മുജാഹിദ്‌ പ്രസ്ഥാനം ഐക്യത്തിലൂടെ ഒരു പുതുയുഗത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌

-ടി.പി അബ്‌ദുല്ലക്കോയ മദനി
ഒരുവര്‍ഷം നീണ്ടു നിന്ന വൈജ്ഞാനിക സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മുജാഹിദുകള്‍ ഒന്നിക്കുകയാണ്‌. മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ തിളക്കമേറിയ സാന്നിധ്യം അടയാളപ്പെടുത്തിയ മുജാഹിദ്‌ പ്രസ്ഥാനം ഐക്യത്തിലൂടെ ഒരു പുതുയുഗത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. ഭിന്നതകള്‍ സൃഷ്‌ടിച്ച വേദനയും വേപഥുവും അനുഭവിച്ചറിഞ്ഞവര്‍ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും അടിപ്പടവ്‌ പണിയുന്ന ഹൃദ്യമായ കാഴ്‌ചയാണ്‌ എങ്ങും .
ഭിന്നതകള്‍ എപ്പോഴും കക്ഷിമാത്സര്യത്തിലേക്ക്‌ തള്ളിവിടും. സാന്നിധ്യം അറിയിക്കാനും അതിജീവിനത്തിനും സമ്പത്തും സമയവും ആരോഗ്യവും ചെലവഴിച്ച്‌ കൊണ്ടിരിക്കും. വൈജ്ഞാനിക സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണ്‌ അനുദിനം അകല്‍ച്ച വര്‍ദ്ധിപ്പിച്ച്‌ കര്‍മശേഷികളെ വിഴുങ്ങുന്നതും പ്രയത്‌നങ്ങള്‍ പാഴാക്കുന്നതും. മുജാഹിദുകള്‍ ഭിന്നിച്ച നാള്‍ മുതല്‍ തന്നെ യോജിപ്പിന്റെ സാധ്യതകളെക്കുറിച്ച്‌ ആത്മാര്‍ത്ഥമായ ആലോചനകള്‍ നടന്നിരുന്നു. സംഘടനാഭിന്നതകള്‍ വ്യക്തിബന്ധങ്ങളെ മാത്രമല്ല തകര്‍ക്കുന്നത്‌. കുടുംബ ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയും അത്‌ സാരമായി പരിക്കേല്‍പിക്കും. ഒരേ ആദര്‍ശത്തിന്‌ വേണ്ടി പതിറ്റാണ്ടുകള്‍ പണിയെടുത്തവര്‍ പെട്ടെന്ന്‌ രണ്ട്‌ ചേരികളിലേക്ക്‌ വേര്‍പിരിയുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത ഭയാനകമാണ്‌.
മുസ്‌ലിം സമൂഹത്തില്‍ മുജാഹിദ്‌ പ്രസ്ഥാനം നേടിയ സ്വാധീനം അതിന്റെ എതിരാളികള്‍പോലും അംഗീകരിക്കുന്ന കാര്യമാണ്‌. സാംസ്‌കാരിക/ധൈഷണിക മണ്ഡലങ്ങളില്‍ മുസ്‌ലിം സംഘടനകളില്‍ മേല്‍കൈ മുജാഹിദ്‌ പ്രസ്ഥാനത്തിനാണെന്നത്‌ അംഗീകരിക്കപ്പെട്ട സത്യമാണ്‌. സനാഉല്ലാ മക്തി തങ്ങള്‍, വക്കം മൗലവി, കെ.എം മൗലവി, കെ.എം സീതി സാഹിബ്‌, മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌, ഹമദാനി തങ്ങള്‍, ഇ.കെ മൗലവി, എം.സി.