മുഹമ്മദ് നബി (സ) ചരിത്രം
പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ അറേബ്യയുടെ ചിത്രം വളരെ ഇരുണ്ടതാണ്. ഉയര്‍ന്ന നിലയ്ക്കുള്ള യാതൊരു നാഗരികതയുമില്ലാതിരുന്ന അവിടെ പാഠശാലകളോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഗ്രന്ഥശാലകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. മദ്യത്തില്‍ മുങ്ങിക്കിടന്നിരുന്നു അന്നത്തെ സമൂഹം. തന്റെ ശവശരീരം മുന്തിരിവള്ളിയുടെ ചുവട്ടില്‍ കുഴിച്ചിട്ടാല്‍ ദ്രവിക്കുന്ന എല്ലുകള്‍ക്ക് വീഞ്ഞിന്റെ മത്ത് ലഭിക്കുമല്ലോയെന്ന് പാടിയ അറേബ്യന്‍ കവിയുടെ വരികള്‍, പ്രസ്തുത സമൂഹം എത്രത്തോളം മദ്യാസക്തരായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
നാരിമാരുടെ നഗ്നതാ വിവരണമായിരുന്നു അന്നത്തെ കവിതകളുടെ പ്രധാനപ്പെട്ട ഉള്ളടക്കം. പെണ്ണിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സമൂഹമായിരുന്നു അത്.
നഗ്നതാപ്രദര്‍ശനം നടത്തുന്നതില്‍ സ്ത്രീ പുരുഷഭേദമന്യേ യാതൊരു സങ്കോചവുമവര്ക്കുണ്ടായിരുന്നില്ല. കഅ്ബാലയത്തെ സ്ത്രീകളും പുരുഷന്മാരുമെല്ലാം നഗ്നരായിക്കൊണ്ടാണ് പ്രദക്ഷിണം ചെയ്തിരുന്നത്.
കലഹങ്ങളും കൊലപാതകങ്ങളും ആ സമൂഹത്തില്‍ സര്‍വ്വസാധാരണമായിരുന്നു. ഗോത്രവഴക്കുകളില്ലാത്ത ദിവസങ്ങള്‍ തുലോം വിരളമായിരുന്നു. മനുഷ്യര്‍ മനുഷ്യരെ നിഷ്ഠൂരം വധിക്കുന്നതില്‍ യാതൊരു തെറ്റും അവര്‍ കണ്ടിരുന്നില്ല. ശക്തര്‍ അശക്തരെ വധിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക സാധാരണയായിരുന്നു. ഗോത്രമഹിമയില്‍ അഭിമാനംകൊണ്ടിരുന്ന അറബികള്‍ക്ക് ഗോത്രത്തിന്റെ പേരില്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. അവരുടെ ആരാധ്യ വസ്തുക്കളാകട്ടെ ശിലാബിംബങ്ങളുമായിരുന്നു. സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിന്റെ അസ്തിത്വം അവര്‍ അംഗീകരിച്ചിരുന്നുവെങ്കിലും അവനിലേക്ക് നേരിട്ട് അടുക്കുക അസാധ്യമായതിനാല്‍ ഇടയാളന്മാരെ സ്വീകരിക്കുകയെന്ന തത്വമാണ് അവര്‍ അംഗീകരിച്ചിരുന്നത്. ഈ ഇടയാളന്മാരില് മഹാത്മാക്കള്‍ മുതല്‍ വിഗ്രഹങ്ങള്വരെയുണ്ടായിരുന്നു. കല്ലുകള്‍ക്ക് മുന്നിലായിരുന്നു അവര്‍ നമസ്ക്കരിച്ചിരുന്നത്.
മുഹമ്മദ് (സ)യുടെ ജനനം
ഇത്തരമൊരു സമുദായത്തിലാണ് മുഹമ്മദ് ജനിക്കുന്നത്. മക്കയിലെ ഖുറൈശ് ഗോത്രത്തിലെ ഹാശിം കുടുംബത്തില്‍ അബ്ദുല്ല (ദൈവദാസന് ) ആമിന (വിശ്വസ്ത) ദമ്പതിമാരുടെ മകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. അദ്ദേഹം ജനിക്കുന്നതിന് മുമ്പുതന്നെ പിതാവും ഏഴുവയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടതിനാല്‍ തികച്ചും അനാഥനായിട്ടാണ് അദ്ദേഹം വളര്‍ന്നത്. മാതാവിന്റെ മരണശേഷം പിതാമഹനായ അബ്ദുല്‍ മുത്തലിബ് അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. അല്പകാലത്തിനുശേഷം അദ്ദേഹവും മരണപ്പെട്ടതിനാല്‍ പിതൃസഹോദരനായ അബൂത്വാലിബിന്റെ സംരക്ഷണത്തിലാണ് പിന്നീടദ്ദേഹം വളര്‍ന്നത്. ഇരുപത്തിയഞ്ചാമത്തെ വയസില്‍ അദ്ദേഹം നാല്പതുകാരിയായ ഖദീജ (റ)യെ വിവാഹം ചെയ്തു.
