്താല്‍ അലറി വിളിക്കല്‍ (മാര്‍ക്കോസ് 1:24, ലൂക്കോസ് 9:39, യോഹന്നാന്‍ 10:20)
2. സ്വയം നശീകരണ പ്രവണത (മത്തായി 55:9, 18: 17, 15:32, മര്‍ക്കോസ് 5: 13, ലൂക്കോസ്, 8:33)
3. നഗ്നമായി നടക്കുന്നതിനുള്ള പ്രവണത (ലൂക്കോസ് 8:2, 8:35)
4. പിശാചിനാല്‍ തള്ളയിടപ്പെടുക (മത്തായി 17:15, മര്‍ക്കോസ് 1:26,9:18, 9:20,9:26)
5. മൂകത (മര്‍ക്കോസ് 9:25, 9:32, 12:22, ലൂക്കോസ് 11:14)
6. ബധിരത (മര്‍ക്കോസ് 9: 25)
7. അന്ധത (മത്തായി 12:22)
8. മറ്റാരും കാണാത്തത് കാണുകയും അറിയുകയും ചെയ്യുക (മര്‍ക്കോസ് 1:24, ലൂക്കോസ് 4:3, മത്തായി 8:29)

പിശാചുബാധിതനില്‍ കാണപ്പെടുന്നതെന്ന് ബൈബിള്‍ ഉദ്ഘോഷിക്കു ന്ന ലക്ഷണങ്ങളൊന്നും മുഹമ്മദി(സ്വ)ല്‍ ഉണ്ടായിരുന്നതായി നമുക്ക് കാ ണാന്‍ കഴിയുന്നില്ല. ദൈവിക വെളിപാടുകള്‍ ലഭിക്കുമ്പോള്‍ അവ ഒരു മണിനാദം പോലെ തനിക്ക് അനുഭവപ്പെടാറുണ്ടെന്നും അതാണ് ഏറ്റവും പ്രയാസകരമായ വെളിപാടു രീതിയെന്നും മുഹമ്മദ്(സ്വ) പറഞ്ഞതാണ് അദ്ദേഹത്തെ പിശാചുബാധിച്ചിരുന്നുവെന്നും പൈശാചിക വെളിപാടുകളാണ് ഖുര്‍ആനെന്നും വാദിക്കുന്നവരുടെ ഒരു തെളിവ്. വെളിപാട് ലഭിച്ചു കൊ ണ്ടിരുന്ന അതിശൈത്യമുള്ള ഒരു ദിവസം പ്രവാചകന്റെ നെറ്റിയില്‍ വിയര്‍പ്പുതുള്ളിയുണ്ടായിരുന്നതായി ഞാന്‍ കണ്ടുവെന്ന പ്രവാചകപത്നി ആഇ ശ(റ)യുടെ നിവേദനമാണ് മറ്റൊരു തെളിവ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. പിശാചുബാധിതന് ചെവിയില്‍ മണിയടിക്കുന്നതുപോലെ തോന്നുമെന്നോ അവന്റെ നെറ്റിത്തടം അതിശൈത്യമാണെങ്കിലും വിയര്‍പ്പുതുള്ളികളാല്‍ നിറയുമെന്നോ ബൈബിളില്‍ എവിടെയെങ്കിലുമുണ്ടോ? ഇല്ലെങ്കില്‍, പ്രവാചക(സ്വ)നില്‍ പിശാചുബാധ ആരോപിക്കുവാന്‍ ബൈബിളിന്റെ അനുയായികള്‍ക്ക് എന്തടിസ്ഥാനമാണുള്ളത്?
പ്രവാചകന് ലഭിച്ച ദൈവിക സന്ദേശങ്ങള്‍ പിശാചുബാധയുടെ ഉല്‍പ ന്നങ്ങളാണെന്ന് പറയുന്നവര്‍ തങ്ങളുടെതന്നെ വിശുദ്ധന്മാരാണ് പിശാചു ബാധയേറ്റവരെന്ന് പറയാന്‍ നിര്‍ബന്ധിതരാവുമെന്നതാണ് വാസ്തവം.

യേശുവിന്റെ ജീവിതകാലമത്രയും അദ്ദേഹത്തെയും അദ്ദേഹം പഠിപ്പിച്ച ആശയങ്ങളെയും നശിപ്പിക്കുവാന്‍ വേണ്ടി അഹോരാത്രം പരിശ്രമിക്കുക യും (അപ്പോസ്തല പ്രവൃത്തികള്‍ 9:1, 26:10, 8:1) അദ്ദേഹത്തിനുശേഷം ക്രിസ്തു തനിക്ക് വെളിപ്പെട്ടിട്ടുണ്ടെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തയാളാണ് ‘വിശുദ്ധ പൌലോസ്’. അദ്ദേഹത്തിന് ക്രിസ്തുദര്‍ശനം ലഭിച്ച രീതിയെക്കുറിച്ച് ബൈബിള്‍ വിവരിക്കുന്നത് കാണുക: “പിന്നെ അയാള്‍ യാത്ര പുറപ്പെട്ട് ഡമാസ്കസിനെ സമീപിച്ചപ്പോള്‍, പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാളുടെ ചുറ്റും മിന്നലൊളി പരത്തി. സാവൂള്‍ നിലം പതിച്ചു. ‘സാവൂള്‍, സാവൂള്‍ നീ എന്നെ പീഡിപ്പിക്കുന്നത് എന്തിന്? എന്ന് തന്നോട് ചോദിക്കുന്ന ഒരു സ്വരം കേള്‍ക്കയായി. അപ്പോള്‍ അയാള്‍ ചോദിച്ചു: ‘പ്രഭോ നീ ആരാണ്? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാന്‍. എഴുന്നേറ്റ് നഗരത്തില്‍ ചെല്ലുക. നീ ചെയ്യേണ്ടത് എന്തെന്ന് അവിടെ വെച്ച് നിനക്ക് അറിവ് കിട്ടും’. ‘അയാളോടൊപ്പം യാത്ര ചെയ്തിരുന്ന ആളുകള്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ വിസ്മയ സ്തബ്ധരായി നിന്നുപോയി. വീണുകിടന്നിടത്തുനിന്ന് സാവൂള്‍ എഴുന്നേറ്റു. കണ്ണുതുറന്നിട്ടും അയാള്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവര്‍ അയാളെ കൈക്കുപിടിച്ച് ഡമാസ്കസിലേക്കു കൊണ്ടുപോയി. മൂന്നു ദിവസത്തേക്ക് അയാള്‍ക്ക് കാഴ്ചയില്ലായിരുന്നു; അയാള്‍ തിന്നുകയോ കുടിക്കുകയോ ചെയ്തതുമില്ല” (അപ്പോസ്തല പ്രവൃത്തികള്‍ 9:3-9)

നിലംപതിക്കുന്നതും കൂടെയുള്ളവര്‍ കാണാത്തത് കാണുന്നതും കേള്‍ ക്കാത്തത് കേള്‍ക്കുന്നതും കണ്ണു കാണാതാവുന്നതുമെല്ലാം പിശാചുബാധ യുടെ ലക്ഷണങ്ങളായി സുവിശേഷങ്ങളില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് നാം കണ്ടു. ക്രിസ്തുവിനെ താന്‍ കണ്ടുവെന്ന് പൌലോസ് അവകാശപ്പെട്ട സംഭവത്തില്‍ ഇതെല്ലാം അദ്ദേഹം അനുഭവിക്കുന്നുമുണ്ട്. പൌലോസിന് പിശാചുബാധയാണ് ഉണ്ടായതെന്ന് വാദിച്ചാല്‍ അത് അംഗീകരിക്കാന്‍ ക്രൈസ്തവ സമൂഹം സന്നദ്ധമാവുമോ? മുഹമ്മദി(സ്വ)ന് പിശാചുബാധയായിരുന്നുവെന്ന് സമര്‍ഥിക്കുവാന്‍ ബൈബിളില്‍നിന്ന് ഒരു തെളിവെങ്കിലുമുദ്ധരിക്കാ ന്‍ ക്രൈസ്തവ വിമര്‍ശകര്‍ക്ക് കഴിയില്ല. അതേസമയം, നിലവിലുള്ള ക്രിസ്തുമതത്തിന്റെ സ്ഥാപകനായ പൌലോസിന് പിശാചുബാധയാണ് അനുഭ വപ്പെട്ടതെന്ന് ബൈബിള്‍ ഉപയോഗിച്ചു കൊണ്ട് സ്ഥാപിക്കാന്‍ ഒരാള്‍ക്ക് കഴിയും. അപ്പോള്‍ ആര്‍ക്കാണ് പിശാചുബാധ?
ഇനി, മുഹമ്മദ് നബി(സ്വ)ക്ക് പിശാച് ബാധിച്ചതുകൊണ്ടാണ് ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയതെന്ന ക്രൈസ്തവവാദത്തിന്റെ ആണിക്കല്ല് പരിശോധിക്കുക. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തെ വിമര്‍ശിക്കുന്നതുമൂലമാണല്ലോ ഖുര്‍ആന്‍ പിശാചിന്റെ സൃഷ്ടിയാണെന്ന് വാദിക്കുന്നത്.

എന്നാല്‍, യാഥാര്‍ഥ്യമെന്താണ്? യേശുക്രിസ്തു പരിശുദ്ധനായിരുന്നുവെന്ന് മുസ്ലിംകളും ക്രൈസ്തവരും വിശ്വസിക്കുന്നു. അദ്ദേഹം സര്‍വശക് തനാല്‍ നിയുക്തനായ വ്യക്തിയാണെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു. അദ്ദേഹത്തിന് പിശാചുബാധയുണ്ടായിട്ടില്ലെന്ന് ഇരുകക്ഷികളും പറയുന്നു. എങ്കില്‍, മുഹമ്മദ് നബി(സ്വ)ക്കോ പൌലോസിനോ ആര്‍ക്കാണ് പിശാചില്‍നിന്ന് വെളിപാടുണ്ടായതെന്ന് പരിശോധിക്കാന്‍ നമുക്കെന്തുകൊണ്ട് യേശുക്രിസ്തുവിന്റെ ഉപദേശങ്ങളുമായി അവരുടെ ഉപദേശങ്ങളെ താരതമ്യം ചെയ്തുകൂടാ? പിശാചില്‍നിന്ന് വെളിപാടുണ്ടായ വ്യക്തി യേശുവിന്റെ ശത്രുവായിരിക്കുമല്ലോ. ഒരു ദൈവദൂതന്റെ ശത്രു അയാള്‍ പ്രബോധനം ചെയ്യുന്ന ആശയങ്ങളുടെ ശത്രുവായിരിക്കും എന്നോര്‍ക്കുക.
യേശു പറഞ്ഞു: നിയമത്തെ (തോറ)യോ പ്രവാചകന്മാരെയോ റദ്ദാക്കാനല്ല ഞാന്‍ വന്നത്’ (മത്തായി 5:17).
ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും നാം തന്നെയാണ് തൌറാത്ത് അവ തരിപ്പിച്ചിരിക്കുന്നത്, അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്’ (5:44).
‘മര്‍യമിന്റെ മകന്‍ ഈസ പറഞ്ഞ സന്ദര്‍ഭം: ഇസ്രായേല്‍ സന്തതികളേ, എനിക്കുമുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ളൊരു ദൂതനെപ്പറ്റി സന്തോ ഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍’ (61:6).

പൌലോസ് എഴുതി: ‘നിയമാനുഷ്ഠാനങ്ങളെ (തോറ) ആശ്രയിക്കുന്നവ രെല്ലാം ശാപഗ്രസ്തരാണ് (ഗലാത്തിയക്കാര്‍ 3:10).
‘ക്രിസ്തു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ മോചിപ്പിച്ചിരിക്കു ന്നു’ (ഗലാത്തിയക്കാര്‍ 3:13).
‘അവന്‍ (യേശു) തന്റെ ശരീരത്തില്‍, നിയമത്തെ അതിന്റെ കല്‍പന കളോടും അനുശാസനങ്ങളോടുംകൂടി റദ്ദാക്കി’ (എഫേസോസുകാര്‍2:15)
ഞാന്‍ നിയമത്തെ റദ്ദാക്കാനല്ല വന്നതെന്ന് യേശു, ഖുര്‍ആനും അതുതന്നെ പറയുന്നു. പൌലോസാകട്ടെ യേശു നിയമത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാനാണ് വന്നത് എന്നു സമര്‍ഥിക്കുന്നു. ആര്‍ക്കാണ് പിശാചിന്റെ വെളിപാട്?

യേശുക്രിസ്തു താന്‍ ദൈവമാണെന്ന് പഠിപ്പിച്ചില്ല (മര്‍ക്കോസ് 12:29, മത്തായി 4:10) ഇക്കാര്യം ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്ത മാക്കുന്നു (3:51), എന്നാല്‍ പൌലോസ് പറഞ്ഞതാകട്ടെ ‘പ്രകൃത്യാതന്നെ ദൈവമായിരുന്നിട്ടും ദൈവത്തോടു തനിക്കുള്ള തുല്യതയെ, മുറുകെപ്പിടിച്ചുകൊണ്ടിരിക്കേണ്ട ഒരു കാര്യമായി അവന്‍ പരിഗണിച്ചില്ല? (ഫിലിപ്പിയര്‍ 2:6). ‘അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപമാണ്; സര്‍വസൃഷ്ടികളിലും ആദ്യജാതന്‍’ (കൊളോസിയക്കാര്‍ 1:15) എന്നിങ്ങനെയാണ്. യേശുക്രിസ്തുവിന് സ്വയം താന്‍ ദൈവമാണെന്ന വെളിപാട് ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹം അത് പറയുമായിരുന്നു. എന്നാല്‍, പൌലോസിന് യേശു ദൈവമായിരുന്നുവെന്ന് വെളിപാട് കിട്ടി. പ്രസ്തുത വെളിപാട് എവിടെനിന്നായിരിക്കണം?

അബ്രഹാമിനോട് ദൈവം ചെയ്ത ഉടമ്പടിയായിട്ടാണ് പരിച്ഛേദനാകര്‍മത്തെ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ‘നീയും നിനക്കു ശേഷം തലമുറയായി നിന്റെ സന്തതികളും പാലിക്കേണ്ട ഉടമ്പടി’യെന്നു പറഞ്ഞുകൊണ്ടാണ് അബ്രഹാമിനോട് കര്‍ത്താവ് പരിച്ഛേദന ചെയ്യുന്നതിനുള്ള കല്‍പന നല്‍കുന്നത് (ഉല്‍പത്തി 17:9-14) കര്‍ത്താവ് മോശയോടു പറഞ്ഞ തായി ബൈബിള്‍ ഉദ്ധരിക്കുന്നു: ‘എട്ടാം ദിവസം ശിശുവിന്റെ പരിച്ഛേ ദനം നടത്തണം (ലേവിയര്‍ 12:3) ഈ ദൈവിക കല്‍പന യേശുവും അനുസ രിച്ചിരുന്നു. ‘എട്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ശിശുവിന് പരിച്ഛേദനം നടത്തി’ (ലൂക്കോസ് 2:21). പരിച്ഛേദനം ചെയ്യേണ്ടതില്ലെന്ന് യേശു ആരോടും പറഞ്ഞില്ല. കാരണം അദ്ദേഹത്തിന് അത്തരത്തിലുള്ള ഒരു ബോധനം ലഭിച്ചിരുന്നില്ല. എന്നാല്‍ പൌലോസ് പറയുന്നത് കാണുക: ‘പരിച്ഛേദനം സ്വീകരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ക്രിസ്തുവിനെക്കൊണ്ട് നേട്ടമില്ല’ (ഗലാത്തിയക്കാര്‍ 5:2). ഈ വെളിപാട് പൌലോസിന് എവിടെനിന്ന് കിട്ടി? ദൈവത്തില്‍ നിന്നാകാന്‍ വഴിയില്ല. പിന്നെയോ?

പിശാചില്‍നിന്നാണ് മുഹമ്മദി(സ്വ)ന് വെളിപാടുണ്ടായത് എന്നുപറയാ നുള്ള പ്രധാനപ്പെട്ട കാരണം കുരിശുമരണത്തെയും പാപപരിഹാരബലി യെയും ഖുര്‍ആന്‍ നിഷേധിക്കുന്നുവെന്നതാണല്ലോ. യേശുവിനെയും മാതാവിനെയും പുകഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്ന ഒട്ടനവധി സൂക്ത ങ്ങള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആനില്‍ പേരു പരാമര്‍ശിക്കപ്പെട്ട ഏക വനിത മര്‍യമാണെന്നോര്‍ക്കുക. യേശു ചെയ്തതായി ബൈബിളില്‍ പറയാത്ത കളിമണ്‍പക്ഷികളില്‍ ഊതി അവയ്ക്ക് ജീവനിടുക തുടങ്ങിയ അത്ഭുതങ്ങ ളെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുമുണ്ട് (3:49). തൊട്ടിലില്‍ വെച്ച് ഉണ്ണിയേശു സംസാരിച്ചതായുള്ള ഖുര്‍ആനിക പരാമര്‍ശം (19:30) ബൈബി ളിലൊരിടത്തും കാണുവാന്‍ സാധ്യമല്ല. യേശുവിന്റെ വിശുദ്ധ വ്യക്തിത്വത്തില്‍ കളങ്കമുണ്ടാക്കുന്ന യാതൊന്നും ഖുര്‍ആനിലില്ല. യോഹന്നാന്റെ സുവിശേഷ പ്രകാരം ക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതം കാനായിലെ കല്യാണവിരുന്നില്‍ വെച്ച് മദ്യം നിര്‍മിച്ചു നല്‍കിയതാണെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ് (യോഹന്നാന്‍ 2:1-11). ഖുര്‍ആനില്‍ ഇത്തരം യാതൊരു പരാമര്‍ശവുമില്ല.

‘മരത്തില്‍ തൂക്കിക്കൊല്ലപ്പെടുന്നവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്’ (ആവര്‍ത്തനം 21:23)എന്നാണ് ബൈബിളിന്റെ സിദ്ധാന്തം. കുരിശില്‍ തറക്കുക വഴി യേശുവിനെ ശപിക്കപ്പെട്ടവനായി മുദ്രയടിക്കുകയാണ് തങ്ങ ള്‍ ചെയ്തതെന്നാണ് യഹൂദര്‍ കരുതിയത്. പൌലോസ് പറയുന്നതും മറ്റൊന്നല്ല. ‘മരത്തില്‍ തൂക്കപ്പെടുന്നവരെല്ലാം ശപിക്കപ്പെട്ടവര്‍ എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീരുന്നു’ (ഗലാത്യര്‍ 3:13). അപ്പോള്‍ ക്രൂശീകരണം യേശുവിനെ ശപിക്കപ്പെട്ടവനാക്കുകയാണ് ചെയ്യുന്നത്. ലോകത്തിനുവേണ്ടി യേശു ശാപമായിത്തീര്‍ന്നുവെന്ന വാദം ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. ശാപത്തിന്റെ മരക്കുരിശില്‍നിന്ന് തന്നെ രക്ഷിക്കേണമേയെന്ന ക്രിസ്തുവിന്റെ പ്രാര്‍ഥന (മത്തായി 26:39) ദൈവം കേട്ടില്ലെന്നു കരുതുന്നത് ദൈവിക കാരുണ്യത്തിന്റെ നിഷേധമല്ലാതെ മറ്റെന്താണ്? ശപിക്കപ്പെട്ട മരക്കുരിശില്‍നിന്ന് പടച്ചതമ്പുരാന്‍ യേശുവിനെ രക്ഷിച്ചുകൊണ്ട് യഹൂദന്മാരുടെ ഗൂഢാലോചനയെ തകര്‍ക്കുകയാണ് ചെയ്തത് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (4:157,158).

മരക്കുരിശില്‍ ക്രൂശിക്കുക വഴി യേശുവിനെ ശപിക്കപ്പെട്ടവനാക്കിയെന്ന് യഹൂദന്മാര്‍.
മരക്കുരിശില്‍ മരിച്ച് യേശു ശപിക്കപ്പെട്ടവനായിത്തീര്‍ന്നുവെന്ന് പൌ ലോസ്.
മരക്കുരിശില്‍നിന്ന് പരിശുദ്ധനായ യേശുവിനെ ദൈവം രക്ഷിച്ചുവെന്ന് ഖുര്‍ആന്‍.

ഏതാണ് പിശാചിന്റെ വെളിപാട്? യേശുവിനെ മഹത്വപ്പെടുത്തുന്നതോ അതല്ല ശാപഗ്രസ്തനാക്കുന്നതോ?
ചുരുക്കത്തില്‍, ഖുര്‍ആന്‍ പൈശാചിക വെളിപാടാണെന്ന് സമര്‍ഥിക്കു വാന്‍ വേണ്ടി തെളിവുകള്‍ പരതുന്നവര്‍ കുഴിക്കുന്ന കുഴികളില്‍ തങ്ങള്‍തന്നെയാണ് വീഴുന്നത് എന്നുള്ളതാണ് യാഥാര്‍ഥ്യം.

യുദ്ധക്കൊതി

മദീനയില്‍ ഇസ്ലാമികസമൂഹം വളര്‍ന്നുവെന്നറിഞ്ഞ മക്കാമുശ്രിക്കുകള്‍ക്ക് കലികയറി. തങ്ങളുടെ പിതാക്കളില്‍നിന്ന് ലഭിച്ച വിശ്വാസാചാരങ്ങളുടെ സംരക്ഷണത്തിനായി പുതിയ മതത്തെ ഉന്മലൂനം ചെയ്യാനവര്‍ തീരുമാനിച്ചു. മദീനയിലെ ജൂതന്മാരുമായി ഉപജാപത്തിലേര്‍പ്പെട്ടും ഗൂഢാലോചനകള്‍ നടത്തിയും മുസ്ലിംസമൂഹത്തെ നശിപ്പിക്കുവാന്‍ അവര്‍ പരിശ്രമിച്ചു.

നിലനില്‍പിനുവേണ്ടി വാളെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും മുസ്ലിം സമൂഹത്തിന്റെ മുമ്പിലുണ്ടായിരുന്നില്ല. അങ്ങനെ അന്തിമപ്രവാചകന്റെ കാലഘട്ടത്തിലെ ആദ്യത്തെ യുദ്ധമുണ്ടായി. സര്‍വവിധ സന്നാഹങ്ങളുമായി വന്ന ആയിരത്തില്‍പരം ആളുകളുണ്ടായിരുന്ന ശത്രുസൈന്യവുമായി പരിമിതമായ സജ്ജീകരണങ്ങള്‍ മാത്രമുണ്ടായിരുന്ന മൂന്നൂറ്റിപ്പതിമൂന്ന് പേരുള്ള വിശ്വാസികളുടെ സൈന്യം ബദ്റില്‍ വെച്ച് ഏറ്റുമുട്ടി. പ്രവാചകന്‍ കരളുരുകിക്കൊണ്ട് പ്രാര്‍ഥിച്ചു: “അല്ലാഹുവേ, ഈ ചെറുസംഘം ഇന്ന് നശിച്ചുപോകുകയാണെങ്കില്‍ പിന്നെ നിന്നെമാത്രം ആരാധിക്കുന്നവരാരും ഭൂമുഖത്തുണ്ടാകില്ല. നീ ഞങ്ങളെ അനുഗ്രഹിക്കേണമേ”. യുദ്ധം നടന്നു. ഇസ്ലാമിന്റെ പ്രഥമയുദ്ധത്തില്‍ മുസ്ലിംകള്‍ വിജയിച്ചു. ബദ്റില്‍വെച്ച് എഴുപത് അവിശ്വാസികള്‍ മരണപ്പെട്ടപ്പോള്‍ സത്യവിശ്വാസികളില്‍പെട്ട പതിനാലുപേര്‍ രക്തസാക്ഷികളായി. പിന്നെയും പ്രവാചകനും അനുയായികള്‍ക്കും യുദ്ധംചെയ്യേണ്ടിവന്നു. ഉഹ്ദ്, ഖന്‍ദഖ്, അഹ്സാബ്, ഖൈബര്‍, ഹുനൈന്‍ തുടങ്ങി ഏതാനും യുദ്ധങ്ങള്‍. ഇവയൊന്നുംതന്നെ നാട് വെട്ടിപ്പിടിക്കാനോ സാമ്രാജ്യം വിസ്തൃതമാക്കാനോ വേണ്ടിയായിരുന്നില്ല. വിശ്വാസസംരക്ഷണത്തിനും ആദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള അവകാശത്തിനും വേണ്ടിയായിരുന്നു.