സി അബ്‌ദുറഹ്‌മാന്‍ മൗലവി, ചാലിലകത്ത്‌ കുഞ്ഞിമുഹമ്മദ്‌ ഹാജി, ഇ. മൊയ്‌തു മൗലവി തുടങ്ങിയ പണ്ഡിതരും ധീഷണാശാലികളും അടിത്തറ പാകിയ നവോത്ഥാന പരിശ്രമങ്ങളുടെ പിന്‍മുറക്കാരായ മുജാഹിദുകള്‍ എക്കാലത്തും ധൈഷണിക സംവാദങ്ങള്‍ക്കും ഇടപെടലുകള്‍ക്കും പ്രാധാന്യം നല്‍കി. മുസ്‌ലിം ഐക്യസംഘം (1921) ഹ്രസ്വമായ കാലയളവില്‍ കേരളീയപൊതു മണ്ഡലത്തില്‍ ചര്‍ച്ച ചെയ്‌ത വിഷയങ്ങളുടെ വൈവിധ്യവും സംവാദ രീതിയും സൂക്ഷ്‌മമായി വിലയിരുത്തിയാല്‍ ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ കടമകള്‍ എന്തെന്ന്‌ സുതരാം ബോധ്യമാകും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാളി മുസ്‌ലിംകള്‍ അനുഭവിച്ചിരുന്ന മത-സാമൂഹിക- വിദ്യാഭ്യാസ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ മുസ്‌ലിം ഐക്യസംഘത്തിന്‌ സാധിച്ചു. മുസ്‌ലിം ബുദ്ധിജീവികളെ ഒരേ പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ചു കൂട്ടാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ ബൗദ്ധികമായി മുന്നേറിയ ഐക്യ സംഘം പേരിനെ അന്വര്‍ത്ഥമാക്കുംവിധം സമൂഹത്തിലെ ചേരിതിരിവുകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിച്ചു. സഹോദര സമുദായങ്ങളുടെ നവോത്ഥാനത്തിന്‌ മുന്നില്‍ നടന്നവരുടെ ആത്മ സുഹൃത്തുക്കളായിരുന്നു മുസ്‌ലിം നവോത്ഥാന നായകര്‍. ഒരേ കാലഘട്ടത്തില്‍ നടന്ന വ്യത്യസ്‌ത സമുദായങ്ങളിലെ നവോത്ഥാന പരിശ്രമങ്ങളും സ്‌നേഹ വിനിമയങ്ങളും സൗഹൃദങ്ങളുടെ പങ്കുവെക്കലും ആഴത്തിലുള്ള ചര്‍ച്ചക്ക്‌ വിധേയമാക്കേണ്ട കാലഘട്ടമാണിത്‌.
സമുദായത്തിന്റെ ഭിന്നതകളില്‍ മനംനൊന്ത ആര്‍ദ്രഹൃദയരായിരുന്നു ഐക്യസംഘത്തിന്‌ നേതൃത്വം നല്‍കിയവര്‍. മുസ്‌ലിംസമൂഹത്തിന്‌ മതനിരപേക്ഷരാഷ്‌ട്രീയത്തിന്റെ പ്രാധാന്യവും പ്രസക്തിയും കര്‍മമണ്ഡലത്തിലൂടെ കാണിച്ചുകൊടുത്ത കെ.എം സീതിസാഹിബും മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബും മുസ്‌ലിം ഐക്യ.സംഘത്തിന്റെ മുന്നണി പോരാളികളായിരുന്നു. രാഷ്‌ട്രീയമായി ശരിയെന്ന്‌ തോന്നിയ രണ്ട്‌ വഴികളിലൂടെ സഞ്ചരിച്ച്‌ മലയാളിമുസ്‌ലിംകളെ രാഷ്‌ട്രീയ പ്രബുദ്ധതയിലേക്ക്‌ നയിച്ച ഈ നേതാക്കളെ വീണ്ടും വായിക്കേണ്ട സാഹചര്യത്തിലൂടെയാണ്‌ നാം കടന്ന്‌ പോകുന്നത്‌.