ചരിത്രത്തിന്റെ തെളിച്ചം
അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് (സ). അതുകൊണ്ടുതന്നെ അദ്ദേഹം അവസാനത്തെ മനുഷ്യന്‍വരെയുള്ള സകലര്‍ക്കും മാതൃകയായിരിക്കണം. അതിനുവേണ്ടി അദ്ദേഹത്തിന്റെ ജീവിതംമുഴുവന്‍ രേഖപ്പെടുത്തപ്പെട്ടിരിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ മോക്ഷത്തിന്റെ മാര്‍ഗം പിന്‍പറ്റുന്നതെങ്ങനെ? അദ്ദേഹത്തെ പിന്തുടരുന്നതെങ്ങനെ? അദ്ഭുതം! മുഹമ്മദ് നബി (സ)യുടെ മുഴുജീവിതവും ആര്‍ക്കും വായിക്കാന്‍ പറ്റുന്നവിധത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു അല്ല, അദ്ദേഹത്തിന്റേതുപോലെ ജീവിതത്തിലെ ചെറുതും വലുതുമായ മുഴുസംഭവങ്ങളും രേഖപ്പെടുത്തപ്പെട്ട ഒരു മനുഷ്യനും മാനവ ചരി ത്രത്തിലുണ്ടായിട്ടേയില്ല. മുമ്പുള്ള പ്രവാചകന്മാരാരുംതന്നെ രേഖപ്പെടുത്തപ്പെടുന്ന ചരിത്രത്തിന്റെ ഭാഗമായിട്ടില്ല. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ലെന്നു പറയാന്‍ പലര്‍ക്കും അവസരമുണ്ടാക്കിയത്, ചരിത്രത്തിന്റെ ദൃഷ്ടിയില് അവരുടെയെല്ലാം അസ്തിത്വം സംശയാസ്പദമായതാണ്. എന്നാല്‍ മുഹമ്മദി(സ)ന്റെ അവസ്ഥ തികച്ചും ഭിന്നമാണ്. ‘മുഹമ്മദ് ചരിത്രത്തിന്റെ പൂര്‍ണ്ണമായ പ്രകാശത്തിലാണ് ജനിച്ചതെ’ന്ന ഫിലിപ്പ് ഹിറ്റിയുടെ പ്രസ്താവന തന്നെ അദ്ദേഹത്തിന്റെ
ചരിത്രപരതയ്ക്കുള്ള വ്യക്തമായ അംഗീകാരമാണ്. മുഹമ്മദ് ജീവിച്ചിരുന്നില്ലെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം വരാതിരിക്കുമാറ് ശക്തവും വ്യക്തവുമാണ് അദ്ദേഹത്തിന്റെ ചരിത്രം. അതുകൊണ്ടു തന്നെ അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാകുവാന്‍ യോഗ്യതയുള്ള ഏക പ്രവാചകന് അദ്ദേഹമാണ്.
ദൈവികബോധനം
നാല്പതാമത്തെ വയസ്സുവരെ എല്ലാ അര്‍ത്ഥത്തിലും വിശിഷ്ടമായ ജീവിതം നയിച്ച മുഹമ്മദ് (സ), തന്റെ സമൂഹത്തിലുള്ള അജ്ഞതാന്ധകാരങ്ങളില്‍നിന്ന് അകന്ന് ജനവാസസ്ഥലങ്ങളില്‍നിന്ന് ദൂരെനില്ക്കുന്ന ‘ഹിറാ’യെന്ന പര്‍വതഗുഹക്കുള്ളില്‍ ദിവസങ്ങളോളം താമസിക്കുന്നു. അവിടുത്തെ ശാന്തവും ഏകാന്തവുമായ ചുറ്റുപാടില്‍ ചിന്താമഗ്നായി പല രാത്രികളും കഴിച്ചുകൂട്ടുന്നു. ഏകാന്ത ജീവിതമിഷ്ടപ്പെട്ട അദ്ദേഹം ഭക്ഷണം തയ്യാറാക്കിക്കൊണ്ട് ഗുഹയിലെത്തുന്നു. കയ്യില്‍ കരുതിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തീരുമ്പോള്‍ വീട്ടിലെത്തി വീണ്ടും ഭക്ഷണം തയ്യാറാക്കി മടങ്ങുന്നു. തികഞ്ഞ ഏകാന്ത ജീവിതം!
