നവോത്ഥാന ശ്രമങ്ങള്‍ക്ക്‌ കരുത്തേകി മുജാഹിദ്‌ ഐക്യം യാഥാര്‍ത്ഥ്യമായി

കോഴിക്കോട്‌ : കേരള മുസ്‌ലിം നവോത്ഥാന പ്രസ്ഥാനമായ മുജാഹിദ്‌ പ്രസ്ഥാനത്തിലെ വിവിധ വിഭാഗങ്ങള്‍ ഐക്യപ്പെട്ടുകൊണ്ട്‌ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കോഴിക്കോട്‌ മുജാഹിദ്‌ സെന്ററില്‍ ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(കെ.എന്‍.എം)ന്റെയും നദ്‌വത്തുല്‍ മുജാഹിദീന്‍ കേരള (മര്‍ക്കസുദ്ദഅ്‌വ)യുടെയും സംയുക്ത ഭരണസമിതിയോഗം തീരുമാനിച്ചു. ഇതിലൂടെ പതിനാല്‌ വര്‍ഷം നീണ്ടു നിന്ന അഭിപ്രയവിത്യാസങ്ങള്‍ക്കും ഭിന്നിപ്പിനും വിരമമായി. 1950 മുതല്‍ രജിസ്റ്റര്‍ ചെയ്‌ത്‌ കോഴിക്കോട്‌ മുജാഹിദ്‌ സെന്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(കെ.എന്‍.എം) ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സംയുക്ത ഭരണസമിതി തീരുമാനിച്ചു. 2002 മുതല്‍ ആദര്‍പരവും സംഘടനാപരമായ വിഷയങ്ങളില്‍ അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്ന്‌ ഇരുസംഘടനകളിലായി പ്രവര്‍ത്തിച്ചവര്‍ ഒരുവര്‍ഷകാലമായി തുടരുന്ന ആദര്‍ശചര്‍ച്ചക്കൊടുവിലാണ്‌ സമവായത്തിലെത്തിയത്‌. നവംബര്‍ മാസത്തില്‍ രണ്ടാഴ്‌ചത്തെ ചര്‍ച്ചക്കൊടുവില്‍ സംഘടനാ വിഷയങ്ങളിലും യോജിച്ച നിലപാടിലെത്തിയതാണ്‌ ഐക്യശ്രമങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌ . ഭിന്നിപ്പിനിടയാക്കിയ വിഷയങ്ങളില്‍ ഇരുവിഭാഗം പണ്ഡിതന്‍മാര്‍ നടത്തിയ ആദര്‍ശ ചര്‍ച്ചയാണ്‌ ഐക്യത്തിന്‌ വഴിയൊരുക്കിയത്‌. കേരള ത്തിലെ പ്രഥമ മുസ്‌ലിം ഐക്യ സംഘടനയായ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും (1920), കേരള ജംഇയ്യത്തുല്‍ഉലമ (കെ.ജെ.യു)(1924), നേതൃത്വത്തില്‍ 1950ലാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രുപം കൊള്ളുന്നത്‌ യുവജന വിഭാഗമായ(ഐ.എസ്‌.എം), വിദ്യാര്‍ത്ഥി വിഭാഗമായ(എം.എസ്‌.എം), വനിതാ വിഭാഗമായ (എം.ജി.എം), എന്നിവയും മാതൃസംഘടനയായ കെ.എന്‍.എമ്മിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ടു. വക്കം മൗലവി, മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌, കെ.എം മൗലവി, സീതി സാഹിബ്‌, ഇ. മൊയ്‌തു മൗലവി, തുടങ്ങിയ നവോത്ഥാന നായകന്മാര്‍ നേതൃത്വം നല്‍കിയ മുജാഹിദ്‌ പ്രസ്ഥാനം കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ച സാമൂഹ്യ-വിദ്യാഭ്യാസ- രാഷ്‌ട്രീയ നവോത്ഥാനത്തിന്‌ ഒരു നൂറ്റാണ്ടിലധികമായി മുജാഹിദ്‌ പ്രസ്ഥാനം നേതൃത്വം നല്‍കുന്നത്‌ . മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഭിന്നിപ്പുകള്‍ അന്ധവിശ്വാസങ്ങളെയും അനാചാര്യങ്ങളുടെയും തിരുച്ചുവരവിനും തീവ്രവാദ ചിന്തകള്‍ കടന്നുവരാനുള്ള അപകടകരമായ സാഹചര്യത്തിന്‌ വഴി