അരാഷ്‌ട്രീയത അതിദ്രുതം വ്യാപിക്കുകയാണ്‌. രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍നിന്ന്‌ ഉള്‍വലിഞ്ഞ്‌ സ്വന്തം ഇടങ്ങളില്‍ ഒതുങ്ങികൂടുന്ന പുതുതലമുറ വല്ലാതെ ഭയപ്പെടുത്തുകയാണ്‌. മതത്തിന്റെ മറവില്‍ എന്തൊക്കെയോ വേഷം കെട്ടലുകളാണ്‌ നടക്കുന്നത്‌. മതത്തിന്റെ അകക്കാമ്പ്‌ തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ സമൂഹത്തിലുണ്ടാക്കുന്ന ശല്യം ചെറുതല്ല. നമ്മുടെ രാജ്യത്തിന്റെ സവിശേഷത ബഹുസ്വരതയാണല്ലോ. ബഹുസ്വരത ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിനെ ശരിയായി വായിക്കാന്‍ തയ്യാറാവാതെ അസഹിഷ്‌ണുതയുടെ അടയാളമായി മാറുന്നവര്‍ സാമൂഹികസന്തുലിതത്വത്തിന്‌ പരിക്കേല്‍പിക്കുകയാണ്‌. നമ്മുടെ ഭരണഘടന ഉറപ്പ്‌ നല്‍കുന്ന വിശ്വാസ പ്രബോധന സ്വാതന്ത്ര്യം വിനിയോഗിച്ച്‌ സമാധാനപരമായി ജീവിതം നയിക്കുന്നതിനുപകരം ബഹുസ്വരതയോട്‌ കലഹിച്ച്‌ മതത്തിന്റെ മറവില്‍ സമൂഹത്തില്‍ നിന്ന്‌ ഒളിച്ചോടുന്നത്‌ ആത്മാഹത്യപരമാണ്‌.

വര്‍ത്തമാനകാല സാഹചര്യത്തെ കണ്ണൂം കാതും തുറന്ന്‌ വായിക്കാതെ ഒരു ഒരു നവോത്ഥാന പ്രസ്ഥാനത്തിന്‌ മുന്നോട്ട്‌ പോകാനാവില്ല. അനുദിനം മാറ്റങ്ങള്‍ വന്ന്‌ കൊണ്ടിരിക്കുകയാണ്‌. മുജാഹിദ്‌ പ്രസ്ഥാനം ഭിന്നിച്ച കാലഘട്ടത്തില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമാണ്‌ ഇന്നിന്റെ സാഹചര്യം. മുസ്‌ലിം പ്രബോധകരെയും സ്ഥാപനങ്ങളെയും വളഞ്ഞിട്ട്‌ ആക്രമിക്കുവാന്‍ ആരൊക്കെയോ കരുക്കള്‍ നീക്കുന്നു. ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നുത്‌. ഇസ്‌ലാമിക പ്രബോധനം തന്നെ കുറ്റകൃത്യമായി കാണുന്ന അന്വേഷണ പ്രഹസനങ്ങള്‍ ഉത്‌കണ്‌ഠയുണ്ടാക്കുന്നതാണ്‌. ക്വുര്‍ആനിലേയും ഹദീഥിലേയും സാങ്കേതിക സംജ്ഞങ്ങള്‍ക്ക്‌ നല്‍കപ്പെടുന്ന മലയാളത്തിലുള്ള അര്‍ത്ഥം മാത്രം പരിഗണിച്ച്‌ തെറ്റുദ്ധാരണ ഉണ്ടാക്കുന്ന മാധ്യമ നിര്‍മിതികളും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനങ്ങളും എത്രമേല്‍ പരിഹാസ്യമാണ്‌. രാജ്യത്തിന്റെ ഭരണഘടന ഉറപ്പ്‌ നല്‍ക്കുന്ന മൗലികാവകാശമാണ്‌ വിശ്വാസ- പ്രബോധന സ്വാതന്ത്ര്യം . ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത്‌ പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിന്‌ കൂച്ച്‌വിലങ്ങിടാനുള്ള ശ്രമം കരുതലോടെ കാണണം. വൈവിധ്യങ്ങള്‍ തകര്‍ത്ത്‌ ഏകശിലാസംസ്‌കാരം അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങള്‍ മതനിരപേക്ഷതയുടെ പക്ഷത്ത്‌ നിന്ന്‌ കൊണ്ട്‌ തന്നെയാണ്‌ ചെറുക്കേണ്ടത്‌. ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ മത്സരിക്കുന്നവര്‍ രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്‌.