ഒരുദിവസം അദ്ദേഹത്തിന്റെ ഏകാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു അപരിചിതന് പ്രത്യക്ഷപ്പെട്ടു.പ്രത്യക്ഷപ്പെട്ട വ്യക്തി ആവശ്യപ്പെട്ടു: ‘ഓതുക മുഹമ്മദ് പ്രതിവചിച്ചു: ‘എനിക്ക് ഓതാനറിയില്ലല്ലോ’ അപരിചിതന്റെ ആഗമനവും ചോദ്യവും കേട്ട് അമ്പരന്നുനില്ക്കുന്ന മുഹമ്മദിനെ അദ്ദേഹം മാറോട് ചേര്‍ത്തി ശക്തിയായി അമര്‍ത്തിക്കൊണ്ട് വീണ്ടും കല്പിച്ചു: ‘ഓതുക’ മുഹമ്മദ് ആവര്‍ത്തിച്ചു: ‘എനിക്ക് ഓതാനറിയില്ലല്ലോ’ വീണ്ടും മാറോട് ചേര്‍ത്തമര്‍ത്തിക്കൊണ്ട് ആഗതന് പറഞ്ഞുകൊടുത്ത വചനങ്ങള്‍, മുഹമ്മദ് ഓതാന്‍ തുടങ്ങി. ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക. മനുഷ്യനെ അവന് ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ ഓതുക. പേന കൊണ്ട് പഠിപ്പിച്ചവനായ നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു’ (ഖുര്‍ആന്‍ 96:1-5)
അവസാനത്തെ വേദഗ്രന്ഥത്തിലേക്കായി അവതരിക്കപ്പെട്ട ആദ്യത്തെ വചനങ്ങളായിരുന്നു ഇവ.
പ്രബോധനത്തിന്റെ ആരംഭം
മുഹമ്മദ് ദൈവത്തിന്റെ ദൂതനും അന്തിമ പ്രവാചകനുമായി നിയോഗിക്കപ്പെട്ടു. സത്യമതത്തിന്റെ പരസ്യപ്രബോധനത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹം കല്പിക്കപ്പെട്ടു. സഫാ മലക്കുമുകളില്‍ കയറിനിന്ന് തന്റെ ഗോത്രത്തിലെ കുടുംബ ശാഖകളില്‍ പെട്ടവരെ പേരെടുത്ത് വിളിക്കാന്‍ തുടങ്ങി. അല്‍ അമീനിന്റെ വിളികേട്ട് അവരെല്ലാവരും സസന്തോഷം പാഞ്ഞെത്തി.അവരോട് അദ്ദേഹം ചോദിച്ചു: “ഈ മലയുടെ എതിര്‍വശത്ത് ഒരു വലിയ അശ്വസേന നിങ്ങളെ ആക്രമിക്കാനായി സജ്ജരായി നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ?” അവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു. ‘തീര്‍ച്ചയായും. കാരണം ഇതിനുമുമ്പ് നീ കളവ് പറയുന്നതായി ഞങ്ങളാരും കേട്ടിട്ടില്ലല്ലോ’ അല്‍ അമീന് തുടര്‍ന്നു: ‘എങ്കില്‍ മരണാനന്തര ജീവിതത്തിന്റെ വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. സ്രഷ്ടാവും ഏകനുമായ അല്ലാഹു മാത്രമാണ് ആരാധനകള്‍ക്ക് അര്‍ഹന്‍. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുകയും ബഹുദൈവാരാധനയെ വര്‍ജ്ജിക്കുകയും ചെയ്യുക’.ജനം ഞെട്ടി. തങ്ങളുടെ പിതാക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായ സംഗതികളാണ് മുഹമ്മദ് പറയുന്നത്. തങ്ങളുടെ എല്ലാമെല്ലാമായ ദൈവങ്ങളെയെല്ലാം കയ്യൊഴിക്കാനാണ് മുഹമ്മദ് ആജ്ഞാപിക്കുന്നത്. ഇന്നലെവരെ തങ്ങളുടെയെല്ലാം പ്രിയങ്കരനായിരുന്ന മുഹമ്മദിനെ ഉപേക്ഷിക്കണമോ പിതൃസമ്പത്തായി ലഭിച്ചിരിക്കുന്ന വിശ്വാസങ്ങളെ കയ്യൊഴിക്കണമോ? എന്താണ് വേണ്ടതെന്ന് അവര്‍ ചിന്തിച്ചു. എങ്ങും നിശ്ശബ്ദത. ഈ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മുഹമ്മദി(സ)ന്റെ പിതൃവ്യരില്‍ ഒരാളായ അബൂലഹബിന്റെ ശബ്ദമുയര്‍ന്നു. “നിനക്ക് നാശമുണ്ടാവട്ടെ! ഇതിനുവേണ്ടിയായിരുന്നുവോ നീ ഞങ്ങളെ വിളിച്ച്കൂട്ടിയത്?”
