സലഫി പ്രസ്ഥാനം കേരളത്തില്‍ – ടി.പി അബ്ദുല്ലക്കോയ മദനി

എന്താണ്‌ സലഫിയ്യത്ത്‌/സലഫി

സലഫി എന്ന പദവുമായി ബന്ധപ്പെട്ട്‌ തെറ്റുധാരണ പരത്താന്‍ ചില ശ്രമങ്ങള്‍ നടക്കുന്നു. കൊടും ഭീകരരായ ഇസ്‌ലാമിക്‌ സ്റ്റേയ്‌റ്റ്‌ (ഐ.എസ്‌) ചെയ്‌തു കൂട്ടുന്ന ക്രൂരതകള്‍ വിശദീകരിക്കുന്നിടത്തും കേരളത്തില്‍ നിന്ന്‌ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായവരെക്കുറിച്ചുള്ള ചര്‍ച്ചയിലും �സലഫി� കടന്നുവരുന്നതായി കാണുന്നു. തീവ്രവാദം, ഭീകരത തുടങ്ങിയ മാനവികവിരുദ്ധമായ ആശയങ്ങളുമായി സലഫി/സലഫിയ്യത്ത്‌ എന്ന സംജ്ഞ ചേര്‍ത്തുകെട്ടി ഉപന്യസിക്കുന്നതിന്റെ അയുക്തിയെക്കുറിച്ച്‌ അറിയേണ്ടതുണ്ട്‌. വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ആശയങ്ങളെ ഏച്ചുകെട്ടി അപനിര്‍മിതി നടത്തുന്നതിന്‌ ഒട്ടേറെ ഉദാഹരണങ്ങള്‍ നമുക്ക്‌ കാണാം. അതിലൊന്നാണ്‌ `സലഫി` എന്ന പദത്തെ ഭീകരവാദ ചര്‍ച്ചയിലേക്ക്‌ കൊണ്ടുവരുന്നത്‌.
മുഹമ്മദ്‌ നബി ഉത്തമ സമുദായമെന്ന്‌ വിശേഷിപ്പിച്ച ആദ്യത്തെ മൂന്ന്‌ തലമുറ വിശ്വാസം, കര്‍മം, സ്വഭാവം, ജീവിത വിശുദ്ധി തുടങ്ങിയ കാര്യങ്ങളില്‍ അവലംബിച്ച രീതി ശാസ്‌ത്രമാണ്‌ (മെത്തഡോളജി) സലഫിയ്യത്ത്‌/സലഫി. അത്‌ ഒരു സംഘടനയോ ആള്‍കൂട്ടമോ അല്ല. ക്വുര്‍ആനും അതിന്റെ വിശദീകരണമായ നബിവചനങ്ങളും മനസ്സിലാക്കുന്നതില്‍ ഈ വിശുദ്ധതലമുറയുടെ കുറ്റമറ്റ സമീപനം സ്വീകരിക്കുന്നവരെയാണ്‌ സലഫികള്‍ എന്ന്‌ വിശേഷിപ്പിക്കാറുള്ളത്‌.