മുസ്‌ലിം ചെറുപ്പത്തെ വിവേകശൂന്യമായ എടുത്ത്‌ ചാട്ടത്തിന്‌ പ്രേരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനവും ഇടപെടലുകളും അപകടമാണ്‌. ഭീരുത്വത്തിന്റെയും മൗനത്തിന്റെയും ഉടമകളാവണമെന്നല്ല; പക്വമായ ഇടപെടലിലൂടെ സാമൂഹ്യ സാഹചര്യങ്ങള്‍ മാറ്റിയെടുക്കാന്‍ പ്രയത്‌നിക്കുകയാണ്‌ വേണ്ടത്‌. വര്‍ഗീയചേരിതിരിവ്‌ അനുദിനം വര്‍ദ്ധിക്കുകയാണ്‌. ഒരോരുത്തരും അവരവരുടെ കമ്പാര്‍ട്ട്‌മെന്റുകളിലേക്ക്‌ മതത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ ചുരുങ്ങുന്നത്‌ അപകടമാണ്‌. മതത്തിന്റെ മാനവിക അടിത്തറ നിരാകരിച്ച്‌ കൊടും ക്രൂരതകള്‍ ചെയ്യുന്ന ഇസ്‌ലാമിക്‌ സ്റ്റേറ്റ്‌(ഐ.എസ്‌), അല്‍ഖാഇദ, ബോക്കോ ഹറാം, താലിബാന്‍ തുടങ്ങിയ ഭീകര സംഘങ്ങള്‍ ഇസ്‌ലാമിനെയല്ല പ്രതിനിധീകരിക്കുന്നത്‌. ഇസ്‌ലാമിക രാജ്യങ്ങളില്‍ അരാജകത്വം വിതച്ച്‌ പള്ളികള്‍ തകര്‍ത്ത്‌ വിശ്വാസികള്‍ക്കെതിരെ ചാവേറാക്കണെ നടത്തി ഭീതി പരത്തുന്ന ഈ ഭീകര സംഘങ്ങളോട്‌ ധൈഷണിക യുദ്ധം പ്രഖ്യാപിക്കേണ്ടത്‌ യുവത്വത്തിന്റെ ബാധ്യതയാണ്‌.
അന്ധവിശ്വാസവും വര്‍ഗീയതയും പലപ്പോഴും ഒന്നിച്ചാണ്‌ സഞ്ചരിക്കുന്നത്‌. മതത്തില്‍ ഇല്ലാത്ത ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സംസ്‌കാരങ്ങളും നിര്‍മിച്ച്‌ അത്‌ നിലനിര്‍ത്താന്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന സാഹചര്യം എത്രമേല്‍ നിന്ദ്യമാണ്‌. അന്ധവിശ്വാസങ്ങള്‍ പെരുകുകയാണ്‌. നവോത്ഥാനത്തിന്റെ സദ്‌ഫലങ്ങള്‍ വിഴുങ്ങുന്ന അന്ധവിശ്വാസങ്ങളുടെ നിര്‍മാര്‍ജനത്തിന്‌ പ്രദേശിക തലത്തില്‍ കൂട്ടായ്‌മ വേണം. അഞ്ച്‌ നേരത്തെ ബാങ്കിന്‌ ശേഷമേ കുട്ടിക്ക്‌ മുലപ്പാല്‍ നല്‍കാവൂ എന്ന്‌ ഉപദേശിക്കുന്ന കപട ആത്മീയ ആചാര്യന്മാരുടെ കെണിയില്‍നിന്ന്‌ സമൂഹത്തെ രക്ഷിക്കാന്‍ ക്രിയാത്മകമായ പ്രവര്‍ത്തനം അനിവാര്യമാണ്‌.
നിര്‍ഭയത്വവും സമാധാനവും തകര്‍ക്കുന്നതാണ്‌ എല്ലാ അന്ധ വിശ്വാസങ്ങളും . ഇസ്‌ലാമിന്റെ മൗലിക അടിത്തറ മാനവികതയാണ്‌. വിശ്വാസ വ്യതിയാനങ്ങളും സാംസ്‌കാരിക അപചയങ്ങളുമാണ്‌ സമൂഹത്തിലെ സ്വസ്ഥതയും സമാധാനവും തകര്‍ക്കുന്നത്‌. വിശ്വാസ വ്യതിയാനങ്ങള്‍ക്കെതിരെ ഏകദൈവാരാധനയുടെ അനശ്വര സന്ദേശം പ്രസരിപ്പിക്കുകയെന്ന ദൗത്യം തന്നെയാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ തുടര്‍ന്നും നിര്‍വഹിക്കാനുള്ളത്‌.
