ഭീകരതക്കെതിരെ നവോത്ഥാന മുന്നേറ്റം -ഡോ. എ.ഐ അബ്‌ദുല്‍ മജീദ്‌ സ്വലാഹി

ഭയപ്പെട്ട്‌ ജീവിക്കുന്നവന്‌ ജീവിതമുണ്ടോ. ഇല്ല എന്ന ഉത്തരമായിരിക്കും ശരി. ഭൗതികാഡംബരങ്ങള്‍ക്ക്‌ നടുവില്‍ ജീവിക്കുമ്പോഴും ആധുനിക മനുഷ്യനെ ഭയം വേട്ടയാടുകയാണ്‌. സ്വസ്ഥമായി ഷോപ്പിംഗിന്‌ പോകാനോ വിനോദ സഞ്ചാരത്തിനോ പൊതു നിരത്തിലിറങ്ങി നടക്കാനോ ഒന്നിച്ചിരുന്ന്‌ കാപ്പി കുടിക്കാനോ പറ്റാത്ത അവസ്ഥ. ഏത്‌ സമയവും ഭീകരാക്രമണത്തെ ഭയപ്പെട്ട്‌ കഴിയാന്‍ വിധിക്കപ്പെട്ടവര്‍. വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷന്‍, മാളുകള്‍, ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം ഭയപ്പെട്ട്‌ ജീവിക്കേണ്ട ഗതികേട്‌. സമാധാനം തേടി ദിവ്യഭവനങ്ങളില്‍ പോയാലും ഭീകരാക്രണമത്തെ ഭയക്കേണ്ടി വരുന്നു. ഫ്രാന്‍സ്‌, ജര്‍മനി, ഇറാക്വ്‌, ബംഗ്ലാദേശ്‌, സുഊദി അറേബ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈയിടെ നടന്ന ഭീകരാക്രമണങ്ങള്‍ എത്ര മനുഷ്യരുടെ ജീവനാണ്‌ ഹനിച്ചത്‌. പ്രകൃതി ക്ഷോഭങ്ങള്‍ കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും ജീവന്‍ നഷ്‌ടപ്പെടുന്നവരുടേതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നു. വന്‍ശക്തി രാഷ്‌ട്രങ്ങള്‍ നടത്തുന്ന ഭീകരതക്കെതിരെയുള്ള യുദ്ധം പോലും ഭീകരതക്ക്‌ വളരാന്‍ അവസരമൊരുക്കുന്നു. ഇറാക്വ്‌, സിറിയ, പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്‌.

ഭീകരതക്ക്‌ മതമില്ല
നിരപരാധികളുടെ ജീവനും സ്വത്തും അഭിമാനവും സ്വാതന്ത്ര്യവും നശിപ്പിക്കുന്ന ഭീകരര്‍ ക്രിമിനലുകളാണ്‌. മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സമൂഹം അംഗീകരിക്കില്ല. അവര്‍ ഏത്‌ മതവിഭാഗത്തില്‍പ്പെട്ടവരുടെ പേരാണ്‌ പേറുന്നത്‌ എന്ന്‌ നോക്കാറില്ല. ഭീകരര്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉല്‍പ്പന്നങ്ങളാണ്‌. മാനവരാശിയുടെ ശത്രുക്കളാണ്‌. ഭീകരര്‍ക്ക്‌ മതമില്ലെന്നുള്ളതിന്‌ തെളിവാണ്‌ മദീനയിലെ ചാവേറാക്രമണം.വിശ്വാസത്തിന്റെ തരിമ്പെങ്കിലും ഉള്ളവന്‌ മദീനയെ ഭയപ്പെടുത്താനാകുമോ? അത്‌പോലെ പള്ളിയില്‍ നമസ്‌ക്കരിക്കുന്നവരെ സ്വയം പൊട്ടിത്തെറിച്ച്‌ കൊലപ്പെടുത്തുന്നതും. അറബി പേര്‌ പേറുന്ന ഭീകരന്‍ ചെയ്യുന്ന അരുംകൊലക്ക്‌ മുസ്‌ലിം സമുദായം സമാധാനം പറയേണ്ടതുണ്ടോ. ഈ കൊടുംഭീകരന്‍ ചെയ്യുന്ന പാതകത്തിന്റെ ഭാരം മുസ്‌ലിം സമുദായത്തിന്റെ മുതുകിലും വരുന്നു.

ഭീകരര്‍ മതം ദുര്‍വ്യാഖ്യാനം ചെയ്യുന്നു
മാനവരാശിയുടെ മാര്‍ഗ ദര്‍ശനത്തിനായി ദൈവം നല്‌കിയ ദിവ്യഗ്രന്ഥങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ ഭീകരതക്ക്‌ ന്യായം കണ്ടെത്തുന്നത്‌ എത്രമേല്‍ അപരാധമാണ്‌. ഇസ്‌ലാമിക്‌ സ്റ്റേയ്‌റ്റ്‌ (ഐ എസ്‌) അല്‍ക്വാഇദ, ബോകോഹറാം തുടങ്ങിയ കൊടും ഭീകര സംഘങ്ങള്‍ ക്വുര്‍ആനും പ്രവാചകചര്യയും നബി ചരിത്രവും വികലമാക്കിയാണ്‌ മനുഷ്യക്കുരുതിക്ക്‌ തെളിവ്‌ ശേഖരിക്കുന്നത്‌. നിരപരാധികളെ കൊല്ലാനും ഭയപ്പെടുത്താനും ഏത്‌ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നാണ്‌ ഇവര്‍ക്ക്‌ തെളിവ്‌ ലഭിക്കുക. അപരമതവിദ്വേഷത്തിനും മാനവിക വിരുദ്ധമായ നീക്കങ്ങള്‍ക്കും ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ തെളിവ്‌ കിട്ടില്ല.