പീഡനങ്ങള്‍! പ്രലോഭനങ്ങള്‍!
അന്തിമ പ്രവാചകനോടുള്ള സമൂഹത്തിന്റെ എതിര്‍പ്പിന്റെ ഉദ്ഘാടനമായിരുന്നു അബൂലഹബ് നിര്‍വഹിച്ചത്. മുഹമ്മദി(സ)ന്റെ റുഖിയ്യ, ഉമ്മുകുല്‍സും എന്നീ പുത്രിമാരെ വിവാഹം ചെയ്തിരുന്ന അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയും തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്ത് തങ്ങളുടെ പിതാവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇന്നലെവരെ സമൂഹത്തിന്റെ സ്നേഹാദരവുകള്‍ക്ക് പാത്രമായിരുന്ന മുഹമ്മദി(സ)നെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യം പറഞ്ഞുവെന്നതിന്റെ പേരില്‍ നാട്ടുകാര്‍ വെറുത്തു. സത്യസന്ധനായിരുന്ന മുഹമ്മദ്, സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടുവെന്ന ഏക കാരണത്താല്‍ ഭ്രാന്തനെന്നും മാരണക്കാരനെന്നും വിളിക്കപ്പെട്ടു. അദ്ദേഹം കല്ലെടുത്തെറിയപ്പെട്ടു. മര്‍ദ്ദിക്കപ്പെട്ടു. മൃഗീയമായ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു. അദ്ദേഹത്തെ വധിക്കാനായി ഗൂഢാലോചന നടത്തപ്പെട്ടു. അദ്ദേഹം പ്രബോധനം ചെയ്ത തത്വങ്ങള്‍ സ്വീകരിച്ചവരില്‍ പലരും മൃഗീയമായി വധിക്കപ്പെട്ടു. സ്വവസതികളില്‍നിന്നും പുറത്താക്കപ്പെട്ടു. മറ്റുചിലര്‍ക്ക് ഇണകളെ നഷ്ടപ്പെട്ടു. വിശ്വാസികളുടെ സമൂഹം ബഹിഷ്ക്കരിക്കപ്പെട്ടു. വെറും പച്ചിലകള്‍ മാത്രം തിന്ന് ജീവന് നിലനിര്‍ത്തിയ ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയി. എന്നിട്ടും സത്യമതത്തിന്റെ
സന്ദേശപ്രചാരണത്തില്‍നിന്ന് അദ്ദേഹം പിന്നോട്ട് പോയില്ല. അവസാനം സ്വന്തം വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി, അതനുസരിച്ച് ജീവിക്കുവാന്‍ അവസരം ലഭിക്കുന്നതിനുവേണ്ടി, പെറ്റുവളര്‍ന്ന നാടും വീടും വിട്ട് ദൂരദേശത്തേക്ക് പലായനം ചെയ്യേണ്ടിവന്നു, അദ്ദേഹത്തിന്. അക്രമത്തിന്റെയും മര്‍ദ്ദനങ്ങളുടെയും മാര്‍ഗങ്ങള്‍ മാത്രമല്ല പ്രതിയോഗികള്‍ അദ്ദേഹത്തിനെതിരെ പ്രയോഗിച്ചത്. ഭീഷണികളുടെയും ഏഷണികളുടെയും മാര്‍ഗങ്ങള്‍ പരാജയപ്പെടുകയാണെന്ന് കണ്ട് ഖുറൈശികള്‍ പ്രലോഭനങ്ങളുടെയും പ്രീണനങ്ങളുടെയും പാതയും പരീക്ഷിച്ചുനോക്കി. സമൂഹത്തിലെ നേതാക്കളെല്ലാംകൂടി ഒരു ദിവസം നബിയുടെ അടുക്കല്‍ ചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ശ്രമിച്ചു. അവര്‍ പറഞ്ഞു: ‘നീ സമ്പത്താണ് കൊതിക്കുന്നതെങ്കില്‍ ആവശ്യമുള്ള ധനം ഞങ്ങള്‍ തരാം. അധികാരമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ പ്രദേശത്തെ രാജാവായി നിന്നെ ഞങ്ങള്‍ വാഴിക്കാം. സൌന്ദര്യമാണ് മോഹിക്കുന്നതെങ്കില്‍ നിനക്കിഷ്ടപ്പെട്ട സുന്ദരിയെ വിവാഹം ചെയ്യാനുള്ള അവസരമുണ്ടാക്കിത്തരാം’. ആരും വീണുപോകുന്ന വാക്കുകള്‍! ആശിച്ചുപോകുന്ന പ്രലോഭനങ്ങള്‍! ഒരൊറ്റവാക്ക് പറഞ്ഞാല്‍ മതി. താന്‍ ഈ പ്രദേശത്തെ ഏറ്റവും വലിയ ധനവാനാകും. നാട്ടുകാര്‍ മുഴുവന്‍ തന്റെ രാജധാ നിയിലെത്തി തനിക്ക് പാദസേവ ചെയ്യും. സൌന്ദര്യധാമങ്ങള്‍ തനിക്ക് മുന്നില്‍ നൃത്തമാടും. പക്ഷേ, പ്രവാചകന് പറഞ്ഞതിങ്ങനെയാണ്: ‘അധികാരമോ കവര്‍ച്ച മുതലോ എനിക്കാവശ്യമില്ല. മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പുകാരനായിട്ടാണ് ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത്. അവന്റെ സന്ദേശമാണ് ഞാന്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നത്. അത് സ്വീകരിക്കുന്നവര്‍ക്ക് ഇഹലോകത്ത് സുഖവും സമാധാനവും പരലോകത്ത് ശാശ്വത വിജയവും കരസ്ഥമാക്കാം. ദൈവിക സന്ദേശം സ്വീകരിക്കാത്തവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് അവന് തന്നെയാണ്’. ഗോത്രത്തലവന്മാരുടെയും പൌരപ്രധാനികളുടെയും നിര്‍ബന്ധത്തിന് വഴങ്ങി തന്റെ ദൌത്യമുപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സ്വന്തം പിതൃവ്യനായ അബൂത്വാലിബിനോട് അദ്ദേഹം പ്രതിവചിച്ചു: “പ്രിയ പിതൃവ്യാ, വലതുകയ്യില്‍ സൂര്യനെയും ഇടതുകയ്യില്‍ ചന്ദ്രനെയും അവര്‍ വെച്ചുതന്നാല്‍പോലും ഞാന്‍ എന്റെ ദൌത്യനിര്‍വഹണത്തില്‍നിന്ന് പിന്മാറുകയില്ല. ഒന്നുകില്‍ ഈ പരിശ്രമം സഫലമായി ദൈവിക സംതൃപ്തി കരഗതമാക്കുക. അല്ലെങ്കില്‍ ആ ശ്രമത്തിലേര്‍പ്പെട്ടു കൊണ്ട് നശിച്ചുപോവുക. രണ്ടിലൊന്ന് സംഭവിക്കുന്നത് വരെ ഞാനിത് തുടരുകതന്നെ ചെയ്യും”.
Who is Allah?

അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യനാളിലും...
Read MoreWho is Muhammed(s)?

മനുഷ്യരാശിയെ സന്മാര്ഗത്തിലേക്ക് നയിക്കുവാ നും പാരത്രിക വിജയത്തിന്റെ പാത ലോകത്തിന്...
Read MoreWhat is Qur'an?

സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനില്‍നിന്ന് മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ...
Read More