വ്യക്തിപരവും രാഷ്‌ട്രീയവുമായ ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി ക്വുര്‍ആനും നബിവചനങ്ങളും ദുര്‍വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ പൂര്‍വ്വികരുടെ രീതിശാസ്‌ത്രം അവലംബിക്കേണ്ടതിന്റെ അനിവാര്യതയെകുറിച്ച്‌ ഗൗരവമായ ചര്‍ച്ച നടക്കുന്നത്‌. സലഫുകളുടെ (പൂര്‍വ്വികരുടെ) പാതയാണ്‌ ഏറ്റവും കുറ്റമറ്റതെന്ന ചിന്ത സമൂഹത്തില്‍ വളര്‍ത്തിയെടുക്കുവാനായി നവോത്ഥാന നായകര്‍ പരിശ്രമിച്ചു. പ്രവാചകന്റെ വിയോഗാനന്തരം തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്വുര്‍ആനും നബിവചനങ്ങളുമാണ്‌ മുസ്‌ലിംകള്‍ അവലംബിച്ചത്‌. വ്യക്തിതാത്‌പര്യങ്ങളും രാഷ്‌ട്രീയതാത്‌പര്യങ്ങളും കടന്ന്‌ വരാതിരിക്കാന്‍ ഉത്തമ തലമുറയുടെ പ്രമാണങ്ങളോടുള്ള സമീപനത്തിന്റെ പ്രാധാന്യവും പഠിപ്പിക്കപ്പെട്ടു. ഇസ്‌ലാമിക വിശ്വാസത്തെയും കര്‍മങ്ങളെയും സംസ്‌കാരത്തെയും ജീര്‍ണതകള്‍ വികലമാക്കിയപ്പോഴെല്ലാം പരിഷ്‌കര്‍ത്താക്കള്‍ രംഗത്ത്‌ വന്നു. അവരെല്ലാം മതജീര്‍ണതകള്‍ക്കെതിരെ നാവും തൂലികയും പടവാളാക്കി. ഭിന്നതകളുടെ യഥാര്‍ഥ കാരണം മതത്തെ രാഷ്‌ട്രീയലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുന്നതും കക്ഷിമാത്സര്യവുമാണെന്ന്‌ പരിഷ്‌കര്‍ത്താക്കള്‍ മനസിലാക്കി. അവര്‍ യഥാര്‍ഥ വിശ്വാസവും കര്‍മസരണിയും പഠിപ്പിക്കുന്നതിനായി നബി വചനങ്ങള്‍ ക്രോഡീകരിച്ചു. അബൂഹനീഫ (703 -767), മാലിക്‌ (717 -801), ശാഫിഈ (769 – 820), അഹ്‌മദ്‌ബ്‌നു ഹമ്പല്‍ (778-855), ഇമാം ബുഖാരി, മുസ്‌ലിം തുടങ്ങിയവരെല്ലാം നവോത്ഥാന നായകരാണ്‌. ആധുനിക പരിഷ്‌കര്‍ത്താക്കള്‍ക്കെല്ലാം വെളിച്ചം നല്‍കിയ മഹാഗ്രന്ഥങ്ങള്‍ രചിച്ച ഇബ്‌നുതൈമിയ (1263-1328), മുസ്‌ലിം നവോത്ഥാനത്തിന്റെ അടയാളമായി അറിയപ്പെടുന്ന മുഹമ്മദ്‌ബ്‌നു അബ്‌ദുല്‍ വഹാബ്‌ (1703 -1792), ഈജിപ്‌തില്‍ നവോത്ഥാന പരിശ്രമങ്ങള്‍ക്ക്‌ ബൗദ്ധിക നേതൃത്വം നല്‍കിയ സയ്യിദ്‌ റശീദ്‌ രിദ, മുഹമ്മദ്‌ അബ്‌ദു, തുടങ്ങിയ പരിഷ്‌കര്‍ത്താക്കളും പില്‍കാല നവോത്ഥാന നായകര്‍ക്ക്‌ നല്‍കിയ പ്രചോദനം കുറച്ചൊന്നുമല്ല.

