വിശ്വാസ സ്വാതന്ത്ര്യം: മൗലികാവകാശ നിഷേധം ആശങ്കാജനകം -കെ.എന്‍.എം സംസ്ഥാന കൗണ്‍സില്‍

കോഴിക്കോട്‌: ഭരണഘടന ഉറപ്പുനല്‍കുന്ന മതപ്രബോധന സ്വാതന്ത്ര്യത്തെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം മതനിരപേക്ഷഇന്ത്യക്ക്‌ ചേര്‍ന്നതല്ലെന്ന്‌ കോഴിക്കോട്ട്‌ ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. മുബൈ കേന്ദ്രീകരിച്ച്‌ വിദ്യാഭ്യാസ-പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോ. സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഐ.ആര്‍.എഫിനെ വിശദമായ അന്വേഷണമില്ലാതെ നിരോധിച്ചത്‌ അപലപനീയമാണ്‌. കുറ്റമെന്തെന്ന്‌ തെളിയിക്കാതെ പുകമറ സൃഷ്‌ടിച്ച്‌ ഇസ്‌ലാമിക വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും ഇകഴ്‌താനുള്ള നീക്കം അംഗീകരിക്കാവില്ല. നോട്ട്‌ റദ്ദാക്കലിനെ തുടര്‍ന്ന്‌ ജനം തെരുവില്‍ അലയുന്ന സന്ദര്‍ഭം മുതലെടുത്ത്‌ യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി മുസ്‌ലിം പേരുള്ള പ്രബോധന-വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത്‌ നീതികരിക്കാനാവില്ല. കുറ്റാരോപിതരായ വ്യക്തികളെ, നിയമം വഴി കുറ്റം തെളിയിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിനു പകരം വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഇല്ലാതാക്കുന്ന പ്രവര്‍ണത ജനാതിപത്യ സമൂഹത്തിന്‌ ചേര്‍ന്നതല്ല. ഇഷ്‌ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്ന സാഹചര്യം ഭീതിജനകമാണ്‌. മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ കഴിഞ്ഞ ദിവസം നടന്ന അരുകൊലക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവരുടെ വിദ്വേഷ അജണ്ടകളും പുറത്ത്‌ കൊണ്ടുവരണം. ഇഷ്‌ടമുള്ള മതവിശ്വാസവും രാഷ്‌ട്രീയ വീക്ഷണവും സ്വീകരിക്കുന്നതിന്റെ പേരില്‍ ജീവന്‍ നഷ്‌ടപ്പെടുന്നത്‌ നടുക്കമുണ്ടാക്കുന്നതാണ്‌. മലപ്പുറം ജില്ലയെ ഭീകരതയുടെയും തീവ്രവാദത്തിന്റെയും കേന്ദ്രമാക്കിമാറ്റാന്‍ ശ്രമിക്കുന്ന ദുശ്ശക്തികളെ അമര്‍ച്ചചെയ്യണം. കലക്‌ട്രേറ്റില്‍ നടന്ന ബോംബ്‌ സ്‌ഫോടനത്തെ കുറിച്ച്‌ പഴുതടച്ച അന്വേഷണം നടത്തണം. അന്ധവിശ്വാസങ്ങളെ പുനരാഖ്യാനിക്കാനുള്ള ആസൂത്രിത നീക്കം മുജാഹിദുകള്‍ ഒറ്റക്കെട്ടായി ചെറുക്കും. പിഞ്ചുപൈതലിന്‌ മുലപ്പാല്‍ നിഷേധിച്ച സംഭവം നവോത്ഥാന കേരളത്തിന്‌ അപമാനമാണ്‌. വ്യാജആത്മീയ കേന്ദ്രങ്ങളിലെ പ്രാകൃതചികിത്സകളെ കുറിച്ചും കള്ളപ്പണത്തെകുറിച്ചും വിശദമായ അന്വേഷണം നടത്തണം. അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാന്‍ കുറ്റമറ്റ നിയമനിര്‍മാണം നടത്തണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കറണ്‍സി പിന്‍വലിച്ചുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. നവംബര്‍ 26ന്‌ പെരിന്തല്‍മണ്ണ അല്‍ശിഫ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സംസ്ഥാന മുജാഹിദ്‌ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടക്കും. വിവിധ ശാഖകളില്‍ നിന്നായി അയ്യായിരം പ്രതിനിധികള്‍ സംബന്ധിക്കും. ആശയ പ്രചാരണ സ്വാതന്ത്രത്തിന്റെ ബോധവത്‌കരണത്തിനായി പ്രത്യേക സെമിനാറുകള്‍ സംഘടിപ്പിക്കും. ഭീകരതക്കെതിരെ പ്രധാന കേന്ദ്രങ്ങളില്‍ കണ്‍വെന്‍ഷന്‍ നടക്കും. യുവഘടകമായ ഐ.എസ്‌.എമ്മിന്റെ നേതൃത്വത്തില്‍ യൂത്ത്‌ മീറ്റുകള്‍ സംഘടിപ്പിക്കും. എം.എസ്‌.എമ്മിന്റെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ പൊഫഷണല്‍ സ്റ്റുഡന്‍സ്‌ കോണ്‍ഫറന്‍സ്‌ (പ്രൊഫ്‌കോണ്‍ 2016) സംഘടിപ്പിക്കും. വനിതാ വിഭാഗമായ എം.ജി.എമ്മിന്റെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ വനിതാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ അവസാനവാരം മലപ്പുറത്ത്‌ വെച്ച്‌ മുജാഹിദ്‌ ജല്ലാസമ്മേളനം നടക്കും കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട്‌ ടി.പി അബ്‌ദുല്ലക്കോയ മദനി അദ്ധ്യക്ഷനായിരുന്നു. കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.കെ.എന്‍.എം. സംസ്ഥാന പ്രസിഡണ്ട്‌ പി.കെ അഹ്‌മദ്‌ സാഹിബ്‌, എച്ച്‌.ഇ മുഹമ്മദ്‌ ബാബു സേഠ്‌, ട്രഷറര്‍ നൂര്‍ മുഹമ്മദ്‌ നൂരിഷാ, കെ.ജെ.യു സെക്രട്ടറി എം.മുഹമ്മദ്‌ മദനി, കെ.എന്‍.എം സംസ്ഥാന സെക്രട്ടറിമാരായ എം. അബ്‌ദുറഹ്‌മാന്‍ സലഫി, പാലത്ത്‌ അബ്‌ദുറഹ്‌മാന്‍ മദനി, എം.ടി അബ്‌ദുസ്സമദ്‌ സുല്ലമി , ഡോ. സുല്‍ഫീക്കര്‍ അലി, കെ.നാസിര്‍ സുല്ലമി പ്രസംഗിച്ചു. ഇസ്വലാഹീ സെന്റര്‍ ഭാരവാഹികളായ സി.ടി ബഷീര്‍(ദുബൈ), അഷ്‌റഫ്‌ ഷാഹി(ഒമാന്‍), അബ്‌ദുറസ്സാഖ്‌ (സൗദി അറേബ്യ), സൈഫുള്ള കാസിം (ബഹ്‌റൈന്‍), ഡോ. മുഹമ്മദ്‌ ഫാറൂക്വ്‌ (സൗദി), അബ്‌ദുറഹ്‌മാന്‍ (കുവൈത്ത്‌) എ.പി അബ്‌ദുസ്സമദ്‌ (യു.എ.ഇ), ഡോ. എ.ഐ അബ്‌ദുല്‍ മജീദ്‌ സ്വലാഹി , ഹനീഫ്‌ കായക്കൊടി, ടി.പി അബ്‌ദുറസ്സാഖ്‌ ബാഖവി, അഹ്‌മദ്‌ അനസ്‌ മൗലവി, നിസാര്‍ ഒളവണ്ണ, സിറാജ്‌ ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ഇ.കെ.എം പന്നൂര്‍, അബ്‌ദുല്‍ ലത്ത്വീഫ്‌ പട്ടന്ന, (കാസര്‍ഗോഡ്‌), ഡോ.എ.എ ബഷീര്‍(കണ്ണൂര്‍), അബ്‌ദുറഹ്‌മാന്‍ സുല്ലമി (വയനാട്‌), വി.പി അബ്‌ദുസ്സലാം,അബ്‌ദുസ്സലാം വളപ്പില്‍ (കോഴിക്കോട്‌), നാണി ഹാജി, ഹസ്സന്‍ മാസ്റ്റര്‍ രണ്ടത്താണി(മലപ്പുറം), ഇ.കെ ഇബ്‌റാഹീംകുട്ടി മൗലവി (തൃശൂര്‍), പി. ഉമ്മര്‍ മാസ്റ്റര്‍ (പാലക്കാട്‌), സലീം ഫാറൂക്വി (എറണാകുളം), കെ.എ മുഹമ്മദ്‌ (ആലപ്പുഴ), അസ്‌ഗര്‍ ഫാറൂക്വി (കോട്ടയം), ഹബീബ്‌ മദനി (പത്തനംത്തിട്ട), എ.എം സമദ്‌ (ഇടുക്കി), സലീം ഹമദാനി (കൊല്ലം), അല്‍അമീന്‍ (തിരുവന്തപുരം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.