ഇസ്‌ലാമിന്റെ ശാന്തി സന്ദേശം
ഇസ്‌ലാം എന്ന പദം തന്നെ സമാധാനത്തിന്റെ അനശ്വര സന്ദേശമാണ്‌ വഹിക്കുന്നത്‌. ദൈവദൂതന്മാരിലൂടെ മാനവരാശിയുടെ മോചനത്തിനായി ദൈവം നല്‍കിയ സന്ദേശമാണ്‌ ഇസ്‌ലാം. ജീവിതം ദൈവത്തിന്‌ സമര്‍പ്പിക്കുന്നവനാണ്‌ മുസ്‌ലിം. പ്രപഞ്ച നാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനാണ്‌ ദിവ്യകല്‌പന. ദൈവത്തിന്റെ സൃഷ്‌ടികളെ ആരാധിക്കാനോ അവയോട്‌ പ്രാര്‍ഥിക്കാനോ പാടില്ല. അത്‌ കൊടിയ പാതകമായിട്ടാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. മരണത്തോട്‌ കൂടി ആരംഭിക്കുന്ന അനശ്വര ജീവിതത്തിനായി ഹ്രസ്വമായ ഭൗതികജീവിതം വിനിയോഗിക്കണമെന്ന്‌ ഇസ്‌ലാം ഉണര്‍ത്തുന്നു. അന്ത്യദൂതനായ മുഹമ്മദ്‌ നബിയിലൂടെ അവതീര്‍ണമായ ക്വുര്‍ആന്‍ മാനുഷ്യകത്തിന്റെ മാര്‍ഗരേഖയാണ്‌. മനുഷ്യരാശിയുടെ ഏറ്റവും വലിയ പാരതന്ത്ര്യമായ തിന്മകളില്‍ നിന്ന്‌ അവരെ വിമോചിപ്പിക്കുകയെന്നതാണ്‌ ക്വുര്‍ആനിന്റെ ലക്ഷ്യം. വ്യക്തി, കുടുംബം, സമൂഹം, രാഷ്‌ട്രം എന്നീ തലങ്ങളിലെ ശാശ്വത സമാധാനമാണ്‌ ഇസ്‌ലാം ആഗ്രഹിക്കുന്നത്‌. കുറ്റമറ്റ വിശ്വാസമാണ്‌ ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നത്‌. ഏകദൈവാരാധനയില്‍ നിന്നും ഏകദൈവ വിശ്വാസത്തില്‍ നിന്നും മനുഷ്യര്‍ തെറ്റുമ്പോള്‍ സമാധാനം നഷ്‌ടമാകുന്നു. വ്യക്തിജീവിതം, കുടുംബ ജീവിതം, സാമൂഹിക ജീവിതം, സാമ്പത്തിക രംഗം, രാഷ്‌ട്രീയം എന്നീ രംഗങ്ങളിലേക്ക്‌ ഇസ്‌ലാം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കുറ്റമറ്റതും പ്രായോഗികവുമാണ്‌.
“നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും നല്‍കുകയും പ്രാര്‍ത്ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പ്പെട്ടാല്‍ അത്‌ നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈകൊള്ളുകയും ചെയ്‌തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ദോഷബാധയെ സൂക്ഷിച്ചവര്‍” (ക്വുര്‍ആന്‍ (2/178)
മറ്റൊരാളെ കൊന്നതിന്‌ പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. (ക്വുര്‍ആന്‍ 5/13)
“ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്‌ നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌.” (ക്വുര്‍ആന്‍ (5, 2)
“കരാറിലേര്‍പ്പെട്ട്‌ ജീവിക്കുന്ന ഒരാളെ കൊന്നാല്‍ അവന്‌ സ്വര്‍ഗത്തിന്റെ പരിമളം ആസ്വദിക്കാനാവില്ല.” (നബിവചനം, ബുഖാരി)
നിരപരാധിയായ ഒരു മനുഷ്യനെ കൊന്നാല്‍ അവന്‍ മനുഷ്യരെ മുഴുവന്‍ കൊന്നതിന്‌ തുല്യമാണെന്ന ക്വുര്‍ആനിന്റെ പ്രഖ്യാപനം സമാധാനത്തിന്റെ ഉജ്വല പ്രഖ്യാപനമാണ്‌. കരാറുകളിലൂടെയും ഉടമ്പടികളിലൂടെയുമാണ്‌ ലോകരാജ്യങ്ങള്‍ മുന്നോട്ട്‌ പോകുന്നത്‌. ഇത്തരം ഉടമ്പടികള്‍ നിലനില്‍ക്കുന്ന രാജ്യത്തെ പൗരന്മാരെ കൊലപ്പെടുത്തല്‍ പാപമാണെന്ന്‌ പഠിപ്പിക്കുന്ന മതത്തിന്റെ അനുയായികള്‍ക്ക്‌ എങ്ങനെ ഭീകരവാദിയാകാനാകും. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നതും സൈ്വര്യജീവിതം ഇല്ലാതാക്കുന്നതും അപരാധമാണെന്നാണ്‌ ഇസ്‌ലാമിന്റെ അധ്യാപനം. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പോലും പാടില്ലെന്നാണ്‌ മുഹമ്മദ്‌ നബി പഠിപ്പിച്ചത്‌.

വര്‍ഗീയതയില്ലാത്ത വിശ്വാസം
വര്‍ഗീയത മഹാരോഗമാണ്‌. മതം, ഭാഷ, വംശം, ദേശം എന്നിവയുടെ പേരിലുള്ള വര്‍ഗീയത ഇസ്‌ലാം അംഗീകരിക്കുന്നില്ല. വര്‍ഗീയത കാണിക്കുന്നവന്‍ എന്നില്‍പെട്ടവനല്ലെന്നാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്‌. വര്‍ഗീയതയുടെ വേരറുക്കുകയാണ്‌ അന്ത്യവേദമായ ക്വുര്‍ആന്‍.
“മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്‌ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം തിരിച്ചറിയുന്നതിന്‌ വേണ്ടി നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളുമാക്കിയിരിക്കുന്നു. നിങ്ങളില്‍ ഏറ്റവും വിശുദ്ധനായി ജീവിക്കുന്ന ഭക്തനാണ്‌ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ബഹുമാന്യന്‍. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്‌മജ്ഞാനിയുമാകുന്നു. (ക്വുര്‍ആന്‍ 49/13)
`അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അയല്‍ക്കാരനെ ആദരിച്ചു കൊള്ളട്ടെ’യെന്ന നബി വചനം വര്‍ഗീയതയുടെ ദുര്‍ചിന്തകളെ ഇല്ലാതാക്കുന്നതാണ്‌. അയല്‍ക്കാരന്റെ മതമോ നിറമോ നോക്കിയല്ല നന്മ ചെയ്യേണ്ടത്‌. മദീനയില്‍ മുസ്‌ലിംകളെ അയല്‍ക്കാരായി ലഭിക്കാന്‍ മറ്റുള്ളവര്‍ കൊതിച്ചിരുന്നുവെന്നത്‌ ചരിത്രസത്യമാണ്‌. അയല്‍ക്കാരന്റെ സന്തോഷത്തിലും ദു:ഖത്തിലും പങ്ക്‌ ചേരാന്‍ കഴിയാത്ത അസഹിഷ്‌ണുത ഏറെ അപകടകരമാണ്‌. തെറ്റായ മതബോധത്തില്‍ നിന്നും വിദ്വേഷത്തില്‍ നിന്നുമാണ്‌ ഇത്തരം ഇടുങ്ങിയ ചിന്തകള്‍ ഉണ്ടാകുന്നത്‌. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മധുരമൂറുന്ന ഗതകാല ചരിത്രം വായിക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കണം. സ്വന്തം മതത്തിന്റെ തനിമ കാത്ത്‌ കൊണ്ട്‌ തന്നെ മറ്റുള്ളവരും ഇവിടെ ജീവിക്കുന്നുണ്ടെന്ന ബോധമാണ്‌ വളരേണ്ടത്‌. എനിക്ക്‌ ജീവിക്കണം മറ്റുള്ളവരുടെ കാര്യം എന്തോ ആകട്ടെയെന്ന ചിന്ത ആപത്താണ്‌. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറ്‌ നിറച്ച്‌ ഉണ്ണുന്നവന്‍ മുസ്‌ലിമല്ലെന്ന്‌ പഠിപ്പിക്കുന്ന ഒരു ദര്‍ശനത്തിന്റെ വക്താക്കള്‍ക്ക്‌ അയല്‍പക്ക ബന്ധത്തിന്റെ പവിത്രത വിസ്‌മരിക്കാനാവില്ല.

ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം
ഇസ്‌ലാം ബഹുസ്വരത അംഗീകരിക്കുന്ന മതമാണ്‌. അന്തിമദൂതനായ മുഹമ്മദ്‌ നബി ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കേണ്ടതിന്റെ രീതിയും മര്യാദയും പഠിപ്പിച്ച്‌ തന്നിട്ടുണ്ട്‌. പ്രവാചകന്റെ മദീന ജീവിതത്തില്‍ ജൂതഗോത്രങ്ങളുമായി സന്ധിയുണ്ടാക്കിയിട്ടുണ്ട്‌. മദീനയുടെ സമാധാന ജീവിതത്തിനാണ്‌ ജൂതഗോത്രങ്ങളുമായി ഉടമ്പടികള്‍ ഒപ്പുവെച്ചത്‌. ജൂതന്മാരുമായി ഏറ്റവും നല്ല ബന്ധം വച്ച്‌ പുലര്‍ത്താനാണ്‌ നബി (സ്വ) ശ്രമിച്ചത്‌. പ്രവാചകന്‍ മരിക്കുമ്പോള്‍ അവിടുത്തെ പടയങ്കി ഒരു ജൂതന്റെ അടുക്കല്‍ പണയത്തിലായിരുന്നുവെന്നത്‌ ബന്ധത്തിന്റെ ഊഷ്‌മളതയാണ്‌ വ്യക്തമാക്കുന്നത്‌. ഒരു ജൂതപയ്യന്‍ രോഗിയായി കിടന്നപ്പോള്‍ അവനെ സന്ദര്‍ശിച്ച പ്രവാചകന്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതും അതിലേക്ക്‌ അവനെ ക്ഷണിക്കുന്നതും ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണ്‌. മതേതര ബഹുസ്വരതയാണ്‌ ഇന്ത്യയുടെ സവിശേഷത. ഏത്‌ മതം വിശ്വസിക്കാനും അത്‌ ആചരിക്കാനും പ്രബോധനം ചെയ്യാനും നമ്മുടെഭരണഘടന അനുമതി നല്‍കുന്നു. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ നല്‍കുന്ന മതപ്രബോധന സ്വാതന്ത്ര്യം അതുല്യമാണ്‌. പക്ഷേ, ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്തേണ്ടത്‌ മുസ്‌ലിംകളുടെ ബാധ്യതയാണ്‌. മതത്തിന്റെ മാനവിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‌ പകരം വിദ്വേഷ പ്രചാരണം നടത്തുന്നത്‌ അംഗീകരിക്കാനാവില്ല. മതനിരപേക്ഷതക്ക്‌ ക്ഷതം വരുത്തുന്ന ഒരു നീക്കവും മുസ്‌ലിംകളില്‍ നിന്ന്‌ ഉണ്ടാകരുത്‌. വൈവിധ്യങ്ങളുടെ മഹത്വം ക്വുര്‍ആന്‍ പറയുന്നത്‌ കാണുക:
“ആകാശഭൂമികളുടെ സൃഷ്‌ടിപ്പും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌.” (ക്വുര്‍ആന്‍ 30:22)
മതസൗഹാര്‍ദ്ദവും മനുഷ്യസൗ ഹാര്‍ദ്ദവും തകര്‍ക്കുന്ന വാക്കും പ്രവൃത്തിയും മുസ്‌ലിമില്‍ നിന്നുണ്ടാവരുത്‌. മറ്റുള്ളവരുടെ ആരാധ്യവസ്‌തുക്കളെ ചീത്തപറയരുതെന്ന്‌ പഠിപ്പിക്കുന്ന ക്വുര്‍ആന്‍ സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത പാഠങ്ങളാണ്‌ നല്‍കുന്നത്‌. ആരാധനാലയങ്ങളുടെ നാടാണ്‌ നമ്മുടേത്‌. ഓരോ വിഭാഗത്തിന്റെയും വിശ്വാസവും അനുഷ്‌ഠാനവും മറ്റു വിഭാഗങ്ങള്‍ക്ക്‌ ശല്യമാകരുത്‌. കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട്‌ ബഹളം വച്ച്‌ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്‌ ശരിയല്ല.