സലഫി പ്രസ്ഥാനം കേരളത്തില്‍

മലയാളക്കരയില്‍ സലഫി പ്രസ്ഥാനത്തിന്‌ വേണ്ട മണ്ണൊരുക്കിയതില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌ സയ്യിദ്‌ സനാഉല്ല മക്‌തി തങ്ങളാണ്‌ (1847-1912). അദ്ദേഹം സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ പോരാടി. ഇസ്‌ലാമിനെ തെറ്റുദ്ധരിപ്പിച്ച്‌ സാംസ്‌കാരിക അധിനിവേശത്തിന്‌ ശ്രമിച്ചവരെ പ്രമാണങ്ങള്‍കൊണ്ട്‌ നേരിട്ടു. വക്കം മൗലവി, കോട്ടപ്പുറത്ത്‌ സീതി മുഹമ്മദ്‌ സാഹിബ്‌, മണപ്പാട്ട്‌ കുഞ്ഞിമുഹമ്മദ്‌ ഹാജി, കെ.എം.സീതിസാഹിബ്‌, മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌, ഹമദാനി തങ്ങള്‍, കെ.എം. മൗലവി തുടങ്ങിയ നവോത്ഥാനനായകരും അവരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട മുസ്‌ലിം ഐക്യസംഘവുമാണ്‌ (1921) കേരളത്തില്‍ സലഫി ആശയങ്ങള്‍ക്ക്‌ പ്രചാരണം നല്‍കിയത്‌. പിന്നീട്‌ രൂപീകൃതമായ കേരള ജംഇയ്യത്തുല്‍ ഉലമയെന്ന (1924) കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടന സലഫി ആശയ പ്രബോധനത്തിന്‌ കൂടുതല്‍ ഊര്‍ജം നല്‍കി. അതില്‍ നിന്നാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (1950) പിറവിയെടുക്കുന്നത്‌.
മത-സാമൂഹിക രംഗത്ത്‌ നിലനിന്നിരുന്ന യഥാസ്ഥിതികത്വത്തിനെതിരെ മുജാഹിദ്‌ പ്രസ്ഥാനം ധീരമായി മുന്നേറി. സ്‌ത്രീ വിദ്യാഭ്യാസം, ഇംഗ്ലീഷ്‌ വിദ്യാഭ്യാസം, സ്‌ത്രീകളുടെ ആരാധന സ്വാതന്ത്ര്യം, എന്നിവക്ക്‌ വേണ്ടി പോരാടി. ആധുനിക ചികിത്സ അവഗണിച്ച്‌ ക്ഷുദ്രചികിത്സകള്‍ നടത്തിയിരുന്നവരെ ബോധവത്‌കരിച്ചു. മതേതര രാഷ്‌ട്രത്തിലെ ജനാധിപത്യ രാഷ്‌ട്രീയം മതവിരുദ്ധമാണെന്ന വാദത്തെ പ്രമാണങ്ങള്‍ ഉദ്ധരിച്ച്‌ ചെറുത്ത്‌ തോല്‍പ്പിക്കുന്നതില്‍ സലഫികള്‍ വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. സാമൂഹിക-വിദ്യാഭ്യാസ-രാഷ്‌ട്രീയ മേഖലകളില്‍ മലയാളി മുസ്‌ലിംകള്‍ നേടിയ മൂലധനത്തിന്‌ പിന്നില്‍ സലഫി നവോത്ഥാനത്തിന്റെ വിയര്‍പ്പ്‌ കണങ്ങള്‍ കാണാം.
കലാപങ്ങളിലൂടെയല്ല, ആധുനിക വിദ്യാഭ്യാസത്തിലൂടെയാണ്‌ മുസ്‌ലിംകളുടെ അതിജീവനം സാധ്യമാകുകയെന്ന്‌ പഠിപ്പിച്ചത്‌ കേരളത്തിലെ സലഫികളാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ `വഹാബി’കളുടെ പങ്ക്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. സാമൂഹിക പരിഷ്‌കര്‍ത്താക്കളെയെല്ലാം യാഥാസ്ഥിതികര്‍ സൗദി അറേബ്യയിലെ മുഹമ്മദ്‌ബ്‌നു അബ്‌ദുല്‍ വഹാബിലേക്ക്‌ ചേര്‍ത്തി `വഹാബികള്‍’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്‌.