പ്രവാചകന്മാരില്‍ അവസാനത്തെയാളാണ് മുഹമ്മദ് നബി(സ്വ). ക്ഷമയുടെയും സഹനത്തിന്റെയും പാതയിലൂടെ ചരിച്ച് സഹജീവികളെ സത്യമതത്തിലെത്തിക്കുവാനാണ് മറ്റു പ്രവാചകന്മാരെപ്പോലെ അന്തിമപ്രവാചകനും ശ്രമിച്ചത്. ഒരു സമൂഹമെന്ന നിലയ്ക്ക് മുസ്ലിംകളെ നിലനില്‍ക്കുവാന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടായപ്പോഴാണ് അദ്ദേഹവും അനുയായികളും ആയുധമെടുത്തത്. അനിവാര്യഘട്ടത്തില്‍ ആയുധമെടുത്തതിന് മറ്റു പ്രവാചകന്മാരുടെ ജീവിതത്തിലെല്ലാം ഉദാഹരണങ്ങളുണ്ട്. ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യാനായി സൈന്യത്തെ ഒരുക്കുവാനുള്ള ദൈവകല്‍പന ബൈബിളിലെ സംഖ്യാപുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ കാണാം. സംഖ്യാ പുസ്തകം മൊത്തത്തില്‍ യുദ്ധത്തിനുള്ള ആഹ്വാനവും കല്‍പനകളും ആ രംഗത്തെ നിയമങ്ങളുമാണുള്‍ക്കൊള്ളുന്നത്. യുദ്ധശേഷം ശത്രുക്കളുടെ പണവും സ്വത്തും ഭാര്യമാരും മക്കളും മൃഗങ്ങളുമെല്ലാം സൈന്യത്തിന് എടുക്കാവുന്നതാണെന്നും അവരിലെ കന്യകകളെ പോരാളികള്‍ക്ക് വീതം വെച്ച് കൊടുക്കണമെന്നും വരെയുള്ള നിയമങ്ങള്‍ സംഖ്യാപുസ്തകത്തിലുണ്ട്. (31:25 -36). കീഴടക്കിയ നാടുകളിലെ മുഴുവന്‍ മനുഷ്യരെയും കൊന്നൊടുക്കണമെന്നാണ് ആവര്‍ത്തന പുസ്തകം (20:16,17) കല്‍പിക്കുന്നത്. യോശുവയും (യോശുവ 4:13) സാമുവേലുമെല്ലാം (1 ശാമു 15:3) ശക്തമായ യുദ്ധങ്ങള്‍ ചെയ്തതായി പഴയ നിയമം സാക്ഷീകരിക്കുന്നു. വെളിപാട് പുസ്തകത്തിലെ 19:11-21 വചനങ്ങള്‍ വ്യാഖാനിച്ച് യേശുവിന്റെ രണ്ടാം വരവിനോടനുബന്ധിച്ച് ശക്തമായ യുദ്ധങ്ങളുണ്ടാകുമെന്നും അതില്‍ സത്യപക്ഷത്ത് യേശുവുണ്ടാകുമെന്നും അദ്ദേഹം വിജയിക്കുമെന്നും പറഞ്ഞ ക്രൈസ്തവ പണ്ഢിതന്മാരുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തിലും യുദ്ധമുണ്ടാകുമെന്നര്‍ത്ഥം.!

മുഹമ്മദ് നബി (സ്വ) ഒരു മഹത്തായ വിപ്ളവമാണ് നയിച്ചതെന്ന കാര്യത്തില്‍ ചരിത്രമറിയുന്നവര്‍ക്കൊന്നും സംശയമുണ്ടാകാനിടയില്ല. തികച്ചും സംസ്കാരശൂന്യരായ ഒരു ജനതയെ ലോകത്തിനു മുഴുവന്‍ മാതൃകയായ ഒരു സമൂഹമായി മാറ്റിയെടുക്കുവാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങളാണ്. ഈ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന രൂപത്തിലുള്ള എതിര്‍പ്പുകള്‍ എഴുതപ്പെട്ട ചരിത്രത്തില്‍ ആര്‍ക്കും നേരിടേണ്ടിവന്നിട്ടില്ല. സ്വന്തം വിശ്വാസാദര്‍ശങ്ങള്‍ സംരക്ഷിക്കാനായി സമരം ചെയ്യേണ്ടിവന്ന നബി (സ്വ) പങ്കെടുത്ത യുദ്ധങ്ങളിലെല്ലാംകൂടി കൊല്ലപ്പെട്ടത് കേവലം ആയിരത്തിപ്പതിനെട്ടുപേര്‍ മാത്രമായിരുന്നു. വിപ്ളവങ്ങളുടെ പേരില്‍ ഈ ഭൂമിയില്‍ ചിന്തപ്പെട്ട ചോരയുമായി താരതമ്യംചെയ്യുമ്പോള്‍ ഇതെത്രമാത്രം നിസ്സാരമാണ്! ഫ്രഞ്ച് വിപ്ളവത്തില്‍ കൊല്ലപ്പെട്ടത് അറുപത്താറ് ലക്ഷം മനുഷ്യരാണ്. ഒരുകോടിയിലധികം പേരുടെ ചോരചിന്തിക്കൊണ്ടാണ് റഷ്യയിലെ ‘മഹത്തായ’ വിപ്ളവം നടന്നത്. ഒന്നാംലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ എഴുപത്തിമൂന്ന് ലക്ഷമായിരുന്നുവെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിലത് നൂറ്റിയാറ് ലക്ഷമായിരുന്നു. ഈ വിപ്ളവങ്ങളെക്കൊണ്ട് മനുഷ്യനെന്ത് നേടി? നാഗരികതയ്ക്ക് എന്തെന്ത് സംഭാവനകളാണ് ഈ വിപ്ളവങ്ങള്‍ നല്‍കിയത്്? ഉത്തരം വട്ടപ്പൂജ്യമെന്നാണ്. ഇവ നയിച്ച മഹാത്മാക്കള്‍ക്കെതിരെ ആ രാജ്യങ്ങളിലുള്ള ജനങ്ങളുടെതന്നെ രോഷം ഉയരാന്‍ തുടങ്ങിയിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ട് ‘മഹത്തായ വിപ്ളവ’ത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹത്തിനു ശ്രമിച്ചവരുടെ പ്രതിമകള്‍ക്കുനേരെ കല്ലെറിഞ്ഞുകൊണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ അവരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ അവരുടെ സിദ്ധാന്തങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ഭരണാധികാരികള്‍ അവരോടുള്ള അവജ്ഞ അവതരിപ്പിക്കുന്നു. അപ്പോള്‍ ആ വിപ്ളവങ്ങള്‍ക്കുവേണ്ടി ചിന്തപ്പെട്ട രക്തം മുഴുവന്‍ വൃഥാവിലായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടുന്നു. എന്നാല്‍ പ്രവാചകന്റെ വിപ്ളവമോ? വെറും ആയിരത്തിപതിനെട്ട് പേര്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ട് നടന്ന ആ മഹത്തായ സാംസ്്കാരികവിപ്ളവത്തിന് തുല്യമായ ഒരു വിപ്ളവം മാനവചരിത്രത്തിലുണ്ടോ? ഇല്ല എന്നാണ് ഉത്തരം.

രണ്ടുരാജ്യങ്ങള്‍ തമ്മിലാണ് യുദ്ധം നടക്കുക. യുദ്ധത്തില്‍ പങ്കടുക്കുന്ന രാഷ്ട്രനായകന്‍മാര്‍ക്ക് തങ്ങളുടെ രാഷ്ട്രത്തെ രക്ഷിക്കണമെന്നും എതിര്‍രാജ്യത്തെ കീഴടക്കണമെന്നുമുള്ള ലക്ഷ്യമാണുണ്ടാവുക. സത്യമതത്തിന്റെ ആദര്‍ശമനുസരിച്ച് ജീവിക്കുവാനോ അത് പ്രബോധനം ചെയ്യുവാനോ അനുവദിക്കാതെ തങ്ങളുടെ മൌലികാവകാശങ്ങള്‍ നിഷേധിച്ചതുകൊണ്ടാണ് പെറ്റുവളര്‍ന്ന നാടുപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിതരായത്. മദീനയില്‍ പ്രവാചകന്റെ (സ്വ)
നേതൃത്വത്തില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക സമൂഹത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുശ്രിക്കുകള്‍ യുദ്ധങ്ങള്‍ക്ക് ധൃഷ്ടരായത്. യുദ്ധത്തിലും യുദ്ധശേഷവും മാന്യമായ നിലപാടുകളാണ് മുസ്ലിംകള്‍ ശത്രുക്കളോട് സ്വീകരിച്ചത്. എന്നാല്‍ യുദ്ധമാകുമ്പോള്‍ അതിന്നകത്ത് യുദ്ധനിയമങ്ങളായിരിക്കും പാലിക്കപ്പെടുകയെന്നും സമാധാനം നിലനില്‍ക്കുന്ന സമൂഹത്തിലെ നൈതികതയായിരിക്കില്ല യുദ്ധഭൂമിയിലെ നൈതികതയെന്നും എല്ലാവര്‍ക്കുമറിയാവുന്നതാണ്. മുസ്ലിംകളെ നശിപ്പിക്കുവാനായി യുദ്ധത്തിനൊരുങ്ങി വന്നവരോട് യുദ്ധഭൂമിയില്‍ വെച്ചുള്ള പെരുമാറ്റം വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങളില്‍ പലതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് നബി(സ്വ) യെ യുദ്ധക്കൊതിയനായി അവതരിപ്പിക്കുന്നവരുണ്ട്. ഏതൊരവസ്ഥയിലും അഹിംസയാണുണ്ടാവേണ്ടതെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. ഇസ്ലാമിക രാഷ്ട്രത്തിന് യുദ്ധം ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടാവാം. അത്തരം സാഹചര്യങ്ങളില്‍ മുസ്ലിമിന്റെ നിലപാട് എന്തായിരിക്കണമെന്ന് ഖുര്‍ആനും പ്രവാചകവചനങ്ങളും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

യുദ്ധവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനങ്ങളെല്ലാം അവതരിപ്പിക്കപ്പെട്ടത് മദീനയില്‍ വെച്ചാണ്. ഇസ്ലാമികരാഷ്ട്രത്തിന്റെ ഭരണാധികാരിയായിരുന്ന മുഹമ്മദ് നബി(സ്വ) യേയും പ്രസ്തുത രാഷ്ട്രത്തിലെ പൌരന്‍മാരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളവയാണ് ഈ യുദ്ധസൂക്തങ്ങളെല്ലാം. അവരോടാണ് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്: “യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.” (22: 39,40).

യുദ്ധത്തിന് കല്‍പിക്കപ്പെട്ടാല്‍ പിന്നെ അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വിശ്വസി സമൂഹത്തിന് കഴിയില്ല. രാഷ്ട്രനായകര്‍ നിര്‍ദേശിക്കന്നവരെല്ലാം യുദ്ധത്തില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:”യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും ( യഥാര്‍ത്ഥത്തില്‍ ) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍ ) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.”(2:216).