തുറന്നിട്ടുണ്ട്‌. ദൃശ്യ-ശ്രാവ്യ-ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ പിന്‍ബലത്തോടെ അന്ധവിശ്വാസങ്ങളുടെ പ്രചാരണം ശക്തിപ്പെട്ടുവരികയാണെന്നും യോഗം വിലയിരുത്തി. ആള്‍ദൈവങ്ങളും ആത്മീയ കേന്ദ്രങ്ങളും അനുദിനം വര്‍ദ്ധിച്ചുവരികയാണ്‌. മുസ്‌ലിം പുരോഗതിക്ക്‌ വഴിമുടക്കികളായി നിന്നവര്‍ ചരിത്രത്തെ വക്രീകരിച്ചുകൊണ്ട്‌ നാവോത്ഥാന നായകരായി സ്വയം പ്രഖ്യാപിക്കുകയാണ്‌. ഭിന്നിപ്പുകള്‍ മനസുമരവിച്ച യുവാക്കളില്‍ ചിലര്‍ അരാഷ്‌ട്രീയ വാദങ്ങളിലേക്കും തീവ്രവാദ ചേരികളിലേക്കും അകൃഷ്‌ടരാകുന്നുണ്ട്‌. ഇത്‌ തടയാന്‍ വിദ്യാര്‍ത്ഥി - യുജന വിഭാഗങ്ങളില്‍ കര്‍മപദ്ധതികള്‍ തയ്യാറാക്കും. ആരാധനാലയങ്ങളിലെ സ്‌ത്രീ പ്രവേശനത്തിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന മുജാഹിദ്‌ പ്രസ്ഥാനം വനിതകള്‍ക്കിടയിലെ സാമൂഹ്യബോധവല്‍കരണത്തിന്‌ കുട്ടായ ശ്രമങ്ങള്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ ഭരണഘടന ഉറപ്പ്‌തരുന്ന വിശ്വാസപരമായ സിവില്‍ നിയമങ്ങള്‍ക്ക്‌ പകരം പൊതു സിവില്‍ കോഡ്‌ അടിചേല്‍പ്പിക്കാനും ശരീഅത്ത്‌ നിയമം തള്ളികളയാനുമുള്ള കേന്ദ്ര ഗവര്‍മെന്റ്‌ നിയമങ്ങള്‍ക്കെതിരെ ഇതര സംഘടനകളുമായി ചേര്‍ന്ന്‌ ബഹുജന ബോധവല്‍ക്കരണം സംഘടിപ്പിക്കും. ഭീകരവാദത്തിന്റെ അപകടങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. മത-സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ സംഭാവനകള്‍ ആവശ്യമായ വിഭവ സമാഹരണം നടത്തും വൈവാഹിക മേഘലകളിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും സ്‌ത്രീധനം അഢബരവിവാഹം എന്നിവക്കെതിരെ ബോധവല്‍ക്കരണം ശക്തമാക്കും. ഉപയോഗശൂന്യമായ സ്വാര്‍ണാഭരണങ്ങള്‍ക്ക്‌ നികുതിയേര്‍പ്പെടുത്തുന്നത്‌ സമൂഹത്തിന്‌ ആഭരമഭ്രമം കുറക്കാന്‍ സഹായിക്കും. നിലവിലുള്ള വിദ്യാഭ്യാസ സാമൂഹ്യ സ്ഥാപനങ്ങളില്‍ ഗുണമേന്മ വര്‍ദ്ധിക്കുന്നതോടൊപ്പം ആവശ്യമായ ഇതര സ്ഥാപനങ്ങള്‍ തുടങ്ങും. ഐക്യശ്രമങ്ങള്‍ കീഴിഘടകങ്ങളെയും പ്രവര്‍ത്തകരെയും അറിച്ചുകൊണ്ടുള്ള കണ്‍വെന്‍ഷനുകള്‍ നടത്തിയതായി നേതാക്കള്‍ അറിയിച്ചു. മുജാഹിദ്‌ ഐക്യത്തിന്റെ പൊതു പ്രഖ്യാപനത്തിന്റെ ഭാഗമായി ഡിസംബര്‍ 20(ചൊവ്വ) വൈകിട്ട്‌ 4 മണിക്ക്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ വെച്ച്‌ ബഹുജന സമ്മേളനം നടക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പതിനായിരകണക്കിന്‌ പ്രവര്‍ത്തകര്‍ സംബന്ധിക്കും മുജാഹിദ്‌ ഐക്യശ്രമങ്ങള്‍ക്ക്‌ അറിഞ്ഞപ്പോള്‍തന്നെ അതിന്‌ പിന്തുണ നല്‍കിയ സാമൂഹ്യ സാംസ്‌കാരിക നായകന്മാര്‍ക്കും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്കും നേതാക്കള്‍ കൃതജ്ഞത അറിയിച്ചു. തുടര്‍ന്നുമ സഹകരണ ആവശ്യപ്പെട്ടു. 20 ന്‌ കാലത്ത്‌ കെ.എന്‍.എം സമ്പൂര്‍ണ കൗണ്‍സില്‍ നടക്കും.