സലഫി പ്രസ്ഥാനത്തിന്റെ ഇന്ത്യന്‍ വേരുകള്‍ :

ജനങ്ങളെ വിശ്വാസപരമായി ചൂഷണം ചെയ്‌തിരുന്ന മതപുരോഹിതന്മാര്‍ക്കെതിരെ ഇന്ത്യയില്‍ ശക്തമായ പ്രബോധനം നടന്നിട്ടുണ്ട്‌. ദല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജി (1266 – 1316) ശൈഖ്‌ അഹ്‌മദ്‌ അല്‍സര്‍ഹിന്ദി (1564-1624) സയ്യിദ്‌ അഹ്‌മദ്‌ (1782-1831) ശാഹ്‌ വലിയുല്ലാ ദഹ്‌ലവി, അബുല്‍ കലാം ആസാദ്‌ തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഇന്ത്യയില്‍ വിശ്വാസ ജീര്‍ണതകള്‍ക്കും വ്യതിയാനങ്ങള്‍ക്കുമെതിരെ മതനിരപേക്ഷതയുടെ അടിത്തറയില്‍ നിന്ന്‌ പോരാടിയവരാണ്‌. ഇന്ത്യയിലുടനീളം ആഴത്തില്‍ വേരുകളുള്ള അഹ്‌ലേഹദീഥ്‌ പ്രസ്ഥാനം സലഫി ആദര്‍ശ പ്രചാരണ രംഗത്ത്‌ അതുല്യമായ മുന്നേറ്റമാണ്‌ നടത്തിയത്‌. മൗലാന അബുല്‍ കലാം ആസാദിനെ പോലുള്ളവരുടെ മൂര്‍ച്ചയേറിയ ധിഷണ ഈ പ്രസ്ഥാനത്തിന്റെ പിന്നിലുണ്ടെന്ന്‌ നാം അറിയണം. പാശ്ചാത്യര്‍ വഹ്‌ഹാബികള്‍ എന്ന്‌ അധിക്ഷേപിച്ചിരുന്ന സലഫി പ്രസ്ഥാനം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ അനന്യമായ സാന്നിധ്യമാണ്‌

അടയാളപ്പെടുത്തിയത്‌. തെറ്റിദ്ധാരണക്ക്‌ കാരണം

സലഫുകളുടെ (പൂര്‍വ്വീകരുടെ) രീതി ശാസ്‌ത്രം പിന്തുടരുന്നുവെന്ന്‌ അവകാശപ്പെട്ട്‌ അതിന്‌ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സലഫി എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചു. മതത്തിന്‌ രാഷ്‌ട്രീയവ്യാഖ്യാനം നല്‍കിയവരും മദ്‌ഹബുകളെയും (ചിന്താധാര) വ്യക്തികളെയും അന്ധമായി അനുകരിക്കുന്ന സ്വൂഫിത്വരീക്വത്തിന്റെ വക്താക്കളും മേല്‍വിലാസം ലഭിക്കുന്നതിന്‌ സലഫി എന്ന പേരില്‍ പരിചയപ്പെടുത്താന്‍ തുടങ്ങി. ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരും ബഹുസ്വരതയോട്‌ യുദ്ധം പ്രഖ്യാപിച്ചവരും ജനാധിപത്യവിരോധികളുമെല്ലാം ആ പദം ദുരുപയോഗം ചെയ്‌തു. സൗദി അറേബ്യ, ക്വുവൈത്ത്‌, ക്വത്വര്‍ തുടങ്ങിയ പ്രമുഖ ഇസ്‌ലാമിക രാജ്യങ്ങളെല്ലാം സലഫി സരണിയില്‍ മുന്നോട്ട്‌ പോകുന്നവരാണ്‌. അപരമതങ്ങളോടും വിശ്വാസങ്ങളോടും യുദ്ധം പ്രഖ്യാപിച്ച ഇസ്‌ലാമിക്‌ സ്റ്റേയ്‌റ്റ്‌ (ഐ.എസ്‌) അല്‍ക്വാഇദ തുടങ്ങിയ ഭീകര സംഘങ്ങളുടെ ഒന്നാമത്തെ ശത്രു മുന്‍ചൊന്ന രാജ്യങ്ങളാണ്‌. ഭീകരസംഘങ്ങള്‍ക്ക്‌ സലഫി ആശയധാരയാണ്‌പ്രചോദനമെങ്കില്‍ അവര്‍ സലഫി ആദര്‍ശ പ്രബോധനത്തിന്‌ മുന്‍ഗണന നല്‍കുന്ന ഈ രാജ്യങ്ങളോട്‌ ശത്രുത കാണിക്കുന്നത്‌ എന്തിനാണ്‌.