യുദ്ധം ചെയ്യുന്നവരോടാണ് പ്രതിക്രിയ വേണ്ടതെന്നും യുദ്ധത്തില്‍പോലും അതിക്രമമുണ്ടാകാന്‍ പാടില്ലെന്നും ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ആരെയെങ്കിലും ഭയപ്പെട്ട് സത്യനിഷേധത്തിന്റെ മതത്തില്‍ നില്‍ക്കുന്ന അവസ്ഥക്ക് പകരം സര്‍വശക്തനെ പ്രീതിപ്പെടുത്താനായി സത്യവിശ്വാസത്തിന്റെ മതം സ്വീകരിക്കാന്‍ സ്വാതന്ത്യ്രമുണ്ടാകുന്നതിന് വേണ്ടിയാണ് യുദ്ധമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.”നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. ഇനി അവര്‍ (പശ്ചാത്തപിച്ച്, എതിര്‍പ്പില്‍ നിന്ന്) വിരമിക്കുകയാണെങ്കിലോ, തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് അല്ലാഹു. മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.”(2:190-193).

ഇസ്ലാമിക രാഷ്ട്രത്തിന്റെ സുരക്ഷക്കുവേണ്ടി എന്നതുപോലെത്തന്നെ, ആദര്‍ശം സ്വീകരിച്ചതിനാല്‍ പീഢിപ്പിക്കപ്പെടുന്നവരെ മോചിപ്പിക്കാന്‍ വേണ്ടിയും അനിവാര്യസാഹചര്യത്തില്‍ യുദ്ധംചെയ്യേണ്ടത് രാഷ്ട്രബാധ്യതയാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നവര്‍ മക്കയില്‍ അടിച്ചമര്‍ത്തപ്പെടുന്ന വിശ്വാസികളെ മോചിപ്പിക്കാനായി യുദ്ധംചെയ്യേണ്ടതുണ്ടെന്ന് ഖുര്‍ആന്‍ അനുശാസിച്ചിട്ടുണ്ട്.”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ എന്ന് പ്രാര്‍ഥിച്ച് കെണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)” (4:75)

പരിശുദ്ധഖുര്‍ആനും തിരുസുന്നത്തും വരച്ചുകാണിക്കുന്ന ഇസ്ലാമികാദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള സാഹചര്യങ്ങളില്ലാത്ത രാഷ്ട്രങ്ങളില്‍ പ്രസ്തുത സാഹചര്യം സൃഷ്ടിക്കുവാനും അപ്പേരില്‍ പീഢിപ്പിക്കപ്പെടുന്നവരുണ്ടെങ്കില്‍ അവരുടെ മോചനത്തിനും വേണ്ടി യുദ്ധം ചെയ്യേണ്ടത് ഇസ്ലാമിക രാഷ്ട്രമാണ്; വ്യക്തികളോ ആള്‍ക്കൂട്ടങ്ങളോ അല്ല. അങ്ങനെയൊരു യുദ്ധത്തിന് ആഹ്വാനം ചെയ്യപ്പെട്ടാല്‍ അതില്‍ പങ്കെടുക്കേണ്ടത് പ്രസ്തുത രാഷ്ട്രത്തിലുള്ളവരുടെയെല്ലാം കടമയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രം യുദ്ധത്തിനായി ഒരുങ്ങേണ്ടതുണ്ട് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. “അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയകുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല.”(8:60).

യുദ്ധം അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ് അതു നടക്കേണ്ടത്. ശത്രുപക്ഷം സമാധാനത്തിന് സന്നദ്ധമാവുകയാണെങ്കില്‍ ഇസ്ലാമിക രാഷ്ട്രവും മുന്‍ഗണന നല്‍കേണ്ടത് ശാന്തിക്കു തന്നെയാണ്. സമാധാന നിര്‍ദേശത്തിന് പിന്നില്‍ ചതിയാണെന്ന് ഊഹിച്ച് പ്രസ്തുത നിര്‍ദേശം തള്ളിക്കളയുകയല്ല, അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ശാന്തിനിര്‍ദേശം സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. പ്രവാചകനോടുള്ള ദൈവിക കല്‍പന നോക്കുക: “ഇനി, അവര്‍ സമാധാനത്തിലേക്ക് ചായ്വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്വ് കാണിക്കുകയും, അല്ലാഹുവിന്റെ മേല്‍ ‘ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍. ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍.”(8:61,62).

യുദ്ധം ചെയ്യുന്നവരോട് മാത്രമാണ് യുദ്ധം, സമധാനകാംക്ഷികളോടല്ല. “മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് – അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.”(60:8.,9).

യുദ്ധത്തിലും സമാധാനത്തിലും നീതിയോടെയാണ് മുസ്ലിംകള്‍ വര്‍ത്തിക്കേണ്ടത്. ഏതെങ്കിലും ഒരു വിഭാഗത്തോട് അനിഷ്ടമുണ്ടെന്നതതിനാല്‍ അവരോട് അക്രമം കാണിക്കുവാനോ അനീതിയോടെ പെരുമാറുവാനോ മുസ്ലിം സമൂഹം സന്നദ്ധമായിക്കൂടാ; നീതിയുടെ വക്താക്കളും പ്രയോക്താക്കളുമാകേണ്ടവരാണ് മുസ്ലിംകള്‍ എന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.”(5:8)

യുദ്ധത്തിനുവേണ്ടി നിലകൊള്ളുന്ന ആദര്‍ശമാണ് ഇസ്്ലാമെന്നും മുഹമ്മദ് (സ്വ) യുദ്ധക്കൊതിയനാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതാണ് ഹിജ്റ ആറാം വര്‍ഷം പ്രവാചകന്‍ (സ്വ) മക്കക്കാരുമായുണ്ടാക്കിയ ഹുദൈബിയാ സന്ധി. താന്‍ കണ്ട ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്നവണ്ണം ഉംറ നിര്‍വഹിക്കുവാന്‍ വേണ്ടി മാത്രമായി സായുധസജ്ജരല്ലാതെ മക്കയിലേക്ക് പുറപ്പെട്ട പ്രവാചകനെയും ആയിരത്തിനാന്നൂറിലധികം വരുന്ന അനുയായികളെയും വഴിയില്‍ വെച്ച് മുശ്്രിക്കുകള്‍ തടഞ്ഞു. അതിനെത്തുടര്‍ന്ന് ഹുദൈബിയയില്‍ തമ്പടിച്ച പ്രവാചകനും മക്കാമുശ്രിക്കുകളും തമ്മില്‍ ഒരു കരാറിലേര്‍പ്പെട്ടു. ഈ കരാറാണ് ഹുദൈബിയാ സന്ധിയെന്നറിയപ്പെടുന്നത്. പ്രസ്തുത കരാറിലെ വ്യവസ്ഥകളില്‍ മിക്കതും ഖുറൈശികള്‍ക്ക് അനുകൂലമായിരുന്നു. ഈ വര്‍ഷം മുസ്്ലിംകള്‍ ഉംറ ചെയ്യാതെ മടങ്ങണമെന്നും അടുത്ത വര്‍ഷം സായുധ സജ്ജരല്ലാത്ത രൂപത്തില്‍ പ്രവാചകനും അനുയായികള്‍ക്കും ഉംറ ചെയ്യാന്‍ സൌകര്യമേര്‍പ്പെടുത്താമെന്നുമായിരുന്നു ആദ്യത്തെ സന്ധിവ്യവസ്ഥ. പത്തു വര്‍ഷത്തേക്ക് ഇരു കക്ഷികളും തമ്മില്‍ യുദ്ധമുണ്ടാകരുതെന്ന വ്യവസ്ഥയായിരുന്നു രണ്ടാമത്തേത്. ഇരു കക്ഷികള്‍ക്കും മറ്റു ഗോത്രങ്ങളുമായി സഖ്യത്തിലേര്‍പ്പെടാമെന്നും അങ്ങനെയേര്‍പ്പെടുന്നവരെ കയ്യേറ്റം ചെയ്്താല്‍ പ്രസ്തുത കക്ഷികള്‍ക്കെതിരായ കയ്യേറ്റമായി പരിഗണിക്കപ്പെടും എന്നുമായിരുന്നു മൂന്നാമത്തെ വ്യവസ്ഥ. ഖുറൈശികളില്‍ നിന്നാരെങ്കിലും ഒളിച്ചോടി മദീനയിലെത്തിയാല്‍ അവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്ന് ആരെങ്കിലും പൂര്‍വമതത്തിലേക്ക് തിരിച്ചുവന്ന് മക്കയിലെത്തിയാല്‍ അവരെ തിരിച്ചയക്കേണ്ടതില്ലെന്നുമായിരുന്നു നാലാമത്തെ കരാര്‍.

ഇതില്‍ നാലാമത്തെ കരാര്‍ മുസ്്ലിംകളെയെല്ലാം ഏറെ പ്രയാസപ്പെടുത്തി. തികച്ചും ഏകപക്ഷീയമായ കരാര്‍. മക്കയില്‍ നിന്ന് ഇസ്്ലാം സ്വീകരിച്ചു മദീനയിലെത്തുന്നവരെ അവിടെ നിന്നു തിരസ്കരിച്ചു മക്കയിലെ പീഢനങ്ങളിലേക്ക് തിരിച്ചയക്കണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളാന്‍ മുസ്്ലിംകളില്‍ പലര്‍ക്കും കഴിഞ്ഞില്ല. ഉമര്‍ വിനെ പോലെയുള്ള ചിലര്‍ പ്രവാചകനെ ചോദ്യം ചെയ്യുകപോലുമുണ്ടായി. ഈ സമയത്ത് മുസ്്ലിംകളുടെ ക്ഷമ പരീക്ഷിക്കുവാനെന്ന വണ്ണം കരാര്‍ തയ്യാറാക്കുന്നതിനുള്ള ഖുറൈശി പ്രതിനിധിയായ സുഹൈലുബ്നു അംറിന്റെ മകന്‍ അബൂ ജന്‍ദല്‍ സത്യമതം സ്വീകരിച്ചതിനാല്‍ പിതാവ് ബന്ധിച്ച ചങ്ങല പൊട്ടിച്ചുകൊണ്ട് തന്നെ മദീനയിലേക്ക് കൊണ്ട് പോകണമെന്ന് കേണപേക്ഷിച്ച് അവിടെയെത്തി. അദ്ദേഹത്തെ മുസ്്ലിംകള്‍ക്ക് വിട്ടുതരണമെന്ന് നബി (സ്വ) അഭ്യര്‍ത്ഥിച്ചെങ്കിലും സുഹൈല്‍ അത് നിരസിച്ചു. അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു:””അബൂ ജന്‍ദല്‍ , ക്ഷമിക്കുക .അല്‍പംകൂടി കാത്തിരിക്കുക . നിനക്കും നിന്നെപ്പോലുള്ള മര്‍ദിതര്‍ക്കും അല്ലാഹു പോംവഴിയുണ്ടാക്കിത്തരികതന്നെ ചെയ്യും. ഇവരുമായി ഞങ്ങള്‍ ഒരു കരാറിലേര്‍പ്പെട്ടിരിക്കുന്നു. പരസ്പരം ചതിക്കുകയില്ലെന്ന് അല്ലാഹുവിന്റെ നാമത്തില്‍ ഞങ്ങള്‍ കരാര്‍ ചെയ്തു കഴിഞ്ഞു.” സ്വപിതാവിന്റെ പീഢനങ്ങളിലേക്ക് അബൂ ജന്‍ദല്‍ നടന്ന് പോകുന്നത് നിറകണ്ണുകളോടെ നോക്കി നില്‍ക്കാനേ പ്രവാചകനും അനുയായികള്‍ക്കും കഴിഞ്ഞുള്ളൂ.