നാശത്തിലേക്ക്‌ നയിക്കുന്ന തീവ്രവാദം
ഏത്‌ കാര്യത്തിലും മദ്ധ്യമ നിലപാട്‌ സ്വീകരിക്കുന്നവനാണ്‌ മുസ്‌ലിം. അതിര്‌വിട്ട വാക്കും പ്രവൃത്തിയും മനുഷ്യരെ നശിപ്പിക്കും. മനുഷ്യവിമോചനത്തിന്‌ പ്രവാചകന്മാരിലൂടെ ദൈവം നല്‍കിയ സന്ദേശമാണ്‌ മതം. മതം മനുഷ്യരുടെ നന്മയും വികാസവുമാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. തിന്മകളില്‍ നിന്ന്‌ മനുഷ്യനെ വിമോചിപ്പിക്കാന്‍ കരുത്തുള്ളതാണ്‌ മതം. മനുഷ്യരുടെ വിജയത്തിന്‌ ആവശ്യമായ എല്ലാ കാര്യങ്ങളും മതം പഠിപ്പിച്ചിട്ടുണ്ട്‌. ഇസ്‌ലാം മനുഷ്യ പ്രകൃതിയോടാണ്‌ സംവദിക്കുന്നത്‌. ഏറ്റവും ഉന്നതമായ മൂല്യങ്ങളാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. ഇസ്‌ലാം വിരോധിച്ച കാര്യങ്ങള്‍ മനുഷ്യര്‍ക്ക്‌ ഗുണമാണെന്ന്‌ ഇത്‌വരെ തെളിയിക്കപ്പെട്ടിട്ടില്ല. ഏതാണ്‌ മതം എന്താണ്‌ മതസന്ദേശങ്ങള്‍ എന്ന്‌ ദൈവദൂതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്‌. ക്വുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നതിനപ്പുറം ഒരു മതവും ആത്മീയതയും അന്വേഷിക്കുന്നത്‌ അബദ്ധമാണ്‌. അല്ലാഹുവിന്റെ അനുഗ്രഹമായ ദിവ്യപ്രകാശം ലഭിക്കുന്നവര്‍ക്ക്‌ ആത്മീയതയെന്തെന്ന്‌ അറിയുവാനാകും. ഇസ്‌ലാം പഠിപ്പിക്കാത്ത ആത്മീയത പിന്തുടരുന്നവര്‍ നാശത്തിലാണ്‌ എത്തുക.
“വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിര്‌ കവിയരുത്‌ ”(ക്വുര്‍ആന്‍ 4:171)
“തീവ്രവാദികള്‍ നശിച്ചിരിക്കുന്നു (നബിവചനം,” മുസ്‌ലിം)
“നിങ്ങള്‍ മതത്തില്‍ അതിര്‌ കവിയുന്നത്‌ സൂക്ഷിക്കുക. മതത്തില്‍ അതിര്‌ കവിയുന്ന സ്വഭാവമാണ്‌ നിങ്ങളുടെ മുന്‍ഗാമികളെ നശിപ്പിച്ചത്‌.” (നബിവചനം)
ആരാധനകളിലും അനുഷ്‌ഠാനങ്ങളിലും അതിര്‌ കവിയുന്നത്‌ മുഹമ്മദ്‌ നബി(സ) വിരോധിച്ചിട്ടുണ്ട്‌. മതം നിഷ്‌കര്‍ഷിക്കുന്നത്‌ നിലനിര്‍ത്തുകയും പഠിപ്പിക്കാത്തത്‌ വെടിയുകയും ചെയ്യുന്ന സൂക്ഷ്‌മ സമീപനമാണ്‌ വിശ്വാസിയില്‍ നിന്ന്‌ ഉണ്ടാകേണ്ടത്‌. വികാരജീവികളെ നിര്‍മിക്കുകയല്ല മതത്തിന്റെ ലക്ഷ്യം. വിവേകവും പക്വതയുമാണ്‌ വിശ്വാസിയുടെ അടയാളം. ചിന്താശൂന്യമായ എടുത്തുചാട്ടം ഏത്‌ കാര്യത്തിലും അപകടം മാത്രമേ കൊണ്ടു വരൂ. മതം പഠിപ്പിക്കുന്ന അതിര്‍ത്തി ലംഘിച്ച്‌ അതിസൂക്ഷ്‌മതയ്‌ക്ക്‌ വേണ്ടി തോന്നലുകള്‍ക്ക്‌ മതഛായ നല്‍കുന്നത്‌ അപകടമാണ്‌. മതം സുതാര്യമാണ്‌. അതിന്റെ പഠനവും സുതാര്യമായിരിക്കണം. മനുഷ്യര്‍ അറിയാന്‍ പാടില്ലാത്ത ഒന്നും മതത്തിലില്ല. മതപഠനം ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്‌. യഥാര്‍ഥ ഉറവിടത്തില്‍ നിന്നാണ്‌ മതം പഠിക്കേണ്ടത്‌. ക്വുര്‍ആനും സുന്നത്തുമാണ്‌ ആ ഉറവിടം. നാട്ടുകാരെയും വീട്ടുകാരെയും അറിയിക്കാതെ ഒളിച്ച്‌ പോയി പഠിക്കേണ്ടതല്ല മതം. മതം പഠിക്കുന്നത്‌ മോശമാണെന്ന ചിന്തയും അപകര്‍ഷബോധവും പാടില്ല. മതപഠനത്തിന്റെ മറവില്‍ വിദ്വേഷം കുത്തിവയ്‌ക്കുന്നത്‌ കരുതിയിരിക്കണം. യഥാര്‍ഥ മതം പഠിക്കാനുള്ള സൈറ്റുകളെക്കാള്‍ കൂടുതല്‍ മതത്തെ തെറ്റുദ്ധരിപ്പിക്കാനായി ഉണ്ട്‌. സൈബറിടങ്ങളിലെ ചതിക്കുഴികള്‍ അറിഞ്ഞേപറ്റൂ. മതപഠനത്തിലൂടെ തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും എത്തുന്ന സാഹചര്യം ഉണ്ടായിക്കൂടാ.