ആത്മീയതയിലുള്ള അതിരു കവിയലും ഇസ്‌ലാമിനെ രാഷ്‌ട്രീയമായി ദുര്‍വ്യാഖ്യാനിച്ചതുമാണ്‌ ഭീകരസംഘങ്ങള്‍ക്ക്‌ പറ്റിയ അബദ്ധം. മാനവരാശിയുടെ ശത്രുക്കളായ ഈ കൊടും ഭീകരരെ സലഫിയ്യത്തുമായി ബന്ധിപ്പിക്കുന്നത്‌ വിവരദോഷമാണ്‌. ഭീകരതക്ക്‌ മതമോ നിറമോ ഇല്ല. അവര്‍ ക്രിമിനലുകളാണ്‌. എല്ലാ നല്ല പ്രസ്ഥാനങ്ങളെയും ജീര്‍ണതകള്‍ പിടികൂടാറുണ്ട്‌. മത-സാമൂഹിക-രാഷ്‌ട്രീയ സംഘടനകളുടെയെല്ലാം ചരിത്രം അതാണ്‌ സൂചിപ്പിക്കുന്നത്‌. മനുഷ്യവിമോചനത്തിന്റെ സന്ദേശവുമായി കടന്ന്‌ വന്ന്‌ കമ്മ്യൂണിസത്തിന്റെ പേരില്‍ എത്ര തീവ്രഗ്രൂപ്പുകളാണ്‌ പില്‍ക്കാലത്ത്‌ ഉണ്ടായത്‌. എല്ലാ മതങ്ങളുടെയും പേര്‌ ദുരുപയോഗം ചെയ്‌ത്‌ തീവ്രത സ്വാധീനം നേടിയിട്ടുണ്ട്‌. സലഫി പ്രസ്ഥാനത്തിന്റെ പേരിലും തീവ്രആത്മീയതയും ജീര്‍ണതകളും ഉണ്ടായി എന്നത്‌ പ്രസ്ഥാനത്തിന്റെ ആദര്‍ശ ദുര്‍ബലതയോ പ്രായോഗികതകുറവോ അല്ല.

അന്ധമായ അനുകരണം അബദ്ധം

അന്ധമായ അനുകരണത്തിനെതിരെ പോരാടിയ പാരമ്പര്യമാണ്‌ കേരളത്തിലെ സലഫികളുടേത്‌. ഓരോ നാട്ടിലും സലഫുകളുടെ രീതിശാസ്‌ത്രം പിന്തുടരുന്നവരുണ്ടാകും സലഫുകളുടെ രീതി ശാസ്‌ത്രമനുസരിച്ചുള്ള ഏത്‌ നാട്ടിലെയും നവോത്ഥാന പരിശ്രമങ്ങളിലെ നല്ല വശങ്ങളെ സ്വീകരിച്ചവരാണ്‌ കേരളത്തിലെ മുജാഹിദുകള്‍. അറബികള്‍ അവരുടെ നാട്ടാചാരത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക്‌ മതഛായ നല്‍കി സലഫിയ്യത്തായി കേരളീയ പശ്ചാത്തലത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌ ശുദ്ധ വങ്കത്തമാണ്‌. ഒരു ബഹുസ്വര സമൂഹത്തിലെ മുസ്‌ലിമിന്റെ ജീവിതത്തെ തന്നെ നിരാകരിക്കുന്ന തീവ്രആത്മീയതയുടെ വക്താക്കളെ കാണാം. ബഹുമത സമൂഹത്തില്‍ യഥാര്‍ഥ മുസ്‌ലിമായി ജീവിക്കാന്‍ കഴിയുമെന്ന്‌ സൗഹൃദത്തിന്റെ അടയാളങ്ങള്‍ തീര്‍ത്ത്‌ കാണിച്ചു കൊടുത്തവരാണ്‌ മലയാളി മുസ്‌ലിംകള്‍. അവര്‍ സമൂഹത്തില്‍ ജീവിച്ചു. മതം