മുശ്രിക്കുകള്‍ മുന്നോട്ടുവെച്ച സന്ധിനിര്‍ദേശങ്ങള്‍ ഏകപക്ഷീയമായിരുന്നിട്ടുപോലും യുദ്ധമില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി അവ സ്വീകരിക്കുകയാണ് പ്രവാചകന്‍ല ചെയ്തത്. സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നാണ് ഇസ്്ലാം ആഗ്രഹിക്കുന്നതെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഹുദൈബിയാ സന്ധി. സമാധാനത്തിന്റെ സംസ്ഥാപനത്തിനായി ആവശ്യമെങ്കില്‍ ഏതുതരം വിട്ടുവീഴ്ചകള്‍ക്കും മുസ്്ലിംകള്‍ സന്നദ്ധമാകണമെന്ന് ഇത് പഠിപ്പിക്കുന്നു. ഹുദൈബിയാ സന്ധി സൃഷ്ടിച്ച സമാധാനാന്തരീക്ഷത്തില്‍ ഇസ്്ലാമികപ്രബോധനം സുഗമമായി നടത്തുവാന്‍ പ്രവാചകനും അനുയായികള്‍ക്കും സാധിച്ചു. അയല്‍നാടുകളിലെ ഭരണാധികാരികളെ ഇസ്്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളെഴുതുവാനും സാധാരണക്കാര്‍ക്കിടയില്‍ സമാധാനത്തോടെ സത്യമതസന്ദേശമെത്തിക്കുവാനും സന്ധിക്ക് ശേഷമുള്ള നാളുകളില്‍ നബി(സ്വ)യും അനുയായികളും പരിശ്രമിച്ചു.അംറുബ്നുല്‍ ആസ്വ്, ഖാലിദ്ബ്നു വലീദ്, ഉഥ്മാനുബ്നു ത്വല്‍ഹ തുടങ്ങിയ മക്കയുടെ കരള്‍ കഷ്ണങ്ങള്‍ ഇസ്്ലാം സ്വീകരിച്ചത് ഈ സമാധാനാന്തരീക്ഷത്തിലാണ്. ഇക്കാലത്ത് ഇസ്്ലാം അഭൂതപൂര്‍വമായി വളര്‍ന്നു. ഹുദൈബിയയില്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്നത് ആയിരത്തിനാന്നൂറു പേരായിരുന്നെങ്കില്‍ കേവലം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന മക്കാവിജയവേളയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് പതിനായിരം പേരായിരുന്നു. അതിന്നും രണ്ട് വര്‍ഷം കഴിഞ്ഞ് തന്റെ അവസാനത്തെ പ്രസംഗം കേള്‍ക്കാന്‍ അറഫയില്‍ തടിച്ചുകൂടിയത് ഒരു ലക്ഷത്തിലധികം അനുചരന്‍മാരായിരുന്നു.

ബനൂഖുറൈദ

യുദ്ധത്തിനു ശേഷമുള്ള പ്രവാചകന്റെ നടപടികള്‍ ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ നേതൃത്വം എങ്ങനെയാണ് വര്‍ത്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്നവയാണ്. അവിടെ കാരുണ്യവും നീതിയും സമ്മേളിക്കുന്നത് നമുക്ക് കാണാനാവും. കാരുണ്യത്തിന്റെ പേരില്‍ ഇസ്ലാമിക രാഷ്ട്രം ഏതുതരം കുറ്റവാളികളെയും വെറുതെ വിടുമെന്ന തെറ്റിദ്ധാരണയുണ്ടായിക്കൂടാ. ആവശ്യമാകുന്ന അവസരങ്ങളില്‍ നിഷ്കൃഷ്ടമായ നിയമനടപടികള്‍ക്ക് കുറ്റവാളികളെ വിധേയരാക്കേണ്ടതുണ്ട്. കുറ്റവാളികളോട് കാരുണ്യം മാത്രമേ മുസ്ലിം നേതൃത്വത്തില്‍ നിന്ന് ഉണ്ടാവുകയുള്ളൂ എന്ന് വരുന്നത് വ്യാപകമായ അരാജകത്വത്തിനാണ് നിമിത്തമാവുക. അവിടെയും പ്രവാചകന്റെ മാതൃക നിസ്തുലവും അനുകരണീയവുമാണെന്നതാണ് യാഥാര്‍ത്ഥ്യം.

ബദ്റില്‍ പിടിക്കപ്പെട്ടവരോടുള്ള പ്രചാചകന്റെ സമീപനം ഉദാഹരണമായെടുക്കുക. അമ്പതു പേരായിരുന്നു ബന്ദികള്‍. അവരെല്ലാവരും ഇസ്ലാമിന്റെ ശത്രുക്കളും പ്രവാചകനെ ശാരീരികവും മാനസികവുമായി പ്രയാസപ്പെടുത്തിയവരുമായിരുന്നു. സുഹൈല്‍ ബ്നു അംറിനെപ്പോലെയുള്ള നബിനിന്ദക്കുവേണ്ടി നിരന്തരം നാവുപയോഗിക്കുന്നവരും അബൂഉസ്സത്തുല്‍ ജംഹിയെപ്പോലെയുള്ള മുസ്ലിംകളെ ശാരീരികമായി പീഢിപ്പിച്ചുകൊണ്ടിരുന്നവരും അഖീലുബ്നു അബീത്വാലിബിനെ പോലെയുള്ള പ്രവാചകന്റെ അടുത്ത കുടുംബക്കാരായിരുന്നിട്ടും ശത്രുതയുടെ കനലുമായി നടക്കുന്നവരുമെല്ലാമുണ്ടായിരുന്നു, യുദ്ധത്തടവുകാര്‍ക്കിടയില്‍. അവരില്‍ നാല്‍പ്പത്തിയെട്ടു പേരെയും സ്വതന്ത്രരായി മദീനയിലേക്ക് തിരിച്ചയക്കുകയാണ് നബി (സ്വ) ചെയ്തത്. പണമുള്ളവരില്‍ നിന്ന് മോചനമൂല്യം വാങ്ങിയും അതില്ലാത്ത സാക്ഷരരില്‍ നിന്ന് മദീനായിലെ പത്ത് പേര്‍ക്ക് വീതം എഴുത്തു പഠിപ്പിക്കാമെന്ന വ്യവസ്ഥയിലും ഇതൊന്നുമില്ലാത്ത മൂന്നു പേരെ നിരുപാധികവും വിട്ടയക്കുകയാണുണ്ടായത്. അങ്ങനെ വിട്ടയക്കപ്പെട്ടവരില്‍ പലരും മക്കയില്‍ പോയി ബഹുദൈവാരാധകരെ ജാഗരം കൊള്ളിക്കുകയും തുടര്‍യുദ്ധത്തിനുള്ള സജ്ജീകരണങ്ങള്‍ നടത്തുകയുമാണ് ചെയ്തതെന്ന് ചരിത്രം.

യുദ്ധത്തടവൂകാരില്‍ നാല്പെത്തെട്ടു പേരെയും വ്യക്തമായ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടയച്ചപ്പോള്‍ രണ്ടുപേരെ വധിക്കുവാനായിരുന്നു പ്രവാചക കല്‍പന. ശത്രുസൈന്യത്തിന്റെ പതാകവാഹകനായിരുന്ന നദ്റുബ്നു ഹാരിഥും പ്രവാചകനെ വല്ലാതെ പ്രയാസപ്പെടുത്തിയ ഉഖ്ബത്തുബിന്‍ മുഐകിനുമാണ് വധിക്കപ്പെട്ട യുദ്ധത്തടവുകാര്‍. ഇവര്‍ രണ്ടുപേരും മക്കയില്‍ വെച്ച് സഹിക്കാന്‍ കഴിയാത്ത രൂപത്തില്‍ പ്രവാചകനെ മര്‍ദിച്ചവരും ബദ്ര്‍ യുദ്ധത്തിന്റെ പ്രധാനപ്പെട്ട ഖുറൈശീ സംഘാടകരുമായിരുന്നു. മക്കയില്‍ വെച്ച് പ്രവാചകന്റെ കഴുത്തില്‍ കുടല്‍ മാല ചാര്‍ത്തിയതും അദ്ദേഹത്തിന് നമസ്കാരത്തില്‍ നിന്ന് എഴുന്നേല്‍ക്കാനാകാത്ത സ്ഥിതിയുണ്ടാക്കിയതും കഴുത്തില്‍ മുണ്ടിട്ടുമുറുക്കിയതുമെല്ലാം ഉഖ്ബയായിരുന്നു. മക്കയിലെ പതിമൂന്നു വര്‍ഷക്കാലത്തെ മുസ്ലിം പീഢനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മുസ്ലിംകളുമായുള്ള ആദ്യയുദ്ധത്തിന്റെ പതാകവാഹകനായിത്തീര്‍ന്ന് ഇസ്്ലാമിനോടും മുഹമ്മദ് നബി(സ്വ)യോടുമുള്ള തന്റെ അടക്കാനാകാത്ത വെറുപ്പ്് പ്രകടിപ്പിക്കുകയും ചെയ്ത നദറുബ്നു ഹാരിഥാണ് വധിക്കപ്പെട്ട രണ്ടാമന്‍. ഇവരെ രണ്ടുപേരെയും വെറുതെ വിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ഇസ്ലാാമിക രാഷ്ട്രത്തിന്റെ തലവനായ പ്രവാചകന്‍ (സ്വ) അവരെ വധിക്കുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.

യുദ്ധത്തടവുകാരെ എങ്ങനെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രമാണ്. രാജ്യത്തിന് അത്യന്തം അപകടകാരികളാണ് അവരെന്ന് ബോധ്യപ്പെടുകയും സംസ്കരണത്തിന് സാധ്യതകളൊന്നുമില്ലെന്ന് മനസ്സിലാവുകയും ചെയ്താല്‍ രാഷ്ട്ര നേതൃത്വത്തിന് അവരെ വധിക്കാം, മോചനമൂല്യം വാങ്ങിയും അല്ലാതെയും വെറുതെ വിടുകയും ചെയ്യാം.സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്ര നേതൃത്വമണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മുഹമ്മദ് നബി(സ്വ)യുടെ മേല്‍ കുടല്‍മാലയിട്ടതിനും അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചതിനുമുള്ള പ്രതികാരമായിട്ടാണ് ഇവരെ വധിച്ചതെന്നും, അദ്ദേഹം പ്രതികാരദാഹിയായിരുന്നുവെന്ന് കാണിക്കുന്നവയാണ് ഈ സംഭവങ്ങളെന്നും പറയുന്ന നബിവിമര്‍ശകന്‍മാര്‍ ഇവരെപ്പോലെത്തന്നെ നബി(സ്വ)യെ നിന്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്ത നാല്‍പ്പത്തിയെട്ടുപേരെ വിട്ടയക്കുകയാണ് ചെയ്തതെന്ന വസ്തുത മറച്ചുവെക്കുന്നു. അവര്‍ ശ്രമിക്കുന്നത് കാരുണ്യത്തിന്റെ പ്രവാചകനെ പ്രതികാരമൂര്‍ത്തിയായി അവതരിപ്പിക്കുവാനാണ്. വിമര്‍ശകരുടെ വാദങ്ങളെ ഇസ്ലാമീകരണം നടത്തി തങ്ങള്‍ ചെയ്തുകൂട്ടുന്ന‘ഭീകരതക്ക് പ്രവാചകന്‍ലയെ തെളിവാക്കാന്‍ ശ്രമിക്കുന്ന മുസ്ലിം നാമധാരികളായ തീവ്രവാദികള്‍ ചെയ്യുന്നതും മറ്റൊന്നല്ല. കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും ആള്‍രൂപമായിരുന്ന അന്തിമപ്രവാചകനെ ക്രൂരനും പ്രതികാരദാഹിയുമായി അവതരിപ്പിക്കുകയെന്ന ക്രൂരതയാണ് അവരില്‍ നിന്നുണ്ടാകുന്നത്; ഈ ക്രൂരത ചെയ്യുന്നവര്‍ പ്രവാചകനെ (സ്വ)സ്നേഹിക്കുന്നുവെന്ന് കരുതുവാന്‍ യാതൊരു ന്യായവുമില്ല.