മുജാഹിദ്‌ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എതിരാളികള്‍വരെ തയ്യാറായ സഹചര്യമാണുള്ളത്‌. സ്‌ത്രീ വിദ്യാഭ്യാസം, അവരുടെ ആരാധനാ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലെല്ലാം അറുപിന്തിരിപ്പന്‍ നിലപാട്‌ സ്വീകരിച്ചവര്‍ തിരുത്താന്‍ നിര്‍ബന്ധിതരായ സാഹചര്യമാണുള്ളത്‌. വിദ്യഭ്യാസ രംഗത്ത്‌ വലിയ മുന്നേറ്റമാണ്‌ മുസ്‌ലിം സമുദായം നടത്തുന്നത്‌. സാമൂഹിക – വിദ്യാഭ്യാസ- സാംസ്‌കാരിക മേഖലകളില്‍ മുജാഹിദുകളെ പിന്തുടര്‍ന്നവര്‍ വിശ്വാസജീര്‍ണതകള്‍ക്കെതിരെ മുജാഹിദുകള്‍ ഉയര്‍ത്തിയ വിപ്ലവത്തിന്‌ ശക്തി പകരാന്‍ മുന്നോട്ട്‌ വരേണ്ടതുണ്ട്‌.
നവോത്ഥാന പ്രസ്ഥാനത്തിന്‌ മുമ്പില്‍ ഒട്ടനവധി വെല്ലുവിളികളുണ്ട്‌. പുതിയകാല നവോത്ഥാന പരിശ്രമങ്ങളെകുറിച്ച്‌ ആഴത്തിലുള്ള ആലോചനകള്‍ അനിവാര്യമാണ്‌. മുസ്‌ലിം സമുദായത്തിന്റെ വികാസത്തിന്‌ അനുകൂലമായ അജണ്ടകള്‍ നിശ്ചയിച്ച്‌ കാലവിളംബരം കൂടാതെ നടപ്പിലാക്കാനാവണം. സാമുദായി ക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ക്രിയാതിമകമായ മുന്നേറ്റങ്ങള്‍ അനിവാര്യമാണ്‌.
ആഗോള- ദേശീയ- പ്രാദേശിക തലങ്ങളില്‍ മുസ്‌ലിം സമുദായം കടുത്ത പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കുകയാണ്‌. സിറിയയിലെ അലപോയും റോഹിങ്ക്യന്‍ മുസ്‌ലിംകളും ലോകത്തിന്റെ വേദനയാണ്‌. ഇസ്‌ലാമിക വിശ്വാസവും സാസ്‌കാരവും സ്വീകരിച്ചതിന്റെ പേരില്‍ വംശീയഉന്മൂലത്തിന്‌ വിധേയരാവുന്ന നിരപരാധികള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്‌. യോജിക്കാവുന്ന മേഖലകളിലെല്ലാം യോജിച്ച്‌ മുന്നേറിയാല്‍ മുസ്‌ലിം സമുദായത്തിന്‌ അതിന്റെ യശസ്‌ വീണ്ടെടുക്കാനാവും .
20 ന്‌ ചൊവ്വാഴ്‌ച കോഴിക്കോട്‌ കടപ്പുറത്ത്‌ വെച്ച്‌ നടക്കുന്ന മുജാഹിദ്‌ ഐക്യ മഹാ സമ്മേളനം ഒരു ചരിത്രസംഭവമായി മാറും. മുസ്‌ലിം സമുദായത്തിന്റെയും സഹോദര സമുദായങ്ങളുടെയും ആത്മാര്‍ത്ഥമായ പിന്തുണ ഈ ചരിത്ര സംഗമത്തിനുണ്ട്‌. മത സാമൂഹിക – രാഷ്‌ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഈ സംഗമത്തിലേക്ക്‌ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ടാണ്‌ ലേഖകന്‍