പഠിച്ചു. ആചരിച്ചു. മറ്റുള്ളവരുമായി ഇഴുകിചേര്‍ന്നു. മതം പഠിക്കാന്‍ നിഗൂഢ കേന്ദ്രങ്ങളിലേക്ക്‌ ഒളിച്ചോടിയില്ല. അറബ്‌വത്‌കരണത്തിന്റെ സ്വാധീനത്തില്‍ മതത്തിലേക്ക്‌ കയറിവന്ന സംസ്‌കാരങ്ങള്‍ മതമാണെന്ന്‌ തെറ്റിദ്ധരിച്ചതാണ്‌ പല കുഴപ്പങ്ങള്‍ക്കും കാരണം. കേരളത്തിലെ സലഫികളെ/ മുജാഹിദുകളെ ഏതെങ്കിലും അറബ്‌ രാജ്യത്തെ സലഫി സംഘടനകളുമായോ പ്രവര്‍ത്തനങ്ങളുമായോ ബന്ധിപ്പിക്കുന്നത്‌ കേരള മുസ്‌ലിം നവോത്ഥാന ചരിത്രം പഠിക്കാത്തത്‌ കൊണ്ടാണ്‌.
പൂര്‍വ്വീകരുടെ പാത സ്വീകരിക്കുന്നത്‌ ആറാം നൂറ്റാണ്ടിലേക്കുള്ള പിന്‍നടത്തമായി ചിലര്‍ ചിത്രീകരിക്കുന്നത്‌ കാണാം. സലഫികള്‍ ക്വുര്‍ആനും നബിചര്യയും പൂര്‍വീകര്‍ മനസിലാക്കിയ രീതിയില്‍ ഉള്‍ക്കൊളളുന്നതോടൊപ്പം എല്ലാ ആധുനികതകളുടെയും നന്മയുടെ പക്ഷം നില്‍ക്കുന്നവരാണ്‌. ആധുനികജനാധിപത്യം, ബഹുസ്വരത, മതനിരപേക്ഷത സാംസ്‌കാരിക-സാമൂഹിക രംഗത്തെ നവീകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതില്‍ സലഫികള്‍ എന്നും മുന്നിലാണ്‌. ക്വുര്‍ആനിനെയോ നബി വചനങ്ങളെയോ രാഷ്‌ട്രീയ വ്യാഖ്യാനത്തിന്‌ വിധേയമാക്കാത്തതിനാലാണ്‌ പലപ്പോഴും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കള്‍ സലഫികളെ അക്ഷരവായനക്കാര്‍ എന്ന്‌ ആക്ഷേപിക്കാറുള്ളത്‌. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ കടന്ന്‌ വരവിനെതിരെ ബൗദ്ധിക ചെറുത്ത്‌ നില്‍പ്‌ നടത്തി മതനിരപേക്ഷതയുടെ പക്ഷത്ത്‌ മലയാളി മുസ്‌ലിംകളെ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ സലഫി പ്രസ്ഥാനത്തിന്റെയും ബുദ്ധി ജീവികളുടെയും പങ്ക്‌ ആര്‍ക്കും മറക്കാനാവില്ല. ബഹുസ്വര സമൂഹത്തിലെ ഭരണകൂടങ്ങളെ ദൈവികേതര ഭരണകൂടം എന്ന്‌ വിശേഷിപ്പിച്ച്‌ ഭരണകൂടത്തോട്‌ യുദ്ധം പ്രഖ്യാപിക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മലയാളി മുസ്‌ലിംകളുടെ അവസ്ഥ മറ്റൊന്നാകുമായിരുന്നു.