ബനൂഖുറൈദ ഗോത്രക്കാരോടുള്ള പ്രവാചകന്റെ(സ്വ) സമീപനവും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സംഭവത്തിന്റെ അവസാന ‘ഭാഗം മാത്രം അവതരിപ്പിച്ച് നബി (സ്വ)യില്‍ ക്രൂരതയും പ്രതികാരവാഞ്ചയും ആരോപിക്കുകയാണ് വിമര്‍ശകരുടെ പതിവുശൈലി. പലായനം ചെയ്ത് മക്കയില്‍ നിന്ന് മദീനയിലെത്തിയ ഉടനെ നബി(സ്വ)മദീനയിലെ ബനൂ ഖൈനൂഖാഅ്, ബനൂ നദീര്‍ , ബനൂ ഖൂറൈദ എന്നീ പ്രബലരായ ജൂതഗോത്രങ്ങളുമായി സന്ധിയുണ്ടാക്കിയിരുന്നുവെന്നും പ്രസ്തുത സന്ധിയുടെ നിരന്തരമായ ലംഘനവും രാഷ്ട്രത്തിനകത്തുനിന്ന് അതിനെതിരെയുണ്ടാക്കിയ ലഹളകളുമാണ് ഈ ഗോത്രങ്ങളോടെല്ലാം നിഷ്കൃഷ്ടമായ നിലപാടെടുക്കുവാന്‍ പ്രവാചകനെ (സ്വ) പ്രേരിപ്പിച്ചെതെന്നുമുള്ള വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് വിമര്‍ശകര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. മദീനയിലുള്ള ജൂതന്‍മാരെ സംരക്ഷിക്കുവാന്‍ ഇസ്ലാമിക രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ ജീവനോ സ്വത്തോ ഹനിക്കപ്പെടുകയില്ലെന്നും വിശ്വാസമോ മതമോ ഉള്‍ക്കൊള്ളുന്നതിന് തടസ്സമൊന്നുമുണ്ടാകുകയില്ലെന്നും മുസ്്ലിംകളും ജൂതന്‍മാരും പരസ്പരം പോരടിക്കുകയില്ലെന്നും ജൂതന്‍മാര്‍ രാജ്യത്തിന്റെ പൊതുനിയമങ്ങള്‍ അനുസരിക്കുമെന്നും മുസ്്ലിംകള്‍ക്കെതിരെ ശത്രുക്കളെ സഹായിക്കുകയില്ലെന്നുമുള്ള കരാര്‍ വ്യവസ്ഥകള്‍ തക്കം കിട്ടിയപ്പോഴെല്ലാം ലംഘിച്ച് ഇസ്ലാമിക രാഷ്ട്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച് ആഭ്യന്തര ശത്രുക്കളായിത്തീര്‍ന്ന ജൂതഗോത്രങ്ങളെ പാഠം പഠിപ്പിക്കാതെ മദീനക്കു നിലനില്‍ക്കാനാകില്ലെന്ന അവസ്ഥയുണ്ടായപ്പോഴാണ് അവര്‍ക്കെതിരെ ശക്തവും നീതിയിലധിഷ്ഠിതവുമായ വിധികള്‍ നടപ്പാക്കാന്‍ പ്രവാചകന്‍ (സ്വ) സന്നദ്ധനായത്.

ഒരു മുസ്്ലിംസ്ത്രീയെ അങ്ങാടിയില്‍ വെച്ച് പരസ്യമായി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അവരുടെ നിലവിളി കേട്ടെത്തിയ ഒരു മുസ്്ലിം അതുചെയ്ത ബനൂഖൈനൂഖാഅ് ഗോത്രത്തിലെ ജൂതനുമായി സംഘട്ടനത്തിലേര്‍പ്പെടുകയും അത് ജൂതന്റെ മരണത്തില്‍ പര്യവസാനിക്കുകയും ചെയ്തു. അതോടനുബന്ധിച്ച് ജൂതന്‍മാര്‍ സംഘടിതരായി ആ മുസ്്ലിമിനെ വധിച്ചു. അതോടെ മുസ്്ലിംകളും ജൂതന്‍മാരും തമ്മില്‍ സംഘട്ടനങ്ങളുണ്ടായി. നീതി നടപ്പാക്കേണ്ടത് രാഷ്്ട്രമാണെന്നും ആരും നിയമം കയ്യിലെടുക്കെരുതെന്നും പരസ്പരം സംഘട്ടനത്തിലേര്‍പ്പെടരുതെന്നുമുള്ള കരാര്‍ വ്യവസ്ഥകളെല്ലാം ലംഘിച്ച അവരോട് കൊലപാതകിയോട് പ്രതിക്രിയ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുവെങ്കിലും അവരത് നിരസിക്കുകയും പ്രവാചകനെയും ഇസ്്ലാമിനെയും അപഹസിച്ചുകൊണ്ട് ആഭ്യന്തരകലാപത്തിന് ആക്കം കൂട്ടുകയും ചെയ്യുകയാണുണ്ടായത.് അങ്ങനെയാണ് ബനൂഖൈനൂഖാഅ് ഗോത്രം താമസിക്കുന്ന കോട്ട ഉപരോധിക്കുകയും അവരോട് കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പതിനാലു ദിവസങ്ങള്‍ പിടിച്ചുനിന്നെങ്കിലും അവസാനം അവര്‍ കീഴടങ്ങി. രാജ്യവുമായുണ്ടാക്കിയ കരാറിനെ കാറ്റില്‍ പറത്തുകയും ആഭ്യന്തരകലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഖൈനൂഖാഉകാരെ സിറിയയിലേക്കു നാടുകടത്തി, മുഹമ്മദ് നബി (സ്വ). രാജ്യദ്രോഹികളെന്ന നിലയില്‍ കടുത്ത നടപടികളെടുക്കേണ്ട കുറ്റമായിരുന്നിട്ടുപോലും തങ്ങള്‍ക്ക് കൊണ്ട് പോകാന്‍ കഴിയുന്ന മുഴുവന്‍ സമ്പത്തും സാധനങ്ങളുമായി സമാധാനപൂര്‍വ്വം നാടുവിടാന്‍ അവരെ അനുവദിക്കുകയാണ് പ്രവാചകന്‍ (സ്വ)ചെയ്തത്.

രാഷ്ട്രനേതാവായിരുന്ന മുഹമ്മദ് നബി(സ്വ)യെ വധിക്കുവാന്‍ പല തവണ ഗൂഢാലോചന നടത്തുകയും അതിലെല്ലാം പരാജയപ്പെടുകയും ചെയ്തപ്പോഴാണ് ബനൂ നദീര്‍ ഗോത്രക്കാരെ നാടുകടത്താന്‍ മുഹമ്മദ് നബി(സ്വ) സന്നദ്ധമായത്. ഒരിക്കലവര്‍ ക്ഷണിച്ചുവരുത്തിയത് പ്രകാരം ചെന്നപ്പോഴാണ് വലിയൊരു കല്ല് തലയിലേക്ക് മറിച്ചിട്ട് നബി(സ്വ)യെ വധിക്കാന്‍ അവര്‍ ശ്രമിച്ചത്. മൂന്ന് അനുയായികളെയും കൂട്ടിച്ചെന്ന് ഇസ്്ലാമാണ് സത്യമെന്ന് സംവദിച്ച് ബോധ്യപ്പെടുത്തിയാല്‍ തങ്ങളെല്ലാം മുസ്്ലിംകളാകാമെന്ന ഉറപ്പിന്‍മേല്‍ അവരുടെ വാസസ്ഥലത്തേക്ക് പുറപ്പെട്ട മുഹമ്മദ് നബി(സ്വ) യെയും മൂന്ന് പേരേയും കൊന്നുകളയുവാന്‍ അവര്‍ ഗൂഢാലോചന നടത്തി. ഈ പരിശ്രമങ്ങളിലെല്ലാം അവര്‍ പരാജയപ്പെട്ടു. രാഷ്ട്രനേത്യത്വത്തെ വധിക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് ഒരു ക്ഷേമരാഷ്ട്രത്തിന് മുന്നോട്ട് പോകുവാന്‍ കഴിയുക? കാര്യങ്ങളിത്രയും വഷളായപ്പോള്‍ നദീര്‍ ഗോത്രത്തോട് സ്വയം തന്നെ മദീന വിട്ടു പോകുവാന്‍ മുഹമ്മദ് നബി(സ്വ) ആവശ്യപ്പെട്ടു. നാടിന്റെ നേതാവിനെ വധിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു സമൂഹത്തെ ആ നാട്ടില്‍ നിര്‍ത്താന്‍ കഴിയുകയില്ലെന്നതിനാല്‍ പത്തു ദിവസത്തിനകം മദീന വിട്ടുപോകണമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. അവര്‍ അതിനു സന്നദ്ധമായില്ല. പത്തു ദിവസത്തിനു ശേഷം പ്രവാചകനും അനുയായികളും അവരുടെ കോട്ട ഉപരോധിച്ചു. അവസാനം ഗത്യന്തരമില്ലാതെ അവര്‍ നാടുവിടാമെന്ന് സമ്മതിച്ചു. തങ്ങളുടെ ഒട്ടകങ്ങള്‍ക്ക് വഹിക്കാനാവുന്ന സമ്പത്ത് കൊണ്ടുപോകുവാന്‍ തങ്ങളെ അനുവദിക്കണമെന്ന നദീര്‍ ഗോത്രത്തിന്റെ അഭ്യര്‍ത്ഥന പ്രവാചകന്‍ അംഗീകരിച്ചു. തങ്ങളുടെ ഒട്ടകങ്ങളും അവയ്ക്ക് താങ്ങാനാവുന്ന സമ്പത്തുക്കളുമായി ബനൂനദീര്‍ ഗോത്രത്തിലുള്ളവര്‍ ശാമിലേക്കും ഖൈബറിലേക്കും യാത്രയായി.

ഗോത്രക്കാരോട് രണ്ട് കരാറുകളിലേര്‍പ്പെട്ടിരുന്നു, മുസ്്ലിംകള്‍. മക്കയിലെത്തിയ ഉടനെ മറ്റുഗോത്രങ്ങളുമായുണ്ടാക്കിയതു പോലെയുള്ള കരാറാണ് ഒന്നാമത്തേത്. നദീര്‍ ഗോത്രവുമായി യുദ്ധമുണ്ടായപ്പോള്‍ അവരുടെ സഹോദരഗോത്രമെന്ന നിലക്ക് രണ്ടാമതൊരുകരാര്‍ കൂടെയുണ്ടാക്കി, ബനൂഖുറൈദയുമായി. ഹിജ്്റ അഞ്ചാം വര്‍ഷം നടന്ന അഹ്സാബ് യുദ്ധത്തോടനുബന്ധിച്ച് ഈ രണ്ടു കരാറുകളും അവര്‍ കാറ്റില്‍ പറത്തി. മദീനക്കു ചുറ്റുമുള്ള ഇസ്്ലാമിന്റെ ശത്രുക്കളെല്ലാം ഒറ്റക്കെട്ടായി മുസ്്ലിംകള്‍ക്കെതിരെ യുദ്ധത്തിനു വന്ന സമയം. അവരുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുന്നത് ഗുണകരമാകില്ലെന്ന് മനസ്സിലാക്കി അവര്‍ മദീനയിലേക്ക് കടക്കാതിരിക്കാന്‍ മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കുകയാണ് പ്രവാചകനും അനുയായികളും ചെയ്തത്. മദീനയിലുള്ള ബനൂഖുറൈദക്കാര്‍ ചതിക്കാതിരുന്നാല്‍ പ്രസ്തുത കിടങ്ങ് ചാടിക്കടന്ന് ശത്രുക്കള്‍ക്ക് മദീനയെ ആക്രമിക്കാനാകാത്ത രൂപത്തിലായിരുന്നു കിടങ്ങിന്റെ നിര്‍മാണം. യുദ്ധം തുടങ്ങിയപ്പോള്‍ ബനൂഖുറൈദക്കാരുടെ മട്ടുമാറി. നാടുകടത്തപ്പെട്ട നദീര്‍ ഗോത്രത്തലവന്‍ ഹുയയ്യ്ബ്നു അഖ്തബിന്റെ ദുരുപദേശം കാരണം അവര്‍ കരാര്‍ ലംഘിക്കാന്‍ ധൃഷ്ടരായി. ബനൂഖുറൈദക്കാര്‍ കരാര്‍ ലംഘിക്കുകയും തങ്ങളുടെ കോട്ട തുറന്ന് കൊടുക്കുകയും ചെയ്താല്‍ ശത്രുക്കള്‍ക്ക് നിഷ്്പ്രയാസം മദീനക്കകത്തേക്ക് കടക്കാന്‍ കഴിയും. പ്രവാചകന്‍ (സ്വ)പ്രതിനിധികളെ വിട്ട് ബനൂഖുറൈദക്കാരെ കരാറുകളെക്കുറിച്ച് ഓര്‍മിപ്പിച്ചെങ്കിലും അവര്‍ അത് പരിഹസിച്ചു തള്ളുകയാണ് ചെയ്തത്. മുസ്്ലിംകള്‍ ഏറെ പരിഭ്രമിച്ചു പോയ ഘട്ടമായിരുന്നു അത.് മദീനയിലെ മൊത്തം സമ്പത്തിന്റെ മൂന്നില്‍ ഒന്നു നല്‍കിക്കൊണ്ടുപോലും സന്ധിചെയ്യാന്‍ നബി(സ്വ) സന്നദ്ധനായി. മുസ്്ലിംകള്‍ ദയനീയമായി തോല്‍ക്കുമെന്നും അതുവഴി മദീന തങ്ങളുടേതായിത്തീരുമെന്നും കരുതിയ ബനൂഖുറൈദക്കാര്‍ ഒരു സന്ധിനിര്‍ദേശത്തിനും വഴങ്ങിയില്ല. മുസ്്ലിംകളുടെ കണ്ണുതള്ളി. തങ്ങളും തങ്ങളുടെ രാജ്യവും പൂര്‍ണമായി നിഷ്കാസനം ചെയ്യപ്പെടാന്‍ പോവുകയാണ്. അവരുടെ ഹൃദയം തൊണ്ടക്കുഴിയിലെത്തിയെന്നാണ് ഈ അവസ്ഥയെ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത്. (33:9-11). എന്നാല്‍ മുസ്്ലിംകളെ അല്ലാഹു സഹായിച്ചു. മദീനയില്‍ വീശിയടിച്ച കൊടുങ്കാറ്റും തണുപ്പും കാരണം ശത്രുക്കള്‍ക്ക് പിന്തിരിഞ്ഞോടേണ്ട സ്ഥിതിയുണ്ടായി.മുസ്്ലിംകളുടെ യുദ്ധതന്ത്രങ്ങള്‍ ശത്രുസൈന്യത്തെ ഭിന്നിപ്പിച്ചു. ബനൂഖുറൈദക്കാരുടെ വഞ്ചന പരാജയപ്പെട്ടു. യുദ്ധം കഴിഞ്ഞപ്പോള്‍ ബനൂഖുറൈദക്കാരെ ശക്തമായ പാഠം പഠിപ്പിച്ചില്ലെങ്കില്‍ മുസ്്ലിംകളുടെ നിലനില്‍പുതന്നെ ‘ഭീഷണിയിലാവുമെന്ന് മനസ്സിലാക്കിയ മുഹമ്മദ് നബി(സ്വ) അവരുടെ കോട്ട ഉപരോധിച്ചു. ഒരുമാസത്തോളം നീണ്ട ഉപരോധത്തിനൊടുവില്‍ തങ്ങളുടെ സഖ്യഗോത്രത്തലവനായ സഅദ്ബ്നുമുആദിന്റെ വിധി അംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ അവര്‍ കീഴടങ്ങി. മദീനയിലെത്തിയ ഉടനെ ജൂതഗോത്രങ്ങളുമായുണ്ടാക്കിയ കരാറില്‍ വ്യവസ്ഥചെയ്തിട്ടുള്ളതുപോലെ തോറയിലെ നിയമം നടപ്പാക്കാനാണ് സഅദ്ബ്നു മുആദ് ആവശ്യപ്പെട്ടത്. ഇത്തരം ഘട്ടങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന തോറയുടെ കല്‍പനയിങ്ങനെയാണ്: “യുദ്ധ ത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം. അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കു മ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീക ളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവ സ്തുക്കളായി എടുത്തു കൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ശത്രു ക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചു കൊള്ളുക. ഈ ദേശ ക്കാരുടേതല്ലാത്ത വിദൂരസ്ഥമായ പട്ടണങ്ങളോടു നീ ഇപ്രകാര മാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്.'(ആവര്‍ത്തനം 20:10 -16).ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായവരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കുകയും ചെയ്യാന്‍ സഅദ് വിധിച്ചു. പ്രസ്തുത വിധി നടപ്പിലാക്കിയ മുഹമ്മദ് നബി(സ്വ) ക്രൂരനാണെന്ന് വിമര്‍ശിക്കുന്നവര്‍ ഈ വിധി തോറയുടേതാണെന്ന വസ്തുതയോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ് ചെയ്യുന്നത്. ബനൂഖുറൈദക്കാര്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹക്കുറ്റത്തിന് അവരുടെ വേദഗ്രന്ഥം വിധിക്കുന്ന ശിക്ഷ നല്‍കിയത് ക്രൂരതയാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. രാഷ്ട്രത്തിനെതിരെ കലാപങ്ങള്‍ നടത്തുകയും തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ ഒറ്റുകൊടുക്കുകയും ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന പാഠമാണ് ബനൂഖുറൈദാ സംഭവം നല്‍കുന്നത്.

വിവാഹങ്ങള്‍

ഇസ്ലാം പ്രകൃതിമതമാണ്. ലൈംഗികത പാപമല്ല, പുണ്യമാണെന്നാണ് അതിന്റെ അധ്യാപനം. ഇണയിലൂടെയുള്ള ലൈംഗിക സംപൂര്‍ത്തീകരണത്തിന് ദൈവം പ്രതിഫലം നല്‍കുമെന്ന് പഠിപ്പിച്ച മതദര്‍ശനമാണത്. അനിവാര്യമായ സാഹചര്യങ്ങളില്‍ ഇസ്ലാം ബഹുഭാര്യത്വം അനുവദിക്കുന്നു. വിശുദ്ധ ജീവിതം നയിക്കണമെങ്കില്‍ ഒന്നിലധികം ഇണകളെ സ്വീകരിക്കുക അനിവാര്യമായിത്തീരുന്ന വ്യക്തിപരവും സാമൂഹികവുമായ നിരവധി സാഹചര്യങ്ങളുണ്ട്. പ്രസ്തുത സാഹചര്യങ്ങളെ അവഗണിക്കുന്നതിനുപകരം പരിഗണിക്കുകയും ആ രംഗത്ത് കൃത്യമായ ചട്ടക്കൂടുകള്‍ നടപ്പാക്കുകയുമാണ് ദൈവികദര്‍ശനം ചെയ്തിരിക്കുന്നത്. സഹധര്‍മിണിമാര്‍ക്കിടയില്‍ നീതിയില്‍ വര്‍ത്തിക്കണമെന്ന കര്‍ക്കശവും കര്‍ശനവുമായ നിയമത്തിന്റെ വരുതിയില്‍ നിന്നുകൊണ്ട് നാലുവരെ ഇണകളെ സ്വീകരിക്കുവാന്‍ മുസ്ലിം പുരുഷന് അനുവാദമുണ്ട്. ഈ അനുവാദം പ്രവാചകന്മാരെല്ലാം നല്‍കിയിട്ടുള്ളതാണ്. ബൈബിളും ഖുര്‍ആനും അംഗീകരിക്കുന്ന ആദര്‍ശപിതാവായ അബ്രഹാമിന് സാറാ, ഹാഗാര്‍, കൊതൂറാ എന്നീ മൂന്ന് ഭാര്യമാരുണ്ടായിരുന്നതായി ബൈബിള്‍ പഴയ നിയമം വ്യക്തമാക്കുന്നു.(ഉല്‍പത്തി 25:1-6). ഇസ്രായീല്യരുടെ ഗോത്രപിതാവും ദൈവവുമായി മല്ലയുദ്ധം നടത്തി ജയിച്ചവനായി ബൈബിള്‍ പരിചയപ്പെടുത്തുന്നവനുമായ യാക്കോബിന് ലേയാ, റാഹേല്‍, ബില്‍ഹ, സില്‍വ എന്നീ നാലു ഭാര്യമാരുണ്ടായിരുന്നതായി ശാമുവേലിന്റെ പുസ്തകങ്ങള്‍ ( 1ശാമു 18: 28; 2 ശാമു 2:3-11:27) വ്യക്തമാക്കുന്നു. സുഭാഷിതങ്ങള്‍ എന്ന ബൈബിള്‍ പുസ്തകത്തിന്റെ കര്‍ത്താവായ സോളമന് എഴുന്നൂറു ഭാര്യമാരും മുന്നൂറ് ഉപഭാര്യമാരുമുണ്ടായിരുന്നു (രാജാക്കന്മാര്‍ 11:3). എത്ര ഭാര്യമാരെയും സ്വീകരിക്കാമെന്ന പഴയ പ്രവാചകന്മാരുടെ കാലത്ത് നിലനിന്നിരുന്ന നിയമത്തെ പരിമിതപ്പെടുത്തുകയും നാലിലധികംപേരെ ഇണകളായി സ്വീകരിച്ചുകൂടെന്ന് വിലക്കുകയും അനിവാര്യഘട്ടത്തില്‍ ബഹുഭാര്യത്വത്തില്‍ ഏര്‍പ്പെടുന്നവര്‍ പാലിക്കേണ്ട കര്‍ശനനിയമങ്ങള്‍ പഠിപ്പിക്കുക വഴി സ്ത്രീകളോട് കാരുണ്യം കാണിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് ഇസ്ലാം ചെയ്യുന്നത്. സ്ത്രീകളുടെ ഒരു അവകാശവും ഹനിക്കപ്പെടാതെ, അവരോട് പൂര്‍ണമായും നീതി പുലര്‍ത്തിക്കൊണ്ടുള്ള ബഹുഭാര്യത്വമാണ് ഇസ്ലാം അനുവദിച്ചിട്ടുള്ളത്.