നാട്ടിലെ തിന്മകളോട്‌ ഏറ്റുമുട്ടി സത്യസന്ധമായ ജീവിതം നയിക്കുന്നിടത്താണ്‌ വിജയം. തിന്മയില്ലാത്ത നാട്‌ ഏതാണ്‌. കൂടിയ തോതിലോ കുറഞ്ഞ തോതിലോ എവിടെയും ഉണ്ടാകും. നാട്ടില്‍ നടക്കുന്നതെല്ലാം നമുക്ക്‌ യോജിപ്പുള്ളതായി കൊള്ളണമെന്നില്ല. യോജിപ്പില്ലാത്തതിനോട്‌ ഉള്‍വെറുപ്പ്‌ ഉണ്ടാവുന്നത്‌ സ്വാഭാവികം. പക്ഷേ നാട്ടിലെ കുഴപ്പങ്ങളിലും തിന്മകളിലും പ്രതിഷേധിച്ച്‌ പലായനം ചെയ്യുമ്പോള്‍ നാം ഭീരുക്കളാവുകയാണ്‌. തിന്മയോട്‌ ഏറ്റുമുട്ടാനുള്ള മനക്കരുത്താണ്‌ നേടിയെടുക്കേണ്ടത്‌. മറ്റുള്ളവരുടെ ആചാരങ്ങളിലോ ആഘോഷങ്ങളിലോ അസഹിഷ്‌ണുത കാണിച്ച്‌ നാട്‌ വിടാന്‍ ഒരുങ്ങുന്നത്‌ വങ്കത്തമാണ്‌. മതബോധവും പഠനവും ദേശസ്‌നേഹവും രാജ്യത്തോടുള്ള പ്രതിബദ്ധതയും വളര്‍ത്തുകയാണ്‌ ചെയ്യുക. അന്ധമായ അനുകരണമാണ്‌ പലരെയും തീവ്രചിന്തകളിലേക്കും മതോന്മാദത്തിലേക്കും നയിക്കുന്നത്‌.

അരാഷ്‌ട്രീയത ആപത്ത്‌
സാമൂഹിക-രാഷ്‌ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ നിന്ന്‌ ഉള്‍വലിഞ്ഞ്‌ സ്വന്തം ഇടങ്ങളില്‍ ഒതുങ്ങിക്കൂടുന്ന മഹാവിപത്താണ്‌ അരാഷ്‌ട്രീയത. പുതുതലമുറയില്‍ അതിവേഗം പടര്‍ന്ന്‌ കയറുന്ന രോഗമാണിത്‌. ടാബിലും മൊബൈലിലും ലാപ്‌ടോപ്പിലും തലപൂഴ്‌ത്തിയിരുന്ന്‌ ചികയുന്ന പുതുതലമുറ സര്‍വ ബാധ്യതകളും വിസ്‌മരിക്കുന്നു. സാമൂഹിക രാഷ്‌ട്രീയ ഇടപെടലുകളോട്‌ ഇക്കൂട്ടര്‍ക്ക്‌ പുച്ഛമായിരിക്കും.
തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തോടും മറ്റും ഇവര്‍ വെച്ച്‌ പുലര്‍ത്തുന്ന പിന്തിരിപ്പന്‍ നിലപാടുകള്‍ അത്‌ഭുതപ്പെടുത്തുന്നതാണ്‌. എന്തിനാ വോട്ട്‌ ചെയ്യുന്നത്‌, വോട്ട്‌ ചെയ്‌തിട്ട്‌ നമുക്കെന്താ, വല്ലതും വാങ്ങിത്തന്നാല്‍ വോട്ടു ചെയ്യാം തുടങ്ങിയ സമീപനങ്ങളാണ്‌ ഈ ന്യൂജനറേഷനെ നയിക്കുന്നത്‌. തൊഴിലിടങ്ങളിലും കാമ്പസുകളിലുമെല്ലാം അരാഷ്‌ട്രീയത പടരുകയാണ്‌. അരാഷ്‌ട്രീയത പലപ്പോഴും വലിച്ചു കൊണ്ടുവരുന്നത്‌ മതതീവ്രതയാണ്‌. രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളോടും അതിന്റെ നിര്‍വ്വഹണത്തോടും പുച്ഛം തോന്നുന്ന അവസ്ഥ അപകടകരമാണ്‌. ആത്മീയ വ്യതിയാനം നിമിത്തം ജനാധിപത്യത്തോടും മതനിരപേക്ഷ രാഷ്‌ട്രീയത്തോടും ഏറ്റുമുട്ടുന്ന അവസ്ഥ അംഗീകരിക്കാനാവില്ല. നേരിന്റെ രാഷ്‌ട്രീയ – സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകേണ്ടതുണ്ട്‌. മതം പഠിപ്പിക്കാത്ത ഭക്തി ചമഞ്ഞ്‌ സാമൂഹിക രംഗത്ത്‌ നിന്നുള്ള ഒളിച്ചോട്ടം മുസ്‌ലിംകള്‍ക്ക്‌ ചേര്‍ന്നതല്ല. നന്മയുടെ സാന്നിധ്യം അടയാളപ്പെടുത്തി മതത്തിന്റെ പ്രായോഗിക പാഠങ്ങളും സംസ്‌കാരവും മറ്റുള്ളവര്‍ക്ക്‌ കൂടി ജീവിതത്തിലൂടെ നല്‍കുകയാണ്‌ ചെയ്യേണ്ടത്‌.

നബിജീവിതം അപനിര്‍മിക്കുന്ന ഐ എസ്‌
ഇസ്‌ലാമിക്‌ സ്റ്റേയ്‌റ്റ്‌ ഓഫ്‌ ഇറാക്വ്‌ ആന്റ്‌ സിറിയ (ഐഎസ്‌ – ദാഇശ്‌) എന്ന ഭീകരസംഘം നബിചരിത്രം വികലമാക്കികൊണ്ടേയിരിക്കുകയാണ്‌. മദീനാ ജീവിതത്തിന്റെ പതിപ്പാണ്‌ തങ്ങളുടേതെന്ന്‌ അവകാശപ്പെടുന്ന ഐഎസ്‌ ഓറിയന്റലിസ്റ്റുകളുടെ നബിനിന്ദ ചരിത്രരചനക്ക്‌ വേണ്ടി ആടിത്തിമിര്‍ക്കുകയാണ്‌.
സാമ്രാജ്യത്വ അജണ്ടകള്‍ എത്ര ഭംഗിയായിട്ടാണ്‌ ഐഎസിലൂടെ നടപ്പിലാകുന്നത്‌. ഐഎസിന്റെയും അല്‍ക്വാഇദയുടെയും നിര്‍മ്മാതാക്കള്‍ പടിഞ്ഞാറുകാരും സയണിസ്റ്റുകളും ആണെങ്കിലും ഉത്തമ സഹായികളെ മുസ്‌ലിം നാമധാരികളില്‍ നിന്ന്‌ ലഭിച്ചു. ക്വുര്‍ആനിനെയും ഹദീസിനെയും രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടി ദുര്‍വ്യാഖ്യാനിക്കുകയും രഹസ്യ സംഘടനകള്‍ രൂപീകരിച്ച്‌ ഭരണകൂട അട്ടിമറിക്കും രാഷ്‌ട്രീയ കൊലപാതകത്തിനും മുതിര്‍ന്നവരുടെയും പിന്‍ഗാമികളെയാണ്‌ ഐഎസിന്‌ ലഭിച്ചത്‌. മതത്തെ വേഷഭൂഷാദികളില്‍ ഒതുക്കിയ മനോരോഗികളെയാണ്‌ ഐഎസ്‌ വലയിട്ട്‌ പിടിക്കുന്നത്‌. ഐ.എസിന്റെ ആദര്‍ശം പൊളിറ്റിക്കല്‍ ഇസ്‌ലാമാണ്‌�. അപരമതവിദ്വേഷം കുത്തിനിറച്ച്‌ ചാവേറുകളെ സൃഷ്‌ടിക്കുന്ന ഐ എസിന്‌ അവരെ എതിര്‍ക്കുന്നവരെല്ലാം ശത്രുക്കളാണ്‌.
തീവ്രവാദത്തിനും ഭീകരതക്കുമെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ സുഊദി അറേബ്യ, ക്വത്തര്‍, ക്വുവൈത്ത്‌, യു എ ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിക്കുന്നത്‌. ഇവയില്‍ സുഊദിയുടെ നേതൃപരവും ബൗദ്ധികവുമായ പങ്ക്‌ വിസ്‌മരിക്കാനാവില്ല. മക്കയിലെ മസ്‌ജിദുല്‍ ഹറാമില്‍ നിന്നും മദീനയിലെ മസ്‌ജിദുന്നബവിയില്‍ നിന്നും ഭീകരതക്കും തീവ്രതക്കുമെതിരെ അതിശക്തമായ താക്കീതാണ്‌ ഖുത്വുബകളിലൂടെ ഉയരുന്നത്‌. സുഊദിയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന്‌ ലോക രാഷ്‌ട്രങ്ങളുടെ പിന്തുണയുണ്ട്‌. എന്നിട്ടും ചിലര്‍ പറയുന്നത്‌ ഐ എസിന്‌ സുഊദിയുടെ ആദര്‍ശ പിന്തുണയുണ്ടെന്ന്‌. സുഊദി യുവാക്കളുടെ തലച്ചോറിലേക്ക്‌ ഭീകരവാദം അടിച്ച്‌ കയറ്റുന്ന ഐ എസിന്‌ സുഊദി പിന്തുണ നല്‍കുമെന്ന്‌ അല്‌പബുദ്ധികള്‍ മാത്രമേ ചിന്തിക്കൂ. മദീനയിലും ജിദ്ദയിലുമെല്ലാം ചാവേറാക്രമണം നടത്തി സുഊദിയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഐ എസ്‌ പകവീട്ടുകയാണ്‌. സൈബറിടങ്ങളിലൂടെയാണ്‌ ഐ എസ്‌ റിക്രൂട്ടിംഗ്‌. മതത്തിന്റെ മറവില്‍ നടക്കുന്ന അനാവശ്യ ചര്‍ച്ചകളും ജിഹാദിനെക്കുറിച്ചുള്ള വികലധാരണകളും അറിവെന്ന പേരില്‍ മസ്‌തിഷ്‌കത്തിലേക്ക്‌ തള്ളിക്കയറ്റുന്ന വിവരക്കേടുകളുമാണ്‌ അധികമാളുകളെയും ഐ എസ്‌ ക്യാമ്പിലെത്തിക്കുന്നത്‌. ലോകം മുഴുവന്‍ ഇസ്‌ലാമിക്‌ സ്റ്റേയ്‌റ്റ്‌ (ഇസ്‌ലാമിക രാഷ്‌ട്രം) ആക്കാമെന്ന വ്യാമോഹത്താല്‍ ഐ എസില്‍ ചേര്‍ന്ന്‌ ആത്മഹത്യചെയ്യുന്നവരെ ന്യായീകരിക്കാന്‍ വിവേകമതികള്‍ക്ക്‌ സാധ്യമല്ല.