ഭീകരതക്കെതിരെ കെ.എന്‍.എം. ഇടപെടല്‍

വര്‍ഗീയത, തീവ്രവാദം, ഭീകരത തുടങ്ങിയ ദുര്‍ചിന്തകള്‍ക്കെതിരെ നവോത്ഥാന പ്രസ്ഥാനമായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ എക്കാലത്തും സ്വീകരിച്ചിട്ടുളളത്‌. മലയാളി മുസ്‌ലിംകളില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിയ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പാരമ്പര്യം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കാത്ത്‌ സൂക്ഷിക്കുന്നു. ബാബ്‌രി മസ്‌ജിദ്‌ ധ്വംസനത്തെ തുടര്‍ന്നുണ്ടായ കലുഷമായ അന്തരീക്ഷത്തില്‍ 1992 ഡിസംബറില്‍ `മതം മനുഷ്യ സൗഹാര്‍ദത്തിന്‌’എന്ന പ്രമേയവുമായ പാലക്കാട്‌ കോട്ട മൈതാനിയില്‍ മുജാഹിദ്‌ സമ്മേളനം സംഘടിപ്പിക്കാന്‍ കെ.എന്‍.എം. ധൈര്യം കാണിച്ചു. തീവ്ര ചിന്തകൊണ്ട്‌ ഉറഞ്ഞ്‌ തുള്ളി ഐ എസ്‌ എസ്‌ എന്ന വര്‍ഗീയ ഭ്രാന്തന്മാര്‍ കേരളത്തിന്റെ തെക്ക്‌ നിന്ന്‌ പുറപ്പെട്ടപ്പോള്‍ തന്നെ അതിന്റെ അപകടം കെ. എന്‍. എം ബോദ്ധ്യ പ്പെടുത്തിയിട്ടുണ്ട്‌. വര്‍ഗീയവിഷം ചീറ്റുന്നവരുടെ ദുരന്തപൂര്‍ണമായ പര്യവസാനം ഇപ്പോള്‍ നാം കാണുന്നു. കെ.എന്‍.എം. യുവജന വിഭാഗമായ ഐ.എസ്‌.എം. കഴിഞ്ഞവര്‍ഷം കുറ്റിയാടിയില്‍ സംഘടിപ്പിച്ച ക്വുര്‍ആന്‍ ഹദീഥ്‌ ലേണിംഗ്‌ സ്‌കൂള്‍ സമ്മേളനത്തില്‍ വെച്ച്‌ പതിനായിരം യുവാക്കള്‍ ഐ എസ്‌ ഭീകരതക്കെതിരെ പ്രതിജ്ഞയെടുത്തു. കലൂര്‍ രാജ്യാന്തരസ്റ്റേഡിയത്തില്‍ ഈ വര്‍ഷം നടന്ന ഐ.എസ്‌.എം യൂത്ത്‌ മീറ്റില്‍ സൈബര്‍ ഭീകരതക്കെതിരെ അറിവിന്റെ പ്രതിരോധം തീര്‍ത്തു. മതതീവ്രതക്കും ഭീകരതക്കുമെതിരെ ബോധവത്‌ക്കരിക്കാനും ഇസ്‌ലാമിന്റെ സമാധാന സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും കെ.എന്‍.എം. നടത്തിയ സാല്‍വേഷന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷനുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. യഥാര്‍ഥ മതത്തില്‍ നിന്നുള്ള അകല്‍ച്ചയും തെറ്റായ വിശ്വാസങ്ങളുമാണ്‌ മതതീവ്രതയും വര്‍ഗീതയും വളര്‍ത്തുന്നതെന്ന്‌ കെ.എന്‍.എം. മനസിലാക്കുന്നു. മതത്തിന്റെ മാനവിക സന്ദേശങ്ങളിലേക്ക്‌ ജനങ്ങളെ തിരിച്ചു വിളിക്കാനുള്ള ശ്രമമാണ്‌ ഭീകരതക്കെതിരെയുള്ള കെ.എന്‍.എം. കാമ്പയിന്‍ ലക്ഷ്യമാക്കുന്നത്‌.