ലൈംഗിക അരാജകത്വം അരങ്ങുതകര്‍ത്തിരുന്ന അറേബ്യയിലാണ് മുഹമ്മദ് നബി(സ്വ)ജനിച്ചത്. ഇരുപത്തിയഞ്ചാം വയസ്സില്‍ അദ്ദേഹം വിവാഹിതനാകുന്നതുവരെ ഏതെങ്കിലും ഒരു ലൈഗിംകവര്‍ത്തനം അദ്ദേഹത്തില്‍ നിന്നുണ്ടായതായി കഠിനശത്രുക്കള്‍ പോലും ആരോപിച്ചിട്ടില്ല. കുലീന കുടുംബത്തിലെ ആരോഗ്യദൃഢഗാത്രനും സുന്ദരനുമായ അദ്ദേഹത്തിന് മക്കയിലെ ഏതു സുന്ദരിയെയും വിവാഹം ചെയ്യാമായിരുന്നു. എന്നല്‍ 25ാം വയസ്സില്‍ യുവത്വം മുറ്റിനില്‍ക്കുന്ന പ്രായത്തില്‍ നാല്‍പതുകാരിയും നാലുമക്കളുടെ മാതാവുമായിരുന്ന ഒരു വിധവയെയാണ് അദ്ദേഹം ഇണയായി സ്വീകരിച്ചത്. 65ാമത്തെ വയസ്സില്‍ അവര്‍ മരണപ്പെടുന്നതിന് മുമ്പ് നബി വേറെ വിവാഹങ്ങളിലൊന്നും ഏര്‍പ്പെടുകയുണ്ടായില്ല. ഖദീജ യുടെ മരണത്തിന് ശേഷം തന്റെ 53ാമത്തെ വയസ്സില്‍ പ്രവാചകന്‍ വിവാഹം ചെയ്തത് സൌദയെന്ന അറുപത്തിയാറുകാരിയെയായിരുന്നു. ഭര്‍ത്താവിനൊപ്പം ഇസ്ലാം സ്വീകരിച്ച അവര്‍ തന്റെ പ്രിയതമന്റെ മരണത്തോടെ അനാഥയാവുകയും കുടുംബത്തിലുള്ള അമുസ്ലിംകള്‍ അവരെ ഇസ്ലാം പരിത്യജിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അവരുടെ സംരക്ഷണ ചുമതലയേറ്റെടുത്ത് മാതൃകയാകുകയായിരുന്നു പ്രവാചകന്‍(സ്വ).

തന്റെ ആത്മസുഹൃത്തായിരുന്ന അബൂബക്കറിന്റെ മകള്‍ ആയിശയായിരുന്നു പ്രവാചക ജീവിതത്തിലേക്ക് പിന്നീട് കടന്നുവന്ന സഹധര്‍മ്മിണി. തന്റെ ഒന്‍പതാമത്തെ വയസ്സിലാണ് അവര്‍ പ്രവാചകനോടൊപ്പം ദാമ്പത്യജീവിതമാരംഭിച്ചത്. അക്കാലത്ത് ഇതില്‍ യാതൊരു അസ്വാഭാവികതയും സമൂഹം കണ്ടിരുന്നില്ല. യേശുമാതാവായിരുന്ന കന്യാമറിയയെ ജോസഫ് വിവാഹം ചെയ്തപ്പോള്‍ അദ്ദേഹത്തിന് 90 വയസ്സും കന്യാമറിയത്തിന് പന്ത്രണ്ട് വയസ്സുമായിരുന്നു പ്രായമെന്ന് കാത്തോലിക് എന്‍സൈക്ളോപീഡിയ വ്യക്തമാക്കുന്നുണ്ട്. (ംംം.ിലംമറ്ലൃ.ീൃഴ/രമവേലി/08504മ.വാ). മുഹമ്മദ് നബി(സ്വ) തന്നെക്കാള്‍ നാല്‍പ്പതു വയസ്സു പ്രായം കുറഞ്ഞ കന്യകയെ വിവാഹം ചെയ്തത് അദ്ദേഹത്തിനെതിരെയുള്ള ഒരു ധാര്‍മികാരോപണമായി സമകാലികരോ അദ്ദേഹത്തിന് ശേഷം നൂറ്റാണ്ടുകളോളം കഴിഞ്ഞ് ജീവിച്ചവരോ ആയ ഇസ്ലാം വിമര്‍ശകരൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. ഈയടുത്ത കാലം വരെ സമൂഹത്തില്‍ സാര്‍വത്രികമായിരുന്നു അത്തരം വിവാഹങ്ങള്‍. പ്രാവചകനെ(സ്വ) ഇണയായി ലഭിച്ചതില്‍ സന്തോഷവതിയായിരുന്നു ആയിശയെന്നും അവരുടെ കുടുംബജീവിതം പൂര്‍ണമായി സംതൃപ്തമായിരുന്നുവെന്നും അവരുടെ തന്നെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രവാചകനു ശേഷം ഏറെ നാള്‍ ജീവിച്ചിരിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ കുടുംബ-ദാമ്പത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ പ്രവാചകനില്‍ നിന്ന് പഠിക്കുവാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ആയിശക്ക് കഴിയുകയും ചെയ്തു; ഈ വിവാഹത്തിനു പിന്നിലുള്ള ദൈവികയുക്തി ചിലപ്പോള്‍ അതായിരിക്കാം – നമുക്കറിയില്ല. ഏതായിരുന്നാലും അവരും മാതാപിതാക്കളും സമ്പൂര്‍ണമായ സംതൃപ്തിയോടെ സ്വീകരിക്കുകയും അവര്‍ ജീവിച്ച സമൂഹം വിമര്‍ശനമേതുമില്ലാതെ അംഗീകരിക്കുകയും ചെയ്ത പ്രസ്തുത വിവാഹത്തില്‍ മാനവികവിരുദ്ധമായ യാതൊന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.

തന്റെ ആത്മസുഹൃത്തും ഇസ്ലാമിക സമൂഹത്തിന്റെ ശക്തിസ്രോതസ്സുമായിരുന്ന ഉമറിന്റെ മകള്‍ ഹഫ്സ വിധവയായിത്തീര്‍ന്നപ്പോള്‍ അവരെ സ്വന്തം സഹധര്‍മിണിയായി സ്വീകരിച്ച് ഉമര്‍ന്േ ആശ്വാസമേകുകയും അവരുടെ സുഹൃദ്ബന്ധത്തിന് ദൃഢത പകരുകയും ചെയ്യുകയാണ് നാലാമത്തെ വിവാഹത്തിലൂടെ മുഹമ്മദ് നബി(സ്വ) ചെയ്തത്. തന്റെ മുഖ്യ പ്രതിയോഗിയായിരുന്ന അബുസുഫ്യാന്റെ മകള്‍ ഉമ്മു ഹബീബ, അവരുടെ ഭര്‍ത്താവ് ഇസ്ലാമില്‍ നിന്ന് പുറത്ത് പോയപ്പോള്‍ നിരാലംബയായിത്തീരുകയും എത്യോപ്യയില്‍ നിന്ന് തിരിച്ചുവരാന്‍ പ്രയാസപ്പെടുകയും ചെയ്തപ്പോള്‍ അവരെയും മുഹമ്മദ് നബി (സ്വ) വിവാഹം ചെയ്തു. ബദര്‍യുദ്ധത്തില്‍ രക്തസാക്ഷികളായ ഉബാദയുടെ വിധവ സൈനബ്, ഉഹ്ദ് യുദ്ധത്തിനു ശേഷം മരണമടഞ്ഞ അബൂസലമയുടെ വിധവ ഉമ്മു സലമ, ബനുല്‍ മുസ്തലഖ് യുദ്ധത്തിലെ തടവുകാരിയായിരുന്ന ജൂവൈരിയ, ഖൈബര്‍ യുദ്ധത്തിലെ തടവുകാരിയായിരുന്ന സ്വഫിയ, അബ്ദുറഹ്മാനുബ്നു അബ്ദുല്‍ ഉസ്സയുടെ വിധവ മൈമുന തുടങ്ങിയ പ്രവാചക പത്നിമാര്‍ വിധവകളും ആഭിജാത്യത്തോടുകൂടിയുള്ള സംരക്ഷണം അര്‍ഹിക്കുന്നവരുമായതിനാല്‍ മദീനയുടെ ഭരണാധികാരിയായ മുഹമ്മദ് നബി (സ്വ) തന്നെ അവരെ പത്നിമാരായി സ്വീകരിക്കുകയായിരുന്നു.

തന്റെ അമ്മായിയുടെ മകളായിരുന്ന സൈനബ് ബിന്‍ത് ജഹ്ശായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ മറ്റൊരു പത്നി. അവരെ വിവാഹം ചെയ്തത് എക്കാലത്തും ശത്രുക്കളാല്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇന്നും പ്രസ്തുത വിമര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രവാചകന്‍ലയുടെ ദത്തുപുത്രനായി അറിയപ്പെട്ടിരുന്ന സൈദ് ബിന്‍ ഹാരിഥയുേടെ ഭാര്യയായിരുന്നു സൈനബ് എന്നതാണ് വിമര്‍ശനത്തിന്റെ കാതല്‍. ഇസ്ലാം ദത്തുപുത്രനെ സ്വന്തം പുത്രനായി കാണുന്നതിനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ദത്തുപുത്രന്റെ ഭാര്യ വളര്‍ത്തുന്നയാള്‍ക്ക് അന്യയാണെന്നാണ് ഇസ്ലാമിക വീക്ഷണം. യാഥാര്‍ത്ഥ മാതാപിതാക്കളുടെ മക്കളായി തന്നെയാണ് ഓരോരുത്തരും അറിയപ്പെടേണ്ടതെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന മക്കളെയും ദത്തുപുത്രന്മാരെയും ഒരേ പോലെ കാണുന്ന സമ്പ്രദായത്തിന് അറുതിവരുത്താനായി അല്ലാഹുവിന്റെ പ്രത്യേകമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ദത്തുപുത്രനായി അറിയപ്പെട്ടിരുന്ന സൈദ് വിവാഹമോചനം ചെയ്ത സൈനബിനെ പ്രവാചകന്‍ (സ്വ)വിവാഹം ചെയ്തത്. മുഹമ്മദ് നബി(സ്വ)യുടെ അമ്മായിയുടെ മകളായിരുന്നു സൈനബ് എന്നും അവരെ സൈദിന് വിവാഹം ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെടുകയും അതിനാവശ്യമായ സംവിധാനങ്ങളൊരുക്കുകയും ചെയ്തത് നബി (സ്വ) തന്നെയായിരുന്നുവെന്നും സ്വരച്ചേര്‍ച്ചയില്ലായ്മ കാരണം സൈദിന്റെയും സൈനബിന്റെയും വൈവാഹികജീവിതം ഏറെ നാള്‍ നീണ്ടുനില്‍ക്കാതെ വേര്‍പിരിയുകയാണുണ്ടായതെന്നും അത്തരമൊരു സാഹചര്യത്തിലാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ദത്തുപുത്രസമ്പ്രദായം അവസാനിപ്പിക്കുന്നതിന് മുഹമ്മദ് നബി (സ്വ)തന്നെ മാതൃകയായിത്തീര്‍ന്നതെന്നുമുള്ള വസ്തുതകളെ കാണാന്‍ കൂട്ടാക്കാതെയാണ് ഈ വിവാഹത്തിന്റെ പേരില്‍ പ്രവാചകനെ പ്രതിക്കൂട്ടിലാക്കാന്‍ വിമര്‍ശകര്‍ പരിശ്രമിക്കുന്നത്. സ്വന്തം അമ്മായിയുടെ മകളായിരുന്ന സൈനബിനോടുള്ള പ്രേമവും ലൈംഗികാഭിനിവേശവുമാണ് അവരെ വിവാഹം ചെയ്യാന്‍ നബി(സ്വ)യെ പ്രേരിപ്പിച്ചതെന്ന് പറയുന്നവര്‍ അവരെ മറ്റൊരാളെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചത് പ്രവാചകനായിരുന്നുവെന്നും അവരുമായുള്ള ദാമ്പത്യബന്ധം പരാജയപ്പെടുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ അവരെ യോജിപ്പിച്ച് പരമാവധി മുന്നോട്ട് കൊണ്ട് പോകുവാന്‍ പരമാവധി ശ്രമിക്കുകയുണ്ടായി അദ്ദേഹമെന്നും അത് പരാജയപ്പെട്ട് വിവാഹമോചനത്തില്‍ കലാശിച്ചതിനുശേഷം മാത്രമാണ് ദൈവനിര്‍ദ്ദേശപ്രകാരം മുഹമ്മദ് നബി(സ്വ) അവരെ ഏറ്റെടുത്തതെന്നുമുള്ള വസ്തുതകള്‍ വിസ്മരിക്കുകയാണ് ചെയ്യുന്നത്.