അറബ്‌-ഇസ്‌ലാമിക ലോകത്ത്‌ ശീഈകളെ അക്രമത്തിനും അധിനിവേശത്തിനും സഹായിക്കുന്ന പാശ്ചാത്യര്‍ കുഴപ്പകാരികള്‍ക്ക്‌ മണ്ണ്‌ പാകപ്പെടുത്തുകയാണ്‌. സുന്നി-ശീഈ സംഘട്ടനം പ്രോത്സാഹിപ്പിച്ച്‌ മേഖലയില്‍ സാമ്പത്തിക താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന പടിഞ്ഞാറ്‌ ഐ എസ്‌ മെലിഞ്ഞാല്‍ അടുത്ത ഭീകരഗ്രൂപ്പിനെ നിര്‍മിക്കും. ധിഷണാശാലികളായ പ്രൊഷണലുകളെ ലക്ഷ്യം വയ്‌ക്കുന്ന ഐ എസിന്റെ കണ്ണില്‍ നിന്ന്‌ യുവതലമുറയെ രക്ഷിക്കാന്‍ യഥാര്‍ഥ മതബോധം വളര്‍ത്തിയെടുക്കണം. പുതുതലമുറയെ അഭിസംബോധന ചെയ്യാനുള്ള വൈജ്ഞാനിക കരുത്ത്‌ മുസ്‌ലിം സംഘടനകള്‍ നേടണം. അതിര്‌ വിട്ട മതചര്‍ച്ചകളുടെ അനന്തരഫലം ഏറെ അപകടകരമായിരിക്കും. മതത്തെ പരിഹസിക്കുന്ന തീവ്രആത്മീയ കൂട്ടത്തെ മെരുക്കാന്‍ ജാഗ്രതയോടെയുള്ള നീക്കം അനിവാര്യമാണ്‌. സാമ്രാജ്യത്വത്തിന്‌ വിടുവേല ചെയ്യുന്ന ഐഎസ്‌ ആശയങ്ങളുടെ നിരര്‍ത്ഥകതയും വൈരുധ്യങ്ങളും തുറന്ന്‌ കാണിക്കേണ്ടതുണ്ട്‌. ലോകത്ത്‌ ഏത്‌ ക്രൂരകൃത്യം നടന്നാലും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രക്തദാഹികളായ ഐ എസിനെ തുരത്താന്‍ ലോകം കൈകോര്‍ക്കണം.

ഇസ്‌ലാം നിര്‍ബന്ധ മതപരിവര്‍ത്തനത്തിനെതിര്‌
“മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു.” (ക്വുര്‍ആന്‍ 2/256)
വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കേന്ദ്രം മനസ്സാണ്‌. മനസ്സ്‌ മാറാതെ വേഷവും പേരും മാറുന്നതില്‍ അര്‍ഥമില്ല. ഒരാള്‍ക്ക്‌ ഇഷ്‌ടമുള്ള മതവും വിശ്വാസവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നു. എന്നാല്‍ പ്രലോഭനങ്ങളിലൂടെയോ പ്രകോപനങ്ങളിലൂടെയോ മതം മാറ്റുന്നത്‌ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ചിന്തിക്കുന്ന മനുഷ്യരില്‍ മാറ്റമുണ്ടാകും. ചിന്താസ്വാതന്ത്ര്യത്തിന്‌ കടിഞ്ഞാണിടുന്നത്‌ പരിഹാസ്യമാണ്‌. അപരന്റെ വിശ്വാസവും സൂക്ഷ്‌മതയും അളന്ന്‌ നോക്കുന്നത്‌ അല്‌പത്തമാണ്‌. മതവിശ്വാസവും അനുഷ്‌ഠാനവുമൊക്കെ എല്ലാവരിലും ഒരേപോലെ ആയിരിക്കില്ല. ആരാധനകളില്‍ ഏറ്റക്കുറവുകള്‍ കാണാം. നെഞ്ചിന്‍കൂട്‌ തുറന്ന്‌ നോക്കി വിശ്വാസം അളക്കേണ്ട ആവശ്യമില്ല. മുഹമ്മദ്‌ നബി (സ്വ) വളര്‍ത്തിയെടുത്തവരില്‍ തന്നെ ഭക്തിയില്‍ പല നിലവാരത്തിലുള്ളവരുണ്ടായിരുന്നു. മുഹമ്മദ്‌ നബി അതിന്റെ പേരില്‍ അധിക്ഷേപത്തിന്‌ മുതിര്‍ന്നില്ല. സാധ്യമായ രീതിയില്‍ ദൈവത്തെ ഭയപ്പെടാനാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌.

ജിഹാദ്‌ എന്നാല്‍
പരമാവധി പരിശ്രമിക്കുയെന്നതാണ്‌ ജിഹാദിന്റെ അര്‍ഥം. ജിഹാദ്‌ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്‌. മതം ശരിയായി പഠിച്ച്‌ അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയെന്നത്‌ മനസ്സിനോട്‌ ചെയ്യുന്ന ജിഹാദാണ്‌. മനസ്സിനെ പൈശാചിക ദുര്‍ബോധനങ്ങളില്‍ നിന്നും ദേഹേച്ഛകളില്‍ നിന്നും തടഞ്ഞ്‌ നിര്‍ത്തുകയെന്നതും ജിഹാദ്‌ തന്നെ. ദൈവമാര്‍ഗത്തില്‍ ധനം കൊണ്ട്‌ ജിഹാദ്‌ ചെയ്യണമെന്ന്‌ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. മതത്തിന്റെ ഉയര്‍ച്ചക്കും നാടിന്റെ സുരക്ഷക്കും വേണ്ടി ഭരണാധികാരിയുടെ അറിവോടെയും അംഗീകാരത്തോടെയും നടത്തുന്ന ജിഹാദിനെ തെറ്റായി വ്യാഖ്യാനിച്ച്‌ ഭീകരസംഘങ്ങളെ ന്യായീകരിക്കുന്നവരെ കാണാം. മറ്റുള്ളവരോടുള്ള വിദ്വേഷം കൊണ്ട്‌ ആയുധമണിഞ്ഞ്‌ ആത്മഹത്യ ചെയ്യുന്നതിനെ എങ്ങനെയാണ്‌ ജിഹാദ്‌ എന്ന്‌ വിശേഷിപ്പിക്കുക. ദിവ്യവചനത്തിന്റെ ഉയര്‍ച്ചക്കോ മതത്തിന്റെ നന്മക്കോ വേണ്ടിയല്ല ഈ ഒളിയാക്രമണങ്ങള്‍. മതത്തെയും അധ്യാപനങ്ങളെയും ഇകഴ്‌ത്തുകയാണ്‌ ഈ ഒളിപ്പോരാളികള്‍. അവര്‍ ചെയ്യുന്നത്‌ നരകശിക്ഷ ലഭിക്കുമെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ച ആത്മഹത്യയാണ്‌. കുറ്റമറ്റ വിശ്വാസം കൊണ്ടും കര്‍മം കൊണ്ടും ജീവിതം ശുദ്ധീകരിക്കാത്ത ക്രിമിനലുകള്‍ തങ്ങള്‍ ചെയ്യുന്ന ഭീകര കൃത്യത്തെ ജിഹാദ്‌ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ എത്രമേല്‍ അപമാനമാണ്‌.

മുസ്‌ലിമിന്റെ നന്മകള്‍
സത്യസന്ധത, കാരുണ്യം, ക്ഷമ, വിട്ടുവീഴ്‌ച,ഭയഭക്തി, സൂക്ഷ്‌മത,പുണ്യത്തിലും സൂക്ഷ്‌മതയിലും പരസ്‌പര സഹായം, സത്യസരണിയില്‍ അടിയുറച്ച്‌ നില്‍ക്കല്‍, ആരാധനയില്‍ മിതത്വം പാലിക്കല്‍, നന്മയിലേക്ക്‌ ധൃതികാണിക്കല്‍, നന്മ കല്‌പിക്കുന്നു തിന്മ വിരോധിക്കുന്നു, അമാനത്ത്‌ തിരിച്ചേല്‍പ്പിക്കുന്നു, മനുഷ്യരുടെ ന്യൂനതകള്‍ മറച്ചു വെക്കുന്നു, ജനങ്ങള്‍ക്കിടയില്‍ രഞ്‌ജിപ്പുണ്ടാക്കുന്നു, ദരിദ്രരോ ടും ദുര്‍ബലരോടും ആര്‍ദ്രത,അനാഥകളെ ആദരിക്കുന്നു, മാതാപിതാക്കള്‍ക്ക്‌ പുണ്യം ചെയ്യുന്നു, സ്‌ത്രീകളെ ആദരിക്കുന്നു, മിതവ്യയം ശീലമാക്കുന്നു, കരാര്‍ പാലിക്കുന്നു,പുഞ്ചിരിക്കുന്ന മുഖം, നീതിയുടെ അടയാളം, അയല്‍വാസിയെയും അതിഥിയെയും ആദരിക്കുന്നു, രോഗിയെ സന്ദര്‍ശിക്കുന്നു, സഹായിക്കാനുള്ള മനസ്സ്‌, ഗുണകാംക്ഷയുള്ളവന്‍, മറ്റുള്ളവരെ ശ്രദ്ധിച്ച്‌ കേള്‍ക്കുന്നവന്‍,.
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാന്മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക.” (ക്വുര്‍ആന്‍ 9:119)
“ഭൂമിയിലുള്ളവരോട്‌ കരുണ കാണിക്കുക; എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട്‌ കരുണ കാണിക്കും.” (നബിവചനം)
“സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ്‌ കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച്‌ ജീവിക്കുക നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (ക്വുര്‍ആന്‍ 3:200)
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായി കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌” (ക്വുര്‍ആന്‍ 3:102)
“ആകയാല്‍ നീ കല്‌പിക്കപ്പെട്ടത്‌ പോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിലേക്ക്‌) മടങ്ങിയവരും നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക. നിങ്ങള്‍ അതിര്‌വിട്ട്‌ പ്രവര്‍ത്തിക്കരുത്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്‌ അവന്‍” (ക്വുര്‍ആന്‍ 11:112)
“സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട്‌ വരുക” (ക്വുര്‍ആന്‍ 2:148)
“നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.” (ക്വുര്‍ആന്‍ 2:185)
“പുണ്യത്തിലും ധര്‍മനിഷ്‌ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌.”്‌ (ക്വുര്‍ആന്‍ 5:2)
“ഇസ്‌ലാം മതം ഗുണകാംക്ഷയാണ്‌” (നബിവചനം)
“നന്മയിലേക്ക്‌ ക്ഷണിക്കുകയും സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന്‌ ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍” (ക്വുര്‍ആന്‍ 3:104)
“വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക്‌ നിങ്ങള്‍ കൊടുത്ത്‌ വീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പ്‌ കല്‌പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പ്‌ കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട്‌ കല്‌പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ്‌ അവന്‍ നിങ്ങള്‍ക്ക്‌ നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു.” (ക്വുര്‍ആന്‍ 4:58)
“ദുനിയാവില്‍ ഒരു അടിമ മറ്റൊരാളുടെ ന്യൂനത മറച്ച്‌ വെച്ചാല്‍ അന്ത്യനാളില്‍ അല്ലാഹു അദ്ദേഹത്തിന്റെ ന്യൂനത മറച്ചുവെക്കും.” (നബിവചനം, മുസ്‌ലിം)
“സ്‌ത്രീകളോട്‌ നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്‌.” (ക്വുര്‍ആന്‍ 4:19)

മാനവികതയുടെ ഉജ്ജ്വല സന്ദേശം

“കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും (മാതാവിനും പിതാവിനും) താഴ്‌ത്തി കൊടുക്കുകയും ചെയ്യുക.“
“കുടുംബ ബന്ധമുള്ളവന്‌ അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കനും അവരുടെ അവകാശം നല്‍കുക. നീ ധനം ദുര്‍വ്യയം ചെയ്‌ത്‌ കളയരുത്‌.”
“ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.”
“നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച്‌ പോകരുത്‌. തീര്‍ച്ചയായും അത്‌ ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു. ”
“അനാഥക്ക്‌ പ്രാപ്‌തി എത്തുന്നത്‌ വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്‌. ”
“നിങ്ങള്‍ കരാര്‍ നിറവേറ്റുക തീര്‍ച്ചയായും കരാറിനെപറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌. നിങ്ങള്‍ അളന്ന്‌ കൊടുക്കുകയാണെങ്കില്‍ അളവ്‌ നിങ്ങള്‍ തികച്ചു കൊടുക്കുക. ശരിയായ ത്രാസ്‌ കൊണ്ട്‌ തൂക്കി കൊടുക്കുകയും ചെയ്യുക. അതാണ്‌ ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും.”
“നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ പോകരുത്‌.
തീര്‍ച്ചയായും കേള്‍വി, കാഴ്‌ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. ”
“നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌ തീര്‍ച്ചയായും നിനക്ക്‌ ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക്‌ പര്‍വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല തീര്‍ച്ച.” (ക്വുര്‍ആന്‍